ADVERTISEMENT

നട്ടുച്ച. കൊച്ചി നഗരം. രംഗം അഴിമതിയിൽ അടിത്തറയിളകി, പൊളിക്കാൻ കോടതി തീരുമാനിച്ച മേൽപാലം. ഖദർധാരിയായ യുവാവ് പാലത്തിൽക്കയറി. യുട്യൂബ് ലൈവിലേക്ക് തുറന്നു വച്ച ക്യാമറയ്ക്കു മുന്നിൽ കുറേ നേരം പ്രസംഗം. പിന്നെയതു സംഭവിച്ചു. പ്രസംഗകൻ നിന്നനിൽപിൽ മുണ്ടു പൊക്കി നാണമില്ലാതെ അടിവസ്ത്രം ഊരിയെറിഞ്ഞു. എന്നിട്ടു പറഞ്ഞു: ഇതു മലയാളിയുടെ അടിവസ്ത്രമാണ്. കീറിപ്പറിഞ്ഞു. ഇതേ ഇനി ശേഷിക്കുന്നുള്ളൂ. അഴിമതിക്കാരേ നിങ്ങൾ ഇതു കൂടി എടുത്തോ...

അഴിമതിക്കെതിരേയുള്ള ചുട്ട മറുപടിയെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാമെങ്കിലും ‘‘അച്ഛാ ഇയാളെന്താ ഇതൊക്കെ ഊരുന്നേ’’എന്നു പ്രായപൂർത്തിയാകാത്ത മകനോ മകളോ ചോദിച്ചാൽ എന്തു ന്യായം പറയും? ശരാശരി മലയാളി സ്വീകരണ മുറിയിലോ പൊതു ഇടങ്ങളിലോ വച്ചല്ലല്ലോ അടിവസ്ത്രം ഊരാറ്... പക്ഷേ, ഇവിടെ മറ്റൊരു ന്യായീകരണമുണ്ട്; പഴയ കാലമല്ല, ഇതു സോഷ്യൽ കാലം. പേരെടുക്കാൻ പുരപ്പുറത്തു കയറി നിന്ന് ഉടുതുണിയും ഊരിയെറിയാൻ മടിക്കാത്തവരുടെ കാലം. ഈ സോഷ്യൽ കാലത്തിന്റെ കോലങ്ങൾ പലതും ആടാനിരിക്കുന്നതേയുള്ളൂ.

∙ മുറിമൂക്കൻ തന്നെ രാജാവ്

മൂക്കില്ലാ രാജ്യത്ത് എന്നൊരു ചലച്ചിത്രത്തിൽ തിലകൻ, ജഗതി, മുകേഷ്, സിദ്ദീഖ് എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് അൽപം മനോദൗർബല്യമുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു ചാടിയ ഇവർ നഗരം ചുറ്റുന്നു. കണ്ടാൽ കുഴപ്പമൊന്നുമില്ലെന്നു തോന്നുന്നതിനാൽ പ്രശ്നങ്ങളില്ല. കറങ്ങി നടക്കുമ്പോൾ ഒരു യോഗം. വിദേശ വസ്തുക്കൾ ബഹിഷ്കരിക്കയാണവിടെ. തിലകൻ വേദിയിൽ കയറി. ഒന്നാന്തരം പ്രസംഗത്തിൽ തുടക്കം. വിഷയത്തിന്റെ കാതലിൽ തൊട്ടു പ്രസംഗം മുന്നേറുന്നു. ആൾ പെട്ടെന്നാണ് മനോദൗർബല്യത്തിന്റെ ലക്ഷണത്തിലേക്കു കടന്നത്. വിദേശവസ്ത്ര ബഹിഷ്കരണത്തിന്റെ ഭാഗമായി അദ്ദേഹം ഷർട്ട് ഊരി. ജനം കയ്യടിച്ചു. പാന്റ്സ് ഊരി. കരഘോഷം മുറുകി. അടിവസ്ത്രത്തിന്റെ വള്ളി അഴിക്കാൻ തുടങ്ങിയതോടെ സംഘാടകർ അദ്ദേഹത്തെ പൊക്കിയെടുത്തു പുറത്താക്കി. അടിവസ്ത്രം അഴിക്കാൻ അന്ന് ആ കഥാപാത്രത്തിനു സാധിച്ചില്ലെങ്കിൽ ഇന്നു സോഷ്യൽ മീഡിയയിലെ തെരുവു പ്രസംഗകർക്ക് അതിനുമുണ്ട് അവസരം.

Sir

∙ ഭൂമിക്കു ഭാരം തന്നെ

‘ഇവനൊക്കെ ചത്തൊടുങ്ങട്ടെ... ഭൂമിക്കു ഭാരം കുറയുമല്ലോ...’ വെബ്സൈറ്റിലെ മരണ വാർത്തയ്ക്കു താഴെ വായനക്കാരന്റെ ആദ്യ പ്രതികരണം കണ്ടിട്ടു മരിച്ചത് കള്ളനോ പിടിച്ചുപറിക്കാരനോ ആണെന്നു തെറ്റിദ്ധരിക്കരുത്. സമൂഹത്തിൽ നല്ല അംഗീകാരമുള്ള, സത്യസന്ധനായ, സമാരാധ്യനായ യുവ നേതാവ്. പെട്ടെന്നുണ്ടായ രോഗം നിമിത്തം, പറക്കമുറ്റാത്ത കുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തെ തനിച്ചാക്കി പോയി. ശത്രുക്കളാണെങ്കിൽപ്പോലും കനിവുണർത്തുന്ന വാർത്ത.

പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കിയാണ് നെറികേടിന്റെ വാക്കുകൾ വാരി വിതറി മലയാളി പ്രതികരിക്കുന്നത്. ഇത് ഇന്റർനെറ്റ് നൽകുന്ന ഇരട്ട വ്യക്തിത്വത്തിന്റെ മുഖംമൂടിക്കു പിന്നിലിരുന്നു നമ്മളിൽ ചിലർ പ്രതികരിക്കുന്ന രീതി. ലോകത്ത് വികസിതമെന്നു വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു സമൂഹവും അധഃപതിക്കാത്തത്ര പടുകുഴിയിലേക്ക് മലയാളി പതിച്ചുവോ? കുറഞ്ഞ പക്ഷം സമൂഹ മാധ്യമങ്ങളിലെങ്കിലും?

∙ തെറിവിളിയിൽ ലോക നമ്പർ വൺ

തെറി വിളിച്ച് എതിരാളിയെ ഒതുക്കാൻ മലയാളിയെക്കഴിഞ്ഞേയുള്ളൂ മറ്റാരും. ഉദാഹരണം ഒന്ന്: മംഗൾയാൻ ദൗത്യത്തെ കളിയാക്കി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കാർട്ടൂൺ. സായിപ്പിന്റെ ആഗോള സ്പേസ് ക്ലബിന്റെ വാതിലിൽ അൽപവസ്ത്രധാരിയായ പാവം ഇന്ത്യക്കാരൻ മുട്ടി വിളിക്കുന്നു. പശ്ചാത്തലത്തിൽ പശു. മലയാള പത്രങ്ങൾ ഈ സംഭവം വാർത്തയാക്കിയപ്പോൾ സമൂഹമാധ്യമ മലയാളി അതിലും പത്തുപടി മുന്നോട്ടു പോയി. ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ സമൂഹമാധ്യമ പേജിൽക്കയറി പച്ചത്തെറി; അതും ശുദ്ധമലയാളത്തിൽ. ഒന്നും പിടികിട്ടാതെ അന്തം വിട്ടു പോയ സായിപ്പിന് അമേരിക്കയിലെ മലയാളികളാരോ സംഗതി പറഞ്ഞു കൊടുത്തു. മാപ്പു പറഞ്ഞ് ന്യൂയോർക്ക് ടൈംസ് മാനം കാത്തു. മലയാളി പടക്കം പൊട്ടിച്ചു.

