sections
MORE

രാജ്യം ഭരിക്കുന്നത് താലിബാൻ ഭീകരർ! പെട്ടുപോയത് സിലിക്കൻ വാലി കമ്പനികൾ

taliban-weapons
SHARE

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചെടുത്തത് സിലിക്കൻ വാലി കമ്പനികൾക്ക് നിരവധി വെല്ലുവിളികളാണ് ഉയർത്തുന്നത്. ഒരു രാജ്യം ഭരിക്കുന്നത് ലോകം ഒന്നടങ്കം ഭീകരരെന്ന് മുദ്രകുത്തിയ താലിബാൻ ആണ്. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള താലിബാൻ ഉള്ളടക്കങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ സ്ഥാനം നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ മിക്ക ടെക് കമ്പനികളും ധാരണയിലെത്തിയിട്ടില്ല. എന്നാൽ, ലോക ശക്തികളായ അമേരിക്കയും ചൈനയും ചർച്ചയ്ക്ക് വിളിച്ച സംഘടനയാണ് താലിബാൻ എന്നതാണ് മറ്റൊരു വിഷയം.

ചില സർക്കാരുകൾ തീവ്രവാദികളായി കണക്കാക്കപ്പെടുന്ന ഒരു ഗ്രൂപ്പ് സൃഷ്ടിച്ചുവിടുന്ന ഉള്ളടക്കം എങ്ങനെ കൈകാര്യം ചെയ്യുമെന്ന വിഷയത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒരുതരത്തിലും ഭീകരരുടെ ഉള്ളടക്കങ്ങൾക്ക് അവസരം നൽകില്ലെന്ന് നേരത്തെ തന്നെ മിക്ക ടെക് കമ്പനികളുടെയും നയങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇതിനിടെ സമൂഹ മാധ്യമ ഭീമനായ ഫെയ്സ്ബുക് തിങ്കളാഴ്ച തന്നെ താലിബാനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കുകയും കമ്പനിയുടെ വിവിധ പ്ലാറ്റ്ഫോമുകളിൽ താലിബാനെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങൾ നിരോധിക്കുകയും ചെയ്തു. എന്നാൽ, അഫ്ഗാനിസ്ഥാനിൽ ആശയവിനിമയം നടത്താൻ താലിബാൻ അംഗങ്ങൾ ഇപ്പോഴും ഫെയ്സ്ബുക്കിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത മെസേജിങ് സേവനമായ വാട്സാപ്  ഉപയോഗിക്കുന്നുമുണ്ട്.

രാജ്യത്തെ സ്ഥിതിഗതികൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അക്കൗണ്ട് നീക്കംചെയ്യൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടരുമെന്നും ഫെയ്സ്ബുക് അറിയിച്ചു. താലിബാൻ അംഗങ്ങൾ ഉപയോഗിക്കുന്ന ഫെയ്സ്ബുക്, വാട്സാപ് ഗ്രൂപ്പുകൾ നീക്കം ചെയ്യുമെന്നും വ്യക്തമാക്കി.

INDIA-INTERNET-POLITICS-TECH

എന്നാൽ, ട്വിറ്റർ, യൂട്യൂബ് കമ്പനികൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. താലിബാന്‍ ഭീകരരുടെ നിരവധി അക്കൗണ്ടുകൾ ട്വിറ്ററിൽ കാണാം. ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് അവരുടെ ഓരോ നീക്കവും ചിത്രങ്ങളും വിഡിയോയായും പോസ്റ്റ് ചെയ്യുന്നുണ്ട്.

താലിബാന്റെ തിരിച്ചുവരവ് അഭിപ്രായ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളെ തകർക്കുമെന്നും, ആഗോള ഭീകരവാദത്തിന് രാജ്യം ഒരിക്കൽക്കൂടി ഒരു അഭയസ്ഥാനമാകുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്.

English Summary: Taliban's Afghanistan takeover presents fresh challenge for social media companies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA