sections
MORE

ഒരേ വാട്സാപ്പ് അക്കൗണ്ട് 5 ഉപകരണങ്ങളിൽ ലഭിക്കും, ഫോൺ ഓഫായാലും ഉപയോഗിക്കാം

whatsapp-multi-device
SHARE

ടെക് ലോകത്തെ ജനപ്രിയ സമൂഹമാധ്യമ ആപ്ലിക്കേഷനായ വാട്സാപ്പ് കൂടുതൽ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരിക്കുന്ന മറ്റൊരു ഫീച്ചർ കൂടി വൈകാതെ വാട്സാപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കും. മൾട്ടി-ഡിവൈസ് പിന്തുണയാണിത്. ഒരു വാട്സാപ്പ് അക്കൗണ്ട് തന്നെ മറ്റു നാല് ഫോൺ ഇതര ഉപകരണങ്ങളിൽ കൂടി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ ഫീച്ചർ.

അതായത് ഫോൺ കൂടാതെ കംപ്യൂട്ടർ, ടാബ്, ലാപ്ടോപ് തുടങ്ങി നാല് ഉപകരണങ്ങളിൽ കൂടി വാട്സാപ്പ് ഉപയോഗിക്കാം. നേരത്തെ കംപ്യൂട്ടറിലും ടാബിലും ബ്രൗസർ വഴി വാട്സാപ്പ് കണക്റ്റ് ചെയ്ത് ഉപയോഗിക്കാമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഫീച്ചർ പ്രകാരം ഫോൺ ഓഫായാലും മറ്റു ഉപകരണങ്ങളിൽ വാട്സാപ് ഉപയോഗിക്കാൻ സാധിക്കും. ഫോൺ സമീപത്ത് ഇല്ലെങ്കിലും മറ്റു നാലു ഉപകരണങ്ങളിലും വാട്സാപ്പ് ലഭിക്കും.

ഈ ഫീച്ചർ ഇപ്പോൾ കുറച്ചു പേർക്ക് മാത്രമാണ് ലഭിച്ചിരിക്കുന്നത്. പരീക്ഷണങ്ങൾ വിജയിച്ചാൽ മൾട്ടി–ഡിവൈസ് ഫീച്ചർ വൈകാതെ തന്നെ എല്ലാവർക്കും ലഭിച്ചേക്കും. എന്നാൽ, ഒന്നിൽ കൂടുതൽ സ്മാർട് ഫോണുകളിൽ ഒരേ വാട്സാപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല. നിലവിൽ ഒരു വാട്സാപ്പ് അക്കൗണ്ട് ഒരു ഫോണിൽ മാത്രമാണ് ലഭിക്കുക. വൈകാതെ തന്നെ ഈ സേവനവും ലഭ്യമാക്കിയേക്കും.

കൂടുതൽ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുമ്പോഴും വാട്സാപ്പിന്റെ സ്വകാര്യതയും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനും സംരക്ഷിക്കുമെന്ന് ഫെയ്സ്ബുക്ക് അവകാശപ്പെടുന്നുണ്ട്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, മൾട്ടി-ഡിവൈസ് പിന്തുണയിൽ കോളിങ് ഫീച്ചർ കൂടി പരീക്ഷിക്കുന്നത് വിജയിച്ചാൽ പ്രതീക്ഷിച്ചതിലും നേരത്തെ ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയും. കോൾ വരുമ്പോൾ ഏതു ഡിവൈസിൽ നിന്ന് എടുക്കണമെന്നത് സംബന്ധിച്ചുള്ള വെല്ലുവിളി നേരിടുന്നുണ്ട്. ഇതും കൂടി പരിഹരിക്കേണ്ടതുണ്ട്.

ഫോണിനു പുറമെ നാല് വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് ഒരൊറ്റ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. നിങ്ങളുടെ ഐപാഡിൽ നിന്നും ഐഫോണിൽ നിന്നും ഒരേ സമയം ലോഗിൻ ചെയ്യാമെന്നാണ് ഇതിനർഥം. നിലവിൽ ഉപയോക്താക്കൾക്ക് ഒരേ സമയം വാട്സാപ്പ് വെബിലേക്കും ഫോണിലേക്കും മാത്രമേ ലോഗിൻ ചെയ്യാൻ കഴിയൂ.

പുതിയ ഫീച്ചർ വരുന്നതോടെ ഫോണിന്റെ ബാറ്ററി തീർന്നിട്ടുണ്ടെങ്കിൽ പോലും, പുതിയ മൾട്ടി-ഡിവൈസ് ശേഷി ഉപയോഗിച്ച് ലാപ്‌ടോപ്പിൽ വാട്സാപ്പ് ആക്‌സസ് ചെയ്യാൻ കഴിയും. ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെട്ടാലും ഡെസ്ക്ടോപ്പിൽ ഇന്റർനെറ്റ് ലഭ്യമാണെങ്കിൽ വാട്സാപ്പ് ഉപയോഗിക്കാനാകും. 2019 ജൂലൈ മുതൽ വാട്സാപ്പ് ഈ ഫീച്ചറിന്റെ ജോലികൾ തുടങ്ങിയിട്ടുണ്ട്.

വാട്സാപ്പ് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും മെസേജ്, മെസേജ് ഹിസ്റ്ററി, കോണ്ടാക്ട് നെയിം, സ്റ്റാർഡ് മെസേജുകൾ എന്നിവയ്ക്കെല്ലാം എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ലഭ്യമാക്കുമെന്നാണ് ഫെയ്സ്ബുക്കിന്റെ ബ്ലോഗിൽ പറയുന്നത്. മെസേജുകളൊന്നും സെർവറിൽ സൂക്ഷിക്കില്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്നും ഫെയ്സ്ബുക്ക് അറിയിച്ചിട്ടുണ്ട്. വാട്സാപ്പ് അക്കൗണ്ടിലേക്ക് ലിങ്കു ചെയ്‌തിരിക്കുന്ന ഓരോ ഉപകരണത്തിനും പ്രത്യേകം എൻക്രിപ്ഷൻ കീകൾ ഉണ്ടായിരിക്കും. 

ഒരു ഉപകരണത്തിന്റെ എൻ‌ക്രിപ്ഷൻ കീ‌ മോഷ്ടിക്കാനോ ഇതുപയോഗിച്ച് മറ്റ് ഉപയോക്താക്കൾ‌ക്ക് അയച്ച സന്ദേശങ്ങൾ‌ ഡീക്രിപ്റ്റ് ചെയ്യാനോ ഹാക്കർ‌ക്ക്‌ കഴിയില്ലെന്നും കമ്പനി ഉറപ്പു നൽകുന്നുണ്ട്. ഫോണിനെയും മറ്റു ഉപകരണങ്ങളെയും ബന്ധിപ്പിക്കുന്നത് ക്യുആർ കോഡ് വഴിയാണ്. സൈൻ ഇൻ ചെയ്യാൻ ഫോണിന്റെ ക്യുആർ കോഡ് ഉപയോഗിക്കാം.

English Summary: WhatsApp Multi-Device Support Starts Rolling Out for Beta Testers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA