ADVERTISEMENT

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ തത്‌കാലം ഡിലീറ്റ് ചെയ്യില്ലെന്ന് അറിയിപ്പ്. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ മെയ് 15ന് ഇല്ലാതാക്കുമെന്ന പ്രഖ്യാപനമാണ് തത്കാലം കമ്പനി പിൻവലിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കുമായി ഉപയോക്താക്കളുടെ ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അംഗീകരിക്കുന്ന അപ്‌ഡേറ്റിനെതിരെയാണ് ലോകമെമ്പാടും പ്രതിഷേധമുയർന്നത്.

 

പുതിയ അറിയിപ്പു പ്രകാരം സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ മെയ് 15ന് ഡിലീറ്റു ചെയ്യില്ലെന്നു കമ്പനി തന്നെ അറിയിച്ചിരിക്കുകയാണ്. പല ഉപയോക്താക്കളും പുതിയ സ്വകാര്യതാ നയം അംഗീകരിച്ചു. എന്നാല്‍ ചിലര്‍ക്ക് അതിനുള്ള അവസരം ലഭിച്ചിട്ടില്ല. എന്നാൽ ആരുടെയും അക്കൗണ്ടും മെയ് 15ന് ഡിലീറ്റു ചെയ്യില്ല. അടുത്ത ആഴ്ചകളിലും പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് നോട്ടിഫിക്കേഷനുകള്‍ നല്‍കിക്കൊണ്ടിരിക്കുമെന്നും കമ്പനി അറിയിച്ചു. നേരത്തെ നല്‍കിയിരുന്ന മുന്നറിയിപ്പില്‍ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യുമെന്ന് വാട്‌സാപ് വ്യക്തമാക്കിയിരുന്നു. വാട്‌സാപ്പിലെ ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ പല ഉപയോക്താക്കളും സിഗ്നല്‍, ടെലഗ്രാം തുടങ്ങി ആപ്പുകളിലേക്ക് ചേക്കേറിയിരുന്നു. സ്വകാര്യതാ നയം അഗംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ട് ഒരിക്കലും ഡിലീറ്റു ചെയ്യില്ലെന്ന് വാട്‌സാപ് പറഞ്ഞിട്ടില്ല എന്ന കാര്യവും മനസ്സില്‍ വയ്ക്കണം. ആഴ്ചകള്‍ക്കു ശേഷം അവ ഡിലീറ്റു ചെയ്യപ്പെട്ടേക്കാം.

 

∙ പിൻമാറ്റം മറ്റു വഴികളില്ലാതെ

 

മെയ് 15ന് വാട്സാപ്പിൽ വരുന്ന പുതിയ സ്വകാര്യതാ നയമാറ്റത്തെ ഭയന്ന് ഉപയോക്താക്കൾ എതിരാളികളായ ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും പോകുന്നതിന്റെ വേഗം വർധിച്ചതിനാലാണ് വാട്സാപിന്റെ ഈ പിൻമാറ്റമെന്നത് വ്യക്തമാണ്. പുതിയ നയമാറ്റത്തിനെതിരെ കടുത്ത വിമർശനം നേരിട്ട വാട്‌സാപ് നേരത്തെ ഇത് സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരുന്നു. വ്യക്തിഗത ചാറ്റുകൾക്ക് പുതിയ മാറ്റം ബാധിക്കില്ലെന്നാണ് അന്ന് വാട്സാപ് അറിയിച്ചത്.

 

ചില അഭ്യൂഹങ്ങൾക്ക് മറുപടി പറയാനും 100 ശതമാനം വ്യക്തമായിരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് ഞങ്ങൾ പരിരക്ഷിക്കുന്നത് തുടരും– മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം ട്വീറ്റിൽ അന്ന് വാട്സാപ് വ്യക്തമാക്കി. പുതിയ നയമാറ്റം ബിസിനസ് ആശയവിനിമയത്തിന് വേണ്ടിയാണ്. ഇത് സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രത്യേക ബ്ലോഗിൽ വാട്‌സാപ് മേധാവി വിൽ കാത്താർട്ട് തന്നെ പറഞ്ഞിരുന്നു. ഉപയോക്താക്കൾ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സ്വകാര്യമായി ആശയവിനിമയം നടത്തുന്നതിനെ ഇത് ബാധിക്കില്ലെന്നും കാത്താർട്ട് വ്യക്തമാക്കിയിരുന്നു.

 

പരസ്യ ആവശ്യങ്ങൾക്കായി ഞങ്ങൾ ഈ ഡാറ്റ ഫെയ്സ്ബുക്കുമായി പങ്കിടുന്നില്ല. ഈ സ്വകാര്യ ചാറ്റുകൾ തുടക്കം മുതൽ അവസാനം വരെ എൻക്രിപ്റ്റു ചെയ്‌തതിനാൽ അവയുടെ ഉള്ളടക്കം ഞങ്ങൾക്ക് കാണാൻ കഴിയില്ലെന്നും കമ്പനി ഊന്നിപ്പറഞ്ഞു. ഉപയോക്താക്കൾ പരസ്പരം അയച്ച സന്ദേശങ്ങൾ വാട്സാപ്പിനോ ഫെയ്‌സ്ബുക്കിനോ കാണാൻ കഴിയില്ലെന്നും കോളുകളിലൂടെയുള്ള സംഭാഷണങ്ങൾ അവർക്ക് കേൾക്കാനാകില്ലെന്നും വാട്‌സാപ് വാദിച്ചു. നിങ്ങൾ ഞങ്ങൾക്ക് അനുമതി നൽകുമ്പോൾ, സന്ദേശമയയ്ക്കൽ വേഗത്തിലും വിശ്വാസയോഗ്യവുമാക്കുന്നതിന് ഞങ്ങൾ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ നിന്നുള്ള ഫോൺ നമ്പറുകൾ മാത്രമേ ആക്‌സസ്സു ചെയ്യുന്നുള്ളൂ, മാത്രമല്ല നിങ്ങളുടെ കോൺടാക്റ്റുകളുടെ ലിസ്റ്റുകൾ ഫെയ്‌സ്ബുക് ഓഫർ ചെയ്യുന്ന മറ്റ് അപ്ലിക്കേഷനുകളുമായി ഞങ്ങൾ പങ്കിടില്ലെന്നും കമ്പനി ഉറപ്പിച്ചു പറയുന്നുണ്ട്.

 

എന്നാൽ, ഈ വിശദീകരണങ്ങളൊന്നും ഏൽക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് കമ്പനി തത്കാലം കുറച്ചു കൂടി സാവകാശമെടുത്തത്. ഡൗൺലോഡുകളുടെ കാര്യത്തിൽ വാട്സാപിനെ പിന്തള്ളി ശരവേഗത്തിലാണ് സിഗ്നൽ മുന്നേറുന്നത്.

 

∙ വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തില്‍ നിലപാടറിയിക്കാന്‍ കോടതി

 

ശക്തമായ സ്വകാര്യതാ നിയമങ്ങള്‍ നിലനില്‍ക്കുന്ന യൂറോപ്പില്‍ പുതിയ നയം അംഗീകരിക്കാത്തവര്‍ക്കും വാട്‌സാപ് ഉപയോഗിക്കാന്‍ നേരത്തെ തന്നെ കമ്പനി അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ കോടതികളില്‍ വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയോട് ഇതിലുള്ള നിലപാട് അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരിക്കുകയാണ്. മെയ് 21ന് മുൻപ് നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

 

English Summary: WhatsApp privacy policy deadline: No accounts will be deleted on May 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com