ADVERTISEMENT

ഫെയ്സ്ബുക്, വാട്സാപ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പടെയുളള സോഷ്യൽ നെറ്റ്‌വർക്കുകളിൽ തെറിവിളിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിയമം വരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ 5 വർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന നിയമ ഭേദഗതിക്കു മന്ത്രിസഭ ഗവർണറോടു ശുപാർശ ചെയ്തു. ഇത് ഓർഡിനൻസായി പുറപ്പെടുവിക്കും. പൊലീസ് ആക്ടിൽ 118-എ എന്ന വകുപ്പു കൂട്ടിച്ചേർക്കാനാണു ശുപാർശ. നിരവധി സ്ത്രീകളും സെലിബ്രിറ്റികളും പരാതിയുമായി രംഗത്തെത്തിയതോടെയാണ് പുതിയ നിയമം തന്നെ കൊണ്ടുവരാൻ നീക്കം നടത്തുന്നത്.

 

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണു കൂട്ടിച്ചേർക്കുന്ന വകുപ്പിലുള്ളത്.

 

അടുത്ത കാലത്തു സൈബർ വേദികൾ ഉപയോഗിച്ചു നടത്തിയ ചില കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കു വലിയ ആശങ്കയുണ്ടാക്കി. സ്വകാര്യ ജീവിതത്തിനും സൈബർ ആക്രമണങ്ങൾ വലിയ ഭീഷണിയായി. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനു നിലവിലുള്ള നിയമം അപര്യാപ്തമാണെന്നു കണ്ടതിനാലാണു പൊലീസ് ആക്ടിൽ ഭേദഗതി തീരുമാനിച്ചത്.

 

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചാരണങ്ങളെക്കുറിച്ചു ഹൈക്കോടതി കഴിഞ്ഞ മേയിൽ ഒരു കേസിൽ പരാമർശിച്ചിരുന്നു. വർധിച്ചു വരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനു നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഹൈക്കോടതി നിർദേശം നൽകി. എന്നാൽ കോവിഡ് വ്യാപനത്തിനു ശേഷം സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വർധിച്ചു.

 

2000 ലെ ഐടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമ വ്യവസ്ഥകളൊന്നും കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിനു കഴിയാത്ത സാഹചര്യമാണ്. ഇതെല്ലാം കണക്കിലെടുത്താണു നിയമ ഭേദഗതി തീരുമാനിച്ചത്.

 

English Summary: Kerala Police Act amendment could end up gagging the media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com