ADVERTISEMENT

രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കാൻ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതിൽ ഭൂരിഭാഗവും പാക്കിസ്ഥാൻ അക്കൗണ്ടുകളാണെന്ന് ആരോപണം. ഇത്തരത്തിൽ പാക് ബന്ധമുള്ള 1178 അക്കൗണ്ടുകൾ കൂടി നീക്കം ചെയ്യാൻ ഇന്ത്യ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

 

നേരത്തെയും സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം പാക് ബന്ധമുള്ള അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു. ട്വിറ്ററിൽ നിന്ന് നീക്കംചെയ്യേണ്ട 1178 അക്കൗണ്ടുകളുടെ പട്ടിക കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയ കമ്പനിക്ക് അയച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകൾ പാക്കിസ്ഥാനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച്, രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കാൻ ട്വീറ്റ് ചെയ്യുകയായിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഏറ്റവും പുതിയ പട്ടിക ഫെബ്രുവരി നാലിനാണ് ട്വിറ്ററിനു അയച്ചത്.

 

ഈ അക്കൗണ്ടുകളെല്ലാം ഖാലിസ്ഥാൻ അനുഭാവികളുടെ അക്കൗണ്ടുകളായാണ് സുരക്ഷാ ഏജൻസികൾ ഫ്ലാഗുചെയ്തിരിക്കുന്നത്. ഈ അക്കൗണ്ടുകൾക്കെല്ലാം പാക്കിസ്ഥാന്റെ പിന്തുണയുള്ളതായും വിദേശത്തു നിന്ന് പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കർഷകരുടെ പ്രതിഷേധം ട്വീറ്റ് ചെയ്തുകൊണ്ട് രാജ്യത്ത് ഭീഷണി സൃഷ്ടിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ ആരോപിച്ചു. ഈ അക്കൗണ്ടുകളിൽ പലതും ഓട്ടോമേറ്റഡ് ബോട്ടുകളാണെന്നും കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും പ്രകോപനപരമായ ഉള്ളടക്കങ്ങളും പങ്കിടാനും വ്യാപിപ്പിക്കാനും ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി.

 

എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ പരാതികളിൽ ട്വിറ്റർ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. നേരത്തെ ജനുവരി 31 ന് 257 ട്വീറ്റുകളുടെയും അക്കൗണ്ടുകളുടെയും പട്ടിക സർക്കാർ അയച്ചിരുന്നു. എന്നാൽ ആദ്യം ഈ അക്കൗണ്ടുകളെല്ലാം നീക്കുകയും കൂടുതൽ പരിശോധനകൾക്ക് ശേഷം തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നു. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സാധുതയുള്ള നിയമപരമായ അഭ്യർഥനയ്ക്ക് മറുപടിയായാണ് ഇടക്കാലത്ത് ചില ട്വിറ്റർ അക്കൗണ്ടുകൾ തടഞ്ഞതെന്ന് ഇന്ത്യ ടുഡേയോട് ട്വിറ്റർ വക്താവ് പറഞ്ഞു.

 

ട്വിറ്ററിന് നൽകിയ ഏറ്റവും പുതിയ നിർദ്ദേശത്തിൽ സർക്കാർ ഫ്ലാഗുചെയ്ത അക്കൗണ്ടുകൾക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ട്വിറ്റർ സിഇഒ ജാക്ക് ഡോർസിക്ക് ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് വ്യക്തമായി അറിയാം, കർഷകർക്ക് അനുകൂലമായി നടത്തിയ രണ്ട് ട്വീറ്റുകൾക്ക് ലൈക്കടിച്ച് അദ്ദേഹം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

 

English Summary: India asks Twitter to remove 1178 more accounts, says they are Pakistani accounts tweeting on farmer protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com