sections
MORE

വെറുതെയല്ല സക്കര്‍ബര്‍ഗ് ക്ലബ്ഹൗസിലെത്തിയത്! ഫെയ്സ്ബുക്കും അത്തരമൊരു ആപ്പ് നിർമാണം തുടങ്ങി?

Mark-Zuckerberg-Facebook
മാർക്ക് സക്കർബർഗ്.
SHARE

ഏതാനും ആഴ്ചകൾക്ക് മുൻപ്, 'ഇന്നു രാത്രി ക്ലബ്ഹൗസില്‍ കാണാമെന്ന്' ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ട്വീറ്റു ചെയ്തിരുന്നു. അതോടെ ക്ലബ്ഹൗസ് എന്ന പേര് ടെക്‌നോളജി ലോകം അറിയപ്പെടാൻ തുടങ്ങി. നാലര കോടിയോളം പേരാണ് മസ്‌കിനെ ട്വിറ്ററില്‍ പിന്തുടരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ഒരോ വാക്കിനും ചെവിയോര്‍ക്കുന്ന കോടിക്കണക്കിന് ആളുകള്‍ വേറെയുമുണ്ട്. എന്തിനേറെ, ചൈനയില്‍ പോലും ഈ ആപ് ലഭ്യമാണെന്ന് കണ്ടവർ അതില്‍ പ്രവേശിച്ച് രാജ്യത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പക്ഷേ, സംഭവം വാര്‍ത്തയായതോടെ ക്ലബ്ഹൗസിനെ ചൈന പുറത്താക്കുകയും ചെയ്തു. എന്നാല്‍, ക്ലബ്ഹൗസ് ഫ്രീയാണെങ്കിലും പ്രവേശിക്കണമെങ്കില്‍ അംഗമായ ആരെങ്കിലും ക്ഷണിക്കണമെന്ന നിബന്ധനയുണ്ട്.

എന്തായാലും, ഭാവിയില്‍ പല പ്രമുഖരും തങ്ങള്‍ക്കു പറയാനുള്ളതു അറിയിക്കാനായി ക്ലബ്ഹൗസ് ഉപയോഗിക്കുമെന്നും, അത് മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഒഴിച്ചുകൂടാനാകാത്ത ആപ്പാകുമെന്നും വാര്‍ത്തകള്‍ വന്നു. ഓഡിയോയിലൂടെ മാത്രമെ ക്ലബ്ഹൗസില്‍ സന്ദേശങ്ങള്‍ പോസ്റ്റു ചെയ്യാനാകൂ എന്ന സവിശേഷതയുമുണ്ട്. എന്തായാലും, എല്ലാവരെയും ഞെട്ടിച്ച് ക്ലബ്ഹൗസില്‍ നടന്ന ഒരു മീറ്റിങ്ങിലേക്ക് സക്ക്23 എന്നൊരു യൂസര്‍ കടന്നുവന്നു. അത് ഫെയ്‌സ്ബുക് മേധാവിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയായിരുന്നു. സമൂഹ മാധ്യമ മേഖല തന്റെ കൈപ്പിടിയില്‍ നില്‍ക്കണമെന്നു നിര്‍ബന്ധമുള്ള സക്കര്‍ബര്‍ഗ് ക്ലബ്ഹൗസിലെത്തിയതോടെ നിരവധി ഊഹാപോഹങ്ങൾ പ്രചിരിക്കാനും തുടങ്ങി. അദ്ദേഹം ഇതു വാങ്ങാനോ, അത്തരത്തിലൊന്ന് വികസിപ്പിച്ചെടുക്കാനോ ഉള്ള പുറപ്പാടായിരിക്കാമെന്നു ചിലര്‍ അന്നു തന്നെ പ്രവചിച്ചു. അത് അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. ഫെയ്സ്ബുക്കും ക്ലബ്ഹൗസ് പോലെയൊരു ആപ്പിന്റെ പണി തുടങ്ങിയിരിക്കുകയാണ്. ഇതേപ്പറ്റി അറിയാവുന്ന രണ്ടുപേരാണ് ഫെയ്സ്ബുക്കിന്റെ നീക്കം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ സമൂഹമാധ്യമ സാമ്രാജ്യം പുതിയ രീതിയില്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് സക്കര്‍ബര്‍ഗ്.

അതീവ ഗൗരവമുള്ളവയടക്കം വിവിധ തരം ചാറ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ആപ് എന്ന സ്ഥാനം ക്ലബ്ഹൗസ് കൈപ്പിടിയിലൊതുക്കുമോ എന്ന പേടിയായിരിക്കാം ഫെയ്‌സ്ബുക് മേധാവിയെ നയിക്കുന്നത്. ഇത്തരത്തിലുള്ള ഭയം മൂലമാണ് വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഒക്യുലസും എല്ലാം സക്കര്‍ബര്‍ഗ് സ്വന്തമാക്കിയതെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. ക്ലബ്ഹൗസ് പോലെയൊരു ആപ്പ് വികസിപ്പിക്കാനുള്ള ഉത്തരവ് ഫെയ്‌സ്ബുക്കിന്റെ ഡവലപ്പര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഒരു കോഡ് നാമം ഉപയോഗിച്ചാണ് പ്രൊജക്ട് തുടങ്ങിയിരിക്കുന്നത്. അത് മാറിയേക്കാമെന്നും പറയുന്നു. എന്നാല്‍, വര്‍ഷങ്ങളായി ആളുകളെ ഓഡിയോ, വിഡിയോ മാധ്യമങ്ങള്‍ വഴി കണക്ടു ചെയ്യുന്ന തങ്ങള്‍ക്ക് ഇതൊന്നും പുത്തരിയല്ലെന്നാണ് ഫെയ്‌സ്ബുക് വക്താവ് എമിലി ഹസ്‌കെല്‍ പറഞ്ഞത്. അതേസമയം, ക്ലബ്ഹൗസ് പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

∙ വാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ കോപ്പിയടിക്കും!

വാങ്ങാന്‍ സാധിക്കാത്ത ആപ്പുകളുടെ മികവുകള്‍ കോപ്പിയടിക്കുക എന്നത് ഫെയ്‌സ്ബുക്കിനു ശീലമായി പോയി എന്നാണ് ചിലര്‍ ആരോപിക്കുന്നത്. സമൂഹമാധ്യമ രംഗത്ത് ഉപയോക്താക്കളെ ആകര്‍ഷിച്ച സാങ്കേതികവിദ്യകള്‍ കാല്‍ക്കീഴിലാക്കുക എന്നത് ഫെയ്‌സ്ബുക്കിന്റെ ലഹരിയാണ്. വാങ്ങാന്‍ സാധിക്കാത്ത ആപ്പുകളുടെ ഫീച്ചറുകള്‍ തങ്ങളുടെ ആപ്പുകളില്‍ ഉള്‍ക്കൊള്ളിക്കുക എന്നതാണ് കമ്പനി മേധാവിയുടെ മറ്റൊരു വിനോദം. സ്‌നാപ്ചാറ്റിനു മാത്രമുണ്ടായിരുന്ന പല ഫീച്ചറുകളും ഇന്‍സ്റ്റഗ്രാമിലേക്ക് 2016ല്‍ പകര്‍ത്തിവച്ചത് തന്നെ ഉത്തമോദാഹരണമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ടിക്‌ടോക്കിനെ അനുകരിക്കാനായി ഇന്‍സ്റ്റഗ്രാം റീല്‍സ് അവതരിപ്പിച്ചത് മറ്റൊരു ഉദാഹരണമാണ്. സൂം വിഡിയോ കോളിങ് ആപ്പ് കളംപിടിക്കുമെന്നു തോന്നിയപ്പോള്‍ ഫെയ്‌സ്ബുക് റൂംസ് സൃഷ്ടിച്ചതും ഓര്‍ക്കാം. ന്യൂസ് ലെറ്ററുകളില്‍ ഏറെ പ്രശസ്തമാണ് സബ്സ്റ്റാക്. ഈ വര്‍ഷം സബ്‌സറ്റാക്കിന്റെ ഫീച്ചറുകളുള്ള സേവനം ഒരുക്കുന്ന ജോലിയും ഫെയ്‌സ്ബുക് തുടങ്ങിക്കഴിഞ്ഞു.

പോള്‍ ഡേവിസണും, റോഹന്‍ സേത്തും ചേര്‍ന്ന് കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചതാണ് ക്ലബ്ഹൗസ്. സ്വകാര്യമായ, ക്ഷണം കിട്ടിയാല്‍ മാത്രം അംഗമാകാവുന്ന ആപ്പായാണ് അവതരിപ്പിച്ചിരിക്കുന്നത്. സിലിക്കന്‍ വാലിയിലെ പ്രമുഖരുടെ ഐഫോണില്‍ മാത്രം ഉണ്ടായിരുന്ന ഈ ആപ് കാര്യമായി ആകര്‍ഷിച്ചുവെങ്കിലും മറ്റുള്ളവർ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നില്ല. അതായത് മസ്‌കിന്റെ ട്വീറ്റ് വരുന്നത് വരെ.

clubhouse

∙ പ്രവര്‍ത്തനം

ക്ലബ്ഹൗസില്‍ സൈന്‍-അപ് ചെയ്തശേഷം നിങ്ങള്‍ക്ക് വിവിധ റൂമുകള്‍ സൃഷ്ടിക്കാം. വിഡിയോ ചാറ്റിനു പകരം ക്ലബ്ഹൗസ് ഓഡിയോ ചാറ്റാണ് ഉപയോഗിക്കുന്നതെന്നു മാത്രം. റൂമുകള്‍ ഉറ്റവര്‍ക്കുള്ളതായും, ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നവയായും സൃഷ്ടിക്കാം. മഹാമാരിയുടെ സമയത്താണ് ക്ലബ്ഹൗസിന്റെ പ്രാധാന്യം വര്‍ധിച്ചത്. ഒറ്റപ്പെട്ട ആളുകള്‍ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള വഴി തേടി. അതോടെ, കൂടുതല്‍ പേര്‍ ക്ലബ്ഹൗസിലേക്കെത്തി. ജര്‍മനി, ഇറ്റലി, ജപ്പാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ ആപ്പിളിന്റെ ആപ്‌സ്റ്റോറില്‍ മുന്‍പന്തിയിലേക്ക് ഉയര്‍ന്നു. ഇപ്പോള്‍ ആപ്പിന് ആഴ്ചയില്‍ 20 ലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് ഡേവിസണും സേത്തും പറയുന്നത്. നിരവധി സെലബ്രിറ്റികള്‍ ആപ്പിലെത്തിക്കഴിഞ്ഞു. ആപ്പിന്റെ സാധ്യതകള്‍ പണമിറക്കാന്‍ ഒരുങ്ങുന്നവര്‍ക്കും മനസ്സിലായി. ഈ വര്‍ഷം ജനുവരിയില്‍ മാത്രം 100 ദശലക്ഷം ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കാനായി ക്ലബ്ഹൗസിന്റെ ഇപ്പോഴത്തെ മൂല്യം ഏകദേശം 100 കോടി ഡോളറാണെന്നു പറയുന്നു. കഴിഞ്ഞ വര്‍ഷം ആപ്പിന് ഏകദേശം 10 കോടി ഡോളറായിരുന്നു മൂല്യം. അതേസമയം, ഫെയ്‌സ്ബുക് മാത്രമല്ല ക്ലബ്ഹൗസ് പ്രശസ്തമാക്കിയ ഓഡിയോ ചാറ്റ് കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ട്വിറ്ററും ഒരുകൈ നോക്കാമെന്നു കരുതുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English Summary: Facebook may have started to develop Clubhouse-like app

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA