വിഡിയോ കോളിൽ നഗ്ന യുവതികൾ, മലയാളികൾ ഉൾപ്പടെ നിരവധി പേർ കെണിയിൽ

whatsapp-call
SHARE

സോഷ്യൽമീഡിയ ലോകം കുറ്റകൃത്യങ്ങളുടെയും വഞ്ചനകളുടെയും ഇടംകൂടിയാണ്. ഓരോ ദിവസവും പുതിയ വഴികളാണ് തട്ടിപ്പുകൾക്കും വഞ്ചനകൾക്കുമായി കുറ്റവാളികൾ പ്രയോഗിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കാനും ബ്ലാക്ക് മെയിൽ ചെയ്യാനും പണം തട്ടിയെടുക്കാനും ഓൺലൈൻ തട്ടിപ്പുകാർ പുതിയൊരു ഓപ്പറേഷൻ കൂടി പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് -19 കാരണം വീട്ടിലിരിക്കുന്നവരെയും മറ്റും ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പെന്നതും ശ്രദ്ധേയമാണ്. കോവിഡ് തുടങ്ങിയതിനു ശേഷം ഓൺലൈൻ തട്ടിപ്പുകളും കൂടിയിട്ടുണ്ട്. ഇരകളെ ലക്ഷ്യമിടുന്നതിനായി നൂതന മാർഗങ്ങളാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. വാട്സാപ് വിഡിയോ കോൾ വഴിയാണ് പുതിയ തട്ടിപ്പുകൾ നടക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്.

ജനങ്ങളെ ടാർഗെറ്റുചെയ്യാൻ സൈബർ തട്ടിപ്പുകാർ പുതിയ തന്ത്രങ്ങളുമായാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിലൊന്നാണ് ‘ന്യൂഡ് വിഡിയോ കോൾ’. ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്സാപ്, മറ്റ് വിഡിയോ കോൾ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ആളുകളെ ടാർഗെറ്റുചെയ്യുന്നു. ഈ തട്ടിപ്പുകാർ അറിയപ്പെടാത്ത, അൺനോൻ നമ്പറുകളിൽ നിന്നാണ് വിഡിയോ കോളുകൾ നടത്തുന്നത്. ഇതിൽ നഗ്നയായ യുവതികൾ ടാർഗെറ്റുചെയ്‌ത ഇരയുമായി ചാറ്റുചെയ്യുന്നു. ഈ സമയത്ത് സ്‌ക്രീൻ റെക്കോർഡിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇരകളുമായി ചാറ്റ് ചെയ്യുന്നവരെ തട്ടിപ്പുകാർ റെക്കോർഡുചെയ്യുകയും പിന്നീട് ബ്ലാക്ക്മെയിലും ചെയ്യുന്നു.

ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ നഗ്നവിഡിയോ കോൾ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലും യുട്യൂബിലും പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് ഭീഷണി. ഇത്തരം വിഡിയോകൾ ആദ്യം ഇരകൾക്ക് തന്നെ അയക്കുകയാണ് പതിവ്. തുടർന്ന് ഇതേ വിഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും നൽകുമെന്നും ഭീഷണിപ്പെടുത്തുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നത്.

‘നഗ്ന വിഡിയോ കോൾ’ തന്ത്രത്തിനു പുറമെ, ‘ഗിഗോളോസ്’ റജിസ്റ്റർ ചെയ്യുന്നതിന്റെ മറവിൽ പുരുഷന്മാരെ വശീകരിക്കാനും അവരിൽ നിന്ന് പണം തട്ടിയെടുക്കാനും തട്ടിപ്പുകാർ വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നു. ഇരകളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഓൺ‌ലൈൻ തട്ടിപ്പുകാർ പ്രൊഫൈൽ ചിത്രമോ മറ്റു ദൃശ്യങ്ങളോ മോഷ്ടിക്കുകയും പണം ആവശ്യപ്പെട്ട് നഗ്ന ഫോട്ടോയിൽ മോർഫ് ചെയ്ത ശേഷം തിരിച്ചയക്കുകയും ചെയ്ത ചില കേസുകളും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾക്ക് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ആളുകളോട് അവരുടെ സ്വകാര്യ വിശദാംശങ്ങളും ഫോട്ടോഗ്രാഫുകളും സുരക്ഷിതമാക്കാൻ കർശനമായ സ്വകാര്യതാ ഓപ്ഷനുകൾ പ്രയോഗിക്കാൻ പോലീസ് അഭ്യർഥിക്കുന്നുണ്ട്. അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന വാട്സാപ് വിഡിയോ കോളുകൾ സ്വീകരിക്കരുതെന്നും പൊലീസുകാർ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തിപരമായ ഫോട്ടോകളോ വിഡിയോകളോ അപരിചിതരുമായി ഫോണിലൂടെയോ ഓൺലൈനിലോ പങ്കിടുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

കോവിഡ് മഹാമാരി തുടങ്ങിയതു മുതലാണ് ‘ന്യൂഡ് വാട്‌സാപ് കോൾ’ കേസുകൾ വ്യാപകമായത്‍. തട്ടിപ്പുകാർ ഇരകളുടെ നമ്പറിൽ വിഡിയോ കോളുകൾ നടത്തുന്നു. അവർ കോൾ എടുക്കുമ്പോൾ പെട്ടെന്ന് നഗ്നയായ യുവതി സ്‌ക്രീനിൽ സംസാരിക്കാൻ തുടങ്ങുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഇരകൾക്ക് മനസിലാക്കാൻ കഴിയുന്നതിനുമുൻപ്, തട്ടിപ്പുകാർ സ്‌ക്രീൻ റെക്കോർഡർ ആപ്ലിക്കേഷൻ ഉപയോഗിച്ച് ചാറ്റ് റെക്കോർഡുചെയ്യും, പിന്നീട് പണം ആവശ്യപ്പെടുന്ന ഭീഷണി സന്ദേശവുമായി ഇരകളുടെ നമ്പറിലേക്ക് മെസേജുകൾ അയച്ചുകൊണ്ടിരിക്കും. അല്ലെങ്കിൽ അവർ റെക്കോർഡുചെയ്‌ത വിഡിയോ ഇന്റർനെറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കിടുമെന്ന് ഭീഷണിപ്പെടുത്തും.

ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സൈബർ ക്രൈം സംഘങ്ങളാണ് ഈ കോളുകൾക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. ഇരയുടെ പ്രൊഫൈൽ അനുസരിച്ച് 2,000 മുതൽ രണ്ട് ലക്ഷം രൂപ വരെ പണമാണ് ചോദിക്കുന്നത്. മലയാളികൾ ഉൾപ്പടെ നിരവധി പേർ ഈ കെണിയിൽ കുടുങ്ങിയിട്ടുണ്ട്. പലരും നാണക്കേട് കൊണ്ട് പുറത്തുപറയാൻ മടിക്കുകയാണ്.

English Summary: Nude WhatsApp video call - online fraud

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.