ADVERTISEMENT

ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗ് ‘ഡിജിറ്റൽ മെറ്റാവേർസ്’ എന്ന സ്വപ്നം ലോകത്തോട് പങ്കുവച്ച് അധികം ദിവസങ്ങളാകുന്നതിനു മുൻപുതന്നെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് മനുഷ്യ ജീവിതത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഇന്റർനെറ്റിൽ ലഭ്യമാക്കാനുള്ള വൻ പദ്ധതിയാണു മെറ്റാവേർസ്. ഫെയ്സ്ബുക്കിനു പുറമേ ഫെയ്സ്ബുക്കിന്റെ പ്രധാന എതിരാളികളായ സ്നാപ്, ഗെയിം നിർമാതാക്കളായ റോക്ക്സ്റ്റാർ തുടങ്ങിയ കമ്പനികളും മെറ്റാവേർസ് എന്ന ആശയവുമായി മുന്നോട്ടു വന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഫെയ്സ്ബുക് അവരുടെ തന്നെ മെസഞ്ചർ, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നിവ കൂട്ടിച്ചേർത്ത് എതിരാളികളെക്കാൾ മുന്നിലെത്താനുളള ശ്രമത്തിലാണ്.

 

വാട്സാപ്പിന്റെ സുരക്ഷയും ