sections
MORE

ട്രംപിന്റെ അന്ത്യശാസനം ‘തള്ളി’, ടിക്ടോക് വിൽക്കില്ല, കമ്പനികളുമായി ചർച്ചയും നടത്തില്ല

1200-tiktok
SHARE

ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് പ്രവര്‍ത്തനാവകാശം കൈമാറുകയോ പൂട്ടുകയോ ചെയ്യാനായിരുന്നു ട്രംപ് ഭരണകൂടം ടിക്‌ടോക് ഉടമയായ ബൈറ്റ്ഡാന്‍സിന് നല്‍കിയിരുന്ന അന്ത്യശാസനം. എന്നാല്‍, ലോബിയിങ്ങിലൂടെ അത് നേര്‍പ്പിച്ചെടുക്കാന്‍ ട്രംപിന്റെ ഭരണകാലത്തു തന്നെ ബൈറ്റ്ഡാന്‍സിനു സാധിച്ചിരുന്നു. യുഎസ് ഉപയോക്താക്കളുടെ ഡേറ്റ കൈകാര്യം ചെയ്യുന്നത് അമേരിക്കന്‍ കമ്പനിയായ ഓറക്കിളിനെ ഏല്‍പ്പിക്കാമെന്നും, വാള്‍മാര്‍ട്ട് അടക്കം പല കമ്പനികള്‍ക്കും ടിക്‌ടോക്കിന്റെ ഓഹരികള്‍ നല്‍കാമെന്നുമായിരുന്നു കമ്പനി പറഞ്ഞുവന്നത്. ഇതെല്ലാം നടത്താൻ അടിയന്തര ചര്‍ച്ചകളാണ് അണിയറയില്‍ നടക്കുന്നതെന്നു വരുത്തിത്തീര്‍ക്കാനും ബൈറ്റ്ഡാന്‍സിനു സാധിച്ചു. എന്നാല്‍, ഇത്തരത്തിലുളള ചര്‍ച്ചകള്‍ ഒരിടത്തും എത്തിയില്ല. എന്തായാലും അമേരിക്കയില്‍ ജോ ബൈഡന്‍ ഭരണകൂടം എത്തിയതോടെ എല്ലാ ചര്‍ച്ചകളും അവസാനിപ്പിച്ച പോലെയാണ് ബൈറ്റ്ഡാന്‍സ്. തങ്ങള്‍ ഇനി ടിക്‌ടോക് വില്‍ക്കാനോ, കമ്പനിയുടെ ഉടമസ്ഥാതാവകാശം പങ്കുവയ്ക്കാനോ ഉള്ള ചര്‍ച്ചകള്‍ ഓറക്കിളുമായോ മറ്റേതെങ്കിലും കമ്പനിയുമായോ നടത്തുന്നില്ലെന്ന നിലപാടിലേക്ക് ബൈറ്റ്ഡാന്‍സ് മാറി.

എല്ലാ ചര്‍ച്ചകളില്‍ നിന്നും ബൈറ്റ്ഡാന്‍സ് പിന്‍വാങ്ങിയേക്കുമെന്ന കാര്യം ചൈനീസ് പത്രമായ സൗത് ചൈനാ മോണിങ് പോസ്റ്റാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, അതിനര്‍ഥം അമേരിക്കന്‍ സർക്കാരുമായുള്ള ചര്‍ച്ചകള്‍ ബൈറ്റ്ഡാന്‍സ് അവസാനിപ്പിക്കാമെന്നല്ല. മറിച്ച് പുതിയ ഘടനയോടെ അമേരിക്കയില്‍ പ്രവര്‍ത്തനം തുടരാനാണ് കമ്പനി ശ്രമിക്കുന്നതെന്നു പറയുന്നു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു പറഞ്ഞാണ് ടിക്‌ടോക്കിന്റെ പ്രവര്‍ത്തനം മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരോധിക്കാന്‍ ശ്രമിച്ചത്. അമേരിക്കയില്‍ ടീനേജര്‍മാരുടെ ഹരമായ ടിക്‌ടോക്ക് ഒരു വൈറല്‍ ആപ്പായി തീരുകയായിരുന്നു. ഇത് നിരോധിച്ചാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന ഭീതിയാണ് ടിക്ടോക്കിനെതിരെ പെട്ടെന്നുള്ള നീക്കത്തിൽ നിന്ന് ട്രംപിനെ തടഞ്ഞതെന്നു പറയുന്നു.

ട്രംപ് ഭരണകൂടം ഉന്നയിച്ച തരത്തിലുള്ള ആശങ്കകൾ ഉണ്ടാകാത്ത രീതിയില്‍ ബൈഡന്‍ സർക്കാരിന്റെ വിശ്വാസമാര്‍ജ്ജിച്ച് മുന്നോട്ടു നീങ്ങാനാണ് ബൈറ്റ്ഡാന്‍സ് ഇനി ശ്രമിക്കുക. തങ്ങളുടെ ആപ്പായ ടിക്‌ടോക് അമേരിക്കയ്ക്ക് ഒരു സുരക്ഷാ ഭീഷണിയും ഉണ്ടാക്കുന്നില്ലെന്ന നിലപാടാണ് വിവാദം തുടങ്ങിയ കാലം മുതല്‍ ബൈറ്റ്ഡാന്‍സ് കൈക്കൊണ്ടുവന്നത്. എന്നാല്‍, ട്രംപ് ഭരണകൂടം എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറക്കിയതോടെ അമേരിക്കന്‍ കമ്പനികളുമായി ചര്‍ച്ചചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയിലുമായിരുന്നു കമ്പനി. ടിക്‌ടോക്കിന്റെ അമേരിക്കന്‍ വിഭാഗത്തിനു മാത്രം ഏകദേശം 50 ബില്ല്യന്‍ ഡോളർ മൂല്യമുണ്ടെന്നായിരുന്നു വിലയിരുത്തലുകള്‍. കമ്പനി ഏകദേശം 10 ബില്ല്യന്‍ ഡോളറിന് മൈക്രോസോഫ്റ്റിന് വിറ്റ് ഒഴിവാക്കണമെന്നായിരുന്നു അനൗദ്യോഗിക ഉത്തരവ്.

എന്നാല്‍, അതില്‍ കൂടുതല്‍ പണം തങ്ങള്‍ തരാമെന്നു പറഞ്ഞ് ഓറക്കിളും ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമയായ വാള്‍മാര്‍ട്ടും ചാടി വീണത് തരമാക്കി ബൈറ്റ്ഡാന്‍സ് ഈ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നു വരുത്തിതീർത്തു. അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ട, തങ്ങള്‍ സഹായിക്കാമെന്നു പറഞ്ഞാണ് പ്രമുഖ ക്ലൗഡ് സേവന ദാതാവായ ഓറക്കിളും, റീട്ടയില്‍ വില്‍പ്പനാ ഭീമന്‍ വാള്‍മാര്‍ട്ടും രംഗത്തെത്തിയത്. അതിനായി അവര്‍ ടിക്‌ടോക് ഗ്ലോബല്‍ എന്നൊരു പുതിയ കമ്പനിയും തുടങ്ങി. ഈ നീക്കത്തിന് ട്രംപിന്റെ ആശീര്‍വാദവും ലഭിച്ചു. എന്നാല്‍, ഇടപാട് നടപ്പിലാക്കാന്‍ ട്രംപിന് തന്റെ ഭരണം തീരുന്നതിനു മുൻപ് സാധിച്ചില്ലെന്നതാണ് ഇപ്പോള്‍ ബൈറ്റ്ഡാന്‍സ് വീണ്ടും തലപൊക്കാന്‍ കാരണമായിരിക്കുന്നത്.

ടിക്‌ടോക്കും ഓറക്കിളും തമ്മിലുള്ള ചര്‍ച്ചകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ദി വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ടു ചെയ്യുന്നു. അതിന്റെ കാരണം ബൈഡന്‍ ഭരണകൂടം, ട്രംപിന്റെ ചൈനാ വിരുദ്ധ നയങ്ങള്‍ സൂക്ഷ്മമായി പഠിക്കാന്‍ തരുമാനിച്ചിരിക്കുന്നു എന്ന വാര്‍ത്തകളാണെന്നു പറയുന്നു. ടിക്‌ടോക് കൂടാതെ, വാവെയ്, സെഡ്ടിഇ തുടങ്ങിയ പല ടെക്‌നോളജി കമ്പനികളും ട്രംപിന്റെ ചൈനാ വിരോധത്തിന്റെ ചൂടറിഞ്ഞിരുന്നു. ഗൂഗിളിനോട് തങ്ങളുടെ ആന്‍ഡ്രോയിഡ് ഇനി വാവെയ്ക്കു നല്‍കരുതെന്ന് ഉത്തരവിട്ടതോടെ കമ്പനിക്ക് സ്വന്തം സോഫ്റ്റ്‌വെയര്‍ നിർമിക്കേണ്ടതായി വന്നു. ഫോണിന്റെ പ്രോസസര്‍ നിര്‍മാണത്തിനുള്ള ഘടകഭാഗങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയിലേക്കെത്തി. ഫോണ്‍ നിര്‍മാണം വിറ്റൊഴിവാക്കാന്‍ വാവെയ് ശ്രമിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ബൈഡന്‍ ഭരണകൂടം ചൈനയ്‌ക്കെതിരെയുള്ള നിലപാട് മയപ്പെടുത്തിയാല്‍ അത് വന്‍ മാറ്റങ്ങള്‍ക്കു വഴിവച്ചേക്കും. ലോകത്തിന്റെ നിര്‍മാണ ശാലയായ ചൈനയുമായുള്ള ബന്ധം ഭാഗികമായെങ്കിലും പുനഃസ്ഥാപിച്ചാല്‍, 5ജി അടക്കമുള്ള സാങ്കേതികവിദ്യകള്‍ വേഗത്തില്‍ വന്നേക്കും. എന്നാല്‍, ചൈന സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നാണ് ബൈഡന്‍ ഭരണകൂടവും കണ്ടെത്തുന്നതെങ്കില്‍ ചൈനീസ് കമ്പനികള്‍ക്ക് ട്രംപിനെ പറ്റിച്ചതു പോലെ അമേരിക്കയെ ഇനി പറ്റിക്കാനും കഴിയില്ല.

English Summary: ByteDance shelves Oracle-TikTok deal for US operations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA