ADVERTISEMENT

പാശ്ചാത്യ സമൂഹങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളിലൊന്നാണ് ഓൺലൈനിലെ ഗ്രൂമിങ് നിയന്ത്രിക്കുക എന്നത്. തങ്ങള്‍ക്ക് ഇഷ്ടമുളള രീതിയില്‍ കൊച്ചുകുട്ടികളെ ഇരപിടിന്മാരായ മുതിര്‍ന്നവര്‍ മെരുക്കിയെടുക്കുന്ന രീതിക്കാണ് ഗ്രൂമിങ് എന്നു പറയുന്നതെന്ന് വേണമെങ്കില്‍ പറയാം. കംപ്യൂട്ടിങ് ഉപകരണങ്ങളിലൂടെയും ആപ്പുകളിലൂടെയും കുട്ടികളെ മെരുക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ പല തവണ പിടിക്കപ്പെട്ടതാണ്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഗ്രൂമിങിന് ഇറങ്ങിത്തിരിച്ചിരിക്കുന്നവരോട് യാതൊരു ദാക്ഷണ്യവും തങ്ങള്‍ കാണിക്കില്ലെന്നാണ് ഷോർട്ട് വിഡിയോ ഷെയർ ചെയ്യുന്ന വിവാദ ചൈനീസ് ആപ്പായ ടിക്‌ടോക് ആണയിടുന്നത്. കുട്ടികള്‍ക്കും ടീനേജര്‍മാര്‍ക്കും പടിഞ്ഞാറന്‍ നാടുകളില്‍ വരെ പ്രിയപ്പെട്ട ആപ്പാണ് ടിക്‌ടോക്. എന്നാല്‍, ഗ്രൂമിങ്ങുകാരെ വച്ചുപൊറുപ്പിക്കില്ലെന്ന കമ്പനിയുടെ വാദം പൊള്ളയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

 

ബിബിസിയുടെ പാനറാമ പരിപാടിയ്ക്കു വേണ്ടി 23 കാരിയായ ജേണലിസ്റ്റ് 14 വയസുകാരിയായി വേഷംകെട്ടി ഒരു അക്കൗണ്ട് തുടങ്ങി. തുടര്‍ന്ന് അതിലേക്ക് മുതിര്‍ന്ന പുരുഷന്റെ ലൈംഗിക ചുവയുള്ള സംഭാഷണം എത്തിയപ്പോള്‍ അവര്‍ ടിക്‌ടോകിന്റെ പ്രതിനിധികളോട് പരാതിപ്പെട്ടു. അവര്‍ യാതൊരു നടപടിയും എടുത്തില്ല. എന്നാല്‍, പിന്നീട് ഇതിനൊരു വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പുരുഷനെതിരെ നടപടി സ്വീകരിച്ചത്. തങ്ങളെ ആദ്യം അറിയിച്ചപ്പോള്‍ നടപടി സ്വീകരിക്കാതിരുന്നത് ഏതു വഴിയിലാണ് അശ്ലീല സന്ദേശമെത്തിയതെന്ന് പറയാതിരുന്നതിനാലാണ് എന്നാണ്. സന്ദേശം ഡിഎം (ഡയറക്ട് മെസേജിങ്) ഉപയോഗിച്ചാണോ വന്നത് എന്നു പറയാതിരുന്നതിനാലാണ് നടപടി സ്വീകരിക്കാതിരുന്നതെന്നാണ് അവരുടെ നിലപാട്. എന്നാല്‍, തങ്ങള്‍ക്കു ലഭിച്ച ഏഴ് അശ്ലീല സന്ദേശവും ആപ്പിലെ തന്നെ പരാതിപ്പെടാനുള്ള സംവിധാനത്തിലൂടെയാണ് നല്‍കിയതെന്ന് ബിബിസി പറയുന്നു. എന്തായാലും, കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നവരും, മാതാപിതാക്കളും കുട്ടികെ ടിക്‌ടോക് ഉപയോഗിക്കാന്‍ അനുവദിക്കുന്നതിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കണമെന്നു പറയുന്നു.

