ADVERTISEMENT

ഇന്ത്യയിൽ നിരോധിച്ച് ടിക്ടോക് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ, വരുമാനത്തിന്റെ കാര്യത്തിലോ ഡൗൺലോഡിങ്ങിലോ ടിക്ടോക് ഒട്ടും തന്നെ പിന്നോട്ട് പോയിട്ടില്ലെന്നാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. ടിക് ടോക് ഇപ്പോഴും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ആപ്ലിക്കേഷനാണ് എന്നാണ് സെൻസർ ടവർ റിപ്പോർട്ട് പറയുന്നത്.

 

സെൻസർ ടവറിൽ നിന്നുള്ള ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച് ടിക് ടോക് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആപ്ലിക്കേഷനായി തുടരുന്നു. ടിക് ടോക് ആപ്ലിക്കേഷൻ ഒക്ടോബറിൽ 11.5 കോടി ഡോളറിലധികം (ഏകദേശം 854.85 കോടി രൂപ) വരുമാനം നേടി. സെപ്റ്റംബറിലും ഏറ്റവും കൂടുതൽ വരുമാനം നേടിയ ആപ്ലിക്കേഷനാണ് ടിക് ടോക് തന്നെയായിരുന്നു. കഴിഞ്ഞ പാദത്തിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനും ടിക് ടോക് ആണ്.

 

കഴിഞ്ഞ ഒക്ടോബറിൽ ടിക് ടോക്കിന്റെ വരുമാനം 6.2 മടങ്ങ് വർധിച്ചു. ടിക്ക് ടോക്കിന്റെ വരുമാനത്തിൽ ഏറ്റവും വലിയ സംഭാവന നൽകുന്നത് ചൈന തന്നെയാണ്. ചൈനയിൽ ടിക് ടോക് ആപ്ലിക്കേഷൻ ഡൗയിൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആപ്ലിക്കേഷന്റെ മൊത്തം വരുമാന വിഹിതത്തിന്റെ 86 ശതമാനം ചൈനയിലെ ഉപയോക്താക്കളിൽ നിന്നാണ്. ഇതിന് ശേഷം യുഎസിലെ ഉപയോക്താക്കളിൽ നിന്ന് 8 ശതമാനവും തുർക്കിയിൽ 2 ശതമാനം വരുമാനവും ലഭിക്കുന്നു.

 

വരുമാനത്തിന്റെ കാര്യത്തിൽ ടിക് ടോക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഒന്നാമതെത്തിയെങ്കിലും ഇത് ഇപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോറിലെ മികച്ച 10 ആപ്പുകളുടെ പട്ടികയിൽ ഇല്ല. പ്ലേ സ്റ്റോറിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന അപ്ലിക്കേഷനുകളുടെ പട്ടികയിൽ ഗൂഗിൾ വൺ ആണ് ഒന്നാം സ്ഥാനം നല്‍കുന്നത്. പിക്കോമ, ഡിസ്നി +, ബിഗോ ലൈവ്, ടിൻഡർ എന്നിവയാണ് ഇതിന് പിന്നിൽ. സെപ്റ്റംബറിലും ടിക് ടോക്ക് പ്ലേ സ്റ്റോറിന്റെ മികച്ച 10 ആപ്പുകളുടെ പട്ടികയിൽ ഇടം നേടിയില്ല. എന്നാൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആൻഡ്രോയിഡ് ആപ്ലിക്കേഷനായിരുന്നു ഇത്.

 

കഴിഞ്ഞ മാസം 9.4 കോടി ഡോളറിലധികം വരുമാനം നേടിയ യുട്യൂബ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി. മൊത്തം വരുമാന വിഹിതത്തിന്റെ 56 ശതമാനവും യുഎസിൽ നിന്നാണ്. തൊട്ടുപിന്നിൽ 11 ശതമാനം ജപ്പാനുമാണ്. ഒക്ടോബർ മാസത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മൂന്നാമത്തെ ആപ്ലിക്കേഷൻ ടിൻഡർ ആണ്. ടിൻഡർ മൂന്നാം പാദത്തിൽ നാലു ലക്ഷം വരിക്കാരെ ചേർത്തു മൊത്തം 6.6 ദശലക്ഷമായി. ടിൻഡർ നേരിട്ടുള്ള വിൽപ്പനയിൽ നിന്ന് 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

 

English Sumamry: TikTok is still the top grossing app globally: Sensor Tower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com