sections
MORE

പണി പാളുമെന്ന് മനസ്സിലായി, ഫെയ്‌സ്ബുക്കിനു മനംമാറ്റം? വാട്‌സാപ്പിലെ മാറ്റം ബിസിനസ് ഉപയോക്താക്കള്‍ക്കു മാത്രമെന്ന്

whatsapp
SHARE

പല ഉപയോക്താക്കള്‍ക്കും വാട്‌സാപ് ഉപയോഗിക്കാനുള്ള പുതിയ നിബന്ധനകള്‍ ഫെയ്‌സ്ബുക് നല്‍കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. ഫെബ്രുവരി എട്ട് മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പുതിയ നിബന്ധനകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, വാട്സാപ് ഉപയോക്താക്കള്‍ പറ്റംപറ്റമായി കൊഴിഞ്ഞുപോകാന്‍ തുടങ്ങിയതോടെ കമ്പനി അടവു മാറ്റിയിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ നിബന്ധനകള്‍ പ്രകാരം ഫെയ്‌സ്ബുക്കിന് ഉപയോക്താവിന്റെ ഡേറ്റയിലേക്ക് നുഴഞ്ഞുകയറാനുള്ള അവസരമാണ് ഒരുക്കുന്നത് എന്നായിരുന്നു ആരോപണം. ഡേറ്റ ഉപയോഗത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധിയുള്ള കമ്പനികളിലൊന്നായി പലരും വിശേഷിപ്പിക്കുന്ന ഫെയ്‌സ്ബുക് തങ്ങളെ ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നത് സഹിക്കാനാവില്ല എന്നായിരുന്നു വാട്‌സാപ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചവരില്‍ പലരും പറഞ്ഞത്. എന്നാല്‍, പുതിയ നയങ്ങള്‍ തങ്ങളുടെ ബിസിനസ് ഉപയോക്താക്കള്‍ക്കു മാത്രമുള്ളതാണ് എന്നൊരു പുതിയ വാദമാണ് ഇപ്പോള്‍ കമ്പനി ഉയര്‍ത്തുന്നത്.

നിലവില്‍ വാട്‌സാപ്പിന്റെ ഡേറ്റാ കൈകാര്യം ചെയ്യുന്ന രീതിക്ക് മാറ്റം വരുത്തുന്നില്ലെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. വാട്‌സാപ് വഴി നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നത് എളുപ്പമാക്കാനാണ് പുതിയ നടപടിക്രമങ്ങള്‍ എന്നാണ് കമ്പനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മിക്ക ആളുകളും വാട്‌സാപ് ഉപയോഗിക്കുന്നത് കുടുംബാംഗങ്ങളും കൂട്ടുകാരുമായി ചാറ്റു ചെയ്യാനാണ്. എന്നാല്‍ വാട്‌സാപ് ബിസിനസ് രംഗത്തേക്കും കടക്കുകയാണ്. ഇതിനാല്‍ തങ്ങളുടെ സുതാര്യത കൂടുതല്‍ വര്‍ധിപ്പിക്കാനാണ് പുതിയ നയങ്ങളത്രെ. എന്നാല്‍, വാട്‌സാപിലൂടെ ബിസിനസ് സന്ദേശങ്ങള്‍ കൈമാറണോ എന്നത് ഉപയോക്താവിന്റെ മാത്രം തീരുമാനമായിരിക്കുമെന്നും കമ്പനി പറയുന്നു. പുതിയ അപ്‌ഡേറ്റ് പ്രകാരം സ്വകാര്യ ചാറ്റിന്റെയും മറ്റും ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കില്ലെന്നു പറയുന്നു. ആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം, ഇന്ത്യയിലാണ് വാട്‌സാപ് പേയും അതോടൊപ്പം ജീയോ മാര്‍ട്ടുമായുള്ള ബന്ധിപ്പിക്കലും എല്ലാം നടക്കുന്നത്. സ്വാഭാവികമായും എല്ലാ ഉപയോക്താക്കളും ബിസിനസ് ഉപയോക്താക്കളായി മാറില്ലേ എന്ന സംശയവും ഉയരുന്നു. വാട്‌സാപ്പിന്റെ പുതിയ നയങ്ങള്‍ വന്നതോടെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന്റെ ട്വീറ്റ് 'പകരം സിഗ്നല്‍ ഉപയോഗിക്കൂ' എന്നായിരുന്നു. ഇതേ തുടര്‍ന്ന് സിഗ്നലിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. ഏകദേശം 140 കോടി ഉപയോക്താക്കളാണ് വാട്‌സാപിന് ആഗോള തലത്തിലുള്ളത്. ഇന്ത്യയിലാണ് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് - ഏകദേശം 40 കോടി. അമേരിക്കയില്‍ ആപ്പിളിന്റെ ഐമെസേജിനോട് ഏറ്റുമുട്ടി ജയിക്കാന്‍ വാട്‌സാപിനു കഴിഞ്ഞിട്ടില്ല. എന്തായാലും വാട്‌സാപ്പിന്റെ സര്‍വറുകളില്‍ ഫെയ്സ്ബുക്കിന്റെ സാന്നിധ്യം തുടങ്ങുകയാണെങ്കില്‍ തുടരുന്നതു ബുദ്ധിയാണോ എന്നാണ് പല ഉപയോക്താക്കളും ചോദിക്കുന്ന ചോദ്യം. പലരും വാട്‌സാപിനു പകരം ടെലഗ്രാമും, സിഗ്നലും പരീക്ഷിക്കുകയാണ്. തൃപ്തികരമാണെങ്കില്‍ അവയില്‍ തുടരാനും, ഘട്ടംഘട്ടമായി വാട്‌സാപില്‍ നിന്ന് ഒഴിവാകാനുമാണ് ഉദ്ദേശമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

∙ ബിറ്റ്‌കോയിന്‍ മൂല്യം 5 ശതമാനം തകര്‍ന്നു

ലോകത്തെ ഏറ്റവും പ്രശസ്തമായ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് 40,402.46 ഡോളര്‍ വരെ വില കയറിയ ശേഷം 5 ശതമാനം താഴ്ന്ന് 36,618.36 ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനു ശേഷം 700 ശതമാനമാണ് ബിറ്റ്‌കോയിന്‍ വില കുതിച്ചുയര്‍ന്നത്.

∙ ടെസ്‌ലയുടെ മര്‍ക്കറ്റ് മൂല്യം 800 ബില്ല്യന്‍ ഡോളര്‍ കടന്നു

ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ ഓഹരി മൂല്യം ഇന്നലെ 800 ബില്ല്യന്‍ ഡോളര്‍ കടന്നു. കമ്പനി അതിവേഗം 1 ട്രില്യന്‍ ഡോളര്‍ ക്ലബിലേക്ക് എത്തുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇന്നലെ മാത്രം ഓഹരി 5.6 ശതമാനമാണ് ഉയര്‍ന്നത്.

∙ വിമാനക്കമ്പനി സിഗ്നെച്ചര്‍ ഏറ്റെടുക്കാന്‍ ബില്‍ ഗെയ്റ്റ്‌സും ബ്ലാക്‌സ്റ്റോണും

ശതകോടീശ്വരന്‍ ബില്‍ ഗെയ്റ്റ്‌സും ബ്ലാക്‌സ്‌റ്റോണ്‍ ഗ്രൂപ്പും ചേര്‍ന്ന് സിഗ്നെച്ചര്‍ ഏവിയേഷന്‍ എന്ന വിമാനക്കമ്പനി ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങിയെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ 430 കോടി ഡോളറായിരിക്കും ഇറക്കാന്‍ ഉദ്ദേശിക്കുക എന്നു പറയുന്നു.

∙ സോളാര്‍വിന്‍ഡ്‌സ് പുതിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ സേവനം തേടി

ലോകത്തെ ഏറ്റവും വലിയ ഹാക്കിങ്ങുകളിലൊന്നായി കരുതപ്പെടുന്ന സോളാര്‍വിന്‍ഡ്‌സ് ആക്രമണത്തില്‍ അമേരിക്കയുടെ തന്നെ തന്ത്രപ്രധാനമായ പല സ്ഥാപനങ്ങള്‍ക്കു നേരെ പോലും ആക്രമണമുണ്ടായി എന്നാണ് പറയുന്നത്. സോളാര്‍വിന്‍ഡ്‌സ് എന്ന സോഫ്റ്റ്‌വെയറിനെ മറയാക്കി നടത്തി ആക്രമണത്തിന്റെ ആഘാതത്തിന്റെ കണക്കെടുത്തു തീരാന്‍ പോലും നിരവധി മാസങ്ങള്‍ പിടിച്ചേക്കുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തായാലും, സോളാര്‍വിന്‍ഡ്‌സ് കോര്‍പറേഷന്‍ കമ്പനിക്കുള്ളില്‍ നടത്തുന്ന അന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ മുന്‍ ഹോംലാൻഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ക്രിസ് ക്രെബ്‌സിന്റെ സേവനം തേടിയിരിക്കുകയാണ്.

∙ വണ്‍പ്ലസിന്റെ ഫിറ്റ്‌നസ് ബാന്‍ഡ് ജനുവരി 11ന് അവതരിപ്പിക്കും

തങ്ങളുടെ ഫിറ്റ്‌നസ് ബാന്‍ഡ് ജനുവരി 11ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വണ്‍പ്ലസ് കമ്പനി അറിയിച്ചു. രക്തത്തിലെ ഓക്‌സിജന്റെ സാച്ചുറേഷന്‍ ലെവല്‍ അറിയാന്‍ സാധിക്കുന്ന ഉപകരണമായിരിക്കും ഇതെന്നാണ് കരുതുന്നത്. എസ്പിഓടു (SpO2) മോണിട്ടറിങ് എന്നാണ് ഇത് അറിയപ്പെടുന്നത്. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇതിന് പ്രാധാന്യമേറിയിരിക്കുകയാണ്.

∙ ആരോഗ്യ സേതു ആപ് ഇതുവരെ ആപ്പിൾ സ്റ്റോറില്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല

ഇന്ത്യയിലെ കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പായ ആരോഗ്യ സേതു വ്യക്തികളെക്കുറിച്ച് എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നിതനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നല്‍കിയിട്ടില്ല. എല്ലാ ആപ്പുകളും ഇതു ചെയ്യണമെന്നാണ് ആപ്പിള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഉപയോക്താക്കളെക്കുറിച്ചുള്ള വിവര ശേഖരണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനാണ് ആപ്പിള്‍ എല്ലാ ആപ് ഡവലപ്പര്‍മാരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

∙ ദിവസം മുഴുവന്‍ 30,000 ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ നിശബ്ദതയിലായി

ഇന്ത്യയിലെ ഏറ്റവും വലിയ ലാന്‍ഡ്‌ലൈന്‍ സേവനദാതാവായി അറിയപ്പെടുന്ന ബിഎസ്എന്‍എല്ലിന്റെ 30,000ലേറെ ഫോണുകള്‍ മഹാരാഷ്ട്രയില്‍ ഒരു ദിവസത്തേക്ക് പ്രവര്‍ത്തന രഹിതമായി. എമര്‍ജന്‍സി നമ്പറുകള്‍ പോലും പലര്‍ക്കും ഡയല്‍ ചെയ്യാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English Summary: WhatsApp Says Privacy Policy Changed to Address Business Accounts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA