ADVERTISEMENT

ഇന്ന് മാർച്ച് 8. ലോക വനിതാ ദിനം. ലോകത്തെ മുന്‍നിര കമ്പനിയായ ഗൂഗിളിന്റെ പിറവിക്ക് ആദ്യ സഹായം നൽകിയ ആ യുവതിയെ കുറിച്ചാണ് പറയുന്നത്. ഇവരെ കൂടുതൽ പേർക്കും അറിയില്ല. എന്നാൽ, യൂട്യൂബിന്റെ ഇന്നത്തെ സിഇഒ ആരെന്ന് ചോദിച്ചാൽ സൂസൻ വോജിസ്കി എന്ന് പറയും. അതെ, ലോകത്തെ നമ്പർ വൺ സെർച്ച് എൻജിൻ കമ്പനിയായ ഗൂഗിളിന്റെ ഓരോ വിജയത്തിലും അന്നും ഇന്നും ഈ വനിതയുണ്ട്. അഞ്ചു മക്കളുടെ അമ്മയായ സൂസൻ വോജിസ്കി.

 

1998 ല്‍ സ്വന്തം സംരംഭമെന്ന സ്വപ്‌നവുമായി സെര്‍ജി ബ്രിന്നും ലാറി പേജും എത്തിയപ്പോള്‍ ആദ്യമായി ഗ്യാരേജ് വാടകയ്ക്ക് നല്‍കിയത് സൂസന്‍ വോജിസ്‌കിയാണ്. ഈ തീരുമാനം അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത് മറ്റൊരു വസ്തുത. 1998 സെപ്റ്റംബര്‍ നാലിനാണ് ഗൂഗിള്‍ എന്ന പേരില്‍ പുതിയ കമ്പനി തുടങ്ങിയത്. ഇന്റലിലെ ഉന്നതജോലി ഉപേക്ഷിച്ചാണ് വോജിസ്കി ഗൂഗിളിൽ ചേരുന്നത്. കമ്പനിയുടെ പതിനാറാമത് ഉദ്യോഗസ്ഥയായി അവര്‍ ഗൂഗിളില്‍ നിയമിക്കുമ്പോൾ ടെക്ക് ലോകത്ത് അതൊരു വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഗൂഗിളിൽ ചേരുമ്പോൾ വോജിസ്കി നാല് മാസം ഗര്‍ഭിണിയായിരുന്നു.

 

സിലിക്കണ്‍ വാലിക്കാരിയായ വോജിസ്കി സാന്റ ക്ലാരയിലെ ഹൈസ്‌കൂളിലാണ് പഠിച്ചത്. പിന്നീട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. ഇതിനു ശേഷം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്താക്രൂസില്‍ നിന്നും സയന്‍സ് ആന്‍ഡ് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം. ഹിസ്റ്ററിയിലും ഇക്കണോമിക്‌സിലും ആയിരുന്നു താൽപര്യമെങ്കിലും ടെക്‌നോളജിയോടു തോന്നിയ പാഷനാണ് വോജിസ്കിയെ വഴി തിരിച്ചു വിട്ടത്.

 

ഗൂഗിളിലുണ്ടായിരുന്ന സമയം മുഴുവന്‍ അവിടെ തന്റെ പ്രഭാവം നിലനിര്‍ത്താന്‍ വോജിസ്കിക്കു സാധിച്ചു. ആദ്യമായി കമ്പനി ഗാരേജില്‍ നിന്നും മൗണ്ടന്‍ വ്യൂവിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ ബ്രിന്നിനോടും പേജിനോടും നിര്‍ദേശിച്ചതും വോജിസ്കി ആയിരുന്നു. ഗൂഗിൾ ആഡ്‌സെൻസ്, ആഡ്‌വേർഡ്സ് തുടങ്ങി സര്‍വീസുകള്‍ക്ക് പിന്നിലും വോജിസ്കി തന്നെയായിരുന്നു. പ്രതിദിനം ഏകദേശം 181.69 ബില്ല്യൻ ഡോളറാണ് ഇന്ന് പരസ്യവരുമാനമായി ഗൂഗിളിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

 

സെര്‍ച്ച് എന്‍ജിനുകളില്‍ വച്ചേറ്റവും പ്രധാനമായ സ്ഥാനമാണ് ഗൂഗിളിന്. ഗൂഗിളിന്റെ ഈയൊരു പ്രാധാന്യം നേടിയെടുക്കുന്നതില്‍ വോജിസ്കി വഹിച്ച പങ്കു ചെറുതല്ല. ഗൂഗിളിന്റെ ആദ്യനാളുകളില്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റുകളില്‍ സെര്‍ച്ച് ബാര്‍ കൊണ്ടുവരാന്‍ വോജിസ്കി നടത്തിയ ശ്രമം വിജയകരമായിരുന്നു. ഇന്റര്‍നെറ്റ് ലോകത്ത് ഗൂഗിളിന്റെ ചുവടുറപ്പിക്കാന്‍ ആ പരിശ്രമത്തിനു കഴിഞ്ഞു. യാതൊരുവിധ ചെലവുകളും ഇല്ലാതെയാണ് വോജിസ്കി ഇത് നേടിയെടുത്തത്. ഇന്ന് 3.5 ബില്ല്യന്‍ സെര്‍ച്ചുകളാണ് പ്രതിദിനം ഗൂഗിൾ സെർച്ച് എൻജിൻ വഴി നടക്കുന്നത്.

 

2006 നവംബറില്‍ വോജിസ്കി അന്നത്തെ തങ്ങളുടെ പ്രധാന പ്രതിയോഗിയായിരുന്ന യുട്യൂബ് ഏറ്റെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. 2007 ല്‍ ആഡ് സര്‍വീസ് ആയിരുന്ന ഡബിള്‍ക്ലിക്ക് ഏറ്റെടുക്കാനും സാധിച്ചതോടെ ഗൂഗിളിന്റെ പരസ്യ സര്‍വീസായ ആഡ്വേര്‍ഡ്‌സ് പ്ലാറ്റ്‌ഫോമിന്റെ വികസനത്തിനു ഏറെ സഹായകമായിത്തീര്‍ന്നു.

 

കുടുംബജീവിതവും ജോലിയും ഒരേപോലെ കൊണ്ടുപോവാന്‍ സാധിച്ചു എന്നതാണ് വോജിസ്കിയുടെ ഏറ്റവും വലിയ വിജയം. 2014 ആയപ്പോഴേയ്ക്കും യുട്യൂബിന്റെ സിഇഒ ആയിക്കഴിഞ്ഞിരുന്നു വോജിസ്കി. ആ വര്‍ഷം ഡിസംബറില്‍ തന്റെ അഞ്ചാം പ്രസവാവധി എടുക്കുന്നതിനു മുന്‍പേ വാൾസ്ട്രീറ്റ് ജേണലിൽ ജോലിയും കുടുംബജീവിതവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോവാം എന്നതിനെ കുറിച്ച് വോജിസ്കി എഴുതി.

 

പന്ത്രണ്ടാഴ്ചയായിരുന്ന പ്രസവാവധി പതിനെട്ട് ആഴ്ചയാക്കി ഗൂഗിളിന്റെ മെറ്റേർണിറ്റി ലീവ് പോളിസി പുതുക്കിയതും വോജിസ്കിയാണ്. ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോവാനാവാതെ ഐടി ജോലി ഉപക്ഷിച്ചു പോയിരുന്ന അമ്മമാരുടെ എണ്ണത്തില്‍ അതോടെ അമ്പതു ശതമാനം കുറവു വന്നു. നീണ്ടകാലം ശമ്പളത്തോടു കൂടിയ പ്രസവാവധി ഉദ്യോഗസ്ഥകളായ അമ്മമാരുടെ ടെന്‍ഷന്‍ കുറയ്ക്കാനും ജോലിയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി തിരിച്ചെത്താനും അവരെ സഹായിക്കുമെന്ന വോജിസ്കിയുടെ കണ്ടെത്തല്‍ തീര്‍ത്തും ശരിയായിരുന്നു. അമ്മമാര്‍ക്ക് മാത്രമല്ല, അച്ഛന്മാര്‍ക്കും ഏഴ് ആഴ്ച ലീവുണ്ട്. പുതിയൊരു കുഞ്ഞു കൂടി ജീവിതത്തിലേയ്ക്ക് വരുന്നതിന്റെ സന്തോഷത്തിനായി പ്രത്യേക ബോണസും ഏര്‍പ്പെടുത്തി.

