sections
MORE

മെയ് 15ന് അത് സംഭവിക്കും, ഇന്ത്യക്കാരിൽ പുതിയ നയം നടപ്പാക്കുമെന്ന് ഓര്‍മിപ്പിച്ച് വാട്സാപ്

whatsapp-message
SHARE

സർക്കാരും കോടതികളും എന്തൊക്കെ വാദിച്ചാലും പറഞ്ഞാലും ഇന്ത്യയിൽ വാട്സാപ്പിന്റെ സ്വകാര്യത നയവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഫെയ്സ്ബുക് മേധാവി സക്കർബർഗിന്റെ തീരുമാനം. മെയ് 15 ന് തന്നെ നയങ്ങൾ മാറുമെന്നും എല്ലാ ഉപഭോക്താക്കളും പുതിയ മാറ്റങ്ങൾ സ്വീകരിക്കണമെന്നും വാട്സാപ് ഓർമിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉപഭോക്താക്കൾ വാട്സാപ് വഴി ഇൻ–ആപ് മെസേജുകൾ അയയ്ക്കാനും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയില്‍ 40 കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന വാട്‌സാപ് പുതിയ സ്വകാര്യതാ നയം കൊണ്ടുവരുമെന്ന് തന്നെയാണ് ഇപ്പോഴത്തെ നീക്കങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. മെയ് 15 നാണ് ഇത് അംഗീകരിക്കേണ്ട അവസാന തിയതി. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്കും വാട്‌സാപ് തുടര്‍ന്നും ഉപയോഗിക്കാനുള്ള അനുമതി യൂറോപ്പിലും മറ്റും ഉണ്ട്. ഇന്ത്യക്കാര്‍ക്ക് അതു നല്‍കിയിട്ടില്ലെന്നു കാണിച്ചുള്ള കേസുകള്‍ രാജ്യത്തെ സുപ്രീം കോടതിയിലടക്കം ഉണ്ട്. എന്നാല്‍, നിലവിലെ സാഹചര്യമാണ് തുടരുന്നതെങ്കില്‍ മെയ് 15ന് വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും?

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് 120 ദിവസം വരെ സമയം നീട്ടി നല്‍കും. എന്നാല്‍, ആ സമയത്ത് വാട്‌സാപ്പിന്റെ ഫീച്ചറുകൾ പലതും പ്രവര്‍ത്തിക്കില്ല. ഏതാനും ദിവസത്തേക്ക് ഉപയോക്താവിന് കോളുകളും നോട്ടിഫിക്കേഷനുകളും ലഭിക്കും. എന്നാല്‍, നിങ്ങള്‍ക്കുവരുന്ന മെസേജുകള്‍ വായിക്കാനോ, സന്ദേശങ്ങള്‍ അയയ്ക്കാനോ സാധിക്കില്ല. മെയ് 15 കഴിഞ്ഞ് ഇങ്ങനെ നല്‍കിയിരിക്കുന്ന 120 ദിവസം കഴിയുമ്പോഴും പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നില്ലെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യുമെന്നും കമ്പനി അറിയിച്ചു. 

ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നമ്പറില്‍ വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ വേറൊരു അക്കൗണ്ട് ക്രിയേറ്റു ചെയ്യേണ്ടതായി വരും. എന്നു പറഞ്ഞാല്‍ നിലവിലുള്ള അക്കൗണ്ടിലുള്ള ചാറ്റുകളും മറ്റും നഷ്ടമാകും. പുതിയ അക്കൗണ്ട് സൃഷ്ടിക്കുമ്പോഴും പുതിയ സ്വകാര്യതാ നയം അംഗീകരിക്കേണ്ടി വരും.

അതേസമയം, ശരാശരി ഉപയോക്താവിനെ പ്രീണിപ്പിച്ചു നിർത്താനുള്ള പ്രചാരണ വേലകളും വാട്‌സാപ് നടത്തുന്നുണ്ട്. അവരുടെ സന്ദേശങ്ങളൊന്നും ആര്‍ക്കും കാണാനൊക്കില്ല എന്നതാണ് വാട്‌സാപ് ആവര്‍ത്തിച്ചു പറയുന്നത്. പിന്നെ നിങ്ങളുടെ ചാറ്റുകള്‍ മറ്റു കമ്പനികള്‍ക്ക് കാണാന്‍ അനുവദിക്കണമെങ്കില്‍ അതും ചെയ്യാമെന്നും പറയുന്നു. തങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നാണ് കമ്പനി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ദേശീയ മാധ്യമങ്ങളിൽ വാട്സാപ്പിന്റെ ഫുൾപേജ് പരസ്യം കാണാമായിരുന്നു. 

അതേസമയം, സ്വകാര്യതയ്ക്കായി വാദിക്കുന്നവര്‍ പറയുന്നത് വാട്‌സാപ്പില്‍ ഉപയോക്താക്കളെക്കുറിച്ച് സൃഷ്ടിക്കപ്പെടുന്ന മെറ്റാഡേറ്റ മുഴുവന്‍ ശേഖരിക്കപ്പെട്ടേക്കാമെന്നും അത് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയേക്കാമെന്നുമാണ്. ഇന്ത്യയില്‍ ബിസിനസ് സ്ഥാപനങ്ങളുമായി നേരിട്ടു പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് വാട്‌സാപ് എന്നും വാര്‍ത്തകളുണ്ട്.

English Summary: WhatsApp sends reminders to users to accept new privacy policy by May 15

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA