ADVERTISEMENT

ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങളെയും ഇന്ത്യയുൾപ്പെടെ ക്ഷണിക്കപ്പെട്ട രാജ്യങ്ങളെയും അപമാനിച്ചുള്ള കാർട്ടൂണും വിവരണവും പങ്കുവച്ച് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ്. ചൈനയിലെ പ്രശസ്ത സമൂഹമാധ്യമമായ വെയ്ബോയിൽ ‘ബൻടോങ്‌ലോടാങ്’ എന്ന പേരുള്ള ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്ത അവഹേളനപരമായ കാർട്ടൂണാണ് ഗ്ലോബൽ ടൈംസ് പങ്കുവച്ചത്.

 

‘ദി ലാസ്റ്റ് ജി 7’ എന്നു പേരിട്ടിരിക്കുന്ന കാർട്ടൂൺ, വിഖ്യാത ചിത്രകാരൻ ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്ത പെയിന്റിങ്ങായ ദ് ലാസ്റ്റ് സപ്പറിന്റെ മാതൃകയിൽ വരച്ചതാണ്. ജീവികളുടെ രൂപത്തിലാണ് ഇതിൽ രാജ്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു തീൻമേശയ്ക്കു ചുറ്റും രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ജീവികൾ ഇരിക്കുന്ന നിലയിലാണു കാർട്ടൂൺ.

 

രോഗം മൂലം അവശനായ ഒരു ആനയുടെ രൂപത്തിലാണ് ഇന്ത്യയെ അവതരിപ്പിച്ചിരിക്കുന്നത്. തീൻമേശയിൽ കസേര കിട്ടാതെ നിലത്തു കുത്തിയിരിക്കുന്ന മട്ടിൽ. ആനയ്ക്കു മുൻപിൽ എന്നെ സഹായിക്കൂ എന്ന ബോർഡും വച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടെങ്കിലും ഇന്ത്യയ്ക്കു വലിയ പ്രാധാന്യമൊന്നും കൊടുത്തില്ലെന്ന സന്ദേശവും രാജ്യത്തെ ഉയർന്ന കോവിഡ് പ്രതിസന്ധിയെ കളിയാക്കിയുമാണ് ഈ അവതരണം.

 

മധ്യത്തിൽ കഴുകന്റെ രൂപത്തിലാണ് അമേരിക്കയെ കാണിച്ചിരിക്കുന്നത്. ചൈനയുടെ ഭൂപടമുള്ള ഒരു കേക്ക് മുറിക്കാനെന്ന മട്ടിൽ ടേബിളിൽ വച്ചിരിക്കുന്നതും കാണാം. ചൈനയെ വെട്ടിമുറിച്ച് ആക്രമിക്കാനുള്ള ഗൂഢാലോചനയാണു ജി 7 ഉച്ചകോടിയിൽ നടക്കുന്നതെന്നു പ്രതീകാത്മകമായി കാണിക്കാനാണ് ഇത്.

അമേരിക്കയെ പ്രതിനിധീകരിക്കുന്ന കഴുകൻ ടോയ്‌ലെറ്റ് പേപ്പറിൽ നിന്നു ഡോളറുകൾ പ്രിന്റ് ചെയ്യുന്നതും, ഈ ഡോളറിലേക്ക് കംഗാരുവിന്റെ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഓസ്ട്രേലിയ കൈകടത്തുന്നതും കാണാം. 

ചൈനയ്ക്കെതിരെയുള്ള നയങ്ങളിൽ ഓസ്ട്രേലിയ യുഎസുമായി പങ്കു ചേരുന്നതിന്റെ രോഷമാണ് ഇതിലൂടെ പറയപ്പെടുന്നതെന്നും ഒരേ സമയം ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരിക്കെ ധനാർത്തി മൂത്ത് ഓസ്ട്രേലിയ കപടമുഖവും വഞ്ചനയും കാണിക്കുകയാണെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.

 

ചൈനയ്ക്ക് വിരോധമുള്ള രണ്ടു രാജ്യങ്ങളായ ജപ്പാനും തയ്‌വാനും കാർട്ടൂണിലുണ്ട്. തീൻമേശയ്ക്കു ചുറ്റുമിരിക്കുന്നവരുടെ ഗ്ലാസുകളിൽ ആണവവികിരണത്തിന്റെ ചിഹ്നമുള്ള കെറ്റിലിൽ നിന്നു പച്ചനിറമുള്ള റേഡിയോ ആക്ടീവ് ദ്രാവകം വിളമ്പുന്ന ഷിബ്നാ ഇനു നായയായിട്ടാണ് ജപ്പാനെ അവതരിപ്പിച്ചിരിക്കുന്നത്. പസിഫിക് സമുദ്രത്തിലേക്ക് ഫുക്കുഷിമ റിയാക്ടറിൽ നിന്നുള്ള റേഡിയോ ആക്ടീവ് മാലിന്യം തള്ളാൻ ജപ്പാൻ നടപടിയെടുക്കുമെന്ന അഭ്യൂഹമാണ് ഈ പ്രതീകാത്മതയ്ക്കു പിന്നിൽ.

 

താഴെ വച്ചിരിക്കുന്ന പാത്രത്തിൽ നിന്നു നോട്ടുകെട്ടുകളുമായി ടേബിളിൽ അമേരിക്കയ്ക്കരികിലേക്കു ചാടുന്ന തവളയായിട്ടാണ് തയ്‌വാൻ അവതരിപ്പിക്കപ്പെട്ടത്. തയ്‌വാനും യുഎസുമായി ശക്തമായിക്കൊണ്ടിരിക്കുന്ന വ്യാപാര സാമ്പത്തിക ബന്ധങ്ങളാകാം ഇത്തരമൊരു അവതരണത്തിനു കാരണം. ബ്രിട്ടനെ സിംഹമായും ജർമനിയെ ബ്ലാക്ക് ഹോക്ക് പക്ഷിയായും കാനഡയെ കരടിയായും ഫ്രാൻസിനെ പൂവൻകോഴിയായും ഇറ്റലിയെ ചെന്നായയായും അവതരിപ്പിച്ചിരിക്കുന്നു.

 

ഇത്തവണ കഴിഞ്ഞ ജി7 ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ ചൈനയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ചൈനയുടെ നയങ്ങളെയും മറ്റും വലിയ രീതിയിൽ അവർ ചോദ്യം ചെയ്തു. ഇതാണ് കാർട്ടൂൺ പോസ്റ്റ് ചെയ്തതിനും ഗ്ലോബൽ ടൈംസ് അതു പ്രസിദ്ധീകരിച്ചതിനും വഴിവച്ചതെന്നു കരുതുന്നു.

 

English Summary: Chinese cartoon parody mocks G7, depicts Australia as cash grabbing kangaroo and India as sick elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com