 

'പുരുഷന്മാരും സ്ത്രീകളും സിഇഒ സ്ഥാനത്തിരിക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും അവരുടെ കരിയര്‍ ഗ്രാഫ് വിജയകരമായി ഉയര്‍ത്തുകയും ചെയ്തവരാണ്. കഴിവ് മാത്രമല്ല, അങ്ങേയറ്റത്തെ അര്‍പ്പണബോധം, ജോലിയോടുള്ള ആത്മാര്‍ഥത എന്നിവ കൂടി ഉള്ളവര്‍ക്കേ അത് സാധിക്കൂ. ലിംഗവ്യത്യാസമില്ലാതെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് അവരെത്രത്തോളം സംഭാവനകള്‍ നല്‍കി എന്നതാണ് കണക്കിലെടുക്കപ്പെടുന്നതെന്നും വോജിസ്കി പറയുന്നു.

 

സാങ്കേതിക മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പ്രസവാവധി നീട്ടിയത് സഹായകമാവുമെന്ന് വോജിസ്കി പറയുന്നു. ടെക് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിതയായി ടൈം, ഫോര്‍ബ്‌സ്, വുമന്‍ ഇന്‍ ടെക് മാഗസിനുകള്‍ അവരെ തിരഞ്ഞെടുത്തിരുന്നു. 580 ദശലക്ഷം ഡോളര്‍ (ഏകദേശം 4246.75 കോടി രൂപ) ആസ്തിയുള്ള വോജിസ്കി അമേരിക്കയിലെ തന്നെ ഏറ്റവും സമ്പന്നയായ വനിതകളില്‍ ഒരാളാണ്.

 

2014 ല്‍ യുട്യൂബ് റെഡ് അവതരിപ്പിച്ചു. യുട്യൂബിനെ കൂടുതല്‍ സ്വാധീനമുള്ള മാധ്യമമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു ബില്ല്യന്‍ ആളുകള്‍ യുട്യൂബില്‍ ഉണ്ടായിരുന്നെങ്കിലും ലാഭകരമായിരുന്നില്ല. ലൈവ് പ്രോഗ്രാമിംഗ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയെല്ലാം പ്രമോട്ട് ചെയ്തു കൊണ്ട് ആ അവസ്ഥയെ തരണം ചെയ്യാന്‍ വോജിസ്കി പരിശ്രമിച്ചു. 2014 ഒക്ടോബറില്‍ യു ട്യൂബ് റെഡില്‍ പത്തു ഡോളറിന്റെ പരസ്യരഹിത സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചു.

 

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് യുട്യൂബ്. 2.6 ബില്ല്യന്‍ പേര്‍ ഫെയ്സ്ബുക് ഉപയോഗിക്കുമ്പോള്‍ 2.3 ബില്ല്യന്‍ പേരാണ് പ്രതിദിനം യുട്യൂബ് കാണുന്നത്. ഇന്ന് ആഗോള സാങ്കേതിക ലോകത്ത് ഒഴിവാക്കപ്പെടാനാവാത്ത ഒരു പേരാണ് വോജിസ്കിയുടേതെന്ന് നിസ്സംശയം പറയാം. ഗൂഗിളില്‍ നിന്നും തുടങ്ങി യുട്യൂബ് സിഇഒ വരെ എത്തി നില്‍ക്കുന്ന അവരുടെ ജീവിതത്തില്‍ നിന്നും ഇനിയുമേറെയുണ്ട് പ്രതീക്ഷിക്കാന്‍.

 

English Summary: The career rise of Susan Wojcicki, who rented her garage to Google's founders in 1998 and is now the CEO of YouTube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com