ADVERTISEMENT

ലോകത്തെ മുൻനിര സ്മാർട് ഫോൺ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിനെ ഉപേക്ഷിക്കാൻ സമയമായെന്ന് വാദവുമായി സമൂഹ മാധ്യമങ്ങളിൽ ചർച്ച തുടങ്ങി. വാട്സാപ്പിനെതിരെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും വൻ പ്രതിഷേധമാണ് നടക്കുന്നത്. ഫെബ്രുവരി 8 മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ പഴയ വാട്സാപ് എന്നന്നേക്കുമായി നഷ്ടപ്പെടും. ഇതോടെയാണ് വാട്സാപ് ഉപേക്ഷിക്കണമെന്ന ക്യാംപെയിൻ തുടങ്ങിയിരിക്കുന്നത്. വാട്സാപ്പിന് പകരം സിഗ്നൽ, ടെലിഗ്രാം പോലുള്ള മറ്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപയോക്താക്കൾ കുടിയേറുന്നതാണ് നല്ലതെന്നും ആഹ്വാനമുണ്ട്.

 

ഇന്ത്യയിൽ 40 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സാപ് വൻ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. വാട്സാപ് പോലെ എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന സിഗ്നലും ടെലിഗ്രാമും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വാട്സാപ് വഴി നടക്കുന്ന എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാൻ തങ്ങൾക്ക് അധികാരമുണ്ടാകുമെന്ന നിലപാടാണ് മാർക് സക്കർബര്‍ഗിന്റെ ഫെയ്സ്ബുക്കിന്. വാട്സാപ്പിന്റെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനെതിരെയും വിമർശനമുണ്ട്. വാട്സാപ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരീക്ഷണത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും ആരോപിക്കുന്നു.

 

സിഗ്നൽ, ടെലിഗ്രാം ആപ്പുകൾക്ക് നിരവധി ടെക്കികളുടെ പിന്തുണ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രമുഖ ടെക്കിയായ എഡ്വേർഡ് സ്നോഡൻ വരെ സിഗ്നലിനെ പിന്തുണക്കുന്നുണ്ട്. വാസ്തവത്തിൽ സിഗ്നൽ വികസിപ്പിച്ചെടുത്ത എൻ‌ക്രിപ്ഷൻ പ്രോട്ടോക്കോളാണ് വാട്സാപ്പും ഫെയ്‌സ്ബുക് മെസഞ്ചർ പോലും ഉപയോഗിക്കുന്നത്.

 

അമേരിക്കൻ സംരംഭകനായ മോക്സി മാർലിൻസ്പൈക്ക് സഹകരിച്ച് സ്ഥാപിച്ച സിഗ്നൽ, ഗ്രാന്റുകളും സംഭാവനകളും പിന്തുണയ്ക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് പ്രോജക്റ്റാണ്. കഴിഞ്ഞ വർഷം വരെ പദ്ധതിയിൽ നിരവധി മുഴുവൻ സമയ സോഫ്റ്റ്‌വെയർ ഡവലപ്പർമാരുണ്ടായിരുന്നു.

 

എന്നാൽ 2018 ഫെബ്രുവരിയിൽ ഫെയ്സ്ബുക് ഉപേക്ഷിച്ച വാട്‌സാപ്പിന്റെ സഹസ്ഥാപകനായ ബ്രയാൻ ആക്റ്റനിൽ നിന്ന് സിഗ്നലിന് പിന്തുണ ലഭിച്ചു. സിഗ്നൽ മെസഞ്ചർ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന സൃഷ്ടിക്കുന്നതിനായി ആക്ടൺ 50 മില്യൺ ഡോളർ ധനസഹായം പദ്ധതിയിലേക്ക് ഇറക്കിയിട്ടുണ്ട്.

 

ഏകദേശം നാല് വർഷം മുൻപ് അവതരിപ്പിച്ച സിഗ്നൽ മെസേജിങ് സേവനം ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കളെ ടെക്സ്റ്റ്, ഡോക്യുമെന്റ്, ഫോട്ടോ സന്ദേശങ്ങൾ എന്നിവ അയയ്‌ക്കാനും വോയ്‌സ്, വിഡിയോ കോളുകൾ ചെയ്യാനും അനുവദിക്കുന്നതാണ്. ഇത് ഡെസ്ക്ടോപ്പിലും ലഭ്യമാണ്.

 

ഇതര ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് സിഗ്നൽ ആപ് ഏറ്റവും സുരക്ഷിതമായ ഓപ്ഷനുകളിലൊന്നാണ്. ഇത് പൂർണമായും ഓപ്പൺ സോഴ്‌സാണ് (സിഗ്നൽ വികസിപ്പിച്ച എൻ‌ക്രിപ്ഷൻ സാങ്കേതികവിദ്യയാണ് വാട്സാപ് ഉപയോഗിക്കുന്നത്). ഇത് മെറ്റാ ഡേറ്റ സംഭരിക്കുന്നില്ല. സ്നോഡനും വാട്സാപ് നിർമാതാവ് ബ്രിയാനക്റ്റനും ശുപാർശ ചെയ്യുന്നത് സിഗ്നൽ തന്നെയാണ്. വാട്‌സാപ് സ്‌പൈവെയർ വിവാദത്തെ തുടർന്ന് ഡൽഹി ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന നിയമ സേവന സ്ഥാപനമായ സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്ററും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

എന്നാലും, മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സി‌എം‌ആറിലെ ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പ് (ഐ‌ഐ‌ജി) മേധാവി പ്രഭു റാം പറയുന്നതനുസരിച്ച് ഒരു മെസേജിങ് അപ്ലിക്കേഷനും 100 ശതമാനം പരിരക്ഷ നൽകാനാവില്ല എന്നാണ്. ഇന്റർ‌നെറ്റിലൂടെ പ്രവർത്തിക്കുന്ന ഏതൊരു ആപ്ലിക്കേഷനും ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്. വാട്സാപ് ഉൾപ്പെടുന്ന ആപ്പുകളുടെ സമീപകാല സംഭവങ്ങൾ അതിന്റെ എൻഡ്-ടു-എൻ‌ക്രിപ്ഷനു ചുറ്റുമുള്ള പരിമിതികളെ തുറന്നുകാട്ടി. ആപ്ലിക്കേഷനുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനും ഡവലപ്പർമാർക്കുള്ള ഉത്തരവാദിത്തം വലുതാണ്. എന്നാൽ വാട്സാപ്പിൽ നിന്ന് മാറുന്ന ബന്ധപ്പെട്ട ഉപഭോക്താക്കളുടെ കുടിയേറ്റത്തിൽ നിന്ന് സിഗ്നൽ, ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകൾ ഇടക്കാലത്ത് പ്രയോജനപ്പെടുത്താം.

 

∙ മസ്‌കിന്റെ ട്വീറ്റില്‍ സിഗ്നല്‍ ആപ്പിന് ആഹ്ലാദക്കണ്ണീര്‍

 

വാട്‌സാപിലേക്ക് ഫെയ്‌സ്ബുക് കടന്നുകയറുന്നു എന്ന വാര്‍ത്ത വന്നതോടെ പല ഉപയോക്താക്കളും എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. എന്തായാലും താന്‍ ലോകത്തെ ഏറ്റവും വലിയ ധനികനായ ഉടനെ മസ്‌ക് നടത്തിയ ഒറ്റ ട്വീറ്റില്‍ സിഗ്നല്‍ ആപ്പിന്റെയും ശുക്രന്‍ തെളിഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മെസേജിങിന് സിഗ്നല്‍ ഉപയോഗിക്കൂ (യൂസ് സിഗ്നല്‍) എന്നാണ് മസ്‌ക് ഇന്നലെ തന്റെ 41.5 ദശലക്ഷം ഫോളോവര്‍മാര്‍ക്കായി ട്വീറ്റു ചെയ്തത്. അതോടെ സിഗ്നലില്‍ ചേരാന്‍ എത്തുന്നവരുടെ എണ്ണം കുതിച്ചുയരുകയും ആപ്പിന്റെ സിസ്റ്റത്തിന് നിയന്ത്രിക്കാനാന്‍ പറ്റാതെ വരികയുമായിരുന്നു. തങ്ങള്‍ക്ക് എല്ലാവര്‍ക്കും വേരിഫിക്കേഷന്‍ കോഡ് അയച്ചു കൊടുക്കാന്‍ പറ്റുന്നില്ല. അല്‍പ്പം കാത്തിരിക്കണമെന്നാണ് ആഹ്ലാദചിത്തരായ സിഗ്നല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മസ്‌കിന്റെ ട്വീറ്റിന് 1.30 ലക്ഷത്തിലേറെ ലൈക്കുകളും ട്വിറ്ററില്‍ ലഭിച്ചു.

 

വാട്‌സാപ്പിന്റെ രീതിയിലുള്ള എന്‍ക്രിപ്ഷനും മറ്റു സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുള്ള സിഗ്നലാണ് ഇന്ന് ലോകത്തെ ഏറ്റവും സുരക്ഷിത ആപ് എന്നാണ് വിലയിരുത്തല്‍. സുരക്ഷയെക്കുറിച്ച് അവബോധമുളള ജേണലിസ്റ്റുകളും, ആക്ടിവിസ്റ്റുകളും, നിയമജ്ഞരും, രാഷ്ട്രീയക്കാരും, സുരക്ഷാ വിദഗ്ധരും അടക്കമുള്ളവരെല്ലാം ഇന്ന് സിഗ്നലിലേക്കു മാറിയിരിക്കുകയാണ്. സ്വകാര്യതയ്ക്കു വേണ്ടി നിലകൊള്ളുന്ന എഡ്വേഡ് സ്‌നോഡനും, ട്വിറ്റര്‍ മേധാവിയും പറയുന്നതും സിഗ്നലാണ് ഏറ്റവും മികച്ച മെസേജിങ് സംവിധാനമെന്നാണ്. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ പോളിസി ലോകമെമ്പാടും വിമര്‍ശിക്കപ്പെടുകയാണ്. ഉപയോക്താവിന്റെ ഡേറ്റ മുഴുവന്‍ പരിശോധിക്കപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സിഗ്നല്‍ ഉപയോഗിക്കുന്ന അതേ എന്‍ക്രിപ്ഷന്‍ പ്രോട്ടോക്കോള്‍ ആണ് വാട്‌സാപും ഉപയോഗിക്കുന്നത്. എന്നാല്‍, സിഗ്നല്‍ ഒരു ഓപ്പണ്‍ സോഴ്‌സ് ആപ്പാണ്. സുരക്ഷാവിദഗ്ധര്‍ക്കും മറ്റും ഇതിലെ പാളിച്ചകള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നതാണ് അതിന്റെ ഗുണം. പിന്നെ സ്വകാര്യതയുടെ കാര്യമാണെങ്കില്‍ ഇനി വാട്‌സാപ്പിന് സിഗ്നലിന്റെ വാലില്‍ കെട്ടാനേ കൊള്ളൂവെന്നും അഭിപ്രായമുയരുന്നു. എന്തായാലും ലോകത്തേ ഏറ്റവും വലിയ ധനികനായി തീര്‍ന്ന ശേഷം മസ്‌ക് നടത്തിയ ട്വീറ്റ് പലര്‍ക്കും ഗുണകരമായേക്കും.

 

English Summary: Elon Musk gives a red ‘Signal’ to WhatsApp users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com