ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്സാപ്. എന്നാൽ, വാട്സാപ് ഉപയോഗപ്പെടുത്തി നിരവധി കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട്. വാട്‌സാപ്പിന്റെ 'സ്റ്റാറ്റസ് (status) പിഴവ്' മുതലെടുത്ത് സ്ത്രീകളുടെയും മറ്റുള്ളവരുടെയും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ട്രെയ്‌സ്ഡ് (Traced) റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാളുടെ ചെയ്തികള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നവരും സൈബര്‍ ആക്രമണകാരികളും ഈ പിഴവ് മുതലെടുക്കുന്നുണ്ടെന്ന് കണ്ടെത്തി. വാട്‌സാപ് ഉപയോക്താക്കളുടെ സ്റ്റാറ്റസ് പിന്തുടരല്‍ ഒരു കലയാക്കി മാറ്റിയ വെബ്‌സൈറ്റുകൾ, ആപ്പുകൾ പോലും സജീവമായി പ്രവര്‍ത്തിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാട്‌സാപ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മുതല്‍ പലതും ഇങ്ങനെ കണ്ടെത്താനാകും. ഈ വെബ്‌സൈറ്റുകളും ആപ്പുകളും വഴി ആര് ആര്‍ക്ക് സന്ദേശം അയച്ചു എന്നുവരെ കണ്ടെത്താനാകുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

 

ഒരാള്‍ വാട്‌സാപ്പില്‍ എത്തുമ്പോള്‍ അയാള്‍ ഓണ്‍ലൈനില്‍ ഉണ്ടെന്ന് അയാളുടെ സ്റ്റാറ്റസില്‍ കാണാം. ഒരാള്‍ വാട്‌സാപ് ഉപയോഗിക്കുന്ന നമ്പര്‍ അറിയാമെങ്കില്‍ അയാള്‍ ഓണ്‍ലൈനില്‍ വരുന്നതും പോകുന്നതും കണ്ടെത്താമെന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍, വാട്‌സാപ് ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ വരുന്നതും പോകുന്നതും കണ്ടുപിടിക്കാനായി മാത്രം പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളും ആപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. ഇത്തരം സ്റ്റാറ്റസ് ട്രാക്കറുകള്‍ ഇടതടവില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ട്രെയ്‌സ്ഡ് കമ്പനിയുടെ മേധാവി ഇത്തരം ചില സേവനങ്ങള്‍ ഉപയോഗിച്ച് അവരുടെ അവകാശവാദം ശരിയാണോ എന്നു പരീക്ഷിച്ചറിയുകയായിരുന്നു. ഓരാള്‍ ഉപയോഗിക്കുന്ന വാട്‌സാപ് നമ്പര്‍ ഇത്തരം വെബ്‌സൈറ്റുകളിലും ആപ്പുകളിലും എന്റര്‍ ചെയ്താല്‍ മത്രം മതി ഒരാള്‍ എത്ര നേരം വാട്‌സാപ്പില്‍ ഉണ്ടായിരുന്നു എന്നും മറ്റും അറിയാന്‍. ഇത്തരം ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പൊതു സ്വഭാവത്തെക്കുറിച്ചാണ് ട്രെയ്‌സ്ഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ദുരുപയോഗം ചെയ്‌തേക്കാമെന്നതിനാല്‍ ഇത്തരം സേവനങ്ങളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

 

ഇത്തരത്തിലൊരു ആപ്പ് പങ്കാളിയെ ചതിക്കുന്ന ഭാര്യയേയും ഭര്‍ത്താവിനേയും, കാമുകനേയും കാമുകിയേയും എല്ലാം കണ്ടെത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നതാണെന്നും ട്രയ്‌സ്ഡ് പറയുന്നു. പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടെന്നു സംശയിക്കുന്നുണ്ടെങ്കില്‍ വാട്‌സാപ്പിലെ ലാസ്റ്റ് സീൻ ട്രാക്കര്‍ വഴി സത്യം കണ്ടെത്താമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങളുടെ ഭയം അസ്ഥാനത്താണോ എന്നറിയാന്‍ ഏറ്റവും മികച്ചത് തങ്ങളുടെ സേവനമാണെന്നാണ് അവരുടെ അവകാശവാദം. മറ്റൊരു ട്രാക്കര്‍ പറയുന്നത് കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാതാപിതാക്കളെ അറിയിച്ചുകൊണ്ടിരിക്കാമെന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ വാട്‌സാപ് ആപ്പിനെ ചുറ്റിപ്പറ്റി പുതിയ ബിസിനസ് തന്നെ ഉയര്‍ന്നിരിക്കുകയാണ്. ഒരാള്‍ ആര്‍ക്കാണ് സന്ദേശം അയയ്ക്കുന്നതെന്നു കണ്ടെത്താമെന്ന് അവകാശവാദം ഉന്നയിക്കുന്ന ട്രാക്കിങ് സൈറ്റുകള്‍ വരെ ഉണ്ടെന്നും പറയപ്പെടുന്നു. ഇത്തരം ആപ്പുകള്‍ ഇരയുടെ ഫോണിലല്ല ഇന്‍സ്‌റ്റാള്‍ ചെയ്യേണ്ടത്, മറിച്ച് സ്വന്തം ഫോണിലാണ് എന്നതും പലര്‍ക്കും സൗകര്യമാണ്. ആരുടെ കാര്യമാണോ അറിയേണ്ടത് അവരുടെ നമ്പര്‍ ആപ്പില്‍ ഉപയോഗിച്ചാല്‍ മതിയാകും വിവരങ്ങള്‍ നിരന്തരം ലഭിച്ചുകൊണ്ടിരിക്കാൻ. നിങ്ങള്‍ സംശയിക്കുന്ന വ്യക്തി ആരോടായിരിക്കും ചാറ്റുചെയ്യുന്നതെന്ന് സംശയമുണ്ടെങ്കില്‍ ഇരുവരുടെയും ഫോണ്‍ നമ്പറുകള്‍ ആപ്പില്‍ എന്റര്‍ചെയ്താല്‍ മതിയാകും വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കാന്‍ എന്നാണ് അവകാശപ്പെടുന്നത്. ഈ രണ്ടു നമ്പറുകള്‍ തമ്മിലാണോ ചാറ്റ് നടക്കുന്നതെന്നു പരിശോധിച്ചു പറയാന്‍ ആപ്പിനു സാധിക്കും.

 

ഇത്തരം ആപ്പുകളുടെ സാന്നിധ്യം പ്ലേ സ്റ്റോറില്‍ ഉള്ളത് നല്ലതാണോ എന്ന് ചോദിച്ചപ്പോള്‍ ഗൂഗിള്‍ നല്‍കിയ മറുപടി, കുട്ടികളെ നിരീക്ഷിക്കാന്‍ ഇത്തരം ആപ്പുകള്‍ മാതാപിതാക്കള്‍ക്ക് നല്ലതാണ് എന്നായിരുന്നു. അതേസമയം, പങ്കാളികളെ നിരീക്ഷിക്കുന്നത് ശരിയല്ലെന്നും ഗൂഗിളിന് വാദമുണ്ട്. അങ്ങനെ നിരീക്ഷിക്കുന്നുണ്ടെങ്കില്‍ അത് നിരീക്ഷിക്കപ്പെടുന്ന ആളും അറിഞ്ഞിരിക്കണം. നിങ്ങളുടെ ഡേറ്റ ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന കാര്യം നിരീക്ഷിക്കപ്പെടുന്ന ആളും അറിയണമെന്നാണ് ഗൂഗിളിന്റെ വാദം. എന്നാല്‍, ഇത്തരം ആപ്പുകള്‍ക്ക് ഗൂഗിളിന്റെ അനുവാദം വേണമെന്നു തന്നെ ഇരിക്കട്ടെ. ആരുടെ കൈയ്യില്‍ നിന്നും ഒരു അനുവാദവും വേണ്ടാതെ പ്രവര്‍ത്തിക്കാനാകുന്ന വെബ്‌സൈറ്റുകളും ഉണ്ടെന്നതാണ് മറ്റൊരു സത്യം. ഈ സേവനങ്ങളൊക്കെ വെബ്‌സൈറ്റുകള്‍ വഴിയും ലഭ്യമാണ്.

 

തങ്ങളുടെ സേവനങ്ങള്‍ ഉപയോഗിച്ചാല്‍ ഒരു വാട്‌സാപ് യൂസറുടെ സ്റ്റാറ്റസും, അയാള്‍ ആര്‍ക്കാണ് സന്ദേശങ്ങള്‍ കൈമാറുന്നത് എന്നും പറഞ്ഞു തരാമെന്നാണ് അത്തരത്തിലൊരു വെബ്‌സൈറ്റിന്റെ അവകാശവാദമെന്ന് ട്രെയ്‌സ്ഡ് പറയുന്നു. വാട്‌സാപ്പിന്റെ നിലവിലെ സെറ്റിങ്‌സിനൊന്നും ഇത്തരം ആപ്പുകളും വെബ്‌സൈറ്റുകളും ആപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുന്നതു തടയാനാവില്ലെന്നും പറയുന്നു. തങ്ങളെ ആരെങ്കിലും ഇങ്ങനെ നിരീക്ഷിക്കുന്നുണ്ടോ എന്ന് വാട്‌സാപ് ഉപയോക്താക്കള്‍ക്കും അറിയാനാവില്ല. 'ലാസ്റ്റ് സീന്‍' ഓപ്ഷന്‍ വേണമെങ്കില്‍ ഡിസേബിൾ ചെയ്യാം. അപ്പോഴും ഒരാള്‍ ഓണ്‍ലൈനില്‍ എത്തിയാല്‍ അത് അറിയാനാകും. ഇത് ഹൈഡ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ നിലവിലില്ല. ഇത് വാട്‌സാപ്പിന്റെ ഒരു വന്‍ വീഴ്ചയാണെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അറിയില്ലാത്ത ആളുകള്‍ക്കു പോലും ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ അനുവദിക്കുന്നത് വാട്‌സാപ് നിർത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്. വാട്‌സാപ്പിന്റെ ഈ പോരായ്മയുടെ പ്രധാന ഇരകള്‍ സ്ത്രീകളാണെന്നും പറയുന്നു. അനുവദനീയമല്ലാത്ത കാര്യമാണ് വാട്‌സാപ് ചെയ്യുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇതേക്കുറിച്ച് വാട്‌സാപ്പിന്റെ പ്രതികരണം കാത്തിരിക്കുകയാണ് ഉപയോക്താക്കൾ.

 

English Summary: WhatsApp has status flaw, stalkers are using it to track women online using automated apps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com