 

ടിക്‌ടോക് നല്ല തമാശയാണ്. എന്നാല്‍, അപകടം മനസിലാക്കാതെ ആരെങ്കിലും തമശയിലേര്‍പ്പട്ടാല്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുകളാണ് ഇനി മനസിലാക്കേണ്ടതെന്നാണ് മുന്നറിയിപ്പ്. ഇരപിടിയന്മാര്‍ കുട്ടികളെ ഗ്രൂമിങ് നടത്തിയേക്കാം. അത് കുട്ടികളെ അപകടങ്ങളില്‍ എത്തിച്ചേക്കാം. ഒരു യൂസറുടെ പ്രായം 16 വയസില്‍ താഴെയാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ ആ യൂസര്‍ക്ക് നേരിട്ട് സന്ദേശങ്ങള്‍ അയയ്ക്കാന്‍ ടിക്‌ടോക് അനുവദിക്കുന്നില്ല. ഇതു പരിശോധിക്കാനായാണ് മുകളില്‍ പറഞ്ഞ പരീക്ഷണത്തിന് മുതിര്‍ന്നത്. പാനറാമ ഒരു 16 കാരിയുടെ അക്കൗണ്ട് സൃഷ്ടിച്ചു. എന്നാല്‍, ഈ അക്കൗണ്ടിന്റെ ഉടമ 14 കാരിയായ ഒരു കുട്ടിയാണെന്ന് വിവരണത്തില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് 23 കാരിയായ ജേണലിസ്റ്റിന്റെ ചിത്രങ്ങള്‍ ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറിലൂടെ കടത്തി വിട്ട് കൂടുതല്‍ കുട്ടിത്തമുള്ളതാക്കി. തുടര്‍ന്ന് എല്ലാ ദിവസവും അക്കൗണ്ടിലേക്ക് വിഡിയോ പോസ്റ്റു ചെയ്തുകൊണ്ടിരുന്നു. സ്‌കൂള്‍ലൈഫ്, സ്‌കൂള്‍യൂണിഫോം തുടങ്ങിയ ഹാഷ്ടാഗുകളിലാണ് വിഡിയോകള്‍ പോസ്റ്റു ചെയ്തത്. തുടര്‍ന്ന് അക്കൗണ്ടിന് ഫോളോവര്‍മാരെ കിട്ടാന്‍ തുടങ്ങി. മുതിര്‍ന്ന പുരുഷന്മാരടക്കം.

1200-tiktok

 

അതിലൊരാള്‍ തന്റെ നഗ്നശരീരം കാണാന്‍ കുട്ടിയുടെ അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം അയച്ചു. അക്കൗണ്ട് ഉടമ, സന്ദേശമയച്ച ആള്‍ക്ക് എന്തു പ്രായമുണ്ടെന്നു ചോദിച്ചു. തനിക്ക് 34 വയസുണ്ടെന്നുള്ള മറുപടിയും കിട്ടി. തനിക്ക് 14 വയസേയുള്ളു എന്നു പറഞ്ഞപ്പോള്‍, ഓ അപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ല, അല്ലെ? ക്ഷമിക്കണം എന്നു പറഞ്ഞ് അയാള്‍ തിരിച്ചു സന്ദേശവുമിട്ടു. അയാള്‍ ചിത്രമൊന്നുമയച്ചില്ല. എന്നാല്‍, തുടര്‍ന്നും 'കുട്ടിയുടെ' അക്കൗണ്ടില്‍ നിന്നുളള വിഡിയോകള്‍ ലൈക്കു ചെയ്യുന്നത് തുടര്‍ന്നു. ഇയാള്‍ അയച്ച സന്ദേശങ്ങളെല്ലാം ടിക്‌ടോകിന് അയച്ചുകൊടുത്തെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണമാണ് ഉയരുന്നത്. മൂന്നു ദിവസത്തിനു ശേഷവും അക്കൗണ്ട് നിലനിന്നു. ഈ സമയത്താണ് കമ്പനി ടിക്‌ടോക്കുമായി സംസാരിക്കുന്നത്. അടുത്ത ദിവസം അയാളുടെ അക്കൗണ്ട് ബ്ലോക്കു ചെയ്യുകയും, അയാളുടെ ഫോണില്‍ നിന്ന് മറ്റൊരു പുതിയ അക്കൗണ്ട് സൃഷ്ടിക്കാന്‍ സാധിക്കാത്ത തരത്തില്‍ ക്രമീകരിക്കുകയും ചെയ്തു.

 

ടിക്‌ടോകിന്റെ വക്താവ് അവകാശപ്പെടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാതിരിക്കാന്‍ ആപ്പില്‍ ആവശ്യത്തിന് സ്വകാര്യതാ സെറ്റിങ്‌സ് ഉണ്ടെന്നാണ്. ഉന്നതമായ സുരക്ഷയാണ് തങ്ങള്‍ നല്‍കുന്നതെന്ന് അവര്‍ പറയുന്നു. ഇവ എല്ലാ ഉപയോക്താക്കളും ഉപയോഗിക്കണമെന്നും കമ്പനി പറയുന്നു. ഇവ അക്കൗണ്ട് തലത്തിലോ മെസേജ് തലത്തിലോ ക്രമീകരിക്കാം. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ അശ്ലീല സന്ദേശങ്ങളയച്ച രണ്ടു മുതിര്‍ന്നവരുടെ അക്കൗണ്ടുകള്‍ ടിക്‌ടോക് മോഡറേറ്റര്‍മാര്‍ ബ്ലോക്കു ചെയ്യുകയും ചെയ്തു. പരാതിപ്പെടേണ്ടിവന്നില്ല. താന്‍ 14 വയസുകാരിയാണ് എന്നു പറഞ്ഞ ശേഷവും സന്ദേശങ്ങള്‍ അയച്ചതിനാലാണ് അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്തത്.

 

ടിക്‌ടോക് സുരക്ഷാ ടിപ്പുകളും നല്‍കുന്നുണ്ട്. പുതിയ അക്കൗണ്ട് സൃഷ്ടിക്കുന്നയാള്‍ തനിക്ക് 18 വയസില്‍ താഴെയാണെന്നു പറഞ്ഞാല്‍ ടിക്‌ടോക് അപ്പോള്‍ത്തന്നെ ആരൊക്കെ ആ ആക്കൗണ്ടില്‍ നിന്നുള്ള വിഡിയോ കാണണം എന്ന കാര്യം പരിമിതപ്പെടുത്തും. എന്നാല്‍, പല യുവതീയുവാക്കളും ഇതു ചെയ്യില്ല. കാരണം അവര്‍ക്കു കൂടുതല്‍ വ്യൂ കിട്ടണം. അങ്ങനെയാണു കാര്യങ്ങളെങ്കില്‍ മാതാപിതാക്കള്‍ ഇടപെട്ട് ആപ്പിന്റെ സെറ്റിങ്‌സിലെത്തി, ഫാമിലി പെയറിങ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഒരു ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യണം. കുട്ടിയുടെ ഫോണും മാതാപിതാക്കളുടെ ഫോണും തിരിച്ചറിയാനാണിത്. പിന്നീട് മുതിര്‍ന്നയാള്‍ക്ക് കുട്ടി എന്തു തരം കണ്ടെന്റ് കാണണമെന്നു തീരുമാനിക്കാം. കുട്ടിക്ക് ആര് സ്വകാര്യ ചാറ്റുകള്‍ അയയ്ക്കുന്നു എന്ന കാര്യവും തീരുമാനിക്കാം. കുട്ടിക്ക് വേണമെങ്കില്‍ മുതിര്‍ന്നയാളുടെ ഫോണ്‍ അണ്‍പെയര്‍ ചെയ്യാം. അങ്ങനെ ചെയ്യുമ്പോള്‍ മുതിര്‍ന്നയാള്‍ക്ക് ഒരു സന്ദേശം ലഭിക്കും. 48 മണിക്കൂറിനുള്ളല്‍ ലിങ്ക് റീസ്‌റ്റോര്‍ ചെയ്താല്‍ മതി.

 

ഇനി മാതാപിതാക്കള്‍ക്ക് ടിക്‌ടോക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമില്ലെങ്കിലും പ്രശനമില്ല. കുട്ടിയുടെ ആപ് തുറന്ന് ഡിജിറ്റല്‍ വെല്‍ബീയിങ് തിരഞ്ഞെടുക്കുക. അതില്‍ റെസ്ട്രിക്ടഡ് മോഡ് തിരഞ്ഞെടുക്കുക. ഇവിടെ സ്വന്തം പാസ്‌വേഡ് നല്‍കാം. തുടര്‍ന്ന് കുട്ടികള്‍ക്ക് അവര്‍ക്ക് അനുയാജ്യമായി വിഡിയോ മാത്രമെ ലഭ്യമാകൂ. എന്നാല്‍ ഉചതിമല്ലാത്ത കണ്ടെന്റ് പരിപൂര്‍ണമായി ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യമല്ലെന്ന കാര്യം ടിക്‌ടോക് സമ്മതിക്കുന്നു.‌

 

English Summary: TikTok failed to ban flagged 'child predator'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com