ADVERTISEMENT

വിവാദങ്ങള്‍ വകവയ്ക്കാത്ത ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ സേവനമായ ഫെയ്‌സ്ബുക് 17-ാം വയസിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ആദ്യം ദിഫെയ്സ്ബുക്.കോം (TheFacebook.com) എന്ന് അറിയപ്പെട്ടിരുന്ന സേവനം ഒരു പറ്റം വിദ്യാര്‍ഥികൾ ഉപയോഗിക്കാന്‍ തുടങ്ങിയതിന്റെ 17-ാം വാര്‍ഷികമായിരുന്നു ഫെബ്രുവരി നാല്. ഇന്നിപ്പോള്‍ ഫെയ്‌സ്ബുക്കിനെ വെറുമൊരു സമൂഹ മാധ്യമം എന്നൊക്കെ വിളിക്കുന്നതില്‍ അര്‍ഥമില്ല. അതിപ്പോള്‍ ഇന്‍സ്റ്റഗ്രാം, വാട്‌സാപ്, മെസഞ്ചര്‍, ഒക്യുലസ്, ഗിഫി തുടങ്ങി വിജയകരമായി പ്രവര്‍ത്തിക്കുന്ന പല കമ്പനികളുടെയും ഒരു മിശ്രിതമാണ്. എന്തായാലും ഫെയ്‌സ്ബുക്കിനു മാത്രം പ്രതിമാസം 250 കോടിയിലേറെ ആക്ടീവ് യൂസര്‍മാരുണ്ടെന്നു പറയുന്നതു തന്നെ എത്ര ബ്രഹത്താണ് ഈ  പ്ലാറ്റ്‌ഫോം എന്നു വിളിച്ചറിയിക്കുന്നു. പിറന്നാളുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന്റെ സഹസ്ഥാപകനും, മേധവിയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്പനിയുടെ ഭൂതകാലത്തെയും, വര്‍ത്തമാനകാലത്തെയും, ഭാവിയേയും കുറിച്ചു സംസാരിച്ചു. താന്‍ കമ്പനിയെ എങ്ങനെ കാണുന്നുവെന്നും അത് എങ്ങോട്ടായരിക്കും നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ കമ്പനിക്കുണ്ടായ നേട്ടങ്ങളില്‍ താന്‍ അഭിമാനംകൊള്ളുന്നു. ഫെയ്‌സ്ബുക്കിന്റെ ഭാവിയെക്കുറിച്ച് അതിലേറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നു എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം തങ്ങള്‍ വോട്ടര്‍മാരെക്കുറിച്ച് സമീപകാല ചരിത്രത്തിലേക്കും വച്ച് ഏറ്റവും വലിയ പ്രചാരണവേലകള്‍ നടത്തിയെന്നും, അതുവഴി 40 ലക്ഷത്തോളം പേര്‍ക്ക് വോട്ടര്‍മാരായി റജിസ്റ്റര്‍ ചെയ്യാനും പിന്നെ സമ്മതിദാനാവകാശം നിര്‍വഹിക്കാൻ സാധിച്ചുവെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

 

നിലവില്‍ കമ്പനിയുടെ ഏറ്റവും വലിയ പദ്ധതി ഒരു കമ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കുക എന്നതാണ്. അതുവഴി വിവിധ സമൂഹങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാനും ലോകത്തുള്ള എല്ലാവര്‍ക്കും അര്‍ഥവത്തായ ജീവിതം നയിക്കുന്നവര്‍ക്കൊപ്പം എത്താന്‍ സഹായിക്കുക എന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. വാട്‌സാപ്പിലും, മെസഞ്ചറിലും സ്വകാര്യത ഉറപ്പാക്കാനായി വൻ മാറ്റങ്ങൾ വരുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഈ അടിത്തറയ്ക്കു മുകളില്‍ തങ്ങള്‍ ഗ്രൂപ്പുകള്‍, വിഡിയോ കോളിങ്, പണമടയ്ക്കല്‍, കോ-വാച്ചിങ് തുടങ്ങിയ സ്വകാര്യമായ ടൂളുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല.

 

ബിസിനസ് സമൂഹത്തിനായി വിവിധ ടൂളുകള്‍ നിര്‍മിച്ചുവരികയാണെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. തങ്ങള്‍ 200 ദശലക്ഷത്തിലേറെ ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്കുള്ള ടൂളുകളും നിര്‍മിച്ചുവരികയാണ്. ഇത്തരം ടൂളുകള്‍ വന്‍കിട കമ്പനികള്‍ക്കു മാത്രമാണ് ഇതുവരെ ലഭ്യമായിരുന്നത്. ഇതുവഴി ഉപയോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്താന്‍ ഈ കമ്പനികള്‍ക്ക് സാധിക്കും. ഈ കമ്പനികള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഫെയ്‌സ്ബുക്കും, ഇന്‍സ്റ്റഗ്രാമും വഴി വിറ്റഴിക്കാന്‍ സാധിക്കും. പ്രാദേശിക കടകള്‍ അടഞ്ഞു കിടക്കുന്ന അവസരങ്ങളില്‍ പോലും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ചെറുകിട ബിസിനസുകാര്‍ക്ക് ഇതുവഴി സാധിക്കുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

 

zuckerberg-ambani

∙ പുതിയ കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോം

 

ഓഗ്‌മെന്റഡ് റിയാലിറ്റിയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും പിന്‍ബലമുള്ള ഒരു കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോം തങ്ങള്‍ അവതരിപ്പിക്കുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. പുതിയ പ്ലാറ്റ്‌ഫോമിന് സാന്നിധ്യത്തിന്റെ അനുഭവം ('the experience of presence') നല്‍കാനാകുമെന്നും ഓണ്‍ലൈന്‍ സമൂഹങ്ങള്‍ക്ക് പുതിയ മാതൃകയായിരിക്കുമതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്‌സ്ബുക്കിലെ കണ്ടെന്റിനെ പറ്റി അന്തിമ തീരുമാനം എടുക്കാന്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ഓവര്‍സൈറ്റ് പോലെ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കുന്ന അധികാരസ്ഥാനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കമ്പനി നടപ്പാക്കുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു.

 

∙ ഭാവി

 

ഭാവിയെക്കുറിച്ചു സംസാരിച്ച സക്കര്‍ബര്‍ഗ് പറഞ്ഞത്, തങ്ങള്‍ ഈ വര്‍ഷം കോവിഡ്-19 വാക്‌സീനെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ക്ക് വ്യാപകമായ പ്രചാരണം നല്‍കുന്നതിനായിരിക്കും ഊന്നല്‍ നല്‍കുക എന്നാണ്. അതുവഴി മഹാമാരിയെ ചരിത്രത്തിലേക്കു തള്ളാന്‍ ലോകത്തിനു സാധിക്കുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.

 

ഈ വേളയില്‍ കമ്പനി ഒരു കസ്റ്റം ആനിമേറ്റഡ് വേഡ്മാര്‍ക്കും പങ്കുവച്ചിട്ടുണ്ട്: https://bit.ly/2MXkP14

 

ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് നിക്ഷേപം ഇറക്കിയിട്ടുള്ള റിലയന്‍സ് ജിയോയും കമ്പനിക്ക് ജന്മദിനം ആശംസിച്ച് ട്വിറ്ററിലെത്തിയിട്ടുണ്ട്: https://bit.ly/39OVLlU

 

English Summary: Facebook turns 17: A look at how the social media giant has changed over the years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com