sections
MORE

'കോർപറേറ്റ് നയങ്ങളല്ല, ഭരണഘടനയാണ് ഇന്ത്യയെ നയിക്കുന്നത്' ; ട്വിറ്ററിനെതിരെ ബിജെപി നേതാക്കൾ

Twitter
SHARE

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് 1,400 അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള സർക്കാർ നിർദേശത്തോട് ഭാഗികമായി മാത്രം പ്രതികരിച്ച ട്വിറ്ററിനെതിരെ ബിജെപി നേതാക്കൾ രംഗത്ത്. ആരും നിയമത്തിനു അതീതരല്ലെന്നും ട്വിറ്ററിന് അത്തരമൊരു വിചാരമുണ്ടെന്നാണ് തോന്നുന്നതെന്നും ഒരു നേതാവ് പ്രതികരിച്ചപ്പോൾ കോർപറേറ്റ് നിയമങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഭരണഘടനയെ ആധാരമാക്കിയാണ് രാജ്യ ഭരണമെന്നായിരുന്നു മറ്റൊരു നേതാവിൻറെ പ്രതികരണം. ട്വിറ്ററിലൂടെ തന്നെയാണ് ബിജെപി നേതാക്കൾ തങ്ങളുടെ പ്രതികരണം പുറത്തുവിട്ടതെന്നതാണ് രസകരമായ മറ്റൊരു കാര്യം. 

ഏതു നിയമമാണ് അനുസരിക്കേണ്ടതെന്നും ഏതാണ് അവഗണിക്കേണ്ടതെന്നും ട്വിറ്റർ സ്വയം തീരുമാനിക്കുകയാണെങ്കിൽ ഐടി, ഇലക്ട്രോണിക്സ് മന്ത്രാലയം ഇതിനെ സഗൗരവം കാണുകയും നടപടിയെടുക്കുകയും വേണമെന്ന് സൗത്ത് ബംഗളൂരു എംപിയും ബിജെപി യുവനിരയിലെ പ്രമുഖനുമായ തേജസ്വി സൂര്യ  ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ നിയമങ്ങൾക്കു മുകളിലാണ് തങ്ങളെന്ന ധാരണ ട്വിറ്ററിനുണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം തുടർന്നു.

രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണെന്നു  ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് ഓർമ്മപ്പെടുത്തി. രാജ്യത്തെ നിയമങ്ങളനുസരിച്ചാണ് ട്വിറ്റർ പ്രവർത്തിക്കേണ്ടതെന്നും അല്ലാതെ സ്വയം നിയമനിർമ്മാണത്തിന് അധികാരമില്ലെന്നും സന്തോഷിൻറെ ട്വീറ്റ് പറയുന്നു. ഒരു പ്ലാറ്റ്ഫോമാണെന്നാണ് നിങ്ങൾ പറയുന്നത്. എന്തെല്ലാം ഡിലീറ്റ് ചെയ്യണമെന്നും എന്തെല്ലാം ഡിലീറ്റ് ചെയ്യേണ്ട എന്നും നിങ്ങൾ തീരുമാനിക്കുന്നു. ഇന്ത്യയുടെ ഭരണ രീതികളുടെ അടിസ്ഥാന ശില ഭരണഘടനയാണെന്നും കോർപറേറ്റ് നിയമങ്ങളല്ലെന്നും ട്വീറ്റിൽ പറയുന്നു. 

കര്‍ഷക സമരവുമായി ബന്ധപ്പെട്ട 1,400 ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഭാഗികമായി നടപ്പാക്കിയെന്ന് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാരിന്‍റെ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള ചില അക്കൗണ്ടുകളാണ് ഇന്ത്യയില്‍ മരവിപ്പിച്ചത്. അതേസമയം, മാധ്യമസ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനാകില്ലെന്നും ട്വിറ്റര്‍ സര്‍ക്കാരിനെ അറിയിച്ചു. 

ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഇന്ത്യന്‍ നിയമങ്ങള്‍ ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമായിരിക്കുമെന്ന് ട്വിറ്റര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മറുപടി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്ലബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന് ശേഷം ഐടി മന്ത്രാലയം നല്‍കിയ വിവിധ ഉത്തരവുകളില്‍ അഞ്ഞൂറ് അക്കൗണ്ടുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. ചില അക്കൗണ്ടുകള്‍ എന്നത്തേക്കുമായി അടച്ചുപൂട്ടിയിട്ടുണ്ട്. അപകടകരമായ ഉള്ളടക്കങ്ങളുള്ള ഹാഷ്ടാഗുകളുടെ ട്രെന്‍ഡിങ് തടയാനും വ്യാജവാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിച്ചതായും ട്വിറ്റര്‍ ഇന്ത്യ അറിയിച്ചു. ഇതോടെയാണ് ട്വിറ്ററിനെ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ രംഗതെത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA