ADVERTISEMENT

ടിക്‌ടോക്കില്‍ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നതും, കൂടുതൽ ഫോളവേഴ്സുള്ളതുമായ താരത്തിന് ഒരു നിമിഷം സംഭവിച്ചതിന് വൻ തിരിച്ചടി. ഏകദേശം 10 കോടി ഫോളവേഴ്സ് എന്ന ലക്ഷ്യത്തിനടുത്തായിരുന്നു അമേരിക്കന്‍ ടിക്‌ടോക് താരമായ ചാര്‍ലി ഗ്രെയ്‌സ് ഡിമെലിയോക്ക് തിരിച്ചടി നേരിട്ടത്. മാതാപിതാക്കള്‍ക്കും, സഹോദരി ഡിക്‌സിക്കുമൊപ്പം തന്റെ വീട്ടില്‍ യുട്യൂബര്‍ ജെയിംസ് ചാള്‍സിന് വിരുന്നൊരുക്കുകയും ഈ വിഡിയോ യുട്യൂബില്‍ പോസ്റ്റു ചെയ്തതുമാണ് 16 കാരിയായ ചാര്‍ലിക്ക് പുലിവാലായിരിക്കുന്നത്. വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന പ്രധാന പരിചാരകന്‍ ആരണ്‍ മേയോടു പ്രകടിപ്പിക്കുന്ന പക്വതയില്ലാത്ത പെരുമാറ്റരീതിയാണ് ചാര്‍ലിയുടെ 10 ലക്ഷത്തോളം ഫോളവേഴ്സ് വിട്ടു പോകാനിടയാക്കിയത്. ‘എന്റെ നിഗൂഢ അതിഥി’ എന്ന തലക്കെട്ടിൽ യുട്യൂബിൽ വിഡിയോ പോസ്റ്റു ചെയ്തതോടെയാണ് ഫോളവേഴ്സിന്റെ കൊഴിഞ്ഞുപൊക്ക് തുടങ്ങിയത്. ചാര്‍ലിയുടെ സഹോദരി ഡിക്‌സിയും മറ്റൊരു ടിക്‌ടോക് താരമാണ്. ഡിക്‌സിക്കുമുണ്ട് 43.8 ദശലക്ഷം ഫോളവേഴ്സ്. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ചാര്‍ലിയും ഡിക്‌സിയും അവരുടെ മാതാപിതാക്കളും നിഗൂഢ അതിഥിയായി എത്തിയ ജെയിംസ് ചാള്‍സും ആരണും ആണുള്ളത്. ജെയിംസും ടിക്‌ടോക്കില്‍ സജീവമാണ്.

 

ടിക്‌ടോക്കില്‍ 2019ലാണ് ചാര്‍ലി അക്കൗണ്ട് തുടങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടാണ് ചാര്‍ലി ഇത്രയും വലിയ കുതിപ്പ് നടത്തിയത്. സഹോദരികള്‍ രണ്ടുപേരും ബഹുമാനമില്ലാതെയാണ് ഷെഫിനോടു പെരുമാറിയതെന്നാണ് വിട്ടുപോകുന്ന ഫോളവേഴ്സ് പറയുന്നത്. പരിചാരകനോടുള്ള അവരുടെ പെരുമാറ്റം പരുക്കനായിരുന്നുവെന്നും അവര്‍ പറയുന്നു. വിഡിയോ അവരുടെ കുടുംബ യുട്യൂബ് ചാനലിലാണ് പോസ്റ്റു ചെയ്തത്. അത് വൈറലാകുകയായിരുന്നു. ഇരുവരും തങ്ങളെക്കാള്‍ വളരെ മുതിര്‍ന്നയാളായ ഷെഫിനോട് പരുക്കനായും ബഹുമാനമില്ലാതെയുമാണ് പെരുമാറിയതെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. ഇരുവരുടെയും പൊങ്ങച്ചം വെറുപ്പിക്കുന്നതായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.

 

ഷെഫിന്റെ കറി കഴിച്ച ശേഷം ഓക്കാനം, ഛര്‍ദ്ദി ഭാവങ്ങള്‍ പ്രകടിപ്പിച്ചതും ഡൈനിങ് ടേബിളില്‍ നിന്ന് 'വാളുവയ്ക്കാന്‍' ടോയ്‌ലറ്റിലേക്ക് പോകുന്നതുമെല്ലാം വിമര്‍ശിക്കപ്പെട്ടു. ഇതിനെല്ലാം കൂട്ടായി സഹോദരി ചാര്‍ലിയുടെ അപക്വമായ മുഖഭാവങ്ങളും കാണാമായിരുന്നു. പെണ്‍കുട്ടികളുടെ പെരുമാറ്റവും അതിനു തടയിടാന്‍ ശ്രമിക്കാതിരുന്ന അവരുടെ മാതാപിതാക്കളുടെ നിഷ്‌ക്രീയത്വവും വിമര്‍ശിക്കപ്പെട്ടു. ടിക്‌ടോക്കില്‍ 99.5 ദശലക്ഷം ഫോളവേഴ്സുണ്ടായിരുന്ന ചാര്‍ലിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം പേരെയാണ് നഷ്ടപ്പെട്ടത്. ഒട്ടും മര്യാദയില്ലാതെയാണ് ചാര്‍ലിയും ഡിക്‌സിയും പെരുമാറുന്നത്. നിങ്ങള്‍ക്കു ലഭിക്കുന്ന ഭക്ഷണത്തോട് നന്ദിയുള്ളവരായിരിക്കണം എന്നാണ് ഒരു ഫോളോവര്‍ കുറിച്ചത്. പാചകക്കാരന്റെ മുന്നില്‍ വച്ചുപോലും തങ്ങളുടെ ഇഷ്ടക്കുറവ് കാണിക്കാന്‍ പെണ്‍കുട്ടികള്‍ മടിച്ചില്ല എന്നതാണ് ഇരുവര്‍ക്കുമെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളിലൊന്ന്.

 

ചാര്‍ലിയും ഡിക്‌സിയും വഷളായ കുട്ടികളാണ് എന്ന് താന്‍ മാസങ്ങളായി പറഞ്ഞു വരുന്നതാണെന്നും, അവര്‍ പക്വതയില്ലാത്തവരാണെന്നും, അവര്‍ക്കു ബഹുമാനം കാണിക്കാന്‍ അറിയില്ലെന്നും പുതിയ വിഡിയോ അതു തെളിയിച്ചുവെന്നും മറ്റൊരാള്‍ പ്രതികരിച്ചു. ഇനി, ഇങ്ങനെയെല്ലാം സംഭവിച്ചുപോയെങ്കിലും അതെല്ലാം എന്തുകൊണ്ട് വിഡിയോയില്‍ നിന്ന് എഡിറ്റു ചെയ്തു നീക്കിയില്ലെന്നും അല്ലെങ്കില്‍ വിഡിയോ തന്നെ പബ്‌ളിഷു ചെയ്യാതിരുന്നു കൂടായിരുന്നോ എന്നും വേറൊരാള്‍ രോഷംകൊള്ളുന്നു.

 

ചാര്‍ലി ഡിമെലിയോയുടെ ഡിന്നര്‍ വിഡിയോ ആ കുടുംബത്തിന്റെ തനി നിറം കാണിച്ചു തന്നു. അവരെല്ലാം ആ ഷെഫിനോട് അത്രമേല്‍ പരുക്കനായും അപമര്യാദയായുമാണ് പെരുമാറുന്നത്. തങ്ങള്‍ക്ക് ഭക്ഷണം പാചകം ചെയ്തു തരാന്‍ ഒരാളെ നിർത്താന്‍ സാധിക്കുക എന്നു പറഞ്ഞാല്‍ അവരെല്ലാം എന്തു ഭാഗ്യം ചെയ്തവരാണെന്ന് അവര്‍ മനസിലാക്കുന്നില്ല. ഷെഫ് ജെയിംസ് ആണ് ഏറ്റവും പ്രൊഫഷണലായും ബഹുമാനം അര്‍ഹിക്കുന്നയാളായും തോന്നുന്നത്. മറ്റൊരാള്‍ പറയുന്നത് ചാര്‍ലിക്ക് ഒറ്റ ദിവസം കൊണ്ട് 300,000 ഫോളോവര്‍മാരെ നഷ്ടമായിക്കഴിഞ്ഞു എന്നാണ്.

 

എന്നാല്‍, ഡാന്‍സിങ് മികവിലൂടെ ആളുകളെ തന്റെ ടിക്‌ടോക് ഫോളോവര്‍മാരാക്കിയ ചാര്‍ലി ഇതിനെതിരെ വിതുമ്പിക്കരയുന്ന ഒരു വിഡിയോ ക്ലിപ്പും പോസ്റ്റു ചെയ്തു. തന്റെ വിമര്‍ശകര്‍ തന്നെ നേരിട്ട് ആക്രമിക്കുകയാണെന്നും ചാര്‍ലി കുറിച്ചു. തനിക്കെതിരെ വധഭീഷണി വരെ വരുന്നുണ്ടെന്നും ചാര്‍ലി അറിയിച്ചു. ടിക്‌ടോക്കില്‍ നിന്ന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ചാര്‍ലിയുള്ളത്. വിമര്‍ശനങ്ങള്‍ തുടര്‍ന്നാല്‍ താന്‍ ടിക്‌ടോക് വിടുന്ന കാര്യം ആലോചിക്കുമെന്നും ചാര്‍ലി പറഞ്ഞു. ഇന്‍സ്റ്റഗ്രാം ലൈവിലുമെത്തി ചാര്‍ലി തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചു.

 

താന്‍ ധാരാളമായി വാളുവയ്ക്കുന്ന സ്വഭാവക്കാരിയാണെന്നു പറഞ്ഞ് ഡിക്‌സിയും തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു. ഷെഫ് ആരണ്‍ മേയുമായുള്ളത് വളരെ അടുത്ത സൗഹൃദമാണെന്നും ഡിക്‌സി പറഞ്ഞു. കുട്ടികള്‍ക്ക് പിന്തുണയുമായി ഷെഫ് ആരണ്‍ മേയും എത്തിയെങ്കിലും മോശം പെരുമാറ്റത്തിനുള്ള തിരിച്ചടി തുടരുകയാണ്. ലോകത്ത് ഏറ്റവുമധികം ലൈക്കുകള്‍ കട്ടിയിട്ടുള്ള ടിക്‌ടോക് താരങ്ങളിലൊരാളുമാണ് ചാര്‍ലി.

 

English Summary: TikTok Most-Followed Star Loses 1M Fans After Family Dinner Goes Wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com