ADVERTISEMENT

പ്രമുഖ നടീനടന്മാരുടെ സമൂഹമാധ്യമ ആരാധകക്കൂട്ടായ്മകളിൽ (ഫാൻ പേജ്) അംഗമാക്കാമെന്നു വിശ്വസിപ്പിച്ചു സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്ത‍ുന്ന സംഭവങ്ങൾ വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഇത്തരം നിരവധി കേസുകളാണ് സംസ്ഥാനത്ത് തന്നെ റിപ്പോർട്ട് ചെയ്തത്. ഇത്തരം കുറ്റകൃത്യങ്ങൾ പതിവാക്കിയ കൗമാരക്കാരൻ കഴിഞ്ഞ ദിവസം സൈബർ സെല്ലിന്റെ പിടിയിലായി. പ്രായപൂർത്തിയാകാത്ത കൊല്ലം സ്വദേശിയാണ് കുടുങ്ങിയത്. 

 

ഒന്നിലധികം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കമ്മിഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘം കൗമാരക്കാരനെ കുടുക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്, ടെലിഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളെ നിരീക്ഷിച്ചു കണ്ടെത്തുകയാണു രീതി. ഇവരെ വിവിധ നടീനടന്മാരുടെ ആരാധകക്കൂട്ടായ്മകളിൽ അംഗമാക്കാൻ ക്ഷണിക്കും. സൗഹൃദം സ്ഥാപിച്ച്, ഫോട്ടോ അയച്ചു നൽകാൻ പ്രേരിപ്പിക്കും. സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകാൻ വിസമ്മതിച്ചാൽ മറ്റു ചിത്രങ്ങൾ മോർഫ് ചെയ്തു ഭീഷണിപ്പെടുത്തും. കൗമാരക്കാരന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചതിക്കുഴിയിൽ ഒട്ടേറെ പെൺകുട്ടികൾ അകപ്പെട്ടതായി കണ്ടെത്തി. പലരുടെയും ചിത്രങ്ങൾ സെക്സ് ഗ്രൂപ്പകളിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചതായും സംശയമുണ്ട്.

 

പൊലീസ് പറയുന്നു, ശ്രദ്ധിക്കുക

 

∙ ഓൺലൈൻ പഠനത്തിനു കുട്ടികൾക്കു നൽകിയിട്ടുള്ള മൊബൈൽ ഫോണും ലാപ്ടോപ് കംപ്യൂട്ടറും അവർ സൂക്ഷ്മതയോടെ ഉപയോഗിക്കുന്നു എന്നുറപ്പ‍ാക്കുക.

∙ സമൂഹമാധ്യമ ഉപയോഗത്തിൽ സ്വയം പ്രോട്ടോക്കോൾ ഏർപ്പെടുത്തുക. അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.

∙ ഇന്റർനെറ്റിൽ സ്വകാര്യ ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടാൽ അവ തിരിച്ചെടുക്കാനോ പൂർണമായി മായ്ക്കാനോ സാധ്യമല്ലെന്നു തിരിച്ചറിയുക. ആർക്കെങ്കിലും സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകിയാൽ അയാൾ അവ ആരുമായി പങ്കുവയ്ക്കുന്നു, ഏതു മാധ്യമത്തിൽ സൂക്ഷിച്ചുവയ്ക്കുന്നു, ഏതു വിധത്തിൽ സൂക്ഷിക്കുന്നു എന്നിവ കണ്ടെത്തൽ ദുഷ്കരമാണ്.

∙ കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ ആരോടൊക്കെ ഇടപെടുന്നതു എന്നു രക്ഷിതാക്കൾക്ക് അറിവുണ്ടായിര‍ിക്കുന്നതു നല്ലത്.

∙ കുട്ടികളെ സഹായിക്കാൻ സിറ്റി പൊലീസ് സൗജന്യ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സിറ്റി വനിതാ സെൽ നമ്പർ: 0487 2420000.

FACEBOOK-DATA/

 

∙ വില്ലനായി സൈബർ പ്രണയവും

 

ഫെയ്സ്ബുക് പ്രണയത്തിൽപ്പെട്ടു വിദ്യാർഥികളും കൗമാരക്കാരും വീടുവിട്ടിറങ്ങുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വ്യാപകമായിരിക്കുന്നു. അടുത്തിടെ കാണാതായ വിദ്യാർഥികളിൽ മിക്കവരും ഫെയ്സ്ബുക് സുഹൃത്തിന്റെ കൂടെയാണ് വീടുവിട്ടിറങ്ങിയതെന്ന് സൈബർ പൊലീസ് തന്നെ കണ്ടെത്തിയിരുന്നു. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി, ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു മിക്കവരെയും കൂടെ കൂട്ടിയത്.

 

whatsapp-facebook

പെൺകുട്ടികളെയും വീട്ടമ്മമാരെയും പ്രണയത്തിൽ വീഴ്ത്തി പുറത്തിറക്കുന്ന സംഘം തന്നെ ഫെയ്സ്ബുക്കിൽ സജീവമാണ്. വിദ്യാർഥികളുടെയും വീട്ടമ്മമാരുടെ ഫെയ്സ്ബുക് ഗ്രൂപ്പുകളിൽ നിന്നാണ് പുതിയ ഇരകളെ കണ്ടെത്തുന്നത്. പിന്നീട് റിക്വസ്റ്റ് നൽകി, ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കും. നിലവിൽ സൈബർ പ്രണയം വ്യാപകമാണ്. ആർക്കും ആരെയും പ്രണയിക്കാമെന്ന രീതിയിലാണ് സൈബർ പ്രണയം മുന്നോട്ട് പോകുന്നത്. വിവിധതരം ചൂഷണത്തിനിരയാക്കുന്ന ഫെയ്സ്ബുക് സംഘങ്ങളുടെ പ്രവർത്തനം സജീവമാണെന്നാണ് പൊലീസ് പറയുന്നത്. ഫെയ്സ്ബുക് കെണിയിൽപെട്ട് പണവും മാനവും നഷ്ടമായവർ നിരവധിയാണ്. 

 

ഇവരിൽ മിക്ക വിദ്യാർഥികളുടെയും രക്ഷിതാക്കൾ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും മാനക്കേട് ഭയന്നു പരാതി നൽകാറില്ല. വിദ്യാർഥികൾക്കിടയിലെ പല സംഭവങ്ങളും പുറംലോകമറിയുന്നില്ലെന്നു മാത്രം. ഫെയ്സ്ബുക് പ്രണയക്കുരുക്കിൽ അകപ്പെട്ട് വീടുവിട്ടിറങ്ങുന്നവരിൽ വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെയുണ്ട്. പലരും നേരിൽ കണ്ടിട്ടു പോലുമില്ലാത്തവരെ കൂടെയാണ് ഒരോ ദിവസവും ഇറങ്ങിപോകുന്നത്.

 

സൈബർ പ്രണയത്തിന്റെ ചതിക്കുഴിയിൽ പെട്ടുപോയ നിരവധി വിദ്യാർഥികളുണ്ട്. ഇതു ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നു. ഏഴാം ക്ലാസ് മുതലുള്ള കുട്ടികൾ ഇപ്പോൾ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നതായി സൈബർ പൊലീസ് പറയുന്നു. സ്കൂൾ കുട്ടികൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതു പലതും അവസാനം വൻ അപകടത്തിലാണ് എത്തുന്നത്. പ്രണയം നടിച്ചു ചതിക്കുഴികളിൽ വീഴ്ത്താൻ ഒട്ടേറെപ്പേരാണു ഫെയ്സ്ബുക്കിൽ വലവിരിച്ചു കാത്തിരിക്കുന്നതെന്ന് നിരവധി തവണ അധികൃതർ മുന്നറിയിപ്പ് നൽകിയതാണ്. 

 

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ സൈബർ തട്ടിപ്പുകളെ സംബന്ധിച്ചു ബോധവൽക്കരണം ശക്തമാക്കിയാൽ കുട്ടികളെ ഇത്തരം ചതിക്കുഴികളിൽപ്പെടാതെ നേർവഴി നടത്താനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വിവാഹത്തട്ടിപ്പുകളും പണാപഹരണങ്ങളുമൊക്കെ അരങ്ങേറുന്നുണ്ട്. ഫെയ്സ്ബുക്കിലൂടെ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ സംഭവങ്ങളുമുണ്ട്. 

