ADVERTISEMENT

കഴിഞ്ഞ പത്തു വർഷത്തിനിടെ സമൂഹ മാധ്യങ്ങളുടെ ഉപയോഗം സർവസാധാരണമായി തീർന്നിരിക്കുന്നു. വാട്‍സാപ്, ഫെയ്‌സ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം മുതൽ ക്ലബ്ഹൗസ് വരെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ പലതാണ്. ഇത്തരത്തിലുള്ള സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ഭൂരിഭാഗം ആളുകളിലും പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും അഞ്ചു മുതൽ പത്തു ശതമാനം ആളുകളിൽ അത് അഡിക്ഷൻ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. സമൂഹ മാധ്യമ അഡിക്ഷൻ എന്നത് അത്തരം പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് അടിപ്പെട്ടു എന്നർഥമാക്കുന്നു. സമൂഹ മാധ്യമങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടേയിരിക്കുക, അതിൽ ലോഗിൻ ചെയ്യാനും ഉപയോഗിക്കാനുമുണ്ടാകുന്ന അനിയന്ത്രിതമായ അഭിനിവേശം, കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കുകയും അതുവഴി ജീവിതത്തിന്റെ മറ്റു പ്രധാന കാര്യങ്ങൾക്ക് വേണ്ട സമയം നൽകാതിരിക്കുകയും ചെയ്യുക എന്നതൊക്കെ ഒരാൾ സമൂഹ മാധ്യമങ്ങൾക്ക് വിധേയനായോ എന്നു നിർണയിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ്. 

സമൂഹ മാധ്യമങ്ങൾക്ക് അടിമയായ ഒരാൾക്ക്, അത് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം, കൂടുതൽ സമയം അതിൽ ചെലവഴിക്കാനുള്ള അനിയന്ത്രിതമായ ആവേശം, ഉപയോഗിക്കാൻ സാധ്യമാകാതിരുന്നാലുണ്ടാകുന്ന അസ്വസ്ഥത, എന്നിവ മറ്റേതൊരു വിധേയത്വത്തിനും (മദ്യപാനം, പുകവലി മുതലായ) പോലെ തന്നെ സാമ്യതകളുണ്ട്. 

സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും അതിനു കിട്ടുന്ന ലൈക്കുകളും കമന്റുകളും നമ്മുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ഉത്തേജനം ചിലരിൽ സമൂഹ മാധ്യമങ്ങളുടെ കൂടുതലായുള്ള ഉപയോഗത്തിനും ആത്യന്തികമായി വിധേയത്വത്തിനും വഴിവയ്ക്കുന്നു. സാധാരണ സംഭാഷണങ്ങളിൽ നാം നമ്മെക്കുറിച്ച് മറ്റുള്ളവരോട് പങ്കുവയ്ക്കുന്നത് 30 - 40 ശതമാനം ആണെങ്കിൽ സമൂഹ മാധ്യമത്തിൽ അത് 80 ശതമാനത്തോളം ആണത്രെ. എഴുത്തുകളായും ഫോട്ടോകളായും മറ്റും കൂടുതലും ഒരാൾ അയാളെക്കുറിച്ചു തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ തുറന്നു വയ്ക്കുന്നത്. 

ഒരാൾ സമൂഹ മാധ്യമങ്ങളെ മാനസിക സമ്മർദം കുറയ്ക്കാനും ഒറ്റപ്പെടലുകൾ, ഏകാന്തത, വിഷാദം, എന്നിവയ്ക്കുള്ള മറു മരുന്നായി ഉപയോഗിക്കാൻ തുടങ്ങുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങൾ ആരംഭിക്കുന്നത്. യഥാർഥ ജീവിതത്തിൽ കിട്ടാത്ത ‘ലൈക്കുകളും’ നല്ല വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത് ചിലരെയെങ്കിലും അതിന് അടിമപ്പെടുത്തുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ അനിയന്ത്രിതമായ തുടർച്ചയായ ഉപയോഗം യഥാർഥ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ജീവിതത്തിലെ ബന്ധങ്ങളിൽ താത്പര്യമില്ലാതിരിക്കലോ അതിനെ അവഗണിക്കലോ, ജോലിയുടെയും പഠനകാര്യങ്ങളുടെയും അലംഭാവം, മാനസികവും ശാരീരികവുമായ ആരോഗ്യം എന്നിങ്ങനെ ജീവിതത്തിന്റെ നാനാതലങ്ങളെ ഇത് ബാധിക്കും.

facebook

താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങളിലൂടെ ഒരാൾ സമൂഹ മാധ്യമങ്ങൾ വിധേയനാണോ എന്ന് മനസ്സിലാക്കാൻ സാധിക്കും.

∙ നിങ്ങൾ കൂടുതൽ സമയം സമൂഹ മാധ്യമങ്ങളെക്കുറിച്ച്  ആലോചിക്കാറുണ്ടോ ? അതിൽ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് കൂടുതലായി ആലോചിച്ച് സമയം കളയാറുണ്ടോ?

∙ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള അനിയന്ത്രിതമായ ആഗ്രഹം ഉണ്ടാകാറുണ്ടോ?

∙ വ്യക്തിപരമായ പ്രശ്നങ്ങൾ മറക്കാനായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാറുണ്ടോ?

∙ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടിട്ടുണ്ടോ?

∙ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ പറ്റാതിരിക്കുമ്പോൾ അസ്വസ്ഥത തോന്നാറുണ്ടോ?

∙ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ജോലിയിലോ പഠനത്തിലോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ?

മൂന്നിലധികം ചോദ്യങ്ങൾക്ക് ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് സമൂഹ മാധ്യമങ്ങൾക്ക് അഡിക്ഷനായി തുടങ്ങി എന്ന് കരുതാം. 

ഇങ്ങനെയൊരു വിധേയത്വം രൂപപ്പെടുന്നുണ്ടെന്നു കണ്ടാൽ സമൂഹ മാധ്യമങ്ങളുടേയും മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങളുടെയും ഉപയോഗം പരിമിതപ്പെടുത്താൻ ശ്രമിക്കുക. നോട്ടിഫിക്കേഷനുകൾ ഒഴിവാക്കിയും മൊബൈൽ ഫോണിൽ നിന്ന് ഇത്തരം ആപ്പുകൾ ഒഴിവാക്കിയും ഉപയോഗത്തിന് നിശ്ചിത സമയം മാറ്റിവച്ചും സമൂഹ മാധ്യമ അഡിക്ഷനിൽ നിന്നും കരകയറാൻ തുടക്കത്തിലേ ശ്രമിക്കുക. ‘അഡിക്റ്റഡ് ടു ലൈഫ് ’ എന്ന വാക്യം സമൂഹ മാധ്യമ അഡിക്ഷനെ പ്രതിരോധിക്കാനുള്ളതുമാകട്ടെ. 

ബിനോയ് കുമാർ കണ്ടത്തിൽ - binoykumar@gmail.com

(ലേഖകൻ പതിനേഴു വർഷമായി ഐടി മേഖലയിൽ പ്രവർത്തിക്കുന്നു.)

English Summary: From WhatsApp to Clubhouse ... Beware of social media addiction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com