ADVERTISEMENT

ശതകോടീശ്വരനും മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകരിലൊരാളുമായ ബിൽഗേറ്റ്സിന്റെ കാര്യമോര്‍ത്താല്‍ ചിരിക്കണോ കരയണോ എന്നറിയാത്ത സ്ഥിതിയാണിപ്പോള്‍. കൊറോണാവൈറസ് വ്യാപിച്ചപ്പോള്‍ അമേരിക്കയിലടക്കം പ്രചരിച്ച ഗൂഢാലോചനാവാദ കഥകളിലെ പ്രധാന വില്ലൻ ഗേറ്റ്സ് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ രഹസ്യ ലാബില്‍ സൃഷ്ടിച്ചെടുത്ത് ചൈനയിലെ വുഹാന്‍ വൈറോളജി ലാബ് വഴി പുറത്തുവിട്ടതാണ് കൊറോണാവൈറസ് എന്നും, ഇതിന് അമേരിക്കയിലെ ആരോഗ്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ആന്റണി ഫൗച്ചിയുടെ സഹായം ലഭിച്ചു എന്നെല്ലാമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാദങ്ങള്‍. ഇവ വിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുകയും ലോകമെമ്പാടും പ്രചരിക്കുകയും ഗേറ്റ്സിനു വില്ലന്‍ പരിവേഷം നൽകുകയുമായിരുന്നു. 

 

ഏകദേശം ഒരു വര്‍ഷത്തോളമായി പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം വിചിത്ര വാദങ്ങളെക്കുറിച്ച് ഗേറ്റ്സ് അടുത്തിടെ സംസാരിച്ചു. താനും ഡോ. ഫൗച്ചിയും ഈ ഹീനമായ പ്രചാരണങ്ങള്‍ മൂലം ഇത്ര കുപ്രസിദ്ധി നേടുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ ആകുമായിരുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതു തന്നെ അദ്ഭുതപ്പെടുത്തിയെന്നും, ഇത് ഇല്ലാതായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗേറ്റ്സ് പറഞ്ഞു. ശതകോടീശ്വരനായ ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവച്ചത് 2014ല്‍ ആണ്. തന്റെയും ഭാര്യയുടെയും പേരിലുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷന്‍ വഴി ഇതുവരെ കോവിഡ്-19നെതിരെയുള്ള പോരാട്ടത്തിനായി കുറഞ്ഞത് 1.75 ബില്ല്യന്‍ ഡോളര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവ ചില വാക്‌സീനുകളുടെ വികസിപ്പിക്കലിനും, രോഗനിര്‍ണയത്തിനും, ചികിത്സയ്ക്കുമൊക്കെയായാണ് നല്‍കിയിരിക്കുന്നത്.

 

കൊറോണാവൈറസ് വ്യാപിച്ചതിനൊപ്പം ഗൂഢാലോചനാ വാദങ്ങളുടെ ഒഴുക്കായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗൂഢാലോചനാ വാദക്കാരുടെ കഥകളിലെ വില്ലനായി ഗേറ്റ്സിനെ ഉയര്‍ത്തപ്പെടുകയായിരുന്നു. ഇത്തരം വാദത്തിലൊന്ന് പറഞ്ഞത് ഗേറ്റ്സും ഫൗച്ചിയും ചേര്‍ന്ന് ലോകജനതയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും, അതുവഴി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നുമായിരുന്നു. മറ്റൊരു പ്രചരണത്തില്‍ പറയുന്നത് വാക്‌സീനുകളില്‍ മൈക്രോചിപ്പുകള്‍ ഉണ്ടെന്നായിരുന്നു. പക്ഷേ, ആളുകള്‍ ശരിക്കും ഇത്തരം കഥകള്‍ വിശ്വസിക്കുമോ, ഗേറ്റ്സ് അദ്ഭുതപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പഠനവിധേയമാക്കണം. ഇത്തരം വാദങ്ങള്‍ എങ്ങനെയാണ് ആളുകളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നതെന്നും അത് എങ്ങനെ കുറയ്ക്കാമായിരുന്നു എന്നതിനെക്കുറിച്ചുമെല്ലാം പഠിക്കണമെന്നാണ് ഗേറ്റ്സ് പറയുന്നത്.

 

ഫൗച്ചിയും അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഫ്രാന്‍സിസ് കോളിന്‍സും സ്മാര്‍ട് ആളുകളാണെന്ന് ഗേറ്റ്സ് പറഞ്ഞു. താന്‍ അവരെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിന്റെ പിന്തുണയോടെ സത്യം പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരിക്കുന്ന സമയത്ത് അമേരിക്കന്‍ സർക്കാരിൽ വിവേകമുള്ള ആളുകള്‍ ഫൗച്ചിയും കോളിന്‍സും മാത്രമായിരുന്നു എന്നാണ് തനിക്കു തോന്നിയതെന്നും ഗേറ്റ്സ് പറഞ്ഞു. ആരോഗ്യ പ്രതിസന്ധി തരണം ചെയ്യാന്‍ ബൈഡന്‍ തിരഞ്ഞെടുത്ത ടീമിനെക്കുറിച്ച് തനിക്ക് മികച്ച അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബൈഡന്റെ കീഴില്‍ അമേരിക്ക വീണ്ടും ലോകാരോഗ്യ സംഘടനയില്‍ ചേര്‍ന്നുവെന്നും, സ്മാര്‍ട് ആയിട്ടുള്ള ആളുകളെ ആരോഗ്യ പ്രതിസന്ധി നേരിടാന്‍ ചുമതലപ്പെടുത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഗേറ്റ്സിനെതിരായ കഥകള്‍ക്ക് തുടക്കമിടുന്നത് 2015ല്‍ അദ്ദേഹം നടത്തിയ ഒരു ടെഡ് ടോക്കില്‍ നിന്നായിരുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കോടി മനുഷ്യരുടെ മരണത്തിനിടയാക്കുന്ന എന്തെങ്കിലുമുണ്ടാകുന്നുണ്ടെങ്കില്‍ അത് ഒരു പകര്‍ച്ച വ്യാധി മൂലമാകുമെന്നും, യുദ്ധമായിരിക്കില്ലെന്നുമാണ് ഗേറ്റ്സ് പറഞ്ഞത്. അതു കൂടാതെ ഒരു മഹാമാരി പടരാനുള്ള സാധ്യതയെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുൻപെ ഉറച്ച ശബ്ദത്തില്‍ സംസാരിച്ചതും അദ്ദേഹത്തിനു വിനയായെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത്, കൊറോണവൈറസ് വരുന്ന കാര്യത്തില്‍ ഗേറ്റ്സിന് മുന്നറിവുണ്ടെന്ന വാദമുയര്‍ത്താന്‍ ഗൂഢാലോചനാ വാദക്കാര്‍ക്ക് സാധിക്കുകയായിരുന്നു. ഇത്തരം കോണ്‍സ്പിറസി തിയറി പരത്തുന്നവരില്‍ തന്നെ പല കൂട്ടരുമുണ്ട്. ഒരു കൂട്ടര്‍ പറയുന്നത് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് മുതല്‍ ചൈനീസ് സർക്കാരിലെ വരെ ചില വമ്പന്മാരുടെ സഹായത്തോടെ ഗേറ്റ്സ് മുന്നില്‍ നിന്നു നയിക്കുന്ന ഒന്നാണ് എന്നായിരുന്നു. മറ്റുള്ളവര്‍ പറഞ്ഞു പരത്തിയിരുന്നത് ലോകത്തെ ജനസംഖ്യ കുറയ്ക്കാനുള്ള ഗേറ്റ്സിന്റെ ആഗ്രഹത്തിനായി അദ്ദേഹവും ഏതാനും പേരും കൂടി നടത്തിയ പരിശ്രമത്തിന്റെ ഫലമാണിതെന്നാണ്. ഇനിയൊരു കൂട്ടം ആളുകള്‍ പറയുന്നത് വരുന്ന വാക്‌സീനുകളിലൂടെ മൈക്രോചിപ്പുകള്‍ മനുഷ്യരിലേക്ക് കുത്തിവയ്ക്കാന്‍ ശ്രമമുണ്ടായേക്കുമെന്നാണ്. ഗൂഢാലോചന ഏതു തരത്തിലുള്ളതാണെങ്കിലും വില്ലന്‍ ഒരാൾ തന്നെ - ബില്‍ ഗേറ്റ്സ്.

 

English Summary: Bill Gates reacts to the Covid-19 conspiracy theories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com