ADVERTISEMENT

വഞ്ചനാപരമായും ദുരുദ്ദേശ്യത്തോടെയും ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഓർഗനൈസേഷന്റെയോ പേര്, ചിത്രം അല്ലെങ്കിൽ മറ്റ് തിരിച്ചറിയൽ ഘടകങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സമൂഹ മാധ്യങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും, അതുപയോഗിച്ച് അനാവശ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് സമൂഹ മാധ്യമ ആൾമാറാട്ടം (Impersonation) അല്ലെങ്കിൽ ഐഡന്റിറ്റി മോഷണം (Identity Theft). അക്കൗണ്ടിന്റെ യഥാർഥ ഉടമയുടേതിന് സമാനമായ 'കോപ്പി' അക്കൗണ്ടോ, അല്ലെങ്കിൽ തിരിച്ചറിയൽ ഘടകങ്ങൾ ഭാഗികമായി ഉപയോഗിച്ച് നിർമിച്ച അക്കൗണ്ടോ ആകും വ്യാജന്റേത്. ജനപ്രിയ ബ്രാൻഡിന്റെയോ വ്യക്തികളുടെയോ 'സ്വന്തം ആളായും' വ്യാജൻ ലാൻഡ് ചെയ്യാറുണ്ട്. സ്വാധീനം ചെലുത്തുക, കാര്യം കാണുക എന്നതാണ് ആൾമാറാട്ടക്കാരന്റെ അജണ്ട.

 

വ്യക്തിഹത്യ, സമ്മർദ്ദ തന്ത്രം, പണം തട്ടൽ, ലൈംഗിക ചൂഷണങ്ങൾ, തീവ്രവാദം തുടങ്ങിയ പല രൂപങ്ങളിൽ ആൾമാറാട്ടക്കാരെ കാണാം. ആൾമാറാട്ടം പോലെ സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിക്കൽ, സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇല്ലാത്തവരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ, ഒളിപ്പോരാളികൾ അങ്ങനെ നിരവധി വേഷങ്ങൾ നെറ്റ്‌വർക്കിൽ പരിശോധിച്ചാൽ കാണാം. പൊതുവെ ഇവരെ നമ്മൾ 'ഫേക്കുകൾ' എന്ന് വിശേഷിപ്പിക്കുന്നു.

 

ചില കേസുകളിൽ ആൾമാറാട്ടക്കാർ വളരെ സംഘടിതമാണ്. ഇക്കൂട്ടർക്ക് വ്യക്തമായ പദ്ധതി, ആസൂത്രണം, വ്യാജ ഉള്ളടക്കങ്ങൾ, അവയുടെ ദുരുപയോഗം, അതുവഴി നെഗറ്റീവ് അന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങി ഒരു ഓൺലൈൻ കൊട്ടേഷൻ അവസ്ഥയാണ്.

 

ചില ആൾമാറാട്ടക്കാർ നിരുപദ്രവകാരികളായിരിക്കും. ഉദാഹരണത്തിന് പ്രൊമോഷൻസിന്/കാമ്പയിന് വ്യാജന്മാരെ ഉപയോഗിക്കാറുണ്ട്. അതിലും രസകരമാണ് ചിലർ വിനോദത്തിനായി ആൾമാറാട്ടം നടത്തുമെന്നത്. ആരാധന മൂത്ത്‌ സെലബ്രിറ്റിയാകുന്ന ചില ഭ്രാന്തൻ വ്യാജന്മാരുമുണ്ട്.

 

സോഷ്യൽ നെറ്റ്‌വർക്കുകളിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിലാണ് ആൾമാറാട്ടക്കാരുടെ വിഹാരം കൂടുതൽ എന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ എല്ലാ പ്ലാറ്റ്‌ഫോമിലും ഉണ്ട്, ആൾമാറാട്ടങ്ങൾ പല തരത്തിലും രൂപത്തിലുമാണെന്നു മാത്രം.

 

∙ ആൾമാറാട്ടങ്ങളെ / വ്യാജന്മാരെ നിരീക്ഷിച്ചാൽ ചില പൊതു സ്വഭാവങ്ങൾ കാണാം

 

facebook

– ലൈക്ക്,ഫോളോവേഴ്‌സ് എന്നിവയിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ

– കുറച്ച് പോസ്റ്റുകളും നിഗൂഢമായ ഉള്ളടക്കവും കാണാം

– അസ്വാഭാവികത പെട്ടന്ന് തിരിച്ചറിയാം

– പുതുതായി സൃഷ്‌ടിച്ച അക്കൗണ്ടുകൾ സങ്കീർണമായ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നു

– പ്രൊഫൈൽ സൃഷ്ടിക്കുന്ന തീയതി നോക്കുക, വ്യാജന്മാർ കൂടുതലും പുതിയ സൃഷ്ടികളാകാൻ സാധ്യത കൂടുതലാണ്

– വ്യത്യസ്ത തരം ആൾമാറാട്ടം ശരിയായി തിരിച്ചറിയുന്നതിന് ഓരോ സമൂഹ മാധ്യമ പ്ലാറ്റുഫോമും പ്രവർത്തിക്കുന്ന രീതി മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

 

∙ എന്തിനു വേണ്ടി ചെയ്യുന്നു

 

– സെൻസിറ്റീവ് വിവരങ്ങളോ ഡേറ്റയോ നേടാൻ ശ്രമിക്കുന്നു

– സമ്മർദ്ദ തന്ത്രം, പണം തട്ടൽ, ലൈംഗിക ചൂഷണങ്ങൾ

INDIA-US-INTERNET-FACEBOOK

– രഹസ്യാത്മക വിവരങ്ങൾ‌ ആക്‌സസ് ചെയ്യുക, അല്ലെങ്കിൽ‌ അനുവാദമില്ലാത്ത ഇടങ്ങളിലേക്ക് പ്രവേശനം നേടി ക്ഷുദ്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുക

– തെറ്റായ വിവരങ്ങളും വാർത്തകളും വെളിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുക

– അപകീർത്തിപ്പെടുത്തുന്നതിനും, നുണ പ്രചരണങ്ങൾക്കും ഏർപ്പെടുക

 

∙ ചില മോഡ് ഓഫ് ഓപ്പറേഷൻസ്

 

– യഥാർഥ ഉപയോക്താവിനെ അനുകരിക്കുന്നതിനും അനുബന്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനും പൊതു വ്യാജ അക്കൗണ്ടുകൾ (ബോട്ട്) ഉപയോഗിക്കുന്നു. പിന്തുടരുന്നവരുടെ എണ്ണം കുറവാണ്, എന്നാൽ സമാനമായ നിരവധി അക്കൗണ്ടുകളെ വ്യാജ അക്കൗണ്ട് പിന്തുടരുന്നു.

– വ്യാജ പരസ്യ കാംപെയ്‌നുകൾ നടത്തുകയോ, വഞ്ചനയ്‌ക്കായി ബാഹ്യ വെബ് പേജുകളിലേക്ക് റീഡയറക്‌ട് ചെയ്യുകയോ ചെയ്യാം.

– ഒരു ബ്രാൻഡിന് സമൂഹ മാധ്യമത്തിൽ അക്കൗണ്ട് ഇല്ലെങ്കിൽ തട്ടിപ്പുകാർക്ക് ടാർഗെറ്റ് ചെയ്യാൻ എളുപ്പമാണ്. എന്നാൽ സമൂഹ മാധ്യമ സാന്നിധ്യമുള്ള ബ്രാൻഡാണെങ്കിൽ ഉപഭോക്താക്കളുടെ വലിയൊരു അടിത്തറ നെറ്റ്‌വർക്കിൽ കാണാം. വ്യാജന് ഇതിനെ മറികടക്കാൻ നന്നായി കഷ്ടപ്പെടേണ്ടി വരും.

– ഒഫീഷ്യൽ അക്കൗണ്ടുകളിൽ ഉപയോഗിക്കുന്ന ഹാഷ്‌ടാഗ്, കീവേർഡ്, ഇമേജ്, ലോഗോ എന്നിവയോട് സാമ്യമുള്ളതും വ്യതിരിക്തവുമായവ ഫേക്കുകൾ ഉപയോഗിക്കാം.

 

∙ മുൻകരുതലുകൾ

 

– ശക്തമായ പാസ്‌വേഡുകൾ‌ ഉപയോഗിക്കുക

– ടു ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുക

– പ്രൊഫൈലുകളിൽ ലോക്ക് / ഗാർഡ് സവിശേഷതകൾ ഉപയോഗിക്കുക

– അനുയോജ്യമായ രീതിയിൽ പ്രൈവസി സെറ്റിങ്‌സ് കോൺഫിഗർ ചെയ്യുക

– തന്ത്രപ്രധാനവും വ്യക്തിഗതവുമായ വിവരങ്ങൾ ഒരിക്കലും പങ്കിടരുത്

– അജ്ഞാത കോൺ‌ടാക്റ്റുകളിൽ‌ നിന്നും അകലം പാലിക്കുക

– സംശയാസ്‌പദമായ ലിങ്കുകളിൽ‌ ക്ലിക്ക് ചെയ്യരുത്

– അറിയാവുന്നവരുമായി മാത്രം സൗഹൃദം പങ്കിടുക

– ആകർഷകമായ വാഗ്‌ദാനങ്ങളിൽ വിശ്വസിക്കരുത്

– പരിചയത്തിലാകുന്നവരുടെ ഓഫ്‌ലൈൻ ഓൺ‌ലൈൻ മനോഭാവങ്ങൾ ഒരേ രീതിയിലാണോ എന്ന് പരിശോധിക്കുക

– സോഷ്യൽ മീഡിയയ്‌ക്കപ്പുറം നിരീക്ഷിക്കണം ശക്തമാക്കാം

 

∙ റിപ്പോർട്ട് ചെയ്യണം

 

ക്രൈം തിരിച്ചറിയപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുക. ഇത് വ്യാജന്മാരെ ട്രാക്ക് ചെയ്യുന്നതിനും കൂടുതൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും സാധിക്കും. എന്നാൽ നമ്മളിൽ ബഹുഭൂരിപക്ഷവും അനന്തര നടപടികളിലേക്ക് കടക്കാറില്ല. സമൂഹ മാധ്യമ പ്ലാറ്റുഫോം വഴി ലഭ്യമാകുന്ന റിപ്പോർട്ടിങ് ഓപ്‌ഷൻ ഉപയോഗിക്കുകയും, പ്രശ്‍നം ഗുരുതരമെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ചെയ്യണം. വ്യാജന്മാരെ പൂട്ടിക്കണം.

 

English Summary: You should know ... Impersonation on social media ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com