ADVERTISEMENT

എന്‍ക്രിപ്റ്റു ചെയ്ത മെസേജിങ് സംവിധാനങ്ങളായ വാട്‌സാപ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ക്ക് പിന്‍വാതില്‍ പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേരുന്നതിനെതിരെ ഇന്റര്‍നെറ്റ് അവകാശസംരക്ഷണത്തിനായി നലകൊള്ളുന്ന ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ അഥവാ ഐഎഫ്എഫ് രംഗത്തെത്തി. വര്‍ഷങ്ങളായി കേന്ദ്ര സർക്കാർ വാട്‌സാപ്പിനോട് ആവശ്യപ്പെടുന്ന കാര്യമാണ് ഒരു സന്ദേശം ആരാണ് ആദ്യം അയച്ചതെന്ന് അറിയിക്കണമെന്നത്. എന്നാല്‍, തങ്ങളുടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന് അതോടെ നശിക്കുമെന്ന കാരണം പറഞ്ഞ് വാട്‌സാപ് ഈ ആവശ്യത്തില്‍ നിന്നു മുഖം തിരിക്കുകയായിരുന്നു. കരുത്തുറ്റ സ്വകാര്യതയാണ് തങ്ങള്‍ ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. അതില്‍ നിന്നു പിന്നോട്ടില്ല എന്നാണ് അവര്‍ അറിയിച്ചത്.

 

പിന്‍വാതില്‍ പണിയണമെന്ന് നിര്‍ബന്ധംപിടിച്ചാല്‍ ഇന്ത്യ വിടുമെന്ന് വാട്‌സാപ് പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, അത് വാക്കുകള്‍ വളച്ചൊടിച്ചതില്‍ നിന്നു സംഭവിച്ചാതാണെന്ന് പിന്നീട് കമ്പനി പറയുകയുണ്ടായി. ഇന്ത്യയ്ക്കു മാത്രമായി വാടാസാപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രപ്ഷന്‍ പൊളിക്കാന്‍ ശ്രമിക്കുക എളുപ്പമായിരിക്കില്ല എന്നതാണ് കമ്പനി നേരിടുന്ന ഒരു പ്രശ്‌നമത്രെ. ഇത് വാട്‌സാപ്പിനെ പോലെയുള്ള എല്ലാ കമ്പനികളുടെയും പ്രശ്‌നമാണ്. എന്നാല്‍, വാട്‌സാപ്പിലൂടെയും മറ്റും അതിവേഗം സന്ദേശങ്ങള്‍ സഞ്ചരിച്ച് കലാപങ്ങള്‍ക്കു വരെ വഴിവയ്ക്കുന്ന സംഭവങ്ങള്‍ ഉണ്ടായെന്നാണ് സർക്കാർ ആരോപിക്കുന്നത്. എന്തായാലും ഇത്തരം മെസേജിങ് സംവിധാനങ്ങള്‍ക്ക് പിന്‍വാതില്‍ പണിയണമെന്ന തങ്ങളുടെ ആവശ്യവുമായി മുന്നോട്ടു നീങ്ങാനാണ് സർക്കാരിന്റെ തീരുമാനം.

 

ഇന്ത്യ ഇതിനായി എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ തുറന്നു കിട്ടണമെന്ന് ആവശ്യപ്പെടുന്ന, അമേരിക്കയടക്കം അഞ്ചു രാജ്യങ്ങളുടെ കൂട്ടത്തില്‍ കൂടുകയാണ് ഇപ്പോള്‍ ചെയ്തരിക്കുന്നത്. ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് നിയമ വിദഗ്ധരോടു അഭിപ്രായം തേടിയിട്ടാണോ എന്നാണ് ഐഎഫ്എഫ് ചോദിക്കുന്നത്. ടെക്‌നോളജി കമ്പനികള്‍ അതതു രാജ്യത്തെ സർക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും, അതേസമയം പൗരന്മാരുടെ സൈബര്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുകയും ചെയ്യണമെന്ന് ബ്രിട്ടന്റെ ആഭ്യന്തര വകുപ്പ് അടുത്തിടെ ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ, ജപ്പാന്‍, അമേരിക്ക, ന്യൂസീലൻഡ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി അംഗീകരിച്ച ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. അതില്‍ പറയുന്നത്, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കിയിരിക്കുന്നത് ഈ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കം എന്താണെന്നു പരിശോധിക്കാന്‍ ഒരു തരത്തിലും അനുവദിക്കാത്ത രീതിയിലാണ്. ഗൗരവമുള്ള കുറ്റകൃത്യങ്ങള്‍- ഭീകരപ്രവര്‍ത്തനം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാക്രമണങ്ങള്‍ തുടങ്ങിയവ പോലും അന്വേഷിക്കാന്‍ സാധിക്കാത്ത രീതിയിലാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കിയിരിക്കുന്നത് എന്നാണ്.

 

എന്‍ക്രിപ്ഷനും സ്വകാര്യതയും സൈബര്‍ സുരക്ഷയുമൊക്കെ വേണ്ടതു തന്നെയാണ്. എന്നാല്‍ അതൊന്നും നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കിക്കൊണ്ടായിരിക്കരുത്. എന്‍ക്രിപ്റ്റഡായ ആപ്പുകളിലൂടെ യഥേഷ്ടം നിയമപരമല്ലാത്ത പ്രചരിക്കുന്ന കണ്ടെന്റിനെതിരെ നേരിടാനാകണം എന്നതാണ് രാജ്യങ്ങളുടെ നിലപാട്. എന്നാല്‍, ഐഎഫ്എഫ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിലും, വിദേശകാര്യ വകുപ്പിലും വിവരാവകാശ നിയമപ്രകാരം നല്‍കിയിരിക്കുന്ന അപേക്ഷയില്‍ ചോദിച്ചിരിക്കുന്നത് ഈ പുതിയ പ്രസ്താവനയില്‍ ഒപ്പു വയ്ക്കുന്നതിനു മുൻപ് നിയമോപദേശം തേടിയിരുന്നോ എന്നാണ്.

 

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പൊളിച്ച് പിന്‍വാതിലിടണം എന്ന കാര്യത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കൊപ്പം സംയുക്ത പ്രസ്താവന നടത്തിയത് തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന് നിയമജ്ഞനും ഐഎഫ്എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അപാര്‍ ഗുപ്ത പറഞ്ഞു. അതു പോരെങ്കില്‍ ഏതു മന്ത്രാലയവുമായി ബന്ധപ്പെട്ട ഓഫിസാണ് ഈ രേഖയില്‍ ഒപ്പുവച്ചതെന്നും വ്യക്തമല്ല. വിദേശകാര്യ വകുപ്പോ, ആഭ്യന്തരവകുപ്പോ, ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി വകുപ്പോ ആകാം. കൂടാതെ, എന്‍ക്രിപ്ഷനെക്കുറിച്ചോ, അത് ഇന്ത്യയില്‍ നടപ്പിലാക്കിയിരിക്കുന്ന രീതിയെക്കുറിച്ചോ നിയമോപദേശം തേടിയിരുന്നോ എന്നും അറിയില്ലെന്നും അദ്ദേഹം പറയുന്നു. പുതിയ നീക്കം സ്വകാര്യത മൗലികാവകാശമാണ് എന്നു പ്രഖ്യാപിച്ച വിധിക്കെതിരെ ആകില്ലെ എന്നാണ് ഐഎഫ്എഫ് ഉയര്‍ത്തുന്ന സംശയം. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള വിധിയാണല്ലോ അതെന്നാണ് അവരുടെ വാദം.

 

English Summary: Is it right for India to seek backdoor access to encrypted communication

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com