ADVERTISEMENT

ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ഓൺലൈൻ ലൈംഗിക പീഡന റാക്കറ്റിന്റെ സൂത്രധാരനെ കോടതി 40 വർഷം തടവിന് ശിക്ഷിച്ചു. ഓൺലൈനിൽ ലൈംഗിക വിഡിയോകൾ പങ്കിടുന്നതിന് പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്ത ചോ ജു-ബിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അശ്ലീല വിഡിയോകൾ ചാറ്റ് റൂമുകളിൽ പോസ്റ്റ് ചെയ്തു വിൽക്കലായിരുന്നു ചോ ജു–ബിൻ ചെയ്തിരുന്നത്. 

 

കുറഞ്ഞു കുട്ടികളെ പീഡിപ്പിക്കുന്ന വിഡിയോകൾ കാണാനായി കുറഞ്ഞത് 10,000 ആളുകൾ പ്രതിയുടെ ചാറ്റ് റൂമുകൾ ഉപയോഗിച്ചിരുന്നു. ചിലർ ഗ്രൂപ്പിലേക്ക് പ്രവേശനത്തിനായി 1,200 ഡോളർ വരെ നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത 16 പെൺകുട്ടികൾ ഉൾപ്പെടെ 74 പേരെ ചൂഷണത്തിനായി ഉപയോഗിക്കപ്പെട്ടു. കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ലംഘിച്ചതിനും ലാഭമുണ്ടാക്കാനായി അശ്ലീല വിഡിയോകൾ നിർമിക്കുകയും വിൽക്കുകയും ചെയ്തതിന് ചോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

 

∙ ലോകം കണ്ടത് ഞെട്ടിക്കും കഴ്ചകൾ

 

പെണ്‍കുട്ടിയുടെ ഗുഹ്യഭാഗത്ത് ഒരു വാക്ക് എഴുതി വയ്പ്പിച്ചു, നഗ്നയായ മറ്റൊരു പെണ്‍കുട്ടിയോട് പട്ടിയെപ്പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ 74 പെണ്‍കുട്ടികളെയും സ്ത്രീകളെയും അടിമകളാക്കി ദക്ഷിണ കൊറിയയില്‍ നടന്നുവന്നിരുന്ന നാടകങ്ങള്‍ക്ക് അറുതിവന്നത് 50 ലക്ഷത്തോളം ആളുകള്‍ ഒപ്പിട്ട നിദവേദനം സർക്കാരിനു സമര്‍പ്പിക്കപ്പെട്ടതിനു ശേഷമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചോ ജൂ-ബിന്‍ എന്ന 24 കാരൻ ഇനി 40 വർഷം ജയിലിൽ കിടക്കും. ഈ കൂത്തുകളെല്ലാം കാണാന്‍ ടെലിഗ്രാം ആപ്പിലൊരുക്കിയിരുന്ന ചാറ്റ് റൂമുകളിലായി ഏത്തിച്ചേര്‍ന്നിരുന്നത് 260,000 പേരിലേറെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇവരില്‍ നിന്ന് ഒരു ഷോയ്ക്ക് 1,200 ഡോളറുകള്‍ വരെ ഈടാക്കിയാണ് ചോ പ്രദര്‍ശനം നടത്തിയിരുന്നത്.

 

ഈ ഷോകള്‍ നടത്തുന്നതിനും ചോയ്‌ക്കൊപ്പം 124 പേരുടെ ഒരു സംഘവുമുണ്ടായിരുന്നു. ഇവരാകട്ടെ പെണ്‍കുട്ടികളെ ബ്ലാക്‌മെയില്‍ ചെയ്തും ഭീഷണിപ്പെടുത്തിയുമാണ് വരുതിയിലാക്കിയിരുന്നത്. രണ്ടു യൂണിവേഴ്‌സിറ്റി ജേണസിലം വിദ്യാര്‍ഥികള്‍ നടത്തിയ അന്വേഷണമാണ് ഈ വന്‍ സംഘത്തിന്റെ അറസ്റ്റില്‍ കലാശിച്ചത്. യതാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ക്വോണ്‍ എന്നും ആഹ്ന്‍ എന്നുമുള്ള പേരുകളിലാണ് അറിയപ്പെടുന്നത്. ഇവര്‍ക്ക് പഠന സംബന്ധമായി തീസിസ് സമര്‍പ്പിക്കാന്‍ ലഭിച്ച വിഷയമാണ് രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ ഇത്തരം സംഘങ്ങളിലൊന്നിന്റെ അറസ്റ്റില്‍ കലാശിച്ചത്. ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ എന്നായിരുന്നു അവര്‍ക്കു നല്‍കിയ വിഷയം.

 

ടെലിഗ്രാമിലെ ഗ്രൂപ്പുകളെല്ലാം സ്വകാര്യമായിരന്നു. എന്നാല്‍, ഇവയിലേക്കുള്ള ലിങ്കുകള്‍ കീവേഡ് സേര്‍ച്ചുകളില്‍, സേര്‍ച്ച് എൻജിനുകളില്‍ എളുപ്പത്തില്‍ ലഭ്യമായിരുന്നു. ആദ്യമായി ഇത്തരം ഗ്രൂപ്പിലെത്തിയ ക്വോണ്‍ പറയുന്നത് താന്‍ കാണുന്ന കാഴ്ചകളും അവയ്‌ക്കൊപ്പം വന്നിരുന്ന മെസേജുകളും തനിക്കു വിശ്വസിക്കാനായില്ല എന്നാണ്. ഈ ഗുരുതരമായ കുറ്റകൃത്യം എത്രയും വേഗം പൊതുജനത്തെ അറിയിക്കണമെന്നാണ് തനിക്കു തോന്നിയതെന്ന് ക്വോണ്‍ പറഞ്ഞു.

 

∙ ഗുരുവിന്റെ വിക്രിയകള്‍

 

ഇത്തരം പല ചാറ്റ് റൂമുകളും ടെലിഗ്രാമില്‍ കസറുന്നുണ്ടായിരുന്നെങ്കിലും ക്വോണും, ആഹ്‌നും ചോയില്‍ ശ്രദ്ധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗുരു എന്ന പേരിലായിരുന്നു ചോ അറിയപ്പെട്ടിരുന്നത്. എട്ടു ഗ്രൂപ്പുകളാണ് ഇയാള്‍ നടത്തിവന്നത്. ഇവയില്‍ ഓരോന്നിലും 9000 ലേറെ ആളുകള്‍ ഓരോ സമയത്തും ഉണ്ടായിരുന്നു. മോഡലിങ് റോളുകള്‍ ഉണ്ടെന്നു പരസ്യം ചെയ്താണ് ചോ തന്റെ ഇരകളെ വീഴ്ത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് ആദ്യ പടി. പേര്, സോഷ്യല്‍ സെക്യുരിറ്റി നമ്പര്‍, അഡ്രസ്, ഫോട്ടോ തുടങ്ങിയവയെല്ലാം സമര്‍പ്പിച്ചാല്‍ മാത്രമെ പ്രതിഫലം നല്‍കാനാകൂ എന്നു ധരിപ്പിച്ചാണ് ഈ വിവരങ്ങള്‍ കൈക്കലാക്കുക.

 

തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പടും. ഇവയുപയോഗിച്ചാണ് കൊച്ചു പെണ്‍കുട്ടികളെ പിന്നീട് ബ്ലാക്‌മെയില്‍ ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. ടെലിഗ്രാം ചാറ്റ് റൂമുകളില്‍ പണിയെടുത്തില്ലെങ്കില്‍ ഈ ചിത്രങ്ങളും മറ്റും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുമെന്ന ഭീഷണിയിലൂടെയാണ് പലരെയും വീഴ്ത്തിയതത്രെ. പൈസ വേണ്ടാത്ത ചാറ്റ് റൂമുകളും ചോയ്ക്ക് ഉണ്ടായിരുന്നു. ഇവയിലെത്തുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചാറ്റ് റൂമുകളിലേക്ക് അപ്‌ഗ്രേഡു ചെയ്യാനുള്ള ഓഫര്‍ നല്‍കുക എന്നതും ചോയുടെ രീതികളിലൊന്നാണ്. പെയ്ഡ്റൂമുകള്‍ക്ക് 1200 ഡോളര്‍ വരെ വാങ്ങിയിരുന്നു. ഓരോ ടെലിഗ്രാം ഗ്രൂപ്പിലും മൂന്നു മുതല്‍ അഞ്ച് പെണ്‍കുട്ടികള്‍ വരെയുള്ള ചാറ്റ് റൂമുകള്‍ ഉണ്ടായിരുന്നു. ഇവരെ ചോ വിളിച്ചിരുന്നത് അടിമകള്‍ എന്നാണ്. ഇവര്‍ ഓണ്‍ലൈനില്‍ എത്തിക്കഴിഞ്ഞാല്‍ കാഴ്ചക്കാര്‍ക്ക് അവരോട് ചിത്രങ്ങളും വിഡിയോയും മറ്റും ചോദിക്കാം. സ്വന്തം ക്യാമറകളിലാണ് ഇവ റെക്കോഡു ചെയ്ത് ഗുരുവിനും പണം നല്‍കുന്ന കാഴ്ചക്കാര്‍ക്കും ഇരകളായ പെണ്‍കുട്ടികള്‍ അയച്ചു നല്‍കിയരുന്നതെന്നാണ് ജേണലിസം വിദ്യര്‍ഥികള്‍ പറയുന്നത്.

 

∙ ടെലിഗ്രാമിന്റെ റോള്‍

 

ടെലിഗ്രാം ആപ്പ് ഭരണഘടനയോട് ഉത്തരവാദിത്വമില്ലാത്ത ഭരണാധികാരികള്‍ക്കെതിരെയും മറ്റും അങ്കം വെട്ടുന്നവര്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്റെ എന്‍ക്രിപ്ഷനു പിന്നില്‍ ചാറ്റ് റൂമുകളിലും മറ്റും എത്തുന്ന ക്രിമിനലുകള്‍ക്കും തിരിച്ചറിയപ്പെടാതിരിക്കാന്‍ ഉപകരിക്കുന്നു. വാട്‌സാപിനെക്കാള്‍ മികച്ച സുരക്ഷയാണ് തങ്ങളുടേതെന്നും മറ്റും ഊറ്റംകൊളളുന്ന അതിന്റെ നടത്തിപ്പുകാരോട് പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല. ടെലിഗ്രാം കൂടാതെ ചോ ഉപയോഗിച്ചിരുന്നത് ബിറ്റ്‌കോയിന്‍ പണമിടപാടുകളാണ് എന്നതും അയാളുടെകാര്യം കൂടുതല്‍ സുരക്ഷിതമാക്കിയിരുന്നു.

 

∙ എന്റെ ജീവിതം തന്റെ പോണ്‍ അല്ലെടോ

 

ദക്ഷിണ കൊറിയയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോട്ടലുകളിലും പൊതുസ്ഥലത്തും ഒക്കെയുള്ള പബ്ലിക് ടോയ്‌ലറ്റുകളില്‍ ഒളിക്യാമറകള്‍ പിടിപ്പിച്ച് റെക്കോഡു ചെയ്യുന്നതിനെതിരെ 2018ല്‍ പതിനായിരക്കണക്കിനു സ്ത്രീകള്‍ തെരുവുകളിലേക്ക് ഇറങ്ങിവന്നിരുന്നു. ഇത്തരം വിഡിയോകള്‍ പിന്നീട് ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്യുകയാരുന്നു. എന്റെ ജിവിതം തന്റെ പോണ്‍ അല്ലെടോ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള പല ആരോപണങ്ങളും 2019ലും ഉയര്‍ന്നിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ ശിക്ഷ നല്‍കാത്തിടത്തോളം കാലം ഇവ തുടരുമെന്നാണ് ജിന്‍ സുണ്‍മീ എന്ന ജനപ്രതിനിധി പറഞ്ഞത്. കുട്ടികളെ പോലും സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു എന്നാണ് അരോപണം. സ്ത്രീകളെ ഉപഭോഗ വസ്തുവായിക്കാണുന്ന ഈ രീതി അവസാനിക്കണമെന്ന ആവശ്യം ഇപ്പോള്‍ അതിശക്തമായി ഉയരുകയാണ് ദക്ഷിണ കൊറിയയില്‍.

 

English Summary: Cho Ju-bin: 40 years jail for South Korean chatroom sex abuse group leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com