ADVERTISEMENT

രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ ഇന്നു പ്രാബല്യത്തില്‍ വന്നേക്കില്ലെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. അതേസമയം, മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു പറഞ്ഞിരിക്കുന്ന പുതിയ ഐടി നിയമങ്ങള്‍ പാലിക്കാന്‍ വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും തയാറാണെന്നും ഇക്കാര്യത്തില്‍ സർക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും ഫെയ്‌സ്ബുക് അറിയിച്ചു. പുതിയ നിയമങ്ങളില്‍ പറയുന്ന ഏതാനും കാര്യങ്ങളില്‍ തങ്ങള്‍ക്ക് പ്രശ്‌നമുണ്ടെന്നും അത് അധികാരികളുമായി സംസാരിച്ചു പരിഹരിക്കുമെന്നുമാണ് കമ്പനി വക്താവ് സ്വീകരിച്ച നിലപാട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ എങ്ങനെ മുന്നോട്ടുപോകാമെന്ന കാര്യമാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് കമ്പനി അറിയിച്ചു. എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ തയാറായില്ല. പുതിയ നിയമങ്ങള്‍ അംഗീകരിക്കാന്‍ സർക്കാർ നല്‍കിയിരിക്കുന്ന അവസാന തിയതി മെയ് 26 ആണ്. ഇത്രയും വലിയ ബിസിനസ് സാധ്യത ഉപേക്ഷിച്ചിട്ട് കമ്പനികള്‍ ഇന്ത്യ വിട്ടു പോയേക്കില്ലെന്നാണ് കൂടുതല്‍ വിദഗ്ധരും പറയുന്നത്. ഇതു കൂടാതെ, മെയ് 26ന് പുതിയ നിയമങ്ങള്‍ നടപ്പിലാക്കി എന്നു സർക്കാർ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും പറയുന്നു. അതിനും ചില കാരണങ്ങളുണ്ട്. ഇനി ഇന്നു നിയമങ്ങള്‍ നിലവില്‍ വരികയും, കമ്പനികള്‍ അവ അംഗീകരിക്കുകയും ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ നേരിടാം. അവയെപ്പറ്റി അറിഞ്ഞിരിക്കുക തന്നെ വേണം.

 

∙ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇന്ത്യയില്‍ ഇനി പഴങ്കഥ?

 

പുതിയ നിയമങ്ങള്‍ എന്നു നിലവില്‍ വന്നാലും അന്നു മുതല്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ രാജ്യത്ത് പഴങ്കഥയായേക്കും. ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി ഉപയോക്താവ് ആരാണെന്ന് സേവനദാതാക്കളായ വാട്‌സാപ്പും മറ്റും നേരിട്ടു വെരിഫൈ ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. അതായത്, ഏതെങ്കിലും ഒരു പേരിനു പിന്നില്‍ മറഞ്ഞിരുന്നാണ് സന്ദേശം കൈമാറുന്നതെങ്കിലും നിങ്ങളെ വ്യക്തമായി അറിയാനാകും. ഐഡന്റിറ്റി ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് അറിയാമായിരിക്കണം എന്നതാണ് വ്യവസ്ഥ. ഇത് സർക്കാർ ചോദിക്കുമ്പോള്‍ നല്‍കുകയും വേണം. ഇതോടെ പഴയ രീതിയിലുള്ള സ്വകാര്യത എന്ന പരിപാടി അവസാനിക്കും. രണ്ടാമത്തെ ആവശ്യം ഒരു സന്ദേശം ആദ്യം പോസ്റ്റ് ചെയ്തത് ആരാണെന്ന് സർക്കാരിന് പറഞ്ഞു കൊടുക്കണമെന്നതാണ്. ഇതുവഴി, വാട്‌സാപ്പും മറ്റും അടിവരയിടുന്ന അവരുടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും പൊളിഞ്ഞേക്കും. വര്‍ഷങ്ങള്‍ക്കു മുൻപ് ഈ ആവശ്യം സർക്കാർ ഉയര്‍ത്തിയപ്പോള്‍ അതു സാധ്യമല്ല തങ്ങള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിർത്തിപ്പോകുകയാണ് എന്നാണ് കമ്പനി അറിയിച്ചിരുന്നത്. മറ്റൊരു സാധ്യത ഇന്ത്യയ്ക്കായി പുതിയ സംവിധാനം കൊണ്ടുവരിക എന്നതാണ്. അന്ന് അതിനു താത്പര്യമില്ലെന്നായിരുന്നു കമ്പനി പറഞ്ഞത്. ഇപ്പോള്‍ മനംമാറ്റം ഉണ്ടായിരിക്കുന്നുവെന്നു വേണം കരുതാന്‍. എന്തായാലും, ഇനി സ്വകാര്യ സന്ദേശ കൈമാറ്റ ആപ്പുകള്‍, പ്രത്യേകിച്ചും അവയ്ക്ക് 50 ലക്ഷത്തിലേറെ ഉപയോക്താക്കള്‍ ഉണ്ടെങ്കില്‍ പഴയപോലെ ആയിരിക്കില്ല പ്രവര്‍ത്തിക്കുക എന്ന കാര്യം ഓരോ ഉപയോക്താവും അറിഞ്ഞു വയ്ക്കണം.

 

∙ പുതിയ നിയമങ്ങള്‍ ഇന്നു പ്രാബല്യത്തില്‍ വന്നേക്കില്ല?

 

സർക്കാർ ഇന്നു മുതല്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കിയേക്കില്ലെന്നാണ് മീഡിയ നാമയുടെ സ്ഥാപകന്‍ നിഖില്‍ പാഹ്വ പറയുന്നത്. കമ്പനികള്‍ക്ക് സമയം നീട്ടി നല്‍കിയില്ലെങ്കില്‍ പോലും ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നുവെന്നു സർക്കാർ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് അദ്ദേഹം അനുമാനിക്കുന്നത്. കാരണം, ഇതിനെതിരെ കമ്പനികള്‍ കോടതിയില്‍ പോയേക്കും. ഇപ്പോള്‍ത്തന്നെ പുതിയ നിയമങ്ങള്‍ക്കെതിരെ ഡിജിറ്റല്‍ വാര്‍ത്താ കമ്പനികള്‍ കോടതിയില്‍ കേസു നല്‍കിയിട്ടുണ്ട്. അതേസമയം, പുതിയ നിയമങ്ങളെക്കുറിച്ചുള്ള കുറേയേറെ വിശദീകരണങ്ങളും മറ്റും ഇന്നു പുറത്തിറക്കിയേക്കുമെന്നും കരുതുന്നു. അത്തരം ഒരു വിശദീകരണം പോലും സർക്കാർ തയാറാക്കി കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ തന്നെ, നടപ്പില്‍ വരുന്ന തിയതി മാറ്റിവയ്ക്കാനാണ് സാധ്യത എന്നും അവര്‍ വാദിക്കുന്നു. 

 

∙ ഗൂഗിളിന് 6 ദശലക്ഷം റൂബിള്‍ പിഴയിട്ട് റഷ്യന്‍ കോടതി

 

ഇന്ത്യയില്‍ ഭാവിയില്‍ വന്നേക്കാവുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ റഷ്യയില്‍ കാണാവുന്നത്. സമൂഹ മാധ്യമങ്ങളെയും മറ്റും വരുതിയില്‍ നിർത്താനുള്ള ശ്രമങ്ങള്‍ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. റഷ്യയില്‍ ഗൂഗിളിനോട് ചില ഉള്ളടക്കങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കംചെയ്യാന്‍ മോസ്‌കോ ആവശ്യപ്പെട്ടിരുന്നു. ഗൂഗിള്‍ ഇതു പാലിക്കാതെ വന്നിതിനാല്‍ കമ്പനിക്ക് 6 ദശലക്ഷം ഡോളര്‍ പിഴയിട്ടിരിക്കുകയാണ് റഷ്യന്‍ കോടതി. മോസ്‌കോയും ഗൂഗിളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. റഷ്യയിലും പുതിയ ഇന്റര്‍നെറ്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ടഗന്‍സ്‌കി ജില്ലാ കോടതിയാണ് ഗൂഗിളിന് പിഴയിട്ടത്. നേരത്തെ ട്വിറ്ററിനെതിരെ 8.9 ദശലക്ഷം റൂബിള്‍ പിഴയിട്ടിരുന്നു. ഫെയ്‌സ്ബുക്കിനെതിരെ ഏകദേശം 32 ദശലക്ഷം റൂബിള്‍ പിഴ ലഭിക്കാനുള്ള എട്ടു റിപ്പോര്‍ട്ടുകള്‍ കോടതി പരിഗണിക്കുന്നുണ്ട്.

flipkart-image-784-410-1-

 

∙ ഗൂഗിളിനെതിരെ ജര്‍മനിയില്‍ അന്വേഷണം

 

ഇന്റര്‍നെറ്റില്‍ ആധിപത്യം സ്ഥാപിച്ച കമ്പനിയായ ഗൂഗിള്‍ തങ്ങളുടെ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ജര്‍മനി. ഗൂഗിള്‍ ജര്‍മനി. ഗൂഗിള്‍ അയര്‍ലൻഡ്, ഗൂഗിളിന്റെ മാതൃ കമ്പനി അല്‍ഫബെറ്റ് എന്നിവ തങ്ങളുടെ വിപണി ആധിപത്യം ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നാണ് അന്വേഷണം.

 

∙ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ സര്‍ഫസ് ലാപ്‌ടോപ് സീരീസ് ഇന്ത്യയില്‍

 

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ലാപ്‌ടോപ് സീരീസായ സര്‍ഫസ് ലാപ്‌ടോപ് 4 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ഇതിന്റെ തുടക്ക വേരിയന്റിന് 1,02,999 രൂപയാണ് വില. ആമസോണ്‍ ഇന്ത്യ വഴിയായിരിക്കും വില്‍പന. മികച്ച ടച് സ്‌ക്രീന്‍ ടെക്‌നോളജിയും പ്രോസസിങ് ശക്തിയും സമ്മേളിപ്പിച്ചാണ് ഇവ എത്തുന്നത്. ഡോള്‍ബി അറ്റ്‌മോസ് ഒമ്‌നിസോണിക് സ്പീക്കറുകളും ഉണ്ട്. പുതിയ സീരീസിന് 13.5, 15-ഇഞ്ച് സ്‌ക്രീന്‍ സൈസുകള്‍ ഉണ്ട്. എഎംഡി റൈസണ്‍ മൊബൈല്‍ പ്രോസസറുകളും, 11-ാം തലമുറയിലെ ഇന്റല്‍ കോര്‍ പ്രോസസറുകളും ശക്തി പകരുന്നു. ആമസോണ്‍ ഇവയ്ക്ക് 11,444 രൂപ ഇഎംഐയും ഓഫര്‍ ചെയ്യുന്നു.

 

∙ ഐഒഎസ് 14.6 പുറത്തിറക്കി

 

ഐഫോണുകള്‍ക്കുള്ള ഐഒഎസ് 14.6 ഒഎസ് അപ്‌ഡേറ്റ് ആപ്പിള്‍ പുറത്തിറക്കി. ഐപാഡ്ഒഎസ്, ടിവിഒഎസ്, മാക്ഒഎസ്, വാച്ച്ഒഎസ്, ഹോംപോഡ് തുടങ്ങിയവയ്ക്കും പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമാണ്. 

 

∙ ഫ്‌ളിപ്കാര്‍ട്ടിന്റെ വിതരണ ശൃംഖലയിൽ 23,000 പേര്‍ക്കു കൂടി ജോലി

 

കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഇന്ത്യയിലെ പ്രധാന ഇകൊമേഴ്‌സ് വ്യാപാരികളിലൊരാളായ ഫ്‌ളിപ്കാര്‍ട്ടിന്റെ വിതരണ ശൃംഖല 23,000 പേര്‍ക്ക് ജോലി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

English Summary: Will India ban WhatsApp, Facebook, Twitter from May 26? Unlikely, but it is complicated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com