sections
MORE

ആരാണു നീ, ക്ലബ് ഹൗസിലെ പെൺകൊടി?

HIGHLIGHTS
  • നിറമില്ലാത്ത ലോഗോയിലെ മുഖങ്ങൾ കൊണ്ട് കളം നിറഞ്ഞ് ക്ലബ്ഹൗസ്
dandara-pagu
ഡാൻഡാര പാഗു, Photo Courtesy: Clubhouse
SHARE

കാതുകളിലൂടെ ഹൃദയത്തിലേക്കു വഴി തുറന്ന ആപ്പാണ് ക്ലബ് ഹൗസ്. ഐഒഎസ് പ്ലാറ്റ്ഫോമിൽ ആദ്യം അവതരിച്ച ഈ ആപ്പിൽ ഇലോൺ മസ്ക്, മാർക് സക്കർബർഗ് തുടങ്ങിയ വമ്പന്മാർ തന്നെ ശബ്ദത്താൽ സന്നിഹിതരായതോടെ ക്ലബ് ഹൗസ് ലോകത്തിന്റെ ആകാശവാണിയായി. റേഡിയോക്കാലത്തെ സ്മരണകൾ ഗൃഹാതുരതയോടെ എപ്പോഴും ഓർക്കുന്ന മലയാളികൾക്ക് ഈ ആപ്പിനോട് വല്ലാത്ത ഒരിഷ്ടം കൂടുതലായി തോന്നിയതിൽ അദ്ഭുതമില്ല. കേൾക്കാനും പറയാനും അറിയാനും അറിയിക്കാനും വാദിക്കാനുമുള്ള ഒരിടം എന്ന നിലയിൽ അതിന്റെ മൗലികത കൊണ്ടു പെട്ടന്നു ശ്രദ്ധിക്കപ്പെട്ടു ക്ലബ് ഹൗസ്.

ക്ലബ് ഹൗസിനെപ്പറ്റിയല്ല ഇവിടെ പറയുന്നത്. അതിന്റെ ലോഗോ എന്നു വിളിക്കാവുന്ന കവർ ചിത്രത്തെപ്പറ്റിയാണ്. 

തുടക്കം മുതൽ തന്നെ ക്ലബ് ഹൗസ് എന്ന ആപ് ശ്രദ്ധേയമായത് അതിന്റെ ലോഗോ കൊണ്ടു കൂടിയാണ്. ഗൂഗിളിന്റെ ഡൂഡിൽസിൽ നിന്നു പ്രചോദനമുൾക്കൊണ്ടാകാം തങ്ങളുടെ ലോഗോ ഒരു സന്ദേശം കൂടിയാക്കാൻ ക്ലബ് ഹൗസ് ശ്രദ്ധിക്കുന്നു. ഏതാനും ആഴ്ചകളേ ക്ലബ് ഹൗസ് ഒരു ലോഗോയിൽ ഉറച്ചു നിൽക്കൂ. ലോഗോ എന്നു പറയുമ്പോൾ വർണശബളമായ ചിത്രമെഴുത്തൊന്നുമില്ല, ഗ്രാഫിക്സിന്റെ കണ്ണഞ്ചിപ്പിക്കുന്ന അമ്പരപ്പിക്കലുമില്ല. നിറമേതുമില്ലാതയൊരു പാവം ഫോട്ടോ. അതൊരു സ്ത്രീയോ പുരുഷനോ ആകാം. 

അവർ ആരാകാം? എങ്ങനെയാണവർ ക്ലബ് ഹൗസിന്റെ ലോഗോയിൽ ഇടം പിടിച്ചത്.? 

ക്ലബ് ഹൗസിനെ പോരാട്ടങ്ങളുടെയും പ്രചോദിപ്പിക്കലുകളുടെയും ആനന്ദിപ്പിക്കലുകളുടെയും വേദിയായി മാറ്റിയവരാണ് അവർ. പലരും വർണ വെറിക്കെതിരെയും അക്രമങ്ങൾക്കെതിരെയും വാക്കുകൾ കൊണ്ടും സംഗീതം കൊണ്ടും ചിത്രങ്ങൾ വരച്ചു കൊണ്ടും പൊരുതുന്നവർ. ക്ലബ് ഹൗസ് എന്ന പ്ലാറ്റ്ഫോമിനെത്തന്നെ അവർ തങ്ങളുടെ പോരാട്ട വേദിയായി തിരഞ്ഞെടുത്തു എന്നതാണ് ലോഗോയിലേക്കുള്ള അവരുടെ സഞ്ചാരപാത തെളിച്ചത്. ഒരേ സമയം ഒരു സന്ദേശവും അംഗീകാരവുമാണ് ക്ലബ് ഹൗസ് ലോഗോ. 

clubhouse

ബ്രസീലിലെ മനുഷ്യാവകാശ പ്രവർത്തകയും ബോ‍ഡി പോസിറ്റിവിറ്റി ലീഡറുമായ ഡാൻഡാര പാഗു ആണ് അടുത്തതായി ക്ലബ് ഹൗസിന്റെ മുഖമാകുക. ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും പുതുതായി ആപ് ഇൻസ്റ്റാൾ ചെയ്യുന്നവരുടെ ഫോണി‍ൽ ക്ലബ്ഹൗസിന്റെ മുഖചിത്രം പാഗുവിന്റേത് ആണ്. വൈകാതെ തന്നെ പാഗുവിന്റെ മുഖം ലോകത്തെമ്പാടുമുള്ള ക്ലബ് ഹൗസ് ആരാധകരുടെ ഫോണുകളിൽ ഇടം പിടിക്കും. ക്ലബ് ഹൗസിന്റെ കവർഗേൾ ആയതോടെ പാഗു ആരാണ് എന്ന അന്വേഷണങ്ങളും ലോകമെമ്പാടും തുടങ്ങിക്കഴിഞ്ഞു. ഗൂഗിളിന്റെ തിരച്ചിൽപ്പെട്ടിയിൽ ഡാൻഡാര പാഗു എന്ന പേര് അടിച്ചു ചേർത്ത് പാഗുവിന്റെ ജീവിതം വായിച്ചറിയുന്നവർ ഒട്ടേറെയാണ്. 

പട്ടിണിയും അതിക്രമങ്ങളും വർണ വിവേചനവും ചേർന്നു സമാസമം പകുത്തെടുത്ത കറുത്തവർഗക്കാരിയായ ഗ്രാമീണ വനിതാ ജീവിതത്തിന്റെ നേർപ്പകർപ്പാണ് പാഗുവെന്നും അനുഭവങ്ങളാണ് അവരുടെ ജീവിതത്തെ ചിട്ടപ്പെടുത്തിയതെന്നുമാണ് തങ്ങളുടെ ലോഗോ ആയി പാഗുവിന്റെ മുഖം തിരഞ്ഞെടുത്തതായുള്ള അറിയിപ്പിൽ ക്ലബ് ഹൗസ് വക്താക്കൾ പറയുന്നത്. സാമ്പത്തിക കാര്യങ്ങളും വർണ വിവേചന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകളാണ് പാഗു ഇതിനോടകം ക്ലബ് ഹൗസിൽ സംഘടിപ്പിച്ചത്. പാഗുവിന്റെ മോഹിപ്പിക്കുന്ന ചിരി ക്ലബ് ഹൗസ് റൂമുകളിലേക്ക് പുതുതായി കടന്നു വരുന്നവർക്ക് മികച്ചൊരു സ്വീകരണ ചിഹ്നമാകുമെന്നു വിശ്വസിക്കുന്നതായും ക്ലബ് ഹൗസ് പറയുന്നു. ഏതായാലും ഇനി കുറേനാൾ നമുക്കൊപ്പം ഫോണിലുണ്ടാകും ഡാൻഡാര പാഗു.

clubhouse-rooms
ഡ്രൂ കറ്റയോക

ഇക്കഴിഞ്ഞ മാസങ്ങളിൽ ക്ലബ്ഹൗസ്  ഡൗൺലോഡ് ഡൗൺലോഡ് ചെയ്തവരുടെ ഫോണിലുള്ള ലോഗോയിൽ നേർത്തൊരു പുഞ്ചിരിയുമായി മുകളിലേക്ക് നോക്കിയിരിക്കുന്നത് ഏഷ്യൻ– അമേരിക്കൻ ആക്ടിവിസ്റ്റും കലാകാരിയുമായ ഡ്രൂ കറ്റയോക (Drue Kataoka) ആണ്. മലയാളികൾക്ക് പരിചയവും ഡ്രൂവിന്റെ മുഖമാണ്. പ്ലേ സ്റ്റോറിൽ ആപ് ലഭ്യമായപ്പോൾ മുതൽ ഡ്രൂവാണ് ലോഗോ ഗേൾ. ആപ്പിന്റെ കവർചിത്രമാകുന്ന ആദ്യത്തെ ഏഷ്യൻ –അമേരിക്കൻ ആർട്ടിസ്റ്റ് ആണ് ഡ്രൂ. ചിത്രകാരിയും ശിൽപിയുമാണ് ടോക്കിയോയിൽ ജനിച്ച ഡ്രൂ. സ്റ്റാൻഫഡ് സർവകലാശാലാ പ്രോഡക്ട് ആയ ഡ്രൂ സിലിക്കൺവാലിയിൽ തന്റെ ആർട്ട് സ്റ്റുഡിയോ സ്ഥാപിച്ചപ്പോൾ ഒരു സ്റ്റാർട്അപ് പോലെയാണ് അത് വിഭാവന ചെയ്തത്. പരമ്പരാഗത രീതിയിലല്ലാതെ തന്റെ ചിത്രങ്ങളെ മാർക്കറ്റ് ചെയ്യാൻ വേറിട്ട വഴികൾ സ്വീകരിക്കുന്നതിലൂടെ ശ്രദ്ധേയയാണ് ഡ്രൂ. ക്ലബ് ഹൗസ് ആദ്യകാലം മുതൽ ഉപയോഗിക്കുന്നയാളാണ് ഡ്രൂ. 2020 മാർച്ചിൽ ഐഫോണുകൾക്കു വേണ്ടി ആപ് ലോഞ്ച് ചെയ്തപ്പോൾത്തന്നെ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു തുടങ്ങി. നിലവിൽ ഏഴു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഡ്രൂ ക്ലബ് ഹൗസ് പ്ലാറ്റ്ഫോം ഉപയോഗിച്ച് #stopasianhate എന്ന ക്യാംപയിനിലേക്ക് ഒരു ലക്ഷം ഡോളറിലേറെ സ്വരൂപിച്ചു. ഏഷ്യൻവംശജർക്കെതിരെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെതിരെയും വംശീയ ചേരിതിരിവിനെതിരെയുമൊക്കെ തുറന്ന ചർച്ചകൾക്ക് ഡ്രൂ ക്ലബ് ഹൗസ് വേദിയാക്കി. ക്ലബ് ഹൗസിലെ മികവാർന്ന പ്രവർത്തനങ്ങളാണ് അവരെ ആപ്പിന്റെ മുഖമാക്കി മാറ്റിയത്. കഴിഞ്ഞ ഏപ്രിലോടെയാണ് ഡ്രൂ ആപ് ലോഗോ ആകുന്നത്. അതോടെ താരമായി മാറിയ ഡ്രൂ കറ്റയോക തനിക്കു ലഭിച്ച പ്രശസ്തിയും തന്റെ പ്രവർത്തനങ്ങൾക്ക് ഇന്ധനമാക്കുകയാണ്. 

clubhouse-icons

ക്ലബ് ഹൗസിൽ കോട്ടൺ ക്ലബ് ചാനൽ നടത്തുന്ന ബൊമാനി എക്സ് എന്ന ഗിറ്റാറിസ്റ്റ്, അമേരിക്കൻ കലാകാരനായ കിങ് കിക്കോ, സംരംഭകയായ ഫ്രഞ്ച് യുവതി എറിക്ക ബാറ്റിസ്റ്റ, പോഡ്കാസ്റ്റ്, വുമൺ ഷോ സംഘാടകയായ എസ്പ്രീ ഡെവേറ, ഇൻഡി പോപ് സംഗീതജ്ഞനും ലല്ലബി ക്ലബ് എന്ന ക്ലബ് റൂം സംഘാടകനുമായ അക്സൽ മൻസൂർ എന്നിവർ ഡ്രൂവിനു മുമ്പ് ക്ലബ് ഹൗസിന്റെ ലോഗോ ആയവരാണ്.

English Summary: New Clubhouse icon: Who is Dandara Pagu? All you need to know about the Brazilian activist and creator

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA