sections
MORE

ട്രംപ് ഔട്ട്, ഭീകരർ ഇന്‍! പടിഞ്ഞാറന്‍ സമൂഹ മാധ്യമങ്ങളെ താലിബാന്‍ പറ്റിച്ചു, എങ്ങനെ?

taliban-cyber-room
SHARE

ഭരിക്കുന്ന സമൂഹത്തില്‍ പുരാതന ധാര്‍മികത പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന താലിബാന്‍ ആധുനിക ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതില്‍ അതിസമര്‍ഥരാണെന്ന് വിലയിരുത്തപ്പെടുന്നു. തുടര്‍ച്ചയായ 20 വര്‍ഷത്തെ യുദ്ധത്തിനുശേഷം അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറാന്‍ ഒരുങ്ങുന്ന താലിബാന്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയിരുന്ന പ്രചാരണ രീതികളെല്ലാം പടിഞ്ഞാറന്‍ സമൂഹ മാധ്യമ കമ്പനികളെ കബളിപ്പിക്കുന്നതില്‍ വിജയിക്കുകയായിരുന്നു. ഭീകരർക്ക് ഇടം നല്‍കില്ലെന്ന് പ്രഖ്യാപിച്ച കമ്പനികളെയാണ് താലിബാൻ പറ്റിച്ചത്. ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്, ടെലഗ്രാം എന്നു വേണ്ട പ്രധാനപ്പെട്ട എല്ലാ സമൂഹ മാധ്യമങ്ങളും ഉപയോഗിച്ച് പ്രചാരണ പരിപാടികള്‍ താലിബാന്‍ കൊഴുപ്പിച്ചു. ഈ കമ്പനികള്‍ ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ കൊണ്ടുവന്ന നിയമങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് തന്നെ ആശയങ്ങള്‍ കൈമാറാനായത് അവര്‍ എത്ര ജാഗരൂഗരായാണ് പ്രവര്‍ത്തിച്ചത് എന്നതിന് ഉദാഹരണമാണ് എന്നും പറയുന്നു.

∙ ഭീകര മുഖം ഒളിപ്പിച്ചു

അസംതൃപ്തർ, പകയുള്ളവർ, നിഷ്ക്കരുണരുമായ ഒരു കൂട്ടം ആളുകളാണ് താലിബാന്റെ ഗ്രൂപ്പിലുള്ളത് എന്ന പടിഞ്ഞാറന്‍ സങ്കല്‍പത്തെ മറികടന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി ഭീകരർ ഒളിപ്പോര് നടത്തിയിരുന്നത്. തീവ്രവാദമാണ് പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ താലിബാന്റെ അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെടുമായിരുന്നു. മനുഷ്യരും നിർമിത ബുദ്ധിയുമാണ് സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കുന്നത്. എന്നാൽ എങ്ങനെയാണ് താലിബാന് ഇതെല്ലാം മറികടക്കാനായത്? ഒരു പബ്ലിക് റിലേഷന്‍സ് കമ്പനിയായിരിക്കാം താലിബാനു വേണ്ടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ സാധ്യതയുള്ള ചിത്രങ്ങളും വിഡിയോകളും സൃഷ്ടിച്ചതെന്നു കരുതുന്നവരും ഉണ്ട്. പല കോര്‍പറേറ്റ് കമ്പനികളും ലോകമെമ്പാടുമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം രീതികള്‍ അനുവര്‍ത്തിക്കാറുണ്ട്. സ്മാര്‍ട് ഫോണും ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും എത്തിയത് താലിബാന് പ്രചാരണ പരിപാടികള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായകമായി. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ അഫ്ഗാനിലെ ഇന്റര്‍നെറ്റ് ഉപയോഗം കുറവാണ്. എങ്കില്‍പ്പോലും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ വിജയകരമായതിന് മറ്റൊരുകാരണവും ഉണ്ട്.

ഉള്ളടക്കം എത്തേണ്ടത് മറ്റു രാജ്യങ്ങളിലുള്ള, അവരെ പിന്തുണയ്ക്കുന്നവരിലേക്കാണ് എന്ന് താലിബാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. മറ്റു രാജ്യങ്ങളില്‍ താമസിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ മുതല്‍ താലിബാന് പിന്തുണ നല്‍കുന്ന രാജ്യാന്തര സമൂഹത്തിനു മുന്നിലേക്കാണ് താലിബാന്റെ പ്രചാരണ ഉള്ളടക്കങ്ങള്‍ എത്തിച്ചിരുന്നത്. താലിബാന്റെ സൗമ്യമായ ഒരു മുഖമാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചു പോന്നത്. താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീനിനെ ട്വിറ്ററിൽ മൂന്നര ലക്ഷത്തിലേറെ പേരാണ് പിന്തുടരുന്നത്. 

kollam-facebook-chat

∙ സാങ്കേതികവിദ്യയ്ക്കു മുന്നില്‍ മുഖംതിരിച്ചു നിന്നില്ല

ആധുനിക താലിബന്‍ 20 വര്‍ഷം മുൻപുള്ള ഗ്രൂപ്പല്ല. അവര്‍ ടെക്‌നോളജിയിലും മറ്റും വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തനം നടത്തുന്നു. അവര്‍ക്ക് പുതിയ ടെക്‌നോളജി വഴങ്ങുമെന്നാണ് എസ്‌ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിതാ കാറ്റ്‌സ് പറയുന്നത്. ഓണ്‍ലൈന്‍ വഴി നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയാണ് എസ്‌ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പ് ചെയ്യുന്നത്. അതേസമയം, താലിബാന്റെ ഓണ്‍ലൈനില്‍ കാണുന്ന പുതിയ സൗമ്യത മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും പറയുന്നു. പുരാതന സമ്പ്രദായങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഗ്രൂപ്പ് തന്നെയാണ് താലിബാന്‍ എന്നതാണ് അഫ്ഗാനിലുള്ള പുരോഗമന വാദികളെ പോലും അസ്വസ്ഥരാക്കുന്നത്. 

∙ ട്രംപ് പുറത്തും താലിബാന്‍ അകത്തും!

അമേരിക്കയിലെ കണ്‍സര്‍വേറ്റീവ് സപ്പോര്‍ട്ടര്‍മാര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ക്കു നേരെ തിരിഞ്ഞിരിക്കുന്നതിന്റെ കാര്യം വ്യക്തമാണ് - മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നടപടി സ്വീകരിക്കാന്‍ ശുഷ്‌കാന്തി കാണിച്ച ഫെയ്സ്ബുക്, ട്വിറ്റർ‌, യൂട്യൂബ് തുടങ്ങി കമ്പനികൾ എന്തുകൊണ്ടാണ് താലിബാന്റെ പ്രവര്‍ത്തനം കണ്ടെത്താതിരുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. പല താലിബാന്‍ മേധാവികളുടെയും ട്വിറ്റര്‍ അക്കൗണ്ടും മറ്റും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇതിനുള്ള ഉത്തരം ട്രംപിന്റെയും താലിബാന്റെയും സമൂഹ മാധ്യമ ഉപയോഗം ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ട്രംപിന്റെ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങള്‍ കൊണ്ടുവന്ന നിയമങ്ങള്‍ പ്രകാരം അനുവദനീയമല്ല. എന്നാല്‍, താലിബാന്റെ പ്രവര്‍ത്തനം പൊതുവെ നിയമങ്ങള്‍ ലംഘിക്കുന്നവയല്ല! ഇതില്‍ നിന്നു തന്നെ എത്ര ശ്രദ്ധയോടെയാണ് തങ്ങളുടെ നീക്കങ്ങള്‍ താലിബാന്‍ നടത്തിപ്പോന്നതെന്നു വ്യക്തമാണെന്നു പറയുന്നു. അതേസമയം, നിയമം മറികടക്കാന്‍ താലിബാനു സാധിച്ചുവെന്നത് അവരെ നിരോധിക്കാതിരിക്കാനുളള ഒരു കാരണമായി സമൂഹ മാധ്യമങ്ങൾ കാണരുതെന്ന അഭിപ്രായമാണ് കാറ്റസ് പ്രകടിപ്പിച്ചത്.

∙ കാര്യങ്ങള്‍ സങ്കീര്‍ണം

താലിബാനെ നിരോധിക്കാന്‍ ഒരുങ്ങുന്ന സമൂഹ മാധ്യമങ്ങള്‍ക്ക് കാര്യങ്ങള്‍ സങ്കീര്‍ണമാണെന്ന് വിലയിരുത്തപ്പെടുന്നു. കാരണം അമേരിക്കന്‍ സർക്കാർ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താലിബാനെ ഭീകര സംഘടനയായി കാണുമ്പോള്‍ അഫ്ഗാനിലെ താലിബാനെ അങ്ങനെയല്ല പരിഗണിക്കുന്നത്. (എന്നാല്‍, ഇപ്പോള്‍ അമേരിക്കയിലെ ട്രഷറി ഡിപ്പാര്‍ട്ടമെന്റിന്റെ ഓഫിസ് താലിബാന് ഉപരോധം ഏര്‍പ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്.) ഇതിന്റെ ബലത്തില്‍ ഫെയ്‌സ്ബുക് താലിബാനെ അപകടകരമായ ഒരു സംഘടന എന്ന വിഭാഗത്തില്‍ പെടുത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിലേതു പോലെ തന്നെ ഫെയ്‌സ്ബുക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പിന് അഫ്ഗാനിലെ സാധാരണ ജനങ്ങള്‍ക്കിടയിലും പ്രചാരമുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം വരുന്നതിന്റെ ഭാഗമായി വാട്‌സാപ് പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ അത് സാധാരണക്കാര്‍ക്കു പോലും പ്രശ്‌നം സൃഷ്ടിക്കാം.

hide-machine-taliban

ഇതുപോലെ, അഫ്ഗാന്‍ താലിബാന്റെതെന്നുറപ്പുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് യുട്യൂബും. എന്നാല്‍, ട്വിറ്ററും മറ്റു ചില കമ്പനികളും താലിബാന്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കട്ടെ എന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്. എന്തായാലും, താലിബാന്‍, ഇസ്‌ലാമിക് സ്റ്റേറ്റ്, അല്‍ ഖായിദ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പടിഞ്ഞാറന്‍ കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യകൾ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ തന്നെ ഉപയോഗിച്ചു വിജയിച്ചു എന്നും വിലയിരുത്തപ്പെടുന്നു. 

കടപ്പാട്: വാഷിങ്ടണ്‍ പോസ്റ്റ്‌

English Summary: Taliban uses sophisticated social media practices

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA