ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വലിയ ചർച്ചയായ വിഷയമായിരുന്നു യൂട്യൂബറുടെ മോഡിഫിക്കേഷൻ നടത്തിയ വാഹനം പിടിച്ചെടുത്തതും അനുബന്ധ സംഭവങ്ങളും. ഒരു കാലത്ത് സർക്കാരിന്റെ ദൂരദർശനിൽ മാത്രം വാർത്തയും സിനിമയും കണ്ടിരുന്നവർക്ക് ഇന്ന് എല്ലാവർക്കും അവരവരുടെ ചാനലുകൾ (യൂട്യൂബ്) തുടങ്ങാമെന്നായിരിക്കുന്നു. കുറഞ്ഞ നിരക്കിൽ ഡേറ്റയും മികച്ച സ്മാർട് ഫോണുകളും ലഭ്യമാകാൻ തുടങ്ങിയതോടെ മിക്കവരും ലോകം അറിയുന്ന താരങ്ങളായി. ലക്ഷങ്ങൾ വരുമാനവും സെലിബ്രിറ്റികളേക്കാൾ ആരാധകരമുളള നിരവധി യൂട്യൂബ് സ്റ്റാറുകൾ കേരളത്തിൽ തന്നെയുണ്ട്. എന്നാൽ, ഇതിൽ ചില യൂട്യൂബേഴ്സിന്റെ നിയമം ലംഘിച്ചുള്ള ചെയ്തികൾ സമൂഹത്തിന് ഭീഷണിയാകുന്നുമുണ്ട്. ചിലർ മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ വരെ യൂട്യൂബ് ചാനലുകൾ ഉപയോഗിക്കുന്നു. വിഡിയോകൾക്ക് കൂടുതൽ പ്രേക്ഷകരെ ലഭിക്കാൻ യൂട്യൂബേഴ്സ് വിവിധ വഴികളാണ് തേടുന്നത്. ഇതെല്ലാം ചിലപ്പോഴെങ്കിലും തലവേദനയാകാറുണ്ട്.

∙ ഓൺലൈനിൽ യൂട്യൂബർമാരുടെ തരംഗം

രാജ്യം ഒന്നടങ്കം കൊറോണ വൈറസ് മഹാമാരിയുമായി പോരാടുമ്പോൾ തന്നെ മറുഭാഗത്ത് ഓണ്‍ലൈനില്‍ മറ്റൊരു യുദ്ധം നടക്കുന്നുണ്ടായിരുന്നു. യൂട്യൂബർമാരുടെ മത്സരം. അശ്ലീല ഉള്ളടക്കങ്ങളും മോഷ്ടിച്ച വിഡിയോകളും ഉപയോഗിച്ച് പണമുണ്ടാക്കിയിരുന്നവരെ എല്ലാം യൂട്യൂബ് നീക്കം ചെയ്യാൻ തുടങ്ങിയതോടെ മിക്കവരും സ്വന്തം വിഡിയോകൾ നിർമിക്കാൻ തുടങ്ങി. ഇതിൽ കുറച്ചു പേർ വിജയിക്കുകയും ഭൂരിഭാഗം പേരും വരുമാനമൊന്നും ലഭിക്കാതെ വിഡിയോ നിർമാണം തുടരുകയും ചെയ്യുന്നു. യൂട്യൂബിലെ വിഡിയോകൾ തന്നെ ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്ത് വരുമാനമുണ്ടാക്കുകയും കൂടുതൽ ഫോളവേഴ്സിനെ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. വിദ്യാർഥികൾ, കൗമാരക്കാർ, യുവാക്കൾ, വീട്ടമ്മമാർ എല്ലാം വിഡിയോ ചെയ്യുന്നുണ്ട്. കേരളത്തിലെ 50 ശതമാനം വീടുകളിലും ഒരാൾക്കെങ്കിലും ഒരു യൂട്യൂബ് ചാനലുണ്ടാകുമെന്നാണ് റിപ്പോർട്ട്. പഠനം ഓൺലൈനിലേക്ക് മാറിയതോടെ മിക്ക വിദ്യാർഥികളും അധ്യാപകരും സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിൽ വിജയിക്കുന്നത് കുറച്ച് പേർ മാത്രമാണെന്നത് വസ്തുതയാണ്.

∙ വീട്ടിലെ ദൈനംദിന ജോലികൾ മുതൽ സ്വന്തം പ്രസവം വരെ

മലയാളി യൂട്യൂബേഴ്സിൽ ഇന്ന് കൂടുതലും വീട്ടമ്മമാരാണ്. വീട്ടിലെ ദൈനംദിന ജോലികൾ മുതൽ സ്വന്തം പ്രസവം വരെ പലരും വിഡിയോയ്ക്ക് വിഷയമാക്കുന്നുണ്ട്. ഔട്ടിങ്, ഷോപ്പിങ്, വിനോദയാത്ര, പാചകം, പാരന്റിങ് എല്ലാം വീട്ടമ്മമാർ വിഡിയോയാക്കുന്നുണ്ട്. സ്വന്തം പ്രസവവും ഗര്‍ഭകാലത്തെ പരിചരണങ്ങളുമെല്ലാം ചിലരെങ്കിലും മടികൂടാതെ വിഡിയോ ആയി പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരം വിഡിയോകൾക്ക് പതിവിൽ കൂടുതൽ കാഴ്ചക്കാരും കമന്റുകളും ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. എങ്കിലും പാചകം തന്നെയാണ് ജനപ്രിയ ഉള്ളടക്കം. പാചകത്തിൽ തുടങ്ങി മറ്റു വിഷയങ്ങളിലും വിഡിയോ ചെയ്യാൻ തുടങ്ങിയവരും കുറവല്ല. ഇതോടൊപ്പം തന്നെ കൂടുതൽ പേരെ ഫോളവേഴ്സായി കിട്ടാൻ ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നവരും ഉണ്ട്.

youtube

∙ മാസം ലക്ഷങ്ങൾ വരുമാനം

മലയാളത്തിൽ യുട്യൂബേഴ്സിൽ അമ്പതിൽ കൂടുതൽ പേർക്ക് പ്രതിമാസം ലക്ഷങ്ങൾ വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തിലെ ജനപ്രിയ യൂട്യൂബ് ചാനലുകൾക്കെല്ലാം 1 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ പ്രതിമാസം ലഭിക്കുന്നുണ്ടെന്നാണ് സോഷ്യൽബ്ലേഡിന്റെ കണക്കുകളിൽ പറയുന്നത്. അടുത്തിടെ തമിഴ്നാട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർക്ക് കോടികളുടെ വരുമാനമുണ്ടായിരുന്നു. വിഡിയോ ഗെയിം ലൈവ് സ്ട്രീം ചെയ്തായിരുന്നു ഇത്രയും വരുമാനം നേടിയത്. യൂട്യൂബിന്റെ വരുമാനത്തിനൊപ്പം തന്നെ പ്രാദേശിക പരസ്യങ്ങളും വിഡിയോയുടെ ഭാഗമാക്കി വരുമാനം കണ്ടെത്തുന്നു. മിക്കവരുടെയും വിഡിയോകളുടെ തുടക്കത്തിലും അവസാനത്തിലും ആപ്പുകളുടെയും മറ്റ് ഓൺലൈൻ സേവനങ്ങളുടെയും പരസ്യങ്ങളും കാണാം. പ്രമുഖരായ ചില ബ്ലോഗർമാർ സിനിമകളുടെ പ്രൊമേഷനും തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം വരുമാനത്തിന്റെ വഴികളാണ്. നിർമാണത്തിന്റെ ചെലവുകളെല്ലാം കഴിച്ചാലും ലക്ഷങ്ങളാണ് അക്കൗണ്ടിലേക്ക് വരുന്നത്. നേരത്തെ ചെക്ക് വഴിയായിരുന്നു യൂട്യൂബ് പണം കൈമാറിയിരുന്നതെങ്കിൽ ഇപ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് വരുന്നത്.

∙ യൂട്യൂബർമാരും മലയാളി ആരാധകരും

യൂട്യൂബിലെ മിക്ക വിഡിയോ സ്രഷ്ടാക്കൾക്കും ഇപ്പോൾ വലിയൊരു സംഘം ആരാധകരുടെ പിന്തുണയുണ്ട്. കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭിക്കാൻ തുടങ്ങുകയും യൂട്യൂബിന്റെ ഉള്ളടക്കങ്ങൾ പ്രാദേശിക ഭാഷകളിൽ കൂടുതൽ സജീവമാകുകയും ചെയ്തതോടെ വിഡിയോ കാണുന്ന മലയാളികളുടെ എണ്ണം കുത്തനെ കൂടി. ഇന്ന് മലയാളത്തിലെ മിക്ക ബ്ലോഗേഴ്സും സെലിബ്രിറ്റികളെ പോലെയാണ്. എവിടെ കണ്ടാലും ആർക്കും മനസ്സിലാകുന്ന തലത്തിലേക്ക് ജനപ്രിയ യൂട്യൂബേഴ്സ് വളർന്നു കഴിഞ്ഞു. ഇതെല്ലാം കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് സംഭവിച്ചത് എന്നതും ശ്രദ്ധേയമാണ്. വീട്ടമ്മമാരുടെ വിഡിയോകൾക്ക് പോലും വലിയ ആരാധകരാണ്. ഇവർക്കെല്ലാം വാട്സാപ്പിലും ടെലഗ്രാമിലും ഫെയ്സ്ബുക്കിലും ഗ്രൂപ്പുകളും ഉണ്ട്.

BOSNIA-YOUTUBE/

∙ കോവിഡ് കാലത്ത് രക്ഷിച്ചത് യൂട്യൂബ്

കോവിഡ് കാലത്ത് ജോലിയും കൂലിയുമില്ലാതെ വീട്ടിലിരിക്കുന്ന സമയത്താണ് മലയാളത്തിലും മറ്റു ഭാഷകളിലും ലക്ഷക്കണക്കിന് യൂട്യൂബ് ചാനലുകൾ തുടങ്ങിയത്. ചിലർ വരുമാന സാധ്യത മുന്നിൽകണ്ടാണ് ചാനലുകൾ തുടങ്ങിയതെങ്കിൽ മറ്റു ചിലർ കേവലം സമയംകളയാനും ആനന്ദത്തിനും വേണ്ടിയായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് തുടങ്ങിയ പല യൂട്യൂബ് ചാനലുകളും ഇന്ന് ഹിറ്റാണ്. ചിലർക്ക് കാര്യമായ വരുമാനവും ലഭിക്കുന്നുണ്ട്. ജീവിതത്തിൽ ഒരിക്കൽ പോലും ക്യാമറയ്ക്ക് മുന്നിൽ നിന്ന് സംസാരിച്ചിട്ടില്ലാത്ത വീട്ടമ്മമാർ പോലും മികച്ച വിഡിയോ നിർമാതാക്കളായി. എഡിറ്റിങ്, സൗണ്ട് മിക്സിങ്, അപ്‌ലോഡിങ് എല്ലാം അവർ തനിയെ പഠിച്ചു. വിഡിയോ വിജയിക്കാനും കൂടുതൽ പ്രക്ഷേകരെ ലഭിക്കാനും സാങ്കേതിക സംവിധാനങ്ങളും എസ്ഇഒ വിദ്യകളും വരെ പലരും പഠിച്ചെടുത്തു. എല്ലാം കോവിഡ് നൽകിയ സമയം തന്നെയായിരുന്നു.

∙ മികച്ച ഉള്ളടക്കവും

മലയാളത്തിലെ യൂട്യൂബ് ചാനലുകളിൽ മികച്ച ഉള്ളടക്കമുള്ള ചാനലുകളും ഉണ്ട്. എന്നാൽ അത്തരം ചാനലുകൾ പരിമിതമാണെന്ന് നിസംശയം പറയാം. കുറഞ്ഞ ചെലവിൽ നിന്ന് കൂടുതൽ മികച്ച ഉള്ളടക്കം നിർമിച്ച് കാഴ്ചക്കാരെ സ്വന്തമാക്കാൻ മിക്ക വ്ലോഗേഴ്സും ശ്രമിക്കുന്നുണ്ട്. ശാസ്ത്ര, സാങ്കേതിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചാനലകുൾ മലയാളത്തിൽ കുറവാണെങ്കിലും ചെയ്യുന്നവരെല്ലാം കുറേയൊക്കെ നിലവാരമുളള വിഡിയോയാണ് ചെയ്യുന്നത്. മലയാളി വ്ലോഗേഴ്സിന് ഇഷ്ടവിഷയം പാചകവും യാത്രയുമാണ്. ഭൂരിഭാഗം ചാനലുകളുടെയും വിഷയം പാചകം തന്നെയാണ്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് യാത്രയാണ്. എന്നാൽ, യാത്രയും പാചകവും ചെയ്യുന്നവരും വാഹനങ്ങളുടെയും ഗാഡ്ജറ്റുകളുടെയും റിവ്യൂ, അൺബോക്സിങ് വിഡിയോകളും ചെയ്യുന്നുണ്ട്. വിദേശികളുടെ വിഡിയോ നിർമാണ രീതികൾ പിന്തുടരുന്നവരും കുറവല്ല. ഇതിനൊപ്പം തന്നെ ട്രോളുകളും കോമഡികളും മറ്റു വിനോദപരിപാടികളും വെബ് സീരീസുകളും പരീക്ഷിച്ച് വിജയിച്ച ചാനലുകളും നിരവധിയാണ്. എന്നാൽ തങ്ങൾക്ക് പരിചിതമല്ലാത്ത മേഖലകളിലേക്ക് കൈകടത്തി പുലിവാൽ പിടിക്കുന്നവരുമുണ്ട്.

youtube

∙ വ്ലോഗർമാരുടെ ഗുണ്ടായിസം

രാജ്യത്ത് വ്ലോഗർമാർ സജീവമാകാൻ തുടങ്ങിയതോടെ ചിലരെങ്കിലും ചാരിറ്റിയുടെ മറവിൽ തട്ടിപ്പുകളും തുടങ്ങി. പാവങ്ങളെ ഉപയോഗിച്ച് യൂട്യൂബിൽ വിഡിയോ ചെയ്ത് പണം തട്ടിയെടുത്തവരും ഉണ്ട്. ഇതോടൊപ്പം തന്നെ നെഗറ്റീവ് റിവ്യൂ നൽകുമെന്ന് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ചില വ്ലോഗര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി. ഫോളവേഴ്സിനെ ഉപയോഗിച്ച് ചിലർക്കു നേരെ സൈബർ ബുള്ളിയിങ് നടത്തുന്ന വ്ലോഗേഴ്സ് വരെയുണ്ട്. ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും കയറി തങ്ങൾ ചോദിക്കുന്ന പണവും സൗകര്യങ്ങളും നൽകിയില്ലെങ്കിൽ നെഗറ്റീവ് പബ്ലിസിറ്റി നൽകുമെന്ന് ഭീഷണിപ്പെടുത്തുന്ന വ്ലോഗേഴ്സിന്റെ എണ്ണവും കൂടിവരികയാണ്. വിഡിയോ നിർമാണത്തിനും മറ്റു കാര്യങ്ങൾക്കും നിയമങ്ങൾ വരെ തെറ്റിക്കുന്ന പ്രവണതയും കൂടിവരികയാണ്.

 

∙ അശ്ലീലം വിറ്റ് പണമുണ്ടാക്കുന്നവർ

 

അർദ്ധനഗ്ന വിഡിയോകളും അശ്ലീല കഥകളും കോളുകളും വിറ്റ് പണമുണ്ടാക്കുന്ന നിരവധി യൂട്യൂബ് ചാനലകളുണ്ട്. പെട്ടെന്ന് പ്രേക്ഷകരെ ലഭിക്കാൻ ഇത്തരം വിഡിയോകൾക്ക് സാധിക്കുമെന്നതിലാണ് ഒരു വിഭാഗം ഈ വഴിക്ക് നീങ്ങുന്നത്. വിഡിയോയ്ക്ക് അശ്ലീല ചിത്രങ്ങൾ നൽകിയും പ്രേക്ഷകരെ വഴിതെറ്റിക്കുന്നവരുണ്ട്. സിനിമ, സീരിയലുകളിലെ അശ്ലീല രംഗങ്ങൾ ഉപയോഗപ്പെടുത്തി വിഡിയോ ചെയ്യുന്നവരും കുറവല്ല. എന്നാൽ, ഇത്തരം വിഡിയോകളെ യൂട്യൂബ് തന്നെ നിയന്ത്രിക്കുന്നുണ്ട്. ഡോക്ടർമാരുടെയും വിദഗ്ധരുടെയും വ്യാജ വേഷത്തിൽ ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചാനലുകളും കാണാം. ഇത്തരം വിഷയങ്ങൾക്ക് പതിവിൽ കൂടുതൽ കാഴ്ചക്കാരെ കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുമെന്നതാണ് വസ്തുത.

 

രാജ്യത്ത് 5ജി കൂടി വരുന്നതോടെ ഇന്റർനെറ്റിന്റെ വേഗം കൂടും. ഇതോടെ വിഡിയോ ചെയ്യുന്നവരുടെ എണ്ണവും കൂടിയേക്കും. ഇന്ത്യയിലെ പ്രാദേശിക വിഡിയോ നിർമാതാക്കളെ ലക്ഷ്യമിട്ട് യൂട്യൂബും ഫെയ്സ്ബുക്കും സജീവമായി തന്നെ രംഗത്തുണ്ട്. പ്രത്യേകം വിഡിയോ ചെയ്യുന്നവർക്ക് വൻ തുകയാണ് യൂട്യൂബും ഫെയ്സ്ബുക്കും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം പരസ്യം വരുമാനവും ലഭിക്കും. വിഡിയോ സ്ട്രീമിങ് സാധ്യത ഉപയോഗപ്പെടുത്തി കൂടുതൽ പേർ സ്വയം തൊഴിലും ഇതിലൂടെ നല്ലൊരു വരുമാനവും ലഭിക്കാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഈ വഴിയെയാണ് മറ്റു മലയാളികളും.

 

English Summary: From food to roast videos: These Malayali YouTubers are popular world over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com