sections
MORE

കുട്ടികളുടെ അമ്യൂസ്‌മെന്റ് പാർക്കിൽ ആർത്തുല്ലസിച്ച് താലിബാൻ - സമൂഹ മാധ്യമങ്ങളിൽ വിഡിയോ ഹിറ്റ്

taliban-play-park
SHARE

കാബൂൾ പിടിച്ച് അഫ്ഗാനിസ്ഥാനിൽ അധികാരം സ്ഥാപിച്ച ശേഷം കാബൂളിലെ കുട്ടികളുടെ അമ്യൂസ്‌മെന്റ് പാർക്കിൽ ഉല്ലസിച്ചു തുള്ളിച്ചാടി നടക്കുന്ന താലിബാൻ അംഗങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. റോയിട്ടേഴ്‌സിന്റെ മുതിർന്ന റിപ്പോർട്ടറായ ഹാമിദ് ശലീസിയാണു വിഡിയോ പങ്കുവച്ചത്. ചെറിയ കുട്ടികൾക്കുള്ള കാർ റൈഡിൽ ചെറുപ്പക്കാരും മധ്യവയസ്‌കരുമായ താലിബാൻ അംഗങ്ങൾ ഉല്ലാസത്തോടെ പങ്കെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. എകെ 4 ഉൾപ്പെടെയുള്ള തോക്കുകളും ഇവരുടെ കൈയിൽ ഇരിക്കുന്നത് വിഡിയോയിൽ കാണാം.

മറ്റൊരു വിഡിയോയിൽ പാവക്കുതിരകളെ ഉപയോഗിച്ചുള്ള റൈഡിലും താലിബാൻ അംഗങ്ങൾ കയറിയിരിക്കുന്നത് കാണാം. ഇവരുടെയും കൈയിൽ തോക്കുകളുണ്ട്. ഇതു കൂടാതെ ട്രംപോലിനിൽ മുകളിലേക്കു താഴേക്കും കുട്ടികളെ പോലെ ചാടുന്നതും തവളച്ചാട്ടം ചാടുന്നതുമെല്ലാം മറ്റൊരു വിഡിയോയിലുണ്ട്. സന്തോഷപ്പൊട്ടിച്ചിരികളും വിഡിയോയിൽ ഉടനീളം കേൾക്കാം.

മറ്റൊരു വിഡിയോയിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ താലിബാൻ, അവിടത്തെ ജിമ്മിൽ വർക്ക് ഔട്ട് നടത്തുന്ന ദൃശ്യങ്ങളുമുണ്ട്. മാധ്യമപ്രവർത്തകനായ ആസാദ് ഹന്നയാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഷോൾഡർ എക്‌സർസൈസ്, ട്രെഡ്മിൽ റൺ, ബാർബെൽ എക്‌സർസൈസ് തുടങ്ങിയവ അഫ്ഗാനിലെ പരമ്പരാഗത പഷ്തൂൺ വേഷമണിഞ്ഞ് താലിബാൻ അംഗങ്ങൾ നടത്തുന്നതും വിഡിയോയിലുണ്ട്.

താലിബാന്റെ പിടിച്ചടക്കൽ മൂലം അഫ്ഗാൻ ജനത വർത്തമാനകാലത്തെ ഏറ്റവും വലിയ പലായനം നേരിട്ടുകൊണ്ടിരിക്കുകയാണ്. കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ, രാജ്യം വിടാനായി തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിമാനത്താവളത്തിൽ നിന്നു പറന്നു പൊങ്ങിയ യുഎസ് ഗ്ലോബ്മാസ്റ്റർ സി 17 വിമാനത്തിൽ അള്ളിപ്പിടിച്ചിരുന്ന രണ്ടുപേർ പിടിതെറ്റി റൺവേയിലേക്കു വന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. കുട്ടികളും വൃദ്ധരുമുൾപ്പെടെ വൻജനക്കൂട്ടം അഭയകേന്ദ്രം തേടി അലയുന്നതിന്റെ ചിത്രങ്ങൾ ലോകമാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരുന്നു.

ഞായറാഴ്ചയോടെയാണു താലിബാൻ കാബൂളിൽ ആധിപത്യം സ്ഥാപിച്ചത്. യുഎസ് സൈന്യം പിൻവാങ്ങിയതിനെത്തുടർന്നായിരുന്നു ഇവരുടെ മുന്നേറ്റം. അഫ്ഗാൻ പ്രസിഡന്റായ അഷ്‌റഫ് ഗാനി തുടർന്ന് രാജ്യം വിടുകയും ഒമാനിൽ അഭയം തേടുകയും ചെയ്തു.

English Summary: Taliban soldiers riding bumper cars and a merry-go-round at a Kabul amusement park following their takeover of the capital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA