sections
MORE

കർഷകസമരം: എന്താണ് ഈ ടൂൾ കിറ്റ്? പിന്നാലെ പൊലീസ്, ടെക് കമ്പനികളുടെ സഹായം തേടി

1200-protest-greta-thunberg
SHARE

കർഷകർക്കു പിന്തുണ നൽകാൻ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് (ടൂൾ കിറ്റ്) സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇത് സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഗൂഗിൾ ഉൾപ്പടെയുള്ള ടെക് കമ്പനികളെ സമീപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കാന‍ഡയിലെ സിഖ് സംഘടനയായ പോയറ്റിക്ക് ജസ്റ്റിസ് ഫൗണ്ടേഷൻ, അവിടെയുള്ള ഇന്ത്യൻ വംശജനായ പാർലമെന്റംഗം ജഗ്‌മീത് സിങ്, സ്കൈ റോക്കറ്റ് എന്ന പിആർ ഏജൻസി എന്നിവയാണു കുറിപ്പ് തയാറാക്കാൻ മുൻകയ്യെടുത്തതെന്നാണു നിഗമനം. ചില ഇ–മെയിൽ ഐഡികൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവയുടെ വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്.

ഡൽഹി പൊലീസിന്‍റെ ൈസബർ സെൽ യൂനിറ്റിലെ ഡി‍സിപി അന്വേഷ് റോയ്‌യാണ് ഗൂഗിളിനും മറ്റ് കമ്പനികൾക്കും ഇ–മെയിൽ അയച്ചിരിക്കുന്നത്. ടെക് കമ്പനികളുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ശേഷം അന്വേഷണം വ്യാപിപ്പിക്കുമെന്നും സൈബർ പൊലീസ് പറഞ്ഞു. കമ്പനികളിൽ നിന്ന് റിപ്പോർട്ട് വെച്ച് ടൂൾകിറ്റ് ആരാണ് നിർമിച്ചതെന്നും ആരാണ് ഷെയർ ചെയ്തതെന്നും അറിയാനാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്.

പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ ഖലിസ്ഥാൻ അനുകൂല സംഘടന പോപ്പ് ഗായിക റിയാനയ്ക്കു കോടികൾ നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഇതു സംബന്ധിച്ച വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടില്ല. ഇതിനിടെ താനാണ് കർഷക പ്രക്ഷോഭത്തെക്കുറിച്ച് ഗ്രേറ്റ ട്യുൻബെർഗിന് വിവരം നൽകുന്നതെന്ന് തെറ്റിദ്ധരിച്ചു സൈബർ ആക്രമണം നടക്കുന്നതായി ഗ്രേറ്റയുടെ ഫെയ്സ്ബുക് പേജ് കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം പാലോട് സ്വദേശി ആദർശ് പ്രതാപ്.

യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലാണ് ആദർശ് ഗ്രേറ്റയുമായി ബന്ധം സ്ഥാപിക്കുന്നത്. തുടർന്ന് ഫെയ്സ്ബുക് പേജിന്റെ ചുമതല ഗ്രേറ്റ ഏൽപിച്ചു. എന്നാൽ അതിൽ വരുന്ന ഉള്ളടക്കം പൂർണമായും ഗ്രേറ്റയുടേതാണെന്നും ആദർശ് പറഞ്ഞു. ഒരു തവണ മാത്രമാണ് ഗ്രേറ്റയെ നേരിട്ടു കണ്ടിട്ടുള്ളത് - ആദർശ് പറഞ്ഞു.

∙ എന്താണ് വിവാദമായി ടൂൾ കിറ്റ്?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേൾക്കുന്ന വാക്കാണ് ടൂൾ കിറ്റ്. എന്താണ് ടൂൾ കിറ്റ്? പലരും അന്വേഷിക്കുന്നുണ്ട്. രാജ്യത്തെ കർഷകസമരത്തെ കുറിച്ച്‍ വിശദമായി അറിയിക്കാനും ജനങ്ങളെ സംഘടിപ്പിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഡിജിറ്റൽ രേഖ, അല്ലെങ്കിൽ ഗൂഗിൾ രേഖയാണ് ടൂൾ കിറ്റ്. ഇതിൽ, പ്രക്ഷോഭത്തിന്റെ തുടക്കവും കാർഷിക നിയമങ്ങൾ സംബന്ധിച്ചും കർഷകർ ഉന്നയിക്കുന്ന വിയോജിപ്പുകൾ സംബന്ധിച്ചും വ്യക്തമായി പരാമർശിക്കുന്നു. ഏതൊരാൾക്കും ഈ സംഭവത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

സമരത്തിൽ പങ്കെടുക്കുന്ന കർഷക സംഘടനകൾ, സമരവുമായി ബന്ധപ്പെട്ടുള്ള സോഷ്യൽമീഡിയ അകൗണ്ടുകൾ, ക്യാംപെയിന് ഉപയോഗിക്കേണ്ട ഹാഷ്​ടാഗുകൾ എന്നിവയും ടൂള്‍ കിറ്റിലുണ്ട്. സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകേണ്ടതെല്ലാം ഈ ടൂൾ കിറ്റിലുണ്ടെന്നാണ് അറിയുന്നത്.

English Summary: Delhi Police writes to Google, social media giants seeking info on creators of 'toolkit'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA