ADVERTISEMENT

ഓൺലൈൻ ലോകത്ത് ഇപ്പോൾ തട്ടിപ്പുകളുടെയും വഞ്ചനകളുടെയും പ്രളയമാണ്. ആർക്കെങ്കിലും പണികൊടുക്കാനും വ്യക്തിപരമായും അല്ലാതെയും ഉപദ്രവിക്കാനും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. രാജ്യാന്തര തലം മുതൽ കേരളത്തിൽ വരെ ഇത്തരം ചതികളും വെട്ടിപ്പുകളും ഓൺലൈൻ ഗുണ്ടായിസവും നടക്കുന്നുണ്ട്. ദിവസങ്ങൾക്കു മുന്‍പ് ബോളിവുഡിലും ഇത്തരമൊരു ആരോപണവുമായി ഒരു സംവിധായകൻ രംഗത്തുവന്നിരുന്നു. പ്രമുഖ നടിക്കെതിരെ വിഡിയോ ചെയ്യാൻ യുട്യൂബർ 60 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.

 

ബോളിവുഡ് നടി കങ്കണ റനൗട്ട്, റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമി, മരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുട്ട് എന്നിവര്‍ക്കെതിരെ വിഡിയോ ചെയ്യുന്നതിനായി 60 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപണം. ക്രിയേറ്റീവ് ഫിലിം ഡയറക്ടറായ എറെയ് കാത്തര്‍ (Eray Cather) ട്വീറ്റ് ചെയ്തതോടെയാണ് പുതിയ വിവാദം തുടങ്ങുന്നത്. എറെയ് ആരേയും പേരെടുത്തു പറഞ്ഞിരുന്നില്ല. എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ അനുഭാവിയായി ഭാവിക്കുന്ന യുട്യൂബര്‍ ധ്രൂവ് രാതി (Dhurv Rathee) തന്നെക്കുറിച്ചാണെന്നു ഈ ആരോപണമെന്ന് പറഞ്ഞ് രംഗത്തുവരികയായിരുന്നു. യൂട്യൂബർ ആരോപണം നിഷേധിച്ചതോടെയാണ് രംഗം വീണ്ടും കൊഴുത്തത്. 45 ലക്ഷത്തിലേറെ ഫോളവേഴ്സുള്ള യുട്യൂബറാണ് ധ്രൂവ് രാതി.

 

ട്വീറ്റ് യുദ്ധം തുടങ്ങിയതോടെ ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ ഊഴമായിരുന്നു. തനിക്കെതിരെ വ്യാജ വിഡിയോ ചെയ്യാന്‍ ധ്രൂവ് 60 ലക്ഷം രൂപ വാങ്ങിയെന്നാണ് നടി പറഞ്ഞത്. സുശാന്തിന്റെ കുടുംബത്തെക്കുറിച്ച് വിഡിയോ ചെയ്യാന്‍ യുട്യൂബര്‍ 35 ലക്ഷം രൂപ വാങ്ങിയെന്നും കാത്തര്‍ ആരോപിച്ചിരുന്നു. കുടുംബത്തിന് നടന്റെ മരണത്തിലുളള പങ്കിനെക്കുറിച്ചുള്ള ആരോപണം ഉന്നയിക്കുന്നതിനാണ് ഈ പണം യുട്യൂബര്‍ കൈപ്പറ്റിയത് എന്നായിരുന്നു ആരോപണം. ഒന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ വിഡിയോ തയാറാക്കണം എന്ന 'ക്വട്ടേഷനാണ്' യുട്യൂബര്‍ സ്വീകരിച്ചതത്രെ. ഇയാളെ തന്നെ നേരത്തെ കങ്കണയ്ക്കും അര്‍ണാബിനുമെതിരെ വിഡിയോ ചെയ്യാനും വാടകയ്ക്ക് എടുത്തിരുന്നുവെന്നും ആരോപണമുണ്ട്. യുട്യൂബര്‍ സാധാരണഗതിയില്‍ ഒരു വിഡിയോയക്ക് 30-40 ലക്ഷം രൂപയാണത്രെ ക്വട്ടേഷന്‍ ഫീസായി കൈപ്പറ്റുന്നത്. കങ്കണയുടെയും അര്‍ണാബിന്റെയും കാര്യത്തില്‍ ഇയാള്‍ക്ക് 35 ലക്ഷം രൂപ വീതം നല്‍കിയെന്നും ആരോപണത്തില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എറെയ് ആരോപിക്കുന്നു.

 

രസകരമായ ഒരു കാര്യം എറെയ് ഒരിടത്തും ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല എന്നതായിരുന്നു. എന്നാല്‍, ധ്രൂവ്, ഈ വ്യാജ വാര്‍ത്ത തന്നെക്കുറിച്ചാണോ എന്നു ചോദിച്ചെത്തിയതോടെ രംഗം കൊഴുക്കുകയായിരുന്നു. യുട്യൂബില്‍ രാതിക്ക് 45 ലക്ഷത്തോളം ഫോളോവര്‍മാരുണ്ടുതാനും. പിന്നെ രാതി ആരും ആവശ്യപ്പെടാതിരുന്നിട്ടും വിശദീകരണങ്ങള്‍ നല്‍കി കാര്യങ്ങള്‍ കൂടുതല്‍ കുളമാക്കി. ആദ്യമായി പറയട്ടെ, കങ്കണയെക്കുറിച്ചുള്ള വിഡിയോ നിർമിക്കാന്‍ തനിക്കാരും പണം തന്നിട്ടില്ല. രണ്ടാമതായി താന്‍ എസ്എസ്ആറിനെക്കുറിച്ച് ഒരു വിഡിയോയും നിർമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മൂന്നാമതായി, എനിക്ക് ഒരു വിഡിയോ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് 30 ലക്ഷം രൂപ വച്ചു കിട്ടിയിരുന്നെങ്കിലെന്ന് ശരിക്കും ആഗ്രഹിക്കുന്നു. അങ്ങനെയാണെങ്കില്‍ എനിക്ക് എന്തുമാത്രം ധനികനാകാമായിരുന്നു എന്നും ധ്രൂവ് ട്വീറ്റ് ചെയ്തു.

 

ആരുടെയും പേരെടുത്തു പറയാതെ എറെയ് നടത്തിയ ട്വീറ്റിന് മറുപടിയിടണമെന്ന് ധ്രൂവിനു തോന്നിയെങ്കില്‍ അത് പരോക്ഷമായ കുറ്റസമ്മതമായി വ്യാഖ്യനിക്കപ്പെട്ടു. സുശാന്ത് സിങ്ങിനെക്കുറിച്ചുള്ള വിഡിയോ വേണ്ടെന്നുവച്ചെന്നത് തന്നെ സന്തോഷിപ്പിക്കുന്നുവെന്നും എറെയ് പറഞ്ഞു. എറെയുടെ മറുപടി ഇങ്ങനെ:

 

ഒന്ന്: ഞാനാരുടെയും പേരെടുത്തു പറഞ്ഞില്ല. അതു തങ്കളെക്കുറിച്ചാണെന്നു തോന്നിയെങ്കില്‍ സ്വാഗതം.

രണ്ട്: താങ്കളുടെ ഫീസിനെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ഞാന്‍ തീര്‍ച്ചയായും സംസാരിക്കാം. എന്നാല്‍ ഇപ്പോള്‍ എന്റെ ശ്രദ്ധ അതിലല്ല. അതിനാല്‍ അല്‍പം ക്ഷമിക്കൂ.

മൂന്ന്: താങ്കള്‍ വിഡിയോ വേണ്ടന്നുവച്ചതില്‍ സന്തോഷിക്കുന്നു. താങ്കള്‍ ഉത്തരം നല്‍കിക്കഴിഞ്ഞു. വിവാദം തുടങ്ങി ഒരു ദിവസത്തിനു ശേഷം നടി കങ്കണ ധ്രൂവിനെതിരെ രംഗത്തെത്തിയിരുന്നു. ബിഎംസി വിവാദത്തില്‍ തനിക്കെതിരെ വ്യാജവാര്‍ത്ത നിര്‍മിച്ചു എന്നായിരുന്നു നടി ആരോപിച്ചത്. ധ്രൂവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എറെയ് കാത്തറെ പ്രശംസിക്കാനും നടി മറന്നില്ല. 'ഈ പൊട്ടന് വ്യാജി വിഡിയോ നിര്‍മിക്കാന്‍ തീര്‍ച്ചയായും പണം ലഭിക്കുന്നുണ്ട്. ബിഎംസി വിഡിയോയുടെ കാര്യത്തില്‍ എനിക്ക് ഇയാളെ ജയിലിലടയ്ക്കാന്‍ സാധിക്കുമെന്നും നടി പറഞ്ഞു.

 

ധ്രൂവിന്റെ വിഡിയോ നിര്‍മാണം കാശു വാങ്ങിയാണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ കാത്തിരുന്നു കാണാം. എന്തായാലും സമൂഹ മാധ്യമങ്ങള്‍ വഴി പേരെടുക്കുന്നവര്‍ അത് ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചു വരുന്ന ഒരു പ്രവണതയാണ്. യുട്യൂബ് വിഡിയോകള്‍, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ തുടങ്ങി നിരവധി പല രീതിയിലും പേരെടുക്കുന്നവര്‍ പിന്നീട് തങ്ങളുടെ പ്രശസ്തി മുതലെടുത്ത് പണം വാങ്ങി വിഡിയോകള്‍ ചെയ്ത് തെറ്റിധരിപ്പിക്കുന്ന രീതി ലോകമെമ്പാടും വളരുകയാണ്. ഇത്തരം ഒരു സാമൂഹ്യ വിപത്തിനെതിരെ ജാഗ്രത പുലര്‍ത്തുക തന്നെ വേണം.

 

English Summary: Vlogger buys Rs 60 lakh to make video against leading actress, new controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com