ADVERTISEMENT

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് യുട്യൂബ് വിഡിയോയിൽ കണ്ടതു പോലെ തീ ഉപയോഗിച്ച് മുടിവെട്ടാൻ ശ്രമിച്ച കുട്ടി പൊള്ളലേറ്റ് മരിച്ചത്. ഇത്തരത്തിലുള്ള നിരവധി ദുരന്തങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ട്. യുട്യൂബിൽ പറയുന്ന കാര്യങ്ങൾ സിംപിളായി തങ്ങൾക്കും ചെയ്യാൻ കഴിയുമെന്ന വിശ്വാസമാണ് പല കുട്ടികളെയും ദുരന്തത്തിലേക്ക് നയിക്കുന്നത്. മുതിർന്നവർ യുട്യൂബ് നോക്കി പാചകം ചെയ്യുന്നത് പോലെ വിഡിയോയിൽ കാണുന്നതെല്ലാം പെട്ടെന്ന് അനുകരിക്കാമെന്നാണ് കുട്ടികൾ കരുതുന്നത്. അത് അവരെ അപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

 

കുട്ടികളാണ് ഇത്തരം പരീക്ഷണങ്ങൾക്ക് പിന്നാലെ പോകുന്നതും പെട്ടെന്ന് ദുരന്തത്തിൽ ചാടുന്നതും. പഠനാവശ്യങ്ങൾക്കായി നൽകുന്ന സ്മാർട് ഫോണുകൾ മിക്ക കുട്ടികളും യുട്യൂബിലെ മറ്റു വിഡിയോകൾ കാണാനും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, കുട്ടികൾ എന്തു വിഡിയോയാണ് കാണുന്നതെന്ന് പലപ്പോഴും രക്ഷിതാക്കളും ശ്രദ്ധിക്കാറില്ല. തീ കൊണ്ട് മുടിവെട്ടുന്നത് പോലെയുള്ള വിഡിയോകളെല്ലാം കുട്ടികളെ ആവേശംകൊള്ളിക്കുന്നതാണ്. ഇതൊക്കെ പരീക്ഷിക്കാൻ എളുപ്പമാണെന്ന് കരുതിയാണ് മിക്ക കുട്ടികളും ഇത്തരം കാര്യങ്ങൾ അനുകരിക്കുന്നത്.

 

യുട്യൂബിൽ പോസ്റ്റ് ചെയ്യുന്ന മുതിർന്നവരുടെ പല ചലഞ്ച് വിഡിയോകളും കുട്ടികളെ സ്വാധീനിക്കാറുണ്ട്. ഇത്തരം ചലഞ്ച് വിഡിയോകൾക്ക് പിന്നാലെ പോയി കൂട്ടുകാരെ വരെ ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ ഗെയിമുകൾ, ചലഞ്ച് ആശയങ്ങളെല്ലാം കുട്ടികളിലേക്ക് എത്തുന്നത് ഒരു പരിധിവരെ യുട്യൂബിൽ നിന്നാണ്. നേരത്തെ ടിക് ടോക്കിൽ നിന്നുള്ള വിഡിയോകളും കുട്ടികളെ സ്വാധീനിച്ചിരുന്നു. എന്നാൽ, ഇതെല്ലാം രക്ഷിതാക്കളുടെ കൃത്യമായ നിരീക്ഷണമില്ലെങ്കിൽ കുട്ടികളുടെ ജീവൻ തന്നെ ദുരന്തത്തിലാകുമെന്നാണ് അനുഭവങ്ങൾ നൽകുന്ന പാഠം.

 

കത്തി കൊണ്ട് കൈ വിരലുകൾ പച്ചക്കറി അരിയുന്നത് പോലെ കാണിക്കുന്ന വിഡിയോകൾ യുട്യൂബിൽ കാണാം. എന്നാൽ, ഇതെല്ലാം ആനിമേഷൻ വിഡിയോകളാണെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചെന്ന് വരില്ല. അവർ വിഡിയോ കണ്ട് അടുക്കളയിൽ പോയി കത്തിയെടുത്ത് കൈ മുറിച്ചാൽ എന്തായിരിക്കും സംഭവിക്കുക? ഇതൊരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ കുട്ടികളെ വഴിതെറ്റിക്കാവുന്ന നിരവധി വിഡിയോകളുടെ കേന്ദ്രമാണ് ഫെയ്സ്ബുക്കും യുട്യൂബും പോലെയുള്ള സമൂഹ മാധ്യമങ്ങൾ.

 

കൂടുതൽ ലൈക്കും വ്യൂസും കിട്ടാൻ വേണ്ടി വിഡിയോ നിർമാതാക്കൾ കാണിക്കുന്ന സൂത്രവിദ്യകളെല്ലാം സത്യമാണെന്നും അങ്ങനെയെല്ലാം ചെയ്യാമെന്നുമാണ് മിക്ക കുട്ടികളുടെയും ധാരണ. ഈ ധാരണ മാറ്റാൻ കുട്ടികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. ഇതൊന്നും സത്യമല്ലെന്നും അങ്ങനെ ചെയ്യാൻ ശ്രമിക്കരുതെന്നും കുട്ടികളെ ഇടക്കിടെ ബോധ്യപ്പെടുത്തുകയും വേണം.

 

യുട്യൂബിൽ വിഡിയോ കാണുന്ന കുട്ടികളെ പതിവായി നിരീക്ഷിക്കണം. വഴിതെറ്റി എന്തെങ്കിലും തെറ്റായ വിഡിയോ കാണാൻ ഇടവന്നാൽ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കി അതിൽ നിന്ന് പിന്തിരിപ്പിക്കണം. ഇതോടൊപ്പം തന്നെ യുട്യൂബിലെ ഹിസ്റ്ററി ക്ലിയർ ചെയ്യുകയും വേണം. ഇല്ലെങ്കിൽ അടുത്ത തവണയും കുട്ടിക്ക് കാണിക്കുന്നത് സമാനമായ വിഡിയോകളായിരിക്കും.

 

കുട്ടികൾക്ക് യുട്യൂബ് കാണുന്നതിന് നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇതോടൊപ്പം തന്നെ വിഡിയോകളിലെ കാര്യങ്ങൾ കുട്ടികൾ അനുകരിക്കാനുള്ള ത്വരയുണ്ടോ എന്നും നിരീക്ഷിക്കണം. അത്തരം സൂചനകൾ ലഭിച്ചാൽ കുട്ടികളെ പറഞ്ഞത് മനസ്സിലാക്കുക. അങ്ങനെ നമ്മുടെ മക്കളെ വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കാം.

 

English Summary: Do not imitate the experiments in the YouTube video, it will be a big disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com