ADVERTISEMENT

 

 

തരംഗമായി മാറിയ ക്ലബ്ഹൗസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമിന്റെ അശ്രദ്ധമായ ഉപയോഗം നിങ്ങളെ വെട്ടിലാക്കിയേക്കാം. ലൈവ് ഓഡിയോ റൂമുകളാണ് ക്ലബ്ഹൗസിന്റെ ആകർഷണം. എന്നാൽ ഓഡിയോ റൂമുകളിലെ നിങ്ങളുടെ ഇടപെടലും പങ്കാളിത്തവും മറ്റൊരാൾ സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റെക്കോർഡ് ചെയ്ത് മറ്റ് പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യാൻ ഇടയുണ്ട്. ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ക്ലബ്ഹൗസ് ചട്ടമെങ്കിലും പലരും ഇത് പാലിക്കാറില്ല.

 

കഴിഞ്ഞ ദിവസങ്ങളിൽ ക്ലബ്ഹൗസിൽ പ്രത്യക്ഷപ്പെട്ട ചില 'കുഴപ്പം പിടിച്ച' റൂമുകളിൽ എന്തു നടക്കുന്നുവെന്ന് അറിയാൻ കയറിയവർ പോലും ഇങ്ങനെ വെട്ടിലായി. റൂമിൽ 'സ്പീക്കർ' അല്ലെങ്കിൽ പോലും സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ ആ റൂമിൽ മുഴുവൻ പേരുടെയും പ്രൊഫൈൽ ചിത്രങ്ങൾ ഈ വിഡിയോയിൽ പതിഞ്ഞിരുന്നു. ഈ വിഡിയോ ശകലങ്ങൾ യൂട്യൂബിലും വാട്സാപ്പിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം അതിലെ കേൾവിക്കാരുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നു. പലരും പൊലീസിൽ പരാതിപ്പെടാനും ഒരുങ്ങുകയാണ്. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ പറയുന്ന കാര്യങ്ങൾ പോലും നാളെ നാടുനീളെ പ്രചരിക്കാം.

 

വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട റൂമുകളിലെ സാന്നിധ്യം പലർക്കും അവരുടെ ജോലി സ്ഥലത്ത് വിനയായി മാറിയിട്ടുണ്ട്. ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ് ക്ലബ്ഹൗസിന്റെ പ്രത്യേകത. ഇതിനു പുറമേ ആ വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ക്ലബ്ഹൗസ് ഫീഡിൽ നോക്കിയാലും വ്യക്തമാകും. ചില പ്രത്യേക റൂമുകളിൽ ഒരു വ്യക്തി പങ്കെടുക്കുന്നുവെന്ന് കാണിക്കാനായി സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്ന രീതിയുമുണ്ട്. 

∙ ക്ലബ്ഹൗസ് റെക്കോർഡ് ചെയ്യുമോ?

കേസ് അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ക്ലബ്ഹൗസ് എല്ലാ റൂമുകളിലെയും സംഭാഷണം റെക്കോർഡ് ചെയ്യാറുണ്ട്. റൂം ആക്ടീവ് ആയിരിക്കുന്ന സമയത്ത് ആരെങ്കിലും എന്തെങ്കിലും പ്രശ്നം റിപ്പോർട്ട് ഓപ്ഷൻ വഴി ഉന്നയിച്ചാൽ ആ ഓഡിയോ അന്വേഷണം തീരും വരെ സൂക്ഷിക്കും.

 

English Summary: Clubhouse is recording your conversations thats not even its worst privacy problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com