 

മറ്റുള്ളവരോടു വൈരാഗ്യം തീർക്കാനും അവരെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമൊക്കെ പലരും ഫെയ്സ്ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതായി പൊലീസ് പറയുന്നു. മറ്റ് ഓൺലൈൻ തട്ടിപ്പുകൾക്കു ഇരകളാകുന്നവരുടെ എണ്ണവും കുറവല്ല. സമൂഹത്തിൽ ഒരു പ്രതികരണ വേദിയായി സമൂഹ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും പല സംഭവങ്ങളിലും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നതിനും ഫെയ്സ് ബുക്കിലൂടെയുള്ള നിരന്തര ഇടപെടലുകൾ വഴിതെളിച്ചിട്ടുണ്ട്. ഒട്ടേറെ നന്മപ്രവർത്തനങ്ങളും ഫെയ്സ്ബുക് കൂട്ടായ്മകളിലൂടെ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇത്തരം ചില ചതിക്കുഴികളും സമൂഹമാധ്യമങ്ങളുടെ മറവിൽ ഒളിഞ്ഞിരിക്കുന്നത്. 

 

ടെക്നോളജി ഉപയോഗിച്ചോ അതിന്റെ സഹായത്തോടെയോ നടക്കുന്ന എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളും സൈബർ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽപ്പെടും. ഇന്റർനെറ്റിന്റെ സഹായത്തോടെ ആരെയെങ്കിലും സ്ഥിരമായി ശല്യം ചെയ്യുക, അധിക്ഷേപിക്കുക, മോർഫ് ചെയ്യുക, അശ്ലീല സന്ദേശങ്ങളോ ഫോട്ടോകളോ വിഡിയോയോ അയയ്ക്കുകയോ കാണിക്കുകയോ ഫോണിൽ സൂക്ഷിക്കുകയോ ചെയ്യുക, അപവാദ പ്രചാരണം നടത്തുക, മറ്റൊരാളുടെ ഇന്റർനെറ്റ് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയോ കടന്നുകയറുകയോ ചെയ്യുക, മറ്റുള്ളവരുടെ വിവരങ്ങൾ നശിപ്പിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുക, ഇമെയിൽ, എസ്എംഎസ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ തുടങ്ങിയവയെല്ലാം സൈബർ കുറ്റത്തിന്റെ പരിധിയിൽ വരുമെന്നു പൊലീസ് പറയുന്നു. 

 

ഫെയ്സ്ബുക്കിലും മറ്റും അപരിചിതരുമായി ഇടപെടുമ്പോൾ ഏറെ ജാഗ്രത പുലർത്തണമെന്നു സൈബർ വിഭാഗം മുന്നറിയിപ്പു നൽകുന്നു. അപരിചിതർ നൽകുന്ന വിവരങ്ങൾ, ഫോട്ടോകൾ എന്നിവ കണ്ണടച്ചു വിശ്വസിക്കരുത്. നേരിട്ടോ സുഹൃത്തുകൾ വഴിയോ ചുറ്റുപാടുകൾ മനസ്സിലാക്കാൻ സാഹചര്യമില്ലാത്തവർക്കു വ്യക്തിപരമായ വിവരങ്ങൾ നൽകരുത്. അടുത്തറിയാത്തവരുമായി സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുത്. അതിരുവിട്ടുള്ള സംഭാഷണങ്ങൾ, അശ്ലീലഫോട്ടോകൾ എന്നിവ ഒഴിവാക്കണം. കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തെപ്പറ്റി മാതാപിതാക്കൾക്കു ബോധ്യം വേണം. രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ അധ്യാപകർ മുൻകൈയെടുക്കണം. ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള ബന്ധം നിലനിർത്തുക. ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക. അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക. അപരിചിതർ കാണരുതെന്നു നിർബന്ധമുള്ള ചിത്രങ്ങളും വിഡിയോയും അടുപ്പക്കാർക്കു പോലും ഓൺലൈനിൽ ഷെയർ ചെയ്യരുത്. ഇന്റർനെറ്റിൽ സ്വകാര്യത എന്ന ഒന്നില്ല. അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങൾ എടുക്കുകയോ ഷെയർ ചെയ്യുകയോ അരുത്, നിങ്ങളുടെ ചിത്രം എടുക്കാൻ മറ്റുള്ളവരെയും അനുവദിക്കരുത്.

 

English Summary:  Cyber Love in Kerala Facebook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com