ADVERTISEMENT

യുട്യൂബിനു വേണ്ടി കണ്ടന്റ് തയാറാക്കുന്നവരിൽ നിന്ന് നികുതി ഈടാക്കാനുള്ള ഗൂഗിളിന്റെ പുതിയ വ്യവസ്ഥ പലരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഇത് ഇന്ത്യയിലെ യുട്യൂബര്‍മാര്‍ക്ക് കാര്യമായ പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നാണ് അറിയുന്നത്. അതുപോലെ ഇതിനൊരു വലിയ ഗുണവശം ഉണ്ടെന്നും പറയുന്നു. ഒന്നു പരിശോധിക്കാം.

 

∙ എന്തിനാണ് നികുതി നൽകേണ്ടത്?

 

അമേരിക്കയ്ക്കു പുറത്തുള്ള യുട്യൂബര്‍മാര്‍ ഉണ്ടാക്കുന്ന കണ്ടന്റ് അമേരിക്കക്കാര്‍ കാണുക വഴി യുട്യൂബര്‍മാര്‍ക്കു ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനം നികുതിയായി നല്‍കണം എന്നാണ് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത്. യുട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാം വഴി പണമുണ്ടാക്കുന്ന ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും ഇതു ബാധകമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ നിലനില്‍ക്കുന്ന ടാക്‌സ് നിയമ പ്രകാരം യുട്യൂബര്‍മാരുടെ വരുമാനത്തിന്റെ 30 ശതമാനം വരെ നികുതിയായി നല്‍കണം. ഇതിന് ടാക്‌സ് വിത്‌ഹോള്‍ഡിങ്‌സ് എന്നു പറയുന്നു. ഇത് ഓരോ രാജ്യത്തും വ്യത്യസ്തമാണ്. കൂടാതെ, ഒരു വ്യക്തി പോസ്റ്റു ചെയ്യുന്ന വിഡിയോ ആണോ, കമ്പനി പോസ്റ്റു ചെയ്യുന്ന വിഡിയോ ആണോ എന്നും പരിശോധിക്കും. 

 

∙ ഇന്ത്യ-അമേരിക്ക ധാരണ

 

ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്ന നികുതി 0-30 ശതമാനമാണ്. എന്നാല്‍, ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ഇരട്ട നികുതി ഒഴിവാക്കല്‍ ധാരണ (ഡബിൾ ടാക്‌സ് അവോയിഡന്‍സ് എഗ്രിമെന്റ് –ഡിടിഎഎ) പ്രകാരം ഇന്ത്യയിലെ യുട്യൂബര്‍മാര്‍ ഉണ്ടാക്കുന്ന കണ്ടന്റ് അമേരിക്കന്‍ പൗരന്മാര്‍ കണ്ടാല്‍ നല്‍കേണ്ട നികുതി ഏകദേശം 15 ശതമാനമായിരിക്കും. എന്നാല്‍, ഗൂഗിള്‍ നിര്‍ദേശിക്കുന്ന പ്രകാരം ടാക്‌സ് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ യുട്യൂബറുടെ മുഴുവന്‍ വരുമാനവും പിടിച്ചുവയ്ക്കപ്പെടുകയും തുടര്‍ന്ന് 24-30 ശതമാനം നികുതി ചുമത്തപ്പെടുകയും ചെയ്യാം.

 

∙ ഇന്ത്യന്‍ യുട്യൂബര്‍മാര്‍ ഒരിക്കലും ഭയപ്പെടേണ്ട, എന്തുകൊണ്ട്?

 

ഇന്ത്യന്‍ യുട്യൂബര്‍മാര്‍ ഉണ്ടാക്കുന്ന കണ്ടന്റ് കാണുന്നത് മിക്കവാറും ഇന്ത്യക്കാര്‍ തന്നെയാണ് എന്നതാണ് പ്രധാന കാരണം. ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 15 ശതമാനം യുട്യൂബര്‍മാര്‍ക്കു മാത്രമാണ് അമേരിക്കയില്‍ കാഴ്ചക്കാരുള്ളത്. ഇവരില്‍ പലരും ഇംഗ്ലിഷില്‍ കണ്ടന്റ് ഉണ്ടാക്കുന്നവരുമാണ്. ഇവര്‍ക്കു പോലും ചെറിയൊരു ശതമാനം കാഴ്ചക്കാര്‍ മാത്രമെ അമേരിക്കയിലുള്ളു. മറ്റൊരു രീതിയില്‍ നോക്കിയാല്‍, ഇന്ത്യന്‍ യുട്യൂബര്‍ ഇറക്കുന്ന വിഡിയോയ്ക്ക് 1 ലക്ഷം വ്യൂസ് കിട്ടുന്നുണ്ടെന്നു കരുതുക. ഇതില്‍ 1000 വ്യൂസ് അമേരിക്കന്‍ പ്രേക്ഷകരുടേതാണെങ്കില്‍ ആ 1000 പേരില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിനായിരിക്കും നികുതി. എന്നാല്‍, അമേരിക്കയില്‍ വ്യൂവര്‍മാര്‍ ഉണ്ടെങ്കില്‍ യുട്യൂബര്‍മാര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കും. അത് 3 മുതല്‍ 10 ശതമാനം വരെ അധികമായിരിക്കുമെന്നാണ് പറയുന്നത്. ഇന്ത്യയില്‍ 1000 വ്യൂസ് ലഭിക്കുന്നതും അമേരിക്കയില്‍ 1000 വ്യൂസ് ലഭിക്കുന്നതും തമ്മില്‍ ഈ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. അമേരിക്കയില്‍ ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനമായിരിക്കും നികുതിയായി നല്‍കേണ്ടി വരിക. ഇന്ത്യയില്‍ നിന്നുള്ള പ്രധാന യുട്യൂബര്‍മാരുടെ വരെ പരസ്യ വരുമാനം ലോകത്തെ 70 രാജ്യങ്ങളിലെ യുട്യൂബര്‍മാരുടേതിനേക്കാള്‍ കുറവാണ്.

 

∙ ഇന്ത്യന്‍ യുട്യൂബര്‍മാര്‍ക്ക് പരസ്യ വരുമാനം ഏകദേശം നാലിലൊന്ന്

 

പ്രധാന ഇന്ത്യന്‍ യുട്യൂബര്‍മാര്‍ക്ക് ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ അഞ്ചിലൊന്ന് മാത്രമാണ് ഗൂഗിളിന്റെ പരസ്യങ്ങള്‍ വഴി ലഭിക്കുന്നത്. ചില പ്രധാന യുട്യൂബര്‍മാര്‍ക്ക് ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 20 ശതമാനം മാത്രമാണ് ഗൂഗിളിന്റെ പരസ്യങ്ങളില്‍ നിന്നു ലഭിക്കുന്നത്. മറ്റ് 80 ശതമാനവും ബ്രാന്‍ഡുകളുമായുള്ള സഹകരണത്തില്‍ നിന്നു ലഭിക്കുന്നവയാണ്. എന്നാല്‍, ബിസിനസ് സ്ഥാപനങ്ങളുടെ യുട്യൂബ് അക്കൗണ്ടുകള്‍ക്ക് പുതിയ നിയമങ്ങള്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ചും പാട്ടുകളും മറ്റും അമേരിക്കയില്‍ സ്ട്രീം ചെയ്യുക വഴി പണം ഉണ്ടാക്കുന്നുണ്ടെങ്കില്‍ നികുതി നല്‍കേണ്ടതായി വരാം.

 

∙ ഗുണം

 

യുട്യൂബിന്റെ ക്രിയേറ്റര്‍ പ്രോഗ്രാമിലുള്ള ഓരോ യുട്യൂബറും ഇനി ടാക്‌സേഷന്‍ വിവരങ്ങള്‍ നല്‍കണം. അതുവഴി യുട്യൂബര്‍മാരെക്കുറിച്ചുളള ശരിയായ വിവരങ്ങള്‍ ലഭ്യമാകുകയും, ഇത് കണ്ടന്റിന്റെയും യുട്യൂബിന്റെയും വിശ്വാസ്യത വര്‍ധിപ്പിക്കുയും ചെയ്യും. എന്തായാലും യുട്യൂബിന്റെ പുതിയ നീക്കം വരുന്നത് സമൂഹ മാധ്യമങ്ങള്‍ വഴി പണമുണ്ടാക്കുന്നവര്‍ ഏതെങ്കിലും ഒരു മാധ്യമത്തെ ആശ്രയിച്ചു നില്‍ക്കാതെ തങ്ങളുടെ സേവനം വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സമയത്താണെന്നും കാണാം. എന്തായാലും, ശരാശരി ഇന്ത്യന്‍ യുട്യൂബര്‍ക്ക് പുതിയ നിയമങ്ങള്‍ കാര്യമായ ധനനഷ്ടം വരുത്തിയേക്കില്ല എന്നാണ് നിഗമനം.

 

English Summary: Indian creators neednt panic about new Youtube Tax Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com