sections
MORE

വാക്സീനുകൾ ഫ്രീയാണ്... പക്ഷേ 138 കോടി പേർക്ക് നൽകാൻ വെല്ലുവിളി സോഷ്യൽമീഡിയ തന്നെ

corona-vaccine-cargo
SHARE

രാജ്യത്തുടനീളം കൊറോണാവൈറസ് വാക്‌സീന്‍ അടുത്ത ആഴ്ചകളില്‍ നൽകിതുടങ്ങുകയാണ്. ഇന്ത്യയിലെ 138 കോടി ജനങ്ങൾക്കെല്ലാം വാക്സീൻ നൽകുന്നത് വൻ വെല്ലുവിളി തന്നെയാണെന്ന് വിദഗ്ധർ പറയുന്നു. വാക്സീൻ സൗജന്യമാണെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എതിർക്കുന്നവർ വ്യാപകമായിരിക്കും. വാക്സീനേഷൻ തുടങ്ങുന്നതോടെ, സമൂഹ മാധ്യമങ്ങളിലൂടെ വാക്‌സീനെപ്പറ്റിയുള്ള വ്യാജ രചനകളുടെയും വിഡിയോകളുടെയും കുത്തൊഴുക്കായിരിക്കും. ഇതിനെ എങ്ങനെ നേരിടണം എന്നതായിരിക്കാം സോഷ്യല്‍ മീഡിയ നാളിതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും കടുത്ത വെല്ലുവിളിയെന്നും വിലയിരുത്തപ്പെടുന്നു. വാക്‌സീനുകളെക്കുറിച്ചുള്ള ഏറ്റവും വലിയ വ്യാജ പ്രചാരണങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെല്ലാം നടന്നിരിക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. ഇതിനാൽ പുതിയ സാഹചര്യത്തില്‍ സോഷ്യൽമീഡിയ കമ്പനികൾ ഇക്കാര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ലോകത്തിന്റെ ഭാവിക്കു തന്നെ നിര്‍ണായകമാണ്.

കോവിഡ്-19 മഹാമാരിയെ തോല്‍പ്പിക്കണമെങ്കില്‍ വ്യാജ വാര്‍ത്തയുടെയും അവിശ്വാസത്തിന്റെയും സമാന്തര മഹാമാരിയെയും തോല്‍പ്പിക്കണമെന്നാണ് റെഡ് ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും പ്രസിഡന്റായ ഫ്രാന്‍സിസ്‌കോ റോക്ക പറഞ്ഞത്. ചില സമൂഹ മാധ്യമങ്ങള്‍ കോവിഡ് വാക്‌സീനെക്കുറിച്ചുളള വ്യാജ പോസ്റ്റുകള്‍ക്കെതിരെ ചില മുന്നൊരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. മറ്റു ചിലര്‍ ഏതു വഴിയെയാണ് പ്രതിരോധം ചമയ്‌ക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. കോവിഡ്-19, വാക്‌സീന്‍ കേന്ദ്രീകൃത കണ്ടെന്റിനെതിരെ പുതിയ ചില നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു തന്നെയാണ് പൊതുവെ ഉയരുന്ന അഭിപ്രായം. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നയരൂപീകരണമൊക്കെ എളുപ്പമായി നടത്താന്‍ സാധിച്ചേക്കും. എന്നാല്‍, അതെങ്ങനെ നടപ്പാക്കുമെന്നത് കടുത്ത വെല്ലുവിളിതന്നെയായിരിക്കുമെന്നും പറയുന്നു.

ഫെയ്‌സ്ബുക്കിനും ട്വിറ്ററിനുമൊക്കെ കാര്യങ്ങള്‍ വ്യക്തമാണ്- കൊറോണാവൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും വരാനിരിക്കുന്ന വാക്‌സീനുകളെക്കുറിച്ചുമൊക്കെ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. മാസ്കുകള്‍ ഗുണകരമാവില്ലെന്നും വാക്‌സീനുകളില്‍ മൈക്രോ ചിപ്പുകള്‍ അടക്കം ചെയ്തിരിക്കുമെന്നതടക്കം പല പ്രചാരണങ്ങളും വ്യാപകമായി നടന്നു കഴിഞ്ഞു. ഇവയ്ക്കെതിരെ ഈ പ്ലാറ്റ്‌ഫോമുകള്‍ നിലപാടുകള്‍ സ്വീകരിക്കുകയും അവ നടപ്പാക്കുകയും ചെയ്തു കഴിഞ്ഞു.

വാക്‌സീന്‍ വിരുദ്ധ കണ്ടെന്റ് പ്രചിരിപ്പിച്ചുകൊണ്ടിരുന്ന ഒരു വലിയ ഗ്രൂപ്പിനെ ഇപ്പോൾ തന്നെ പുറത്താക്കുന്നുണ്ട്. എന്നാല്‍, കടുത്ത വാക്‌സീന്‍ വിരോധികള്‍ ഇനിയും സമൂഹ മാധ്യമങ്ങളില്‍ കൊടികുത്തി വാഴുന്നുണ്ട്. ഇവയില്‍ കുറച്ചു പേര്‍ക്ക് അംഗത്വമുളളവ മുതല്‍ പതിനായിരക്കണക്കിനു പേരുള്ളവ വരെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഒരെണ്ണം ഒരു പ്രത്യേക വാക്‌സീനെതിരെയാണ് നിലകൊള്ളുന്നത്. വാക്‌സീന്‍ വിരുദ്ധത എന്ന വിഷയത്തെക്കുറിച്ച് പഠിച്ച യൂണിവേഴ്‌സിറ്റി ഓഫ് സൗത് കാരലൈനയിലെ ബ്രൂക് മക്ഈവര്‍ പറയുന്നത് ഇതൊരു വലിയ പ്രശ്‌നം തന്നെയാണ് എന്നാണ്. എത്ര വേഗമാണ് ഈ വാക്‌സീനുകള്‍ വികസിപ്പിച്ചതെന്ന് ചിലര്‍ ആകുലപ്പെടുന്നു. അതു ചിലരെ ഭയപ്പെടുത്തുന്നു. ഈ ഒരു കാരണം കൊണ്ടുതന്നെ ചില വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കപ്പെട്ടേക്കാം. ഇത് വലിയ പ്രശ്‌നം സൃഷ്ടിക്കും. കാരണം ആളുകള്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ കോവിഡ്-19 അതിന്റെ ജൈത്രയാത്ര തുടരും. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് വാക്‌സീനുകള്‍ പൊതുവെ സുരക്ഷിതമാണെന്നാണ്. അവ വിരളമായി മാത്രമെ മോശം പ്രതികരണം ഉണ്ടാക്കാറുള്ളു എന്നാണ് പറയുന്നത്.

എന്നാല്‍, വാക്‌സീന്‍ വിരുദ്ധത പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്. സെന്റര്‍ ഫോര്‍ കൗണ്ടറിങ് ഡിജിറ്റല്‍ ഹെയ്റ്റ് എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്താനായത് വാക്‌സീന്‍ വിരുദ്ധതയെ അമേരിക്കയില്‍ (പ്രധാനമായും) ഏകദേശം 5.8 കോടി പേര്‍ പിന്തുണയ്ക്കുന്നു എന്നാണ്. യുകെ, കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലും വാക്‌സീന്‍ വിരുദ്ധര്‍ വ്യാപകമായി വിലസുന്നുണ്ടെന്നും അവര്‍ പറയുന്നു. വാക്‌സീന്‍ വിരുദ്ധരെ ഇനിയും സമൂഹ മാധ്യമങ്ങളില്‍ തുടരാന്‍ അനുവദിച്ചാല്‍ ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ അവര്‍ ചാടിവീണ് പ്രശ്‌നമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. വാക്‌സീന്‍ വിരുദ്ധതയ്ക്ക് എതിരെ ഇതുവരെ സമൂഹ മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്ന ചില നടപടികള്‍ നോക്കാം.

∙ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും

കോവിഡ്-19 വാക്‌സീനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനുവദനീയമാണ്. എന്നാല്‍ ഏതെങ്കിലുമൊരു വാക്‌സീന്‍ ഫലപ്രദമാണെന്നോ, സുരക്ഷിതമാണെന്നോ ഉള്ള അവകാശവാദങ്ങള്‍ നീക്കം ചെയ്യും. ആരോഗ്യ പരിപാലന രംഗത്ത് ആധികാരികമായ അഭിപ്രായം പറയാന്‍ അവകാശമുള്ള സംഘടനകള്‍ പറയുന്നതു വരെ അത്തരം അവകാശവാദങ്ങള്‍ നീക്കംചെയ്യുമെന്ന് ഫെയ്‌സ്ബുക്കിന്റെ വക്താവ് പറഞ്ഞു. വാക്‌സീന്‍ എടുക്കരുതെന്നു പറഞ്ഞുള്ള പരസ്യങ്ങളും നീക്കംചെയ്യും. ശരിക്കും പ്രശ്‌നം സൃഷ്ടിച്ചേക്കാവുന്ന കണ്ടെന്റ് നീക്കംചെയ്യുമെന്നും കമ്പനി പറയുന്നു. അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന സാധ്യതയും അവരുടെ നയങ്ങള്‍ വഴി പ്രതിരോധിക്കുന്നു.

∙ ട്വിറ്റര്‍

അധികാരികളുടെ അംഗീകാരം നേടിയ വാക്‌സീന്‍ വരുമ്പോഴേക്ക് തങ്ങള്‍ ഒരു നയരൂപീകരണം നടത്തുമെന്നാണ് ട്വിറ്റര്‍ പറയുന്നത്. വാക്‌സീന്റെ കാര്യത്തില്‍ നയങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൊറോണാവൈറസിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ പല നടപടികളും സ്വീകരിച്ചു കഴിഞ്ഞു.

∙ യുട്യൂബ്

ഒക്ടോബറില്‍ പുറത്തിറക്കിയ പുതിയ പോളിസികള്‍ പ്രകാരം വിദഗ്ധര്‍ക്ക് യോജിപ്പില്ലാത്തതോ, ലോകാരോഗ്യ സംഘടന പോലെയുള്ള ആരോഗ്യ മേഖലയിലുള്ള സംഘടനകള്‍ അംഗീകരിക്കാത്തതോ ആയ വിഡിയോകള്‍ നീക്കം ചെയ്യും. ഉദാഹരണത്തിന് വാക്‌സീന്‍ ആളുകളെ കൊല്ലുമെന്നും, വന്ധ്യംകരിക്കുമെന്നും, അവയിലൂടെ മൈക്രോചിപ്പുകള്‍ കുത്തിവയ്ക്കും എന്നെല്ലാമുള്ള വാര്‍ത്തകളും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ തുടരാന്‍ യുട്യൂബ് അനുവദിക്കില്ല. തങ്ങള്‍ സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണെന്നും വേണ്ട സമയത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും യുട്യൂബിന്റെ ഒരു വക്താവ് പറഞ്ഞു.

∙ ടിക്‌ടോക്ക്

തങ്ങള്‍ കോവിഡ്-19നെക്കുറിച്ചും വാക്‌സീനുകളെക്കുറിച്ചുമുള്ള വ്യാജ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് ടിക്‌ടോക്ക് പറഞ്ഞു. ഇക്കാര്യം തങ്ങള്‍ സ്വയമെ ചെയ്യാറുണ്ട്. ഉപയോക്താക്കളില്‍ നിന്നു ലഭിക്കുന്ന പരാതി അനുസരിച്ചും നടപടി എടുക്കാറുണ്ടെന്നാണ് അവര്‍ പറയുന്നത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റുകളുടെ സഹായവും അവര്‍ തേടുന്നു.

English Summary: Misinformation on social media fuels vaccine hesitancy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA