sections
MORE

ഡേറ്റിങ് ആപ്പുകൾ കുടുംബ ജീവിതം സ്വപ്നം കാണുന്നവർക്ക് നല്ലതാണെന്ന് പഠനം

dating
SHARE

ഡേറ്റിങ് ആപ്പുകള്‍ വഴി പരിചയപ്പെടുന്ന ഇണകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്നുവെന്ന് പഠനം. സാമ്പ്രദായിക രീതികളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുന്നവരെ അപേക്ഷിച്ച് ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ വഴി പരിചയപ്പെടുന്നവരുടെ ബന്ധം വിവാഹത്തിലേക്കും കുടുംബത്തിലേക്കും നീളുന്നുവെന്നാണ് കണ്ടെത്തല്‍. ഡേറ്റിങ് ആപ്പുകള്‍ ദൃഢബന്ധങ്ങളിലേക്ക് നയിക്കുന്നില്ലെന്ന പൊതുബോധം തകര്‍ക്കുന്ന പഠനഫലം പ്ലൊസ് വൺ (PLOS One) ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

സ്വിറ്റ്‌സര്‍ലൻഡിലെ 18 വയസിന് മുകളില്‍ പ്രായമുള്ള മൂവായിരത്തിലേറെ പേരിലാണ് പഠനം നടത്തിയത്. ഇവര്‍ ഡേറ്റിങ് ആപ്പുകള്‍ വഴി പരിചയപ്പെടുകയും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തവരായിരുന്നു. പഠനത്തിന് നേതൃത്വം നല്‍കിയത് ജനീവ സര്‍വകലാശാലയിലെ ഡോ. ജിന പോറ്റാര്‍ക്കയാണ്. ഡേറ്റിങ് ആപ്പുകള്‍ വഴി പരിചയപ്പെട്ട് തുടങ്ങുന്ന ബന്ധങ്ങളെ വിവാഹത്തിന് മുൻപുള്ള മുന്നൊരുക്കമായാണ് പലരും കാണുന്നത്. വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തുന്ന നിരക്ക് 40 ശതമാനത്തിന് മുകളിലായ സ്വിറ്റ്‌സര്‍ലന്‌‍‍ഡ് പോലുള്ള രാജ്യങ്ങളില്‍ ഇത് സ്വാഭാവികമാണെന്ന് വേണം കരുതാനെന്നും ഡോ. ജിന പറയുന്നു. 

ഇത്തരം ഡേറ്റിങ് ആപ്പുകള്‍ വഴി ബന്ധം ആരംഭിക്കുന്ന സ്ത്രീകള്‍ക്ക് കുട്ടികളും കുടുംബവുമായി മുന്നോട്ട് പോകാനുള്ള ആഗ്രഹം കൂടുതലാണ്. ലൈംഗികമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഡേറ്റിങ് ആപ്പുകളെന്ന പൊതുബോധത്തെ പാടെ തള്ളിക്കളയുന്നതാണ് ഈ കണ്ടെത്തലെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. കോവിഡിന്റെ വരവോടെ ഇന്റര്‍നെറ്റ് പ്രണയസമാഗമത്തിന് യോജിച്ച വേദിയായി മാറിയിരിക്കുകയാണ്. 

കോവിഡും ഇന്റര്‍നെറ്റും ചേര്‍ന്ന് ആളുകള്‍ പരസ്പരം കാണുകയും പരിചയപ്പെടുകയും ചെയ്യുന്ന രീതിയെ പാടെ മാറ്റിയിട്ടുമുണ്ട്. മൂന്നാമതൊരാളുടെ സഹായമില്ലാതെ ഏറ്റവും എളുപ്പത്തിലും സുരക്ഷിതമായു പരസ്പരം കാണാനും പരിചയപ്പെടാനുമുള്ള അവസരമാണ് ഈ ഡേറ്റിങ് ആപ്പുകള്‍ ഒരുക്കുന്നത്. ഡേറ്റിങ് ആപ്പുകള്‍ വഴി ആരോഗ്യകരവും ദീര്‍ഘവുമായ ബന്ധങ്ങളല്ല സംഭവിക്കുന്നതെന്ന ധാരണ തെറ്റാണെന്നും ഡോ. ജിന പൊറ്റാര്‍ക വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പങ്കാളികളെ കണ്ടെത്തിയ 3,235 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇതില്‍ ഒരുമിച്ച് കഴിയുകയും കുട്ടികളും കുടുംബവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തവരില്‍ ഭൂരിഭാഗവും ഡേറ്റിങ് ആപ്പുകള്‍ വഴി പരിചയപ്പെട്ടവരായിരുന്നു. പുതിയ തലമുറയുടെ പങ്കാളികളെ കണ്ടെത്തുന്ന രീതിക്ക് വന്ന മാറ്റത്തിന് സംഭവിച്ച തെളിവാണിത്. പുതുതലമുറക്കൊപ്പം 40 വയസിന് മേല്‍ പ്രായമുള്ളവരും വിവാഹമോചനത്തിന് ശേഷം പുതിയ ബന്ധങ്ങള്‍ക്ക് ശ്രമിക്കുന്നവരും ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു.

നേരത്തെ അമേരിക്കയിലും സമാനമായ പഠനം നടന്നിരുന്നു. ഡേറ്റിങ് ആപ്പ് ഉപയോഗിച്ച് പങ്കാളികളെ കണ്ടെത്തുന്നവര്‍ക്കിടയില്‍ ആശയവിനിമയം മെച്ചപ്പെട്ടതാണെന്നും ദീര്‍ഘവും സന്തോഷകരവുമായ ബന്ധമാണ് കൂടുതലെന്നുമായിരുന്നു ആ പഠനത്തിലും പറഞ്ഞിരുന്നത്. മാത്രമല്ല ഇത്തരം ബന്ധങ്ങള്‍ തകരുന്ന നിരക്ക് മറ്റുള്ളവയെ അപേക്ഷിച്ച് നാലിലൊന്ന് കുറവാണെന്ന് കൂടി വ്യക്തമായിരുന്നു. ഒരേസമയം നിരവധി പേരുടെ വിവരങ്ങള്‍ ലഭിക്കുന്നതോടെ കൂടുതല്‍ യോജിച്ച ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ പലര്‍ക്കും സാധിക്കുന്നുവെന്നതാണ് ഡേറ്റിങ് ആപ്പുകളുടെ വിജയരഹസ്യമെന്നുകൂടി ഗവേഷകര്‍ പറയുന്നുണ്ട്.

English Summary: People who meet their partners on dating apps are more motivated to move in together and have children

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA