sections
MORE

നിങ്ങളുടെ വാട്‌സാപ് എത്രമാത്രം സുരക്ഷിതമാണ്? അറിയേണ്ടത് 8 പ്രധാന കാര്യങ്ങള്‍

Signal-whatsapp
SHARE

ഇന്ത്യയില്‍ പലരും സ്മാര്‍ട് ഫോണ്‍ വാങ്ങുന്നതു പോലും വാട്‌സാപ് ഉപയോഗിക്കാനാണ് എന്നത് അത് എത്രമാത്രം ജനപ്രിയമാണെന്ന് മനസ്സിലാക്കിത്തരുന്നു. സന്ദേശങ്ങള്‍ കൈമാറാനുള്ള ഇത്തരം വേറെ ആപ്പുകൾ ഉണ്ടെന്നതു പോലും കഴിഞ്ഞ ദിവസമുണ്ടായ വിവാദത്തിനു ശേഷമാണ് സാധാരണക്കാരായ പല ഉപയോക്താക്കളും മനസ്സിലാക്കുന്നതു പോലും. വാട്‌സാപ്പിന്റെ പേരു നിലനിര്‍ത്താന്‍ പണമിറക്കിത്തന്നെ അതിന്റെ ഉടമയായ ഫെയ്‌സ്ബുക് യത്‌നിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. വാട്‌സാപ് നിങ്ങള്‍ ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുമ്പോള്‍ത്തന്നെ പല അനുമതികളും നല്‍കണം, ഫോണ്‍ നമ്പര്‍ ശരിയാണെന്ന് കണ്‍ഫേം ചെയ്യണം, നിങ്ങളുടെ കോണ്ടാക്ട്‌സ് എല്ലാം ചോദിക്കും. ഇത്രമാത്രം സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നത് നല്ല കാര്യമാണോ? സൈബര്‍ സെക്യുരിറ്റി വിദഗ്ധര്‍ക്ക് പറയാനുള്ളത് എന്താണെന്നു നോക്കാം.

∙ എന്താണ് വാട്‌സാപ്?

ഇപ്പോള്‍ ഫെയ്സ്ബുക്കിന്റെ കീഴിലുള്ള ഒരു ഫ്രീ മെസേജിങ് സേവനമാണ് വാട്‌സാപ്. സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് ഇല്ലെങ്കിലും വൈ-ഫൈ വഴി എന്‍ക്രിപ്റ്റഡ് വിഡിയോ കോളുകളും, വോയിസ് കോളുകളും, ടെക്‌സ്റ്റ് സന്ദേശങ്ങളും ലോകമെമ്പാടും എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ആപ് തുടങ്ങുന്നത് 2009ല്‍ ആണ്. പിന്നീട് 2014ല്‍ ഫെയ്‌സ്ബുക് വാങ്ങി. ഇതിനു പിന്നില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് അമേരിക്കയില്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിനെതിരെ അന്വേഷണം നടക്കുകയാണ്. കമ്പനി ഒണാവോ പ്രൊട്ടക്ട് എന്ന പേരില്‍ ഒരു ഫ്രീ വിപിഎന്‍ ആപ്പിളിന്റെ ആപ് സ്റ്റോറില്‍ ഇടുകയും ഉപയോക്താക്കൾക്ക് വാട്‌സാപ്പിലുള്ള താത്പര്യം മനസ്സിലാക്കിയ ശേഷം അത് തങ്ങള്‍ക്ക് ഭാവിയില്‍ ഭീഷണിയായേക്കുമെന്നു കരുതി വാങ്ങുകയായിരുന്നു എന്നുമാണ് ആരോപണം. ഇന്ന് വാട്‌സാപ് ആണ് ലോകത്തെ ഏറ്റവും പ്രശസ്തമായ മെസേജിങ് സംവിധാനം.

∙ വാട്‌സാപ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

വാട്‌സാപ് തുടക്കത്തില്‍ ചോദിക്കുന്ന കാര്യങ്ങളൊക്കെ നല്‍കിക്കിഞ്ഞാല്‍ അത് പ്രവര്‍ത്തനസജ്ജമാകുന്നു. ആഗോള തലത്തില്‍ മിക്ക രാജ്യങ്ങളലേക്കും ഫ്രീയായി വിളിക്കാം. (ഡേറ്റാ ചാര്‍ജ് വരും.) എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അടക്കം പല സുരക്ഷാ ഫീച്ചറുകളും വാട്‌സാപിന് ഉണ്ട്.

∙ എന്താണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍?

വാട്‌സാപ്പില്‍ ഉപയോഗിച്ചിരിക്കുന്ന എന്‍ക്രിപ്ഷന്‍ വഴി ആപ്പിലൂടെയുള്ള സന്ദേശങ്ങള്‍ ആര്‍ക്കും ഡ്രീക്രിപ്റ്റ് ചെയ്യാന്‍ സാധ്യമല്ലാതെ ആക്കുന്നു. വ്യക്തികള്‍ക്കു വരുന്ന സന്ദേശങ്ങള്‍ വ്യക്തികള്‍ക്കും, ഗ്രൂപ്പിലേക്കു വരുന്ന സന്ദേശങ്ങളും വിഡിയോയും മറ്റും ഗ്രൂപ്പിലുള്ളവര്‍ക്കും മാത്രമാണ് കാണാനാകുക. ഇതിനെയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്നു വിളിക്കുന്നത്.

∙ സ്വകാര്യത

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൂടാതെ സ്വകാര്യത സംരക്ഷിക്കാനായി ചില ക്രമീകരണങ്ങളും ഉപയോക്താവിന് ആപ്പിനുള്ളില്‍ സ്വീകരിക്കാം. തങ്ങളുടെ സ്റ്റാറ്റസ്, പ്രൊഫൈല്‍ തുടങ്ങിയവ ആരു കാണണം എന്നൊക്കെ ഉപയോക്താക്കള്‍ക്കു തീരുമാനിക്കാം. എന്നാല്‍, മനസ്സിലാക്കേണ്ട കാര്യമിതാണ്, നിങ്ങള്‍ വാട്‌സാപ്പില്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളും സ്വകാര്യമൊന്നുമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. തങ്ങളുടെ സേവനം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും, മാതൃകമ്പനിയായ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുകയും ചെയ്യുന്നുവെന്നാണ് ആപ് അധികൃതര്‍ തന്നെ പറഞ്ഞിരിക്കുന്നത്. കൂടാതെ, നിങ്ങള്‍ എങ്ങനെയാണ് വാട്‌സാപ്പിലൂടെ മറ്റുളളവരുമായി ഇടപെടുന്നത് എന്നുള്ളതും, സമയവും, എത്ര ആവര്‍ത്തി ഇടപെടുന്നു എന്നതും, അതിന്റെ ദൈര്‍ഘ്യവുമെല്ലാം അറിഞ്ഞുവയ്ക്കാന്‍ സാധിക്കുമെന്നും ആപ്പിന്റെ സ്വകാര്യതാ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

∙ വാട്‌സാപ് സുരക്ഷിതമോ? 

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വാട്‌സാപ്പിനെ അതില്ലാത്ത ആപ്പുകളെക്കാള്‍ സുരക്ഷിതമാണെന്നു വരുത്തുന്നു. എന്നാല്‍ ഒരു കമ്യൂണിക്കേഷന്‍ ആപ്പും 100 ശതമാനം സുരക്ഷിതമല്ലെന്നാണ് വിദഗ്ധമതം. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ആപ്പുകളെപ്പോലെ തന്നെ വാട്‌സാപ്പിനു നേരെയും ആക്രമണങ്ങള്‍ സംഭവിക്കുന്നു. വാട്‌സാപ്പിന്റെ പ്രധാന ന്യൂനതകളിലൊന്നായി പറയുന്നത് അതിന് കോണ്ടാക്ട്‌സിന് അക്‌സസ് നല്‍കേണ്ടി വരുന്നതാണ്. ആപ് നിങ്ങള്‍ കോണ്ടാക്ട്‌സുമായി എങ്ങനെയെല്ലാം കമ്യൂണിക്കേറ്റു ചെയ്യുന്നു എന്ന് അറിയാനുള്ള  സാധ്യതയുണ്ടെന്നു പറയുന്നു.

∙ സുരക്ഷാ പ്രശ്‌നങ്ങള്‍ 

ഹാക്കര്‍മാര്‍ 2019ലാണ് വാട്‌സാപ്പിനെതിരെ മാല്‍വെയര്‍ ആക്രമണത്തിന്റെ സാധ്യതകള്‍ കണ്ടെത്തിയത്. വാട്‌സാപ് കോളുകളിലൂടെയാണ് മാല്‍വെയര്‍ പ്രവേശിപ്പിക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചത്. ഈ പ്രശ്‌നം വാട്‌സാപ് പരിഹരിച്ചെങ്കിലും നൂതന മാര്‍ഗങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണ് ഹാക്കര്‍മാര്‍. ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളായ ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെയടക്കം പലരുടെയും ഫോണുകള്‍ ഹാക്കു ചെയ്തത് വാട്‌സാപ് വഴിയാണെന്നു പറയുന്നു.

∙ അപ്പോള്‍ എങ്ങനെയാണ് സ്വകാര്യത സംരക്ഷിക്കുക?

ദൗര്‍ഭാഗ്യവശാല്‍ ലോകത്തെ ഒരു ആപ്പും ആക്രമണകാരികളില്‍ നിന്ന് സുരക്ഷിതമല്ലെന്നാണ് മാനിപുലെയ്റ്റഡ്: ഇന്‍സൈഡ് ദി സൈബര്‍ വാര്‍ ടു ഹൈജാക്ക് ഇലക്ഷന്‍സ് ആന്‍ഡ് ഡിസ്റ്റോര്‍ട്ട് തി ട്രൂത്ത് എന്ന പുസ്തകത്തിന്റെ രചയിതാവായ തെരേസാ പെയ്ടണ്‍ പറയുന്നത്. ഫോണും സ്വകാര്യ വിവരങ്ങളും സുരക്ഷിതമാക്കി വയ്ക്കാന്‍ ആപ്പുകളും, ഫോണ്‍ സോഫ്റ്റ്‌വെയറും അപ്‌ഡേറ്റു ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ചെയ്യേണ്ടതെന്നാണ് അവര്‍ പറയുന്നത്. ആപ്പിന്റെ പ്രൈവസി സെറ്റിങ്‌സ് എത്ര കൂട്ടിവയ്ക്കാമോ അത്രയും വയ്ക്കണമെന്നും അവര്‍ ഉപദേശിക്കുന്നു.  

∙ വാട്‌സാപ് സംഭാഷണങ്ങള്‍ സ്വകാര്യമാണോ? 

പ്രത്യക്ഷത്തില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉളളതിനാല്‍ ഡേറ്റാ സുരക്ഷിതമാണ് എന്നു പറയാമെന്നാണ് പെയ്ടണ്‍ പറയുന്നത്. എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ ചിന്തിച്ചാല്‍ പിടികിട്ടുന്നത് മറ്റു ചില കാര്യങ്ങളാണ്. നിങ്ങള്‍ സന്ദേശം കൈമാറുന്ന വ്യക്തിയിലുള്ള വിശ്വാസമാണ് കൂടുതല്‍ പ്രധാനപ്പെട്ടത്. നിങ്ങള്‍ ഡിജിറ്റലായി ഒരു സന്ദേശം അയച്ചുകഴിഞ്ഞാല്‍ അതു ലഭിക്കുന്നയാള്‍ക്ക് അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാമെന്നും, നിങ്ങളുടെ കോളുകള്‍ റെക്കോഡു ചെയ്യാമെന്നുമിരിക്കെ പിന്നെന്താണ് ഇത്ര വലിയ സ്വകാര്യത കിട്ടുന്നത് എന്നതാണ് ചോദ്യം.

English Summary: How safe is WhatsApp?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA