sections
MORE

പൂജ്യത്തിൽ നിന്ന് കോടീശ്വരൻമാരായി, ടിക് ടോക് പണത്തിലൂടെ ഇവർ വാങ്ങിയത് വീട്, കാർ...

loren-gray
SHARE

കോവിഡിനെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം ജോലി നഷ്ടമായത്. എന്നാല്‍ കോവിഡൊന്നും ബാധിക്കാത്ത ഒരു കൂട്ടം പുതുതലമുറ മഹാധനികരും അമേരിക്കയിലടക്കം ഇതിനിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. വിവാദ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോകാണ് അമേരിക്കയിലെ ഈ പുതുതലമുറ ധനികര്‍ക്ക് പിന്നില്‍. മൂന്നിലൊന്ന് അമേരിക്കക്കാരും ടിക് ടോക് ഉപയോഗിക്കുന്നുവെന്നത് തന്നെ അമേരിക്കന്‍ സമൂഹത്തില്‍ ഈ ചൈനീസ് ആപ്ലിക്കേഷന്റെ സ്വാധീനം വെളിവാക്കുന്നതാണ്.

പാചകം, ഭക്ഷണം, നൃത്തം, പാട്ട്, തമാശ നിങ്ങളുടെ ഇഷ്ടം ഏതുമാവട്ടെ അതിന് യോജിച്ച നൂറുകണക്കിന് വിഡിയോകള്‍ തിരഞ്ഞെടുത്ത് ടിക് ടോക് നിങ്ങളുടെ മുന്നിലെത്തിക്കും. മണിക്കൂറുകളാണ് ഈ വീഡിയോകള്‍ കാണാനായി പല അമേരിക്കക്കാരും, പ്രത്യേകിച്ച് കൗമാരക്കാര്‍ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിമാസം 689.2 ദശലക്ഷം കാഴ്ച്ചക്കാരുള്ള ടിക് ടോക് അനന്ത സാധ്യതകളാണ് പലര്‍ക്കും തുറന്നുകൊടുത്തിരിക്കുന്നത്. 

ടിക് ടോകില്‍ ഡാന്‍സ് വിഡിയോകളിട്ടാണ് 20കാരനായ മൈക്കിള്‍ ലീ ശ്രദ്ധിക്കപ്പെടുന്നത്. 4.25 കോടി പേരാണ് മൈക്കിള്‍ ലീയുടെ ടിക് ടോക് അക്കൗണ്ട് പിന്തുടരുന്നത്. വിഡിയോകള്‍ക്ക് ആകെ ലഭിച്ച ലൈക്കുകള്‍ 120 കോടി വരും! ഫ്‌ളോറിഡയില്‍ നിന്നും അടുത്തിടെ ലോസ് ആഞ്ചല്‍സിലേക്ക് മൈക്കിള്‍ ലീ താമസം മാറുകയും ചെയ്തിരുന്നു. മാതാവും ഇളയ സഹോദരങ്ങളും അടക്കം ഏഴ് പേരടങ്ങുന്ന സംഘമാണ് ലീയുടേത്. 'സാമ്പത്തികമായി ഞാന്‍ നല്ല നിലയിലാണ്. സമര്‍ഥമായ നീക്കങ്ങളാണ് നടത്തുന്നത്. പണം എന്തിനാണ് ഉപയോഗിക്കുന്നതെന്ന് വിലയിരുത്തുന്ന സംഘവും എനിക്കുണ്ട്. ഇപ്പോള്‍ ഏഴക്കത്തിലെത്തിയിരിക്കുന്നു എന്റെ സമ്പാദ്യം' എന്നാണ് യാഹു ഫിനാന്‍സിന് നല്‍കിയ അഭിമുഖത്തില്‍ ഈ അമേരിക്കന്‍ കൗമാര കോടീശ്വരന്‍ പറഞ്ഞത്. 

ലീയുടെ ഓരോ പോസ്റ്റിനും ടിക് ടോക് 20,000 ഡോളര്‍ മുതല്‍ 50,000 ഡോളര്‍ വരെയാണ് നല്‍കുന്നത്. ആമസോണ്‍ പ്രൈം വിഡിയോ, ബ്ലിസ് സ്‌കിന്‍കെയര്‍, ബാങ് എനര്‍ജി, പോസ്റ്റ്‌മേറ്റ്‌സ്, സേഫ്ഗാര്‍ഡ് സോപ്പ്, ടംസ് തുടങ്ങി നിരവധി ബ്രാന്‍ഡുകളും ലീയുമായി സഹകരിക്കുന്നു. 

18കാരനായ ഗായിക ലോറന്‍ ഗ്രേയുടെ ചെറുപ്രായത്തിലെ സാമ്പത്തിക വിജയത്തിനും വഴി തെളിച്ചത് ടിക് ടോക് തന്നെ. ലോറന്‍ ഗ്രേയും ലോസ് ഏഞ്ചല്‍സില്‍ സ്വന്തമായി വീട് വാങ്ങി കഴിഞ്ഞു. ടിക് ടോകില്‍ അഞ്ച് കോടിയോളം ഫോളോവേഴ്‌സുണ്ട് ഈ കൗമാരക്കാരിക്ക്. 20,000 മുതല്‍ 40,000വരെ ഡോളറാണ് ലോറന്‍ ഗ്രേക്ക് ഓരോ പോസ്റ്റിനും ടിക് ടോക് നല്‍കുന്നത്. ലോറന്‍ ഗ്രേയുടെ ക്വീന്‍, എലോണ്‍, കേക്ക് തുടങ്ങിയ പാട്ടുകളെല്ലാം ടിക് ടോക്കില്‍ പോപുലറാണ്. കാപിറ്റോള്‍ റെക്കോഡ്‌സുമായി 2018 മുതല്‍ ഗ്രേ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ആറ് മാസം മുൻപ് ആരംഭിച്ച ലോറന്‍ ഗ്രേയുടെ യുട്യൂബ് ചാനലിന് 38 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. 

ടിക് ടോകിലെ താരങ്ങളില്‍ പലരും പയറ്റി തെളിഞ്ഞത് അമേരിക്കയില്‍ നേരത്തേ സൂപ്പര്‍ഹിറ്റായിരുന്ന musical.lyയിലാണ്. ടിക് ടോക് ഉടമകളായ ബൈറ്റ് ഡാന്‍സ് musical.lyയെ 2017 നവംബറില്‍ വാങ്ങുകയായിരുന്നു. തൊട്ടടുത്തവര്‍ഷം ഓഗസ്റ്റില്‍ ഇത് ടിക് ടോകിനോട് ലയിപ്പിക്കുകയും ചെയ്തു. 200 മില്യണ്‍ ഡോളറാണ് ജൂലൈയില്‍ മാത്രം ടിക് ടോക് ക്രിയേറ്റര്‍മാര്‍ക്കായി നീക്കിവെച്ചത്. 18 വയസ് തികഞ്ഞ ആര്‍ക്കും തങ്ങളുടെ കണ്ടന്റുകള്‍ വരുമാനം ലഭിക്കുന്ന രീതിയില്‍ മോണിട്ടൈസ് ചെയ്യാനും അനുമതി നല്‍കി. 18 വയസിന് താഴെയുള്ള ഹിറ്റ് ക്രിയേറ്റര്‍മാര്‍ക്ക് വ്യക്തിപരമായ തിരഞ്ഞെടുക്കലുകളിലൂടെ ടിക് ടോക് വരുമാനം നല്‍കുകയും ചെയ്യുന്നു. 

മറ്റു സോഷ്യല്‍മീഡിയ പ്രതിയോഗികളായ ഫെയ്സ്ബുക്കിനേയും യുട്യൂബിനേയും പോലെ പരസ്യം തന്നെയാണ് ടിക് ടോകിന്റേയും പ്രധാന വരുമാനമാര്‍ഗം. 2019 വർഷത്തിൽ 200 മില്യണ്‍ ഡോളറില്‍ നിന്നും 300 മില്യണ്‍ ഡോളറിലേക്കാണ് ടിക് ടോക് വളര്‍ന്നത്. എന്നാല്‍, അതിനെ കവച്ചുവെക്കുന്ന വളര്‍ച്ചയാണ് കഴിഞ്ഞ വർഷത്തെ വരുമാനത്തിലും ടിക് ടോക് ലഭിച്ചിരിക്കുന്നത്. അമേരിക്കയില്‍ മാത്രം 500 മില്യണ്‍ ഡോളര്‍ പരസ്യവരുമാനമാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇത് വലിയ തുകയാണെന്ന് കരുതുന്നതിന് മുൻപ് ടിക് ടോകിന്റെ മാതൃകമ്പനി ബൈറ്റ് ഡാന്‍സിന്റെ പരസ്യവരുമാനം കൂടി അറിയണം. 2020ല്‍ ഏതാണ്ട് 27 ബില്യണ്‍ ഡോളറാണ് ബൈറ്റ് ഡാന്‍സ് പ്രതീക്ഷിക്കുന്ന പരസ്യവരുമാനം. 

ഫോളോവേഴ്‌സിന്റെ വളര്‍ച്ചക്കനുസരിച്ചാണ് ടിക് ടോക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കുന്നത്. ഏതാനും ദശലക്ഷം ഫോളോവേഴ്‌സുള്ളവര്‍ക്ക് 5,000 ഡോളര്‍ വരെയാണ് ഓരോ പോസ്റ്റിനും ടിക് ടോക് നല്‍കുന്നത്. അതിലും കുറവ് ഫോളോവേഴ്‌സുള്ളവരില്‍ പലര്‍ക്കും ചില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇടുമ്പോള്‍ അത് സൗജന്യമായി ലഭിക്കുന്നു. 

ടിക് ടോക് താരങ്ങള്‍ക്ക് ലഭിക്കുന്ന താരപകിട്ട് കണ്ണഞ്ചിപ്പിക്കുന്നതാണ്. ടിക് ടോകിന്റെ Gen Z ക്രിയേറ്റര്‍മാരില്‍ ഒരാളായ സേത്ത് ഒബ്രിയാന് 16 വയസ് മാത്രമാണ് പ്രായം. ഈ കൗമാരക്കാരന്റെ മേക്ക് അപ് വിഡിയോകള്‍ക്ക് 42 ലക്ഷം കാഴ്ച്ചക്കാരുണ്ട് ടിക് ടോകില്‍. കോസ്‌മെറ്റിക് കമ്പനിയായ മാക് 2019ല്‍ സേത്ത് ഒബ്രിയനെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി. അന്ന് മൂന്ന് ലക്ഷം മാത്രം ഫോളോവേഴ്‌സുണ്ടായിരുന്ന ഈ കൗമാരക്കാരന്റെ തലവരയാണ് ഇതോടെ മാറിയത്. 'ഒരു വര്‍ഷം മുൻപ് എനിക്കിതൊന്നും ചിന്തിക്കാന്‍ പോലുമാകില്ല. ഇവിടെ എല്ലാവര്‍ക്കും അവസരമുണ്ട്. എനിക്ക് ലഭിച്ച അവസരം ഞാന്‍ മുതലാക്കി. ഇത് 100% എന്റെ പരിശ്രമഫലമാണ്' എന്നാണ് സേത്ത് ഒബ്രിയാന്‍ പറയുന്നത്. 

ടിക് ടോകിലെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള അമേരിക്കക്കാരി ചാര്‍ളി ഡമേലിയോയുടെ പ്രായം 16 മാത്രമാണ്. കഴിഞ്ഞ മാസമാണ് 10 കോടി ഫോളോവേഴ്‌സ് ഈ കൗമാരക്കാരിക്ക് തികഞ്ഞത്. ചാര്‍ളി ഡമേലിയോയുടെ ഓരോ പോസ്റ്റിനും ഒരു ലക്ഷം ഡോളറാണ് ടിക് ടോക് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രായത്തിലുള്ള അധികമാര്‍ക്കും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത പണമാണ് ടിക് ടോക് വഴി ചാര്‍ളി ഡമേലിയോക്ക് മേല്‍ മൂടുന്നത്. ചാര്‍ളി ഡമേലിയോയുടെ സഹോദരി 19കാരി ഡിക്‌സിയും ടിക് ടോകില്‍ താരമാണ്. ടിക് ടോകിന് മേലുള്ള നിരീക്ഷണം അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ശക്തിപ്പെടുത്തുമ്പോഴും പുതു തലമുറയെ പണം കൊണ്ടും പ്രശസ്തികൊണ്ടും നിരസിക്കാനാവാത്ത വാഗ്ദാനങ്ങളില്‍ പൊതിയുകയാണ് ടിക് ടോക്.

English Summary: TikTok's new generation of millionaires: 'I did it 100% on my own'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA