ADVERTISEMENT

അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ പോപ് സംഗീതജ്ഞയും സ്ഥിരം വിവാദങ്ങളിൽ നിറഞ്ഞുനിന്ന താരവുമായ ആര്യാന സയീദ്, താലിബാൻ പിടിച്ചടക്കലിനു ശേഷം രാജ്യത്തു നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രശസ്ത ഹോളിവു‍ഡ് സെലിബ്രിറ്റിയായ കിം കർദാഷിയാനുമായി സാമ്യമുള്ളതിനാൽ കാബൂളിന്റെ കിം കർദാഷിയാൻ എന്നും ആര്യാന അറിയപ്പെട്ടിരുന്നു. ഇൻസ്റ്റഗ്രാമിൽ 13 ലക്ഷം ഫോളോവേഴ്സുള്ള താരം അഫ്ഗാനിസ്ഥാനിലെ ജനപ്രിയ റിയാലിറ്റി പരിപാടിയായ അഫ്ഗാൻ സ്റ്റാറിന്റെ ജഡ്ജുമായിരുന്നു. 

അഫ്ഗാനിസ്ഥാനിൽ നിന്ന് ആദ്യം പറന്നു പൊങ്ങിയ യുഎസ് മിലിട്ടറി കാർഗോ വിമാനത്തിൽ കയറിപ്പറ്റാൻ ആര്യാനയ്ക്കു കഴിഞ്ഞു. പിന്നീട് ഖത്തറിലെ ദോഹയിലെത്തിയ ആര്യാന താമസിയാതെ തുർക്കിയിലെ ഈസ്താംബുളിൽ എത്തി. അവിടെ സുരക്ഷിതയാണെന്നും 36 വയസ്സുകാരിയായ താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.

കാബൂളിൽ പഷ്തൂൺ കുടുംബത്തിൽ ജനിച്ച ആര്യാന എട്ടുവയസായപ്പോൾ സ്വിറ്റ്സർലൻഡിലേക്കു പോയി. 2008ലാണ് ഇവർ ആദ്യ സംഗീത ആൽബം പുറത്തിറക്കിയത്. 2011ൽ പുറത്തിറങ്ങിയ അഫ്ഗാൻ പെസറാക് എന്ന ഗാനം വൻഹിറ്റായതോടെ ആര്യാന അഫ്ഗാനിലെ ഏറ്റവും വലിയ സംഗീതജ്ഞയായി മാറി. അഫ്ഗാനിലെ ദാരി ഭാഷയിലായിരുന്നു ഇവരുടെ ഗാനങ്ങളധികവും. തുടർന്ന് പുറത്തിറക്കിയ ഗുലെ സെബ് എന്ന ഗാനം റെക്കോർഡുകൾ ഭേദിച്ചു. പഴയ ഒരു അഫ്ഗാൻ പാട്ടിന്റെ പുതിയ വേർഷനായിരുന്നു ഇത്. പിന്നീട് ഹൈറാനാം, അഫ്ഗാനിലെ പ്രശസ്ത പാട്ടുകാരൻ ജവീദ് ഷെറീഫുമൊരുമിച്ചുള്ള ജൽവാ, ബിയാ ബിയാ തുടങ്ങിയ ഹിറ്റുകൾ. പിന്നീട് ഇറക്കിയ ബനൂ ഇ അറ്റാഷ് നഷീൻ എന്ന ഗാനം വിവിധ യുദ്ധങ്ങളിലും സംഘർഷങ്ങളിലും അഫ്ഗാൻ വനിതകൾ അനുഭവിക്കുന്ന വിഷമതകളെപ്പറ്റിയും ദുഖങ്ങളെപ്പറ്റിയുമായിരുന്നു. അഫ്ഗാൻ ഐക്കൺ അവാ‍ർഡ്, വോയ്സ് ഓഫ് അഫ്ഗാനിസ്ഥാൻ തുടങ്ങിയ പുരസ്കാരങ്ങളും ഇവർ നേടി. തന്റെ മാനേജറായ ലലേഹ് ഒസ്മാനിയെയാണ് ഇവർ വിവാഹം കഴിച്ചത്.

കലാപ്രവർത്തനത്തിനൊപ്പം വിവിധ സ്ത്രീപക്ഷ പ്രവർത്തനങ്ങളിലും ആര്യാന സജീവമായിരുന്നു. ഇവരുടെ പേരിൽ ആര്യാന ടെലിവിഷൻ അവാ‍ർഡ് എന്ന പുരസ്കാരം പോലുമുണ്ടായിരുന്നു അഫ്ഗാനിസ്ഥാനിൽ. കിം കർദാഷിയാനോട് രൂപത്തിൽ സാമ്യമുള്ള ആരിയാന, കിമ്മിനെ പോലെ തന്നെ ഗ്ലാമറസായുള്ള വസ്ത്രധാരണം നടത്തിയിരുന്നു. ഇത് അഫ്ഗാനിസ്ഥാനിൽ വിവാദത്തിനു വഴിവച്ചു. നിരവധി കൊലപാതകഭീഷണികളും അവരെത്തേടിയെത്തി. 2017ൽ അവർ ഒരു സംഗീത നിശയിലണിഞ്ഞ ത്വക്കിന്റെ നിറമുള്ള വസ്ത്രത്തെച്ചൊല്ലി വൻ വിവാദം ഉടലെടുക്കുകയും അതിൽ പ്രതിഷേധിച്ച് വസ്ത്രം കത്തിച്ച് അതിന്റെ വിഡിയോ ആര്യന സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

ഇതിനിടെ താലിബാനെ എതിർത്ത, അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവർണർമാരിലൊരാളായ സലീമ മസാരിയുടെ കാര്യത്തിൽ ആശങ്ക നില നിൽക്കുന്നു. പേർഷ്യൻ വേരുകളുള്ള ഹസാര വിഭാഗത്തിൽ പെടുന്ന ഷിയാ വംശജയായ സലീമ താലിബാന്റെ കസ്റ്റഡിയിലാണ്. താലിബാനെതിരെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നടത്തിയ വ്യക്തിയെന്ന നിലയിൽ അവരുടെ ജീവനു ഭീഷണിയുണ്ടാകുമെന്ന് രാജ്യാന്തര നിരീക്ഷകർ പറയുന്നു. ഹസാര വിഭാഗത്തിനെതിരെ താലിബാൻ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ട്.

അഫ്ഗാൻ ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ ഖാലിദ പോപ്പാൽ ഇപ്പോഴത്തെ ഫുട്ബോൾ ടീമംഗങ്ങളോട് സുരക്ഷയ്ക്കു വേണ്ടി തങ്ങളുടെ ജഴ്സികൾ കത്തിച്ചുകളയാനും സമൂഹമാധ്യമ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനുള്ള കഴിഞ്ഞ ദിവസം ആഹ്വാനം നടത്തിയിരുന്നു.

English Summary: Afghanistan’s Biggest Female Pop Star Gives Update As She Escapes Kabul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com