ADVERTISEMENT

ഉന്നത അധികാര സ്ഥാനങ്ങളിൽ ഉള്ളവരുടെ ഭാഗത്തു നിന്നുള്ള അവിഹിതബന്ധങ്ങൾ എന്നും ലോകശ്രദ്ധ നേടിയിട്ടുണ്ട്. ഡിജിറ്റൽ യുഗത്തിൽ ഇക്കാര്യങ്ങൾ കൂടുതൽ ആഘോഷിക്കുന്നതും ചർച്ച ചെയ്യുന്നതും സമൂഹ മാധ്യമങ്ങളിലാണ്. ഇക്കാര്യങ്ങൾ ഇതിൽ ഏറ്റവും പ്രശസ്തം 1998 ലെ ബിൽ ക്ലിന്റൺ- മോണിക്ക ലെവിൻസ്‌കി വിവാദമാണ്. വൈറ്റ് ഹൗസ് ജീവനക്കാരിയായ മോണിക്ക ലെവിൻസ്‌കിയുമായി ബിൽക്ലിന്റണുണ്ടായ അവിഹിത ബന്ധം അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തുകയും ഡെമോക്രാറ്റിക് പാർട്ടിയെ കാലാകാലങ്ങളോളം പ്രതിസന്ധിയിലാക്കുകയും ചെയ്തു. എന്നാൽ അന്ന് സമൂഹ മാധ്യമങ്ങളൊന്നും ഇല്ലായിരുന്നു. ഇതിനാൽ തന്നെ അതിരുവിട്ട ചർച്ചകളും നടന്നിരുന്നില്ല.

 

എന്നാൽ ഇപ്പോൾ ഇതിനു സമാനമായ ഒരു വൻ വിവാദമാണ് ബ്രിട്ടനിൽ നടന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടനിലെ ഹെൽത്ത് സെക്രട്ടറി (ആരോഗ്യമന്ത്രി) പദവി വഹിക്കുന്ന മാറ്റ് ഹാൻകോക്കും ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവുമായ ഗീന കോലഡാങ്‌ഗെലോയുമായുള്ള അവിഹിത ബന്ധം തെളിവു സഹിതം പുറത്തുവന്നതോടെയാണു പ്രശ്‌നം ഉടലെടുത്തത്. കോവിഡ് കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ആരോഗ്യമന്ത്രാലയത്തിൽ നിന്നു തന്നെ ഇത്തരമൊരു വിവാദം എത്തിയതോടെ തികച്ചും പ്രതിസന്ധിയിലാണു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സമ്മർദ്ദം കടുത്തതോടെ ഇന്നലെ ഹാൻകോക്ക് രാജിവയ്ക്കുകയും പാക്ക് വംശജനായ സജീദ് ജാവേദ് ആ സ്ഥാനത്തേക്കു നിയമിതനാകുകയും ചെയ്തു. പുറത്തായ ദൃശ്യങ്ങളും മറ്റു വിവരങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യുന്നുമുണ്ട്.

 

15 വർഷമായി വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ഹാൻകോക്ക്, വിവാഹിതയും മൂന്നുമക്കളുടെ മാതാവുമായ ഗീനയെ (43) തന്റെ ഓഫിസ് മുറിയിൽവച്ചു ചുംബിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ബ്രിട്ടിഷ് ടാബ്ലോയ്ഡായ സൺ കഴിഞ്ഞദിവസം പുറത്തുവിട്ടതോടെയാണു തുടക്കം. സംഭവം ഒരു രാഷ്ട്രീയക്കൊടുങ്കാറ്റായി ബ്രിട്ടനിൽ വൻ ചർച്ചയായി. കഴിഞ്ഞ മേയ് ആറിനായിരുന്നു ഈ ദൃശ്യങ്ങൾക്ക് ആസ്പദമായ സംഭവങ്ങൾ നടന്നതെന്നു കരുതുന്നു.

ഇക്കാര്യം വിവാദമാകാൻ രണ്ടുകാരണങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യത്തേത് അവിഹിതം തന്നെ. രണ്ടാമത്തേത് നിയമം തെറ്റിച്ചു എന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർശനചട്ടങ്ങൾ ബ്രിട്ടനിൽ ഹാൻകോക്ക് തന്നെ ആ കാലയളവിൽ നടപ്പിൽ വരുത്തിയിരുന്നു. വീട്ടിൽ താമസിക്കുന്നവർ ഒഴികെ മറ്റുള്ളവരുമായി തൊട്ടുള്ള യാതൊരു ഇടപെടലുകളും പാടില്ലെന്ന നിഷ്‌കർഷ ബ്രിട്ടൻ മുന്നോട്ടുവച്ചു. സുഹൃത്തുക്കൾ തമ്മിലുള്ള ആലിംഗനം പോലും നിരോധിക്കപ്പെട്ടു. ഇതെല്ലാം നടപ്പിലാക്കിയിട്ട് ആരോഗ്യമന്ത്രി തന്നെ തെറ്റിച്ചു. അവിഹിതം ക്ഷമിച്ചാൽ പോലും നിയമപരിപാലനത്തിൽ തികഞ്ഞ ശ്രദ്ധ പുലർത്തുന്ന ബ്രിട്ടിഷ് ജനത രണ്ടാമത്തെ വീഴ്ച ക്ഷമിക്കാനൊരുക്കമായിരുന്നില്ല. കഠിന ചട്ടങ്ങളിറക്കി തങ്ങളെക്കൊണ്ട് അനുസരിപ്പിച്ച ശേഷം സ്വയം അതൊന്നും പാലിക്കാതെ ജനങ്ങളെ മണ്ടൻമാരാക്കിയ ആരോഗ്യമന്ത്രിയെ പടിയിറക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ബോറിസിനു മുന്നിൽ വലിയ ക്യാംപെയ്ൻ നടത്തി.

 

ബ്രിട്ടനിലെ പ്രശസ്ത കോടീശ്വരനും ഫാഷൻ ടൈക്കൂണുമായ ഒലിവർ ട്രെസിന്റെ ഭാര്യയാണു ഗീന. ഇവർക്ക് ലണ്ടനിൽ കോടികൾ വിലമതിക്കുന്ന ആഡംബരഗൃഹങ്ങളും മറ്റുമുണ്ട്. ഉപദേശക ജോലിയോടൊപ്പം തന്നെ ഭർത്താവിന്റെ സ്ഥാപനത്തിലെ കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഉന്നത പദവിയും ഇവർക്കുണ്ട്, നിരവധി സ്ഥാപനങ്ങളിൽ നിക്ഷേപവും.

1978ൽ ചെഷയറിൽ ജനിച്ച നാൽപത്തിമൂന്നുകാരനായ ഹാൻകോക്ക്, ഓക്‌സ്ഫഡിലാണു പഠിച്ചത്. അവിടത്തെ പഠനകാലയളവിലാണു സഹപാഠിയായ ഗീനയെ പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും. 

 

പിൽക്കാലത്ത് രാഷ്ട്രീയത്തിലേക്ക് ഉയർന്ന ഹാൻകോക്ക് ഡേവിഡ് കാമറൺ, തെരേസമേ സർക്കാരുകളിൽ മന്ത്രിസ്ഥാനം കൈക്കൊണ്ടു. തെരേസ മേ സ്ഥാനമൊഴിഞ്ഞ ശേഷം ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായപ്പോഴും ഉയർന്ന പ്രൊഫൈലുള്ള രാഷ്ട്രീയക്കാരനായി ഹാൻകോക്ക് നിലനിന്നു. 2018ൽ ആരോഗ്യസെക്രട്ടറി എന്ന ഉന്നത പദവിയിലെത്തി. ഇതിനിടെ ഗീനയെ തന്റെ ഉപദേശക സംഘത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ തീരുമാനവും വലിയ വിവാദത്തിനു വഴിവച്ചിരുന്നു.

 

നിലവിലെ പ്രശ്‌നങ്ങൾ തുടങ്ങുന്നതിനു മുൻപ് തന്നെ ഹാൻകോക്ക് പ്രശ്‌നത്തിലകപ്പെട്ടിരുന്നു. ഒരു ജീവനക്കാരന്റെ പുറത്തടിച്ചത് ക്യാമറയിൽ പതിഞ്ഞതു വിവാദമുയർത്തി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ടു കോടിക്കണക്കിനു ബ്രിട്ടിഷ് പൗണ്ടുകളുടെ കരാറുകൾ തന്റെ ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും നൽകിയെന്ന ആരോപണവും അദ്ദേഹം നേരിട്ടിരുന്നു. രാജ്യവ്യാപക ടെസ്റ്റിങ്ങിനുള്ള കരാർ തന്റെ സുഹൃത്തായ ടോറി ഹാർഡിങ്ങിനു നൽകിയതൊക്കെ ഇതിന് ഇന്ധനം പകർന്ന സംഭവമായി.

 

ഒന്നേകാൽ ലക്ഷത്തോളം ആളുകൾ കോവിഡ് മൂലം ബ്രിട്ടനിൽ മരണപ്പെട്ടതിനാൽ വൈറസ് ബാധയുടെ നിയന്ത്രണത്തിൽ ആരോഗ്യമന്ത്രാലയം വൻ പഴി കേട്ടുകൊണ്ടിരിക്കെയാണു ഹാൻകോക്ക് വിവാദത്തിൽ പെട്ടത്. സ്ഥാനം രക്ഷിക്കാനായി പഠിച്ച പണി പതിനെട്ടും അദ്ദേഹം നോക്കി. ബോറിസ് ജോൺസണിന്റെ സഹതാപപരമായ ആനുകൂല്യവും നേടി. എന്നാൽ ജനങ്ങൾ വിടാൻ ഒരുക്കമല്ലായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ജനരോഷം തിളച്ചതോടെ ഒടുവിൽ രാജി വച്ചൊഴിഞ്ഞു.

വിവരങ്ങൾക്ക് കടപ്പാട്: റോയിട്ടേഴ്സ്

English Summary: UK's Johnson stands by health secretary who broke COVID rules kissing aide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com