രാജ്യാന്തര ഉപയോക്താക്കളെ വരെ ലക്ഷ്യമിട്ട് റിലയന്‍സ് ആദ്യമായി അവതരിപ്പിച്ച സേവനങ്ങളിലൊന്നായിരിക്കാം ഹെര്‍ സര്‍ക്കിള്‍. ഇത് സ്ത്രീകള്‍ക്കു മാത്രമുള്ള സമൂഹ മാധ്യമ സേവനമാണ്. റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സൻ നിതാ മുകേഷ് അംബാനിയാണ് സ്ത്രീകള്‍ക്കുളള ഒരു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. റിലയൻസിന്റെ ഒരു അപ്രതീക്ഷിത നീക്കവുമാണിത്.
റിലയന്‍സിന്റെ പണക്കരുത്തുപയോഗിച്ച് ആഗോള വിപണിയില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ഓന്നാണ് പുതിയ സമൂഹ മാധ്യമം. എന്നാല്‍, ഇന്ത്യയില്‍ മാത്രമായിരിക്കുമോ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. ഹെര്‍ സര്‍ക്കിള്‍ എന്ന പേരില്‍ അവതരിപ്പിച്ച സേവനം വഴി സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്കു വേണ്ട എല്ലാത്തരം ഉള്ളടക്കവും ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്‌ഫോമായിരിക്കും ഇത്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും സ്ത്രീകളെ തമ്മില്‍ ബന്ധിപ്പിക്കാനും ഉദ്ദേശിച്ചാണ് ഹെര്‍ സര്‍ക്കിളിനു തുടക്കമിടുന്നതെന്ന് നിതാ അംബാനി പറഞ്ഞു.
ഹെര്‍സര്‍ക്കിള്‍.ഇന്‍ (HerCircle.in) എന്ന വലയം സൃഷ്ടിക്കുക വഴി ദശലക്ഷക്കണക്കിനു സ്ത്രീകള്‍ക്ക് പിന്തുണയും ഐക്യവും കൊണ്ടുവരാനാകുമെന്നതില്‍ താന്‍ സന്തുഷ്ടയാണെന്ന് നിത പറഞ്ഞു. ഓരോ സ്ത്രീയെയും ഇതില്‍ ചേരാന്‍ ക്ഷണിക്കുന്നുവെന്നും ഇത് തന്റെ സ്വന്തം പ്ലാറ്റ്‌ഫോമാക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഡിജിറ്റല്‍ വിപ്ലവം വഴി 24 മണിക്കൂറും നെറ്റ്‌വര്‍ക്കിങും സഹകരണവും സാധ്യമാകും. ഹെര്‍ സര്‍ക്കിള്‍ എല്ലാ സംസ്‌കാരത്തിലും വിഭാഗങ്ങളിലും രാജ്യങ്ങളിലുമുള്ള സ്ത്രീകളില്‍ നിന്നും ആശയങ്ങളും പ്രവര്‍ത്തനങ്ങളും ക്ഷണിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തുല്യതയുള്ള സഹോദരീ സമൂഹമായി തീരാനുള്ള പുതിയ പ്ലാറ്റ്‌ഫോമിന്റെ ആഗ്രഹത്തെക്കുറിച്ചും നിത പറഞ്ഞു.
ഹെര്‍ സര്‍ക്കിളിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വിഡിയോകള്‍ കാണാം, ലേഖനങ്ങള്‍ വായിക്കാം, വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം അന്വേഷിക്കാം. ജീവിതം, സാമ്പത്തികപരം, ജോലി, വ്യക്തിത്വ വികസനം, സമൂഹ സേവനപരമായ കാര്യങ്ങൾ, സൗന്ദര്യം, ഫാഷന്‍, വിനോദം, സര്‍ഗാത്മകത തുടങ്ങിയ മേഖലകളിലും പുതിയ സമൂഹ മാധ്യമം മുന്നിട്ടു നില്‍ക്കാന്‍ ശ്രമിക്കും. സ്ത്രീകള്‍ നയിക്കുന്ന എന്‍ജിഒകള്‍ വഴി പൊതുജീവിതത്തിലുള്ള ഇടപെടല്‍ പോലും വിഭാവനം ചെയ്യുകയാണ് ഹെര്‍ സര്‍ക്കിള്‍.
സ്ത്രീകള്‍ സ്ത്രീകളെ സഹായിക്കാനിറങ്ങുമ്പോള്‍ അവിശ്വസനീയമായ കാര്യങ്ങള്‍ സംഭവിക്കും. തന്റെ ജീവിതത്തിലുടനീളം തനിക്കു ചുറ്റും ശക്തരായ സ്ത്രീകളുണ്ടായിരുന്നുവെന്നും അവരില്‍ നിന്നെല്ലാം താന്‍ സഹാനുഭൂതി, ശക്തിയാര്‍ജിക്കല്‍, ശുഭാപ്തിവിശ്വാസം തുടങ്ങിയവ നേടിയെടുത്തിട്ടുണ്ട്. ഇതിനു പകരമായി തന്റെ അറിവ് മറ്റു സ്ത്രീകളുമായി പങ്കുവച്ചിട്ടുണ്ടെന്നും നിത പറയുന്നു. പതിനൊന്നു പെണ്‍കുട്ടികളില്‍ ഒരുവളായി വളര്‍ന്നുവന്ന തന്നെ അത്മവിശ്വാസമാര്‍ജിക്കാന്‍ പലരും പഠിപ്പിച്ചിരുന്നു. അതു പോലെ തന്റെ മകള്‍ ഇഷയില്‍ നിന്ന് തനിക്ക് നിരുപാധികമായ സ്‌നേഹവും ആത്മവിശ്വാസവും ലഭിക്കുന്നുണ്ടെന്നും നിത പറഞ്ഞു. ഇത് തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിത്തിരിക്കാനുളള കരുത്തു നല്‍കുന്നു. തന്റെ മരുകമകള്‍ ശ്ലോകയാണ് തനിക്ക് സഹാനുഭൂതിയും ക്ഷമയും പഠിപ്പിച്ചു തന്നതെന്നും നിത വ്യക്തമാക്കി.
ഹെര്‍ സര്‍ക്കിള്‍ വഴി സ്ത്രീകള്‍ക്ക് വിവിധ വിഷയങ്ങളില്‍ റിലയന്‍സിന്റെ വിദഗ്ധരില്‍ നിന്ന് ഉത്തരം തേടാം. സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ് സംരംഭം, സാമ്പത്തികം, ദാനധര്‍മം നടത്തല്‍, മാര്‍ഗദര്‍ശനം തേടല്‍, നേതൃപാടവം തുടങ്ങി നിരവധി മേഖലകളെ ഒരു കുടക്കീഴിലൊതുക്കാനാണ് പുതിയ ഉദ്യമത്തിലൂടെ നിത ശ്രമിക്കുന്നത്.
തന്റെ നിലവിലുള്ള വിദ്യാഭ്യാസം, വൈഭവം അടുത്ത തട്ടിലേക്ക് എത്തിക്കാന്‍ സഹായിക്കുക, പുതിയ തൊഴിലവസരങ്ങള്‍ തേടുന്ന സ്ത്രീകള്‍ക്ക് ആശ്രയമാകാനും പുതിയ സംരംഭം ലക്ഷ്യമിടുന്നു. വിദഗ്ധര്‍ നയിക്കുന്ന വിവിധ കോഴ്‌സുകള്‍ പുതിയ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കും. തങ്ങളുടെ ജീവിത വിജയത്തെക്കുറിച്ചുള്ള കഥകള്‍ പങ്കുവയ്ക്കാനുള്ള പ്ലാറ്റ്‌ഫോമായും സ്ത്രീകള്‍ക്ക് ഹെര്‍ സര്‍ക്കിളിനെ ഉപയോഗിക്കാം. ഇത് മറ്റുള്ളവര്‍ക്ക് പ്രതീക്ഷപകരും. ഇന്ത്യയിലും വിദേശത്തുമുള്ള സ്ത്രീകളുടെ അനുഭവങ്ങള്‍ക്ക് സമാന സ്വഭാവമുണ്ടെന്നതാണ് തന്റെ അനുഭവമെന്നും നിത പറയുന്നു. ഹെര്‍ സര്‍ക്കിളില്‍ ഫ്രീയായി റജിസ്റ്റര്‍ ചെയ്യാം. തത്കാലം ഇംഗ്ലിഷില്‍ മാത്രമെയുള്ളുവെങ്കിലും താമസിയാതെ മറ്റു പല ഭാഷകളിലും ലഭ്യമാക്കുമെന്നും പറയുന്നു.
English Summary: Nita Ambani introduces Her Circle