രണ്ട്: റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവയെ സച്ചിൻ തെൻഡുൽക്കർ ആരെന്നു പഠിപ്പിച്ച ‘തെറിക്കഥ’. വിംബിൾഡൻ ജയിച്ചെത്തിയ മരിയയോട് ഏതോ പത്രക്കാരൻ വേണ്ടാത്തൊരു ചോദ്യം ചോദിച്ചു: സച്ചിൻ തെൻഡുൽക്കറെ അറിയുമോ? പാവം താരം അറിയാതെ പറഞ്ഞുപോയി: അറിയില്ല. വിടുമോ മലയാളി. ഇന്ത്യയിൽ മറ്റാർക്കും അറിയാത്ത തെറിപ്രയോഗം അഴിച്ചു വിട്ടു. ഷറപ്പോവയുടെ സമൂഹമാധ്യമ സാന്നിധ്യമുള്ളിടത്തെല്ലാം കേറി മേഞ്ഞു. ചെവി പൊട്ടുന്ന തെറി കൊണ്ടഭിഷേകം, പച്ചമലയാളത്തിൽത്തന്നെ. ‘സച്ചിനെ അറിയാത്ത നീ ഏതു .....’ ഗ്രാൻസ്‌ലാം ജയിക്കുന്നതൊക്കെ ഈ തെറി കേൾക്കുന്നതിനെക്കാൾ എത്ര അനായാസം. കരഞ്ഞു പോയ താരം ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനു മാപ്പെഴുതിക്കൊടുത്ത് തലയൂരി. തെറിയിൽ മലയാളിയെ തോൽപ്പിക്കാനാവില്ല മക്കളേ...!

∙ തെറികൾ പല തരം

സമൂഹ മാധ്യമങ്ങളിൽ മലയാളിക്ക് തെറിയായുധം പലതുണ്ട്. വെബ്സൈറ്റുകളുടെ കമന്റ്ബോക്സുകളിൽ തെറി വെടി പൊട്ടിക്കുന്നതാണ് ആദ്യ തലം. തെറി വിളിക്കാർക്ക് തീരെ ഇഷ്ടമില്ലാത്ത മേഖലയാണിത്. കാരണം ഉത്തരവാദിത്തപ്പെട്ട വെബ്സൈറ്റുകൾ സോഫ്റ്റ്‌വെയറുകൾ വഴിയും അല്ലാതെയും സൈറ്റിൽനിന്നു തെറി തെറിപ്പിച്ചു കളയും. ഇവർക്ക് പഥ്യം ഫെയ്സ്ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലെത്തിയുള്ള തെറിവിളി. ഇതു തന്നെയാണ് ഇവരുടെ ഇവരുടെ മേച്ചിൽപ്പുറവും. ചോദിക്കാനും പറയാനും ആരുമില്ല. ഏതു തരംതാണ തെറികളും പരീക്ഷിക്കാം. ആരും വെട്ടിക്കളയില്ല, ചോദ്യം ചെയ്യില്ല.

∙ മുഖംമൂടിക്കു പിന്നിൽ

കോളജിൽ അസോഷ്യേറ്റ് പ്രഫസർ. വകുപ്പു മേധാവിസ്ഥാനം അടുത്തെത്തി നിൽക്കുന്നു. സുമുഖൻ. മിതഭാഷി. സാംസ്കാരിക വിഷയങ്ങളിലൊന്നിൽ ഡോക്ടറേറ്റ്. വിദ്യാർഥികൾക്ക് മാന്യതയുടെ മാത്രമല്ല, അറിവിന്റെയും ആൾരൂപം. ടീനേജ് പ്രായം പിന്നിടുന്ന രണ്ടു പെൺമക്കൾ. സർക്കാർസ്ഥാപനത്തിൽത്തന്നെ ഉന്നത ജോലിയുള്ള ഭാര്യ. പെർഫെക്ട് കുടുംബം. അതിലും പെർഫെക്ട് കുടുംബനാഥൻ.

CYBER

എന്നാൽ രാത്രി അത്താഴം കഴിഞ്ഞ് വായനയ്ക്കെന്ന പേരിൽ ഓഫിസ് മുറിയിൽ കയറി കതകടച്ചാൽ മാന്യതയുടെ മുഖംമൂടി അഴിച്ചു വയ്ക്കും. പിന്നെയൊരു രണ്ടു രണ്ടര മണിക്കൂർ, അല്ലെങ്കിൽ ഉറക്കം വരും വരെ തനി തറ. ‘കിരീടം ഉണ്ണി’യെന്നോ മറ്റോ ഉള്ള വ്യാജ ഫെയ്സ്ബുക് പ്രൊഫൈലിൽനിന്നു നിലയ്ക്കാത്ത വിമർശം. തരംതാണ പ്രയോഗങ്ങൾ. സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും കയറി മേയും. തിരിച്ചു തെറി വിളിക്കുന്നവരെ തെറി കൊണ്ടു തന്നെ നിരാലംബരാക്കുന്ന വാഗ്ധോരണി.

ഈ അധ്യാപകൻ നമ്മുടെ സമൂഹത്തിൽ ഒറ്റയ്ക്കല്ല. അദ്ദേഹത്തെപ്പോലെ അനേകരുണ്ട് ഇത്തരം ദ്വിമുഖ വ്യക്തിത്വവുമായി. ഇതൊരു മാനസിക പ്രശ്നമാണോ? അല്ലെന്ന് പരിചയമുള്ള ഒരു മനശ്ശാസ്ത്ര വിദഗ്ധൻ. നല്ല തല്ലിന്റെ കുറവാണ്. ഉള്ളിലൊളിപ്പിച്ച തെമ്മാടിത്തരത്തിന്റെ ബഹിർസ്ഫുരണം.

∙ വേഷപ്പകർച്ചയുടെ ധൈര്യം

ആരും തിരിച്ചറിയില്ലെന്ന ധൈര്യത്തിലാണ് സൈബറിടങ്ങളിൽ എന്തും കാട്ടിക്കൂട്ടാൻ പലരും തയാറാകുന്നത്. എന്നാൽ അറിയുക. വേണമെന്നു വച്ചാൽ ഇങ്ങനെയുള്ളവരെ അനായാസം കുടുക്കാം. വ്യാജവിലാസങ്ങൾ ഉണ്ടാക്കുമ്പോൾ മൊബൈൽ ടവറും കംപ്യൂട്ടറിന്റെ െഎപി അഡ്രസും മറ്റനേകം തെളിവുകളും അവശേഷിപ്പിക്കപ്പെടുന്നുണ്ട്. എന്തിന്, ബ്രൗസർ അവശേഷിപ്പിക്കുന്ന സൂചനകൾ മാത്രം മതി യഥാർഥ മുഖം എളുപ്പം കണ്ടെത്താൻ.

എന്നാൽ ഇതിനൊന്നും ആരും ശ്രമിക്കുന്നില്ല എന്നതാണ് സൈബർ വില്ലന്മാരുടെ വിജയം. ആൾമാറാട്ടത്തിനു തുല്യമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നും ഇവർക്കറിയില്ല. സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി ഇങ്ങനെ സർക്കാരിനെയും നേതാക്കളെയും പാർട്ടികളെയും പ്രസ്ഥാനങ്ങളെയും കോർപറേറ്റുകളെയും ലക്ഷ്യമിടുന്നവരുടെ എല്ലാ വിവരങ്ങളും ബന്ധപ്പെട്ടവർക്ക് അറിയാം എന്നതും ഇവർ അറിയുന്നതേയില്ല. വിവരസാങ്കേതികവിദ്യാ വകുപ്പിന്റെ തലപ്പത്തിരുന്ന ശിവശങ്കരനും കൂട്ടാളി സ്വപ്നയും ഒരിക്കലും ചോരില്ലെന്നു കരുതി അഹങ്കരിച്ച വിവരങ്ങളൊക്കെ മണി മണിപോലെ അന്വേഷണ ഏജൻസികൾ നിരത്തി വച്ചത് നാമൊക്കെ കണ്ടതാണ്. നിന്നനിൽപിൽ ഉടുതുണി ഉരിഞ്ഞു പോയ അവസ്ഥ.

∙ ആരെയും തെറിവിളിക്കുന്ന ഒറ്റയാൻമാർ

ഇതും ഒരു പുതിയ പ്രവണതയാണ്. പണ്ടൊക്കെ പത്രങ്ങളുടെ ബ്യൂറോകളിലും പ്രസ് ക്ലബുകളിലും പ്രസിദ്ധീകരണയോഗ്യമല്ലാത്ത വാർത്തകളുമായി തെണ്ടിയിരുന്നവർക്ക് ഭസ്മാസുരനു വരം കിട്ടിയ അവസ്ഥയാണിപ്പോൾ. ഇവരുടെയൊക്കെ കാവൽമാലാഖയാണ് യൂട്യൂബ്. ചുമ്മാ ഒരു ചാനലങ്ങു തുടങ്ങും തോന്നുന്നതൊക്കെപ്പറയും. ആരെയും വെല്ലുവിളിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിയെ വരെ പരസ്യമായി പച്ചത്തെറി വിളിക്കുന്നവർക്ക് സാധാരണക്കാരെ പുല്ലുവിലയാണ്. രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉദ്യോഗസ്ഥരും എന്നു വേണ്ട അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന അവസ്ഥ. സ്ത്രീകളും കുട്ടികളും നിസ്സഹായ കുടുംബങ്ങളും ഇവരുടെ ധാർഷ്ട്യത്തിൽ തകർന്ന കഥകൾ പിന്നൊരിക്കൽ വിശദമായി പറയാം.

∙ യുട്യൂബിലെ ന്യൂസ് സൈറ്റുകൾ

വെബ്സൈറ്റുകള്‍ക്കും യു ട്യൂബും ഫെയ്സ്ബുക്കും പോലെയുള്ള പ്ലാറ്റ്ഫോമുകളിലുള്ള വാർത്താ ചാനലുകൾക്കും നിലവിൽ യാതൊരു വിലക്കുമില്ല. പത്ര മാധ്യമങ്ങൾക്ക് റജിസ്ട്രേഷന്‍ ആവശ്യമാണ്. ഇവയിലെ ഉള്ളടക്കത്തിന് പ്രസ് കൗൺസിലിന്റെ നിയന്ത്രണവുമുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രസിദ്ധീകരിച്ചാൽ സംഗതി പാളും. ടെലിവിഷൻ ചാനലുകൾക്കും റജിസ്ട്രേഷനും നിയന്ത്രണത്തിന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമുണ്ട്. ആകാശവാണി ഒഴികെയുള്ള റേഡിയോ സ്റ്റേഷനുകൾക്ക് വാർത്ത പ്രക്ഷേപണം ചെയ്യാൻ അനുമതിയില്ല. മാത്രമല്ല, നിശ്ചിത ദൂരപരിധിക്കപ്പുറത്തേക്കു പ്രക്ഷേപണവും പാടില്ല. സ്റ്റേഷൻ ആരംഭിക്കാൻ ലൈസൻസ് വേണം.

എന്നാൽ ഈ നൂലാമാലകളൊന്നുമില്ലാതെ ആർക്കും സൈറ്റും സമൂഹമാധ്യമ ചാനലുകളും തുടങ്ങാം. ഒരു നിയന്ത്രണവുമില്ലാതെ എന്തും പ്രസംഗിക്കാം. ഇതെന്തു നീതിയെന്ന് അമ്പരന്നിരുന്നവർക്ക് ആശ്വാസമാണ് ഇത്തരം മാധ്യമങ്ങളെയും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ പരിധിയിലാക്കിക്കൊണ്ടുള്ള ഇരുട്ടടി.

∙ ഈ തെറിവിളി എന്നു തീരും?

രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയെങ്കിലും നിയന്ത്രണങ്ങൾ എങ്ങനെ പ്രാവർത്തികമാകും എന്നു തീരുമാനമാകുന്നതേയുള്ളൂ. എന്തായാലും അധികനാൾ ഈ അരാജകത്വം തുടരാനാവില്ല. വാട്സാപ് പോലെയുള്ള ആപ്പുകൾക്ക് സൈന്യത്തിലടക്കം നിരോധനം വന്നു. ഇതു പൊതു സമൂഹത്തിലേക്കും പടർന്നാൽ അദ്ഭുതപ്പെടേണ്ട. യുട്യൂബിനും ഫെയ്സ്ബുക്കിനും അനതിവിദൂര ഭാവിയിൽ ടിക്ക് ടോക്കിന്റെ ഗതിയാകുമോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ ഈ നവമാധ്യമ സിംഹങ്ങളുടെ ഗർജനത്തിന് പൂച്ചകരച്ചിലിന്റെ ചേലു പോലുമുണ്ടാവില്ല.

English Summary: The Use And Abuse of Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com