ADVERTISEMENT

സമൂഹ മാധ്യമങ്ങളായ ഫെയ്സ്ബുക്, ട്വിറ്റർ, വാട്സാപ്, ഇൻസ്റ്റാഗ്രാം എന്നിവ ഇന്ത്യയിലെ പുതിയ ഐടി നിയമ പ്രകാരമുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ നിരോധനം നേരിടേണ്ടിവരും. സർക്കാർ നിശ്ചയിച്ച മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി മെയ് 25 ന് അവസാനിക്കും. എന്നാൽ ഇതുവരെ വാട്സാപ്, ഫെയ്‌സ്ബുക്, ട്വിറ്റർ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളൊന്നും പുതിയ ചട്ടങ്ങൾ പാലിച്ചിട്ടില്ല. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് മെയ് 25 സമയപരിധിക്ക് മുൻപായി പുതിയ മാർഗനിർദ്ദേശങ്ങൾ പാലിച്ച ഒരേയൊരു സമൂഹ മാധ്യമ ആപ്ലിക്കേഷൻ. പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിന് 2021 ഫെബ്രുവരിയിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എം‌ഐ‌ടി) സമൂഹ മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സമയം നൽകിയിരുന്നു.

 

സമൂഹ മാധ്യമ കമ്പനികൾക്ക് ഇതൊരു നിർണായക നിമിഷമാണ്, കാരണം മെയ് 25 നകം പുതിയ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അവർക്ക് രാജ്യത്ത് പ്രവർത്തിക്കാൻ കഴിയില്ല. ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച് അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള കമ്പനികൾ ആറുമാസം സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഇളവുകളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

 

ഐടി നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നതിന് സർക്കാരുമായി കൂടുതൽ ഇടപഴകൽ ആവശ്യമായ ചില വിഷയങ്ങൾ ചർച്ച ചെയ്യുന്നത് തുടരുകയാണ്. ഐടി നിയമങ്ങൾക്ക് അനുസൃതമായി, പ്രവർത്തന പ്രക്രിയകൾ നടപ്പിലാക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സ്വതന്ത്രമായും സുരക്ഷിതമായും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കുമെന്നും ഫെയ്സ്ബുക് നിയമങ്ങൾ പാലിക്കുമോ ഇല്ലയോ എന്ന് വെളിപ്പെടുത്തിക്കൊണ്ട് കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

 

ഈ നിയമം ഇന്ത്യൻ ഒഫീഷ്യലുകൾക്ക് വിവിധ കേന്ദ്രമന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റിയുടെ നിർദേശപ്രകാരം ആക്ഷേപകരമായ പോസ്റ്റുകൾ നീക്കുന്നതും ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതുമുൾപ്പെടെയുള്ള വിഷയങ്ങളിൽ തീർപ്പ്കൽപ്പിക്കാനും സ്വമേധയ നടപടി എടുക്കാനുമുള്ള അധികാരം നൽകുന്നു. ഇന്ത്യയിലെ സമൂഹമാധ്യമ ഉപഭോക്താക്കൾക്ക്‌ പരാതി ഉന്നയിക്കേണ്ടത് എവിടെയാണെന്ന ധാരണപോലുമില്ലാത്ത നിലവിലെ സാഹചര്യത്തിന് പരിഹരമാകും ഈ ഐടി നിയമങ്ങളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, സർക്കാരിനെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനും സമൂഹ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമായും പുതിയ നിയമഭേദഗതിക്കെതിരെ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.

 

English Summary: Facebook, Twitter to be blocked in India on May 26? Here is what we know so far 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com