sections
MORE

ഫെയ്സ്ബുക്കിലെ ‘വിജയി’ എങ്ങനെ തോറ്റു? പിന്നിലായ ബിജെപി ജയിക്കുകയും ചെയ്തു, ആ കണക്കുകൾ ഇതാ...

biha-voters
SHARE

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാത്രമല്ല ബിഹാറിലും ഫെയ്സ്ബുക്, ട്വിറ്റർ, വാട്സാപ് പോലെയുള്ള സോഷ്യൽമീഡിയകൾ വലിയ സ്വാധീനം ചെലുത്തിയെന്നാണ് പൊതുവെ കരുതുന്നത്. കൊറോണവൈറസ് കാരണം പതിവ് പ്രചാരണങ്ങൾ വൻ നിയന്ത്രണങ്ങൾ വന്നതോടെ പിന്നെ വെർച്വൽ ലോകത്തെയാണ് പിന്തുടർന്നത്. എന്നാൽ, സോഷ്യൽമീഡിയ ക്യാംപെയിനുകളിൽ മുന്നിൽ നിന്നിരുന്ന പാർട്ടികൾക്ക് വേണ്ടത്ര, യുവജനതയുടെ വോട്ടുകൾ ലഭിച്ചോ എന്നത് അന്വേഷിക്കേണ്ടതാണ്. വിവിധ കണക്കുകൾ പ്രകാരം സോഷ്യൽ മീഡിയയിൽ ‘വിജയിച്ച’ പാർട്ടിയായിരുന്നു ആർ‌ജെ‌ഡി. എന്നാൽ ഈ പ്രവണത വോട്ടുകളെ വേണ്ടത്ര സ്വാധീനിച്ചില്ല എന്നാണ് അവസാന ഫലങ്ങൾ കാണിക്കുന്നത്.

ആധുനിക ലോകത്ത് സോഷ്യൽ മീഡിയയും തിരഞ്ഞെടുപ്പും തമ്മില്‍ വലിയ ബന്ധമുണ്ട്. പലരാജ്യങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ പോലും മാറ്റിമറിക്കാൻ ശേഷിയുള്ളതാണ് സോഷ്യൽമീഡിയകൾ. രാഷ്ട്രീയ പാർട്ടികളും നേതാക്കളും വോട്ടർമാരുമായി ആശയവിനിമയം നടത്താനും അവരുടെ പ്രകടന പത്രികകൾ പ്രചരിപ്പിക്കാനും പ്രതിപക്ഷത്തെ ആക്രമിക്കാനും അവരുടെ അജണ്ട പ്രചരിപ്പിക്കാനും ജനങ്ങളുടെ വോട്ടിങ് സ്വഭാവത്തെ സ്വാധീനിക്കാനും വലിയ തോതിൽ സോഷ്യൽമീഡിയ ഉപയോഗിക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ, ഫെയ്സ്ബുക്, ഗൂഗിൾ അൽഗോരിതങ്ങളും മറ്റു പുതിയ ടെക്നോളജിയും അറിഞ്ഞ് ക്യാംപെയ്ൻ നടത്തുന്നവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇപ്പോൾ വിജയിക്കാൻ സാധിക്കുന്നതെന്നത് മറ്റൊരു വസ്തുതയാണ്.

∙ പരസ്യത്തിൽ മുന്നിൽ ബിജെപി നയിക്കും എൻഡിഎ

സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ (എൻ‌യു‌എസ്) ഡിജിക്യാമ്പ് പ്രോജക്റ്റ് ബിഹാറിലെ ഇലക്ഷൻ ക്യാംപെയ്ൻ സംബന്ധിച്ച് ഡേറ്റ ശേഖരിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും (ആർ‌ജെഡി ഒഴികെ) പരസ്യ രീതി, ഡിജിറ്റൽ പരസ്യങ്ങൾക്കായി ചെലവഴിക്കൽ എന്നിവ പോലുള്ള വിവിധ ഡേറ്റ വിശകലനം ചെയ്തു. ഓഗസ്റ്റ് 01 മുതൽ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം - ഒക്ടോബർ 28 വരെയുള്ള കാലയളവിൽ പൊതുവായി ലഭ്യമായ ഡേറ്റയാണ് ഇവർ വിശകലനം ചെയ്തത്.

ജെഡി (യു) ബിജെപി സഖ്യം പിന്തുടരുന്ന സോഷ്യൽ മീഡിയ മാനേജുമെന്റിനും മുൻകൂർ പരസ്യ തന്ത്രങ്ങൾക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനെ തുടർച്ചയായി നാലാം തവണയും വിജയിക്കാൻ സഹായിക്കുമോ? എന്നതായിരുന്നു എല്ലാവരും ചർച്ച ചെയ്തിരുന്നത്. ഓൺലൈൻ പരസ്യങ്ങൾക്കായി ചെലവഴിക്കുന്ന കാര്യത്തിൽ എൻ‌ഡി‌എ സഖ്യകക്ഷികൾ തന്നെയായിരുന്നു മുൻ‌നിരയിലുണ്ടായിരുന്നതെന്ന് ഡേറ്റ സൂചിപ്പിക്കുന്നു. ഭരണകക്ഷിയായ ജനതാദൾ-യുണൈറ്റഡ് ഓഗസ്റ്റ് 01 നും ഒക്ടോബർ 29 നും ഇടയിൽ രാഷ്ട്രീയ പരസ്യത്തിനായി ഏകദേശം 50 ലക്ഷം രൂപ ചെലവഴിച്ചു. ജെഡിയുവിന്റെ സഖ്യ പങ്കാളിയായ ബിജെപി ഇതേ കാലയളവിൽ 40 ലക്ഷം രൂപയും ചെലവഴിച്ചു. തേജസ്വി യാദവിന്റെ ആർ‌ജെഡിയുടെ വോട്ടെടുപ്പ് പങ്കാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേവലം 30 ലക്ഷം രൂപയുമാണ് ഇറക്കിയത്.

ആഴ്‌ച തിരിച്ചുള്ള ഡേറ്റയുടെ സൂക്ഷ്മപരിശോധന സൂചിപ്പിക്കുന്നത് ബിജെപിയുടെ ചെലവ് തീരുമാനങ്ങൾ വളരെ തന്ത്രപ്രധാനമായിരുന്നു എന്നാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചാരണങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ശരിയായ സമയം അവർക്ക് അറിയാം. ആദ്യഘട്ട വോട്ടെടുപ്പിനായി ബിജെപി ഒക്ടോബര്‍ അവസാന ആഴ്ചയിൽ കോൺഗ്രസിനേക്കാൾ ഇരട്ടി തുകയാണ് ചെലവഴിച്ചത്. ജെഡിയു ആകട്ടെ ഒക്ടോബറിനേക്കാൾ സെപ്റ്റംബറിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കായി കൂടുതൽ ചെലവഴിച്ചു.

നിതീഷ് കുമാറിനെതിരായ ഭരണവിരുദ്ധ വികാരത്തെ തകർക്കാൻ എൻ‌ഡി‌എ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ടും ക്യാംപെയ്ൻ നടത്തിയിരുന്നു. 5,15,800 പുതിയ വനിതാ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തിട്ടുള്ളതിനാൽ വനിതാ വോട്ടുകളുടെ പ്രാധാന്യം ബിജെപി നേരത്തെ മനസ്സിലാക്കിയിരുന്നു. ഇതോടെ എൻ‌ഡി‌എയുടെ ഡിജിറ്റൽ തന്ത്രം ഈ വഴിക്കും പരീക്ഷിച്ചിരുന്നു. ജെഡിയു-ബിജെപി ടീം വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് കോൺഗ്രസിനേക്കാൾ ഇരട്ടി തുകയാണ് ചെലവഴിച്ചത്.

പരസ്യങ്ങളുടെ ചെലവും എണ്ണവും പ്രാധാന്യമർഹിക്കുന്ന സമയത്ത് തന്നെ പരസ്യത്തിന്റെ ഉള്ളടക്കത്തിനും കൂടുതൽ പ്രാധാന്യമുണ്ട്. കാരണം പാർട്ടി നിലകൊള്ളുന്ന പ്രശ്നങ്ങളെക്കുറിച്ചും വോട്ടർമാരെ സ്വാധീനിക്കാൻ അത് ഉപയോഗിക്കുന്ന വിവരണത്തെക്കുറിച്ചും വോട്ടർമാർക്ക് പൊതുവായ ധാരണ നൽകുന്നതാണ്. സോഷ്യൽ മീഡിയയുടെ രാഷ്ട്രീയ പരസ്യത്തിനു കർശനമായ മാനദണ്ഡങ്ങൾ ഉള്ളതിനാൽ കക്ഷികൾ അവരുടെ പരസ്യത്തിലെ ഉള്ളടക്കം, വികാരം, വസ്തുതാപരം എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. അതായത് നേരത്തെ പുറത്തുവിട്ടിരുന്ന പോലെ വ്യാജ കണക്കുകളുടെ പോസ്റ്റുകൾ ഫെയ്സ്ബുക്കും ട്വിറ്ററും അനുവദിച്ചിരുന്നില്ല.

പരസ്യങ്ങളുടെ ഇംപ്രഷനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി മികച്ച 500 പരസ്യങ്ങളും വിശകലനം ചെയ്തപ്പോൾ ജെഡിയു ഒഴികെയുള്ള എല്ലാ പാർട്ടികളുടെ പോസ്റ്റുകളിലും സമ്പദ്‌വ്യവസ്ഥ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതായി കണ്ടെത്തി. 2005 മുതൽ ജെഡിയുവിന്റെ പ്രധാന പ്രചാരണ വിഷയമായ കുറ്റകൃത്യം, ക്രമസമാധാനം, മറ്റ് പാർട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പ്രശ്നം ഉന്നയിക്കുന്ന പരസ്യങ്ങൾ ജെഡിയുവിൽ (15 ശതമാനം) ഏറ്റവും ഉയർന്നതാണെന്ന് കാണാം.

∙ സോഷ്യൽമീഡിയയും ബിഹാറിലെ യുവ വോട്ടിങ് ജനസംഖ്യയും

കോവിഡ് കാരണം യാഥാസ്ഥിതിക സംഘടനകളായ ആർ‌ജെഡി, ജെഡിയു എന്നിവയുൾപ്പെടെ സംസ്ഥാനത്തെ പ്രധാന പാർട്ടികൾ ‘ഡിജിറ്റൽ രാഷ്ട്രീയം’ തന്ത്രമാണ് പ്രയോഗിച്ചത്. 6.2 കോടി മൊബൈൽ ഫോൺ ഉപയോക്താക്കളാണ് ബീഹാറിലുള്ളത്. ഇതിൽ 3.93 കോടി പേരാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ. ബിഹാറിൽ ടാർഗെറ്റുചെയ്‌ത ഫെയ്‌സ്ബുക്കിന് 1.5 കോടി ആളുകളിലേക്ക് എത്തിച്ചേരാനാകും. ഇത് മൊത്തം വോട്ടർമാരുടെ 21 ശതമാനമാണ്. തലസ്ഥാന നഗരമായ പട്‌നയിൽ മാത്രം ഫെയ്സ്ബുക് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 30 ലക്ഷമാണ്.

മിക്ക സ്ഥാനാർഥികളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് ഏജൻസികളെ നിയമിച്ചിരുന്നു. ഈ ടീമുകൾ അവരുടെ നിർദ്ദിഷ്ട മണ്ഡലത്തിൽ ക്യാംപെയ്ൻ ചെയ്യുന്നതിനായി പ്രാദേശിക / ഹൈപ്പർ പ്രാദേശിക ഉള്ളടക്കം തയാറാക്കിയിരുന്നു. സ്ഥാനാർഥിയുടെ പേരിൽ വെബ്‌സൈറ്റും, പ്രൊഫൈൽ പേജുകളും നിർമിച്ചും പ്രചാരണം നടത്തി. വോട്ടർമാരെ അണിനിരത്തുന്നതിനും ചെറുപ്പക്കാരുമായി ഇടപഴകുന്നതിനും പണം സ്വരൂപിക്കുന്നതിനും ഡിജിറ്റൽ മാർക്കറ്റിങ് ടീമുകളെ വരെ നിയമിച്ചവരുണ്ട്.

∙ സോഷ്യൽ മീഡിയയിലെ താരം നിതീഷ്, നേട്ടം തേജസ്വിയ്ക്ക്

ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഇന്ത്യയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. തേജസ്വി യാദവുമായി താരതമ്യപ്പെടുത്തുമ്പോൾ സോഷ്യൽ മീഡിയയിൽ നിതീഷ് ഏറെ മുന്നിലാണ്. എന്നാൽ, ഒക്ടോബറിൽ നിതീഷിനേക്കാൾ കൂടുതൽ ഫോളവേഴ്സിനെ ലഭിച്ചത് തേജസ്വിനിക്കാണ്. തേജസ്വിയുടെ ഓരോ ട്വീറ്റിലേയും ഇടപെടൽ നിതീഷിനേക്കാൾ അഞ്ചിരിട്ടിയായിരുന്നു. തേജസ്വിയുടെ പോസ്റ്റുകളുടെ റീച്ചും നിതീഷിനേക്കാൾ 10 മടങ്ങ് കൂടുതലായിരുന്നു. തേജസ്വിയുടെ മൊത്തം ഡിജിറ്റൽ ഇടപെടലുകൾ നിതീഷിനേക്കാൾ 4 ഇരട്ടി കൂടുതലാണ്. തേജസ്വിയുടെ ട്വീറ്റുകളുടെ എണ്ണം വളരെ കുറവായിരുന്നു. 

ഇന്ത്യയിൽ ട്വിറ്റർ ഉപയോഗിക്കുന്നവരുടെ എണ്ണം 1.7 കോടി ആണ്. ഫെയ്സ്ബുക് ഉപയോക്താക്കളിൽ വെറും 6 ശതമാനം മാത്രമാണ് ട്വിറ്റർ ഉപയോഗിക്കുന്നത്. ഇതിനർഥം ബിഹാറിൽ വെറും 9 ലക്ഷം ട്വിറ്റർ ഉപയോക്താക്കൾ ഉണ്ടാവാം എന്നതാണ്. ഇത് വളരെ കുറവാണ്. ഇതിനാൽ, ട്വിറ്ററിലെ ഒരു നേട്ടം തേജസ്വിക്ക് കൂടുതൽ തിരഞ്ഞെടുപ്പ് ലാഭവിഹിതം നൽകിയിട്ടില്ലെന്ന് തന്നെ പറയാം.

∙ ഫെയ്സ്ബുക്കിലെ രാഷ്ട്രീയ കളികൾ

മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫെയ്‌സ്ബുക്കിന് തിരഞ്ഞെടുപ്പുകളിൽ സ്വാധീനിക്കാനുള്ള ശേഷി കൂടുതലാണ്. യുവാക്കളുടെയും കന്നി വോട്ടർമാരുടെയും വോട്ടിങ് മുൻഗണനകളെ സ്വാധീനിക്കുന്നതിനുള്ള ഫലപ്രദമായ ഒന്നാണ് ഫെയ്സ്ബുക്. എന്നാൽ ഫോളവേഴ്സിന്റെ കാര്യത്തിൽ രണ്ട് നേതാക്കളുടെ പേജുകളിലും ഏതാണ്ട് സമാനമായ പ്രകടനമാണ് കണ്ടത്. ഒക്ടോബറിൽ നിതീഷിനേക്കാൾ കൂടുതൽ ഫോളവേഴ്സിനെ ലഭിച്ചത് തേജസ്വിക്കാണ്.

പോസ്റ്റുകളുടെ എണ്ണത്തിന്റെ രണ്ടു നേതാക്കളും സമമാണെങ്കിലും ഷെയറുകൾ (15 മടങ്ങ്), കമന്റുകൾ (2.6 മടങ്ങ്), പ്രതികരണങ്ങൾ (8.3 മടങ്ങ്) എന്നിവയിൽ വൻ നേട്ടമാണ് തേജസ്വി നേടിയത്. ഇന്ത്യാ ടുഡേയുടെ നിരീക്ഷണ റിപ്പോർട്ട് പ്രകാരം ആശയവിനിമയങ്ങളുടെ കാര്യത്തിൽ തേജസ്വിയുടെ പേജിലെ ഇടപെടലുകൾക്ക് താരതമ്യേന പോസിറ്റീവ് വികാരവും നിതീഷിന്റെ പേജിലെ നെഗറ്റീവും കാണിക്കുന്നു എന്നാണ്.

തേജസ്വിയുടെ ‘ലൈക്കുകളുടെ’ എണ്ണം നിതീഷിനേക്കാൾ 9 മടങ്ങ് കൂടുതലാണ്. എന്നാൽ നിതീഷിനോടുള്ള ‘ദേഷ്യം’ പ്രതികരണങ്ങളുടെ എണ്ണം തേജസ്വിയേക്കാൾ 2 മടങ്ങും കൂടുതലാണ്. ഫെയ്സ്ബുക്കിലെ തേജസ്വിയുടെ മികച്ച സാന്നിധ്യവും ഉയർന്ന ഇടപഴകലും തൊഴിലില്ലായ്മ, തൊഴിലവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് വാഗ്ദാനങ്ങളിലേക്ക് യുവാക്കളെ ആകർഷിച്ചിരുന്നു. അദ്ദേഹത്തിന്റെ റാലികളിലെ വലിയ ജനക്കൂട്ടത്തിന് പിന്നിലെ കാരണവും ഇതായിരിക്കാം. ഈ റാലികൾ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിലും വൻ വിജയമാണ് നേടിയത്.

∙ ബിജെപി തന്ത്രങ്ങൾ പഴയ പോലെ ഫലിക്കുന്നില്ല

സോഷ്യൽ മീഡിയയിലെ മൂന്ന് പ്രധാന പാർട്ടികളുടെ പ്രവർത്തനം താരതമ്യം ചെയ്യുമ്പോൾ സമാന ട്രെൻഡുകൾ ദൃശ്യമാകും. കഴിഞ്ഞ മാസം ജെഡിയു (441), ബിജെപി (620) എന്നിവയേക്കാൾ ഫെയ്സ്ബുക്കിൽ (301) താഴ്ന്ന പോസ്റ്റുകൾ നൽകിയിട്ടും ആർ‌ജെഡി ഇടപഴകൽ നിരക്കിന്റെ കാര്യത്തിൽ (പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ, ഇടപെടലുകൾ) മുന്നിലെത്തി. ട്വിറ്ററിൽ വളരെ കുറച്ച് ട്വീറ്റുകൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ മാസത്തിൽ പോസ്റ്റുകളിൽ റെക്കോർഡുചെയ്‌ത ലൈക്കുകൾ ജെഡിയുവും ബിജെപിയും നേടിയതിനേക്കാൾ കൂടുതലാണ് ആര്‍ജെഡിക്ക്. റീ ട്വീറ്റുകളിൽ ബിജെപി മുന്നിലാണ്. ട്വിറ്ററിൽ ആർ‌ജെ‌ഡിക്ക് ബിജെപിയെക്കാൾ ഇരട്ടി അനുയായികളുണ്ട്.

എന്തൊക്കെ പറ‍ഞ്ഞാലും സോഷ്യൽമീഡിയയിലെ മുന്നേറ്റവും തിരഞ്ഞെടുപ്പിലെ അവസാന ഫലവും തമ്മിൽ കാര്യമായ ബന്ധമില്ലെന്നാണ് ബിഹാറിലെ കണക്കുകൾ സൂചിപിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കൂടുതൽ പണം ഇറക്കിയവർ തന്നെയാണ് വിജയം നേടിയത്. എന്നാൽ, ഇറക്കിയ പണത്തിനനുസരിച്ച് വോട്ടുകൾ ലഭിച്ചോ എന്ന് അന്വേഷിക്കേണ്ടതമാണ്.

English Summary: Social media and Bihar election results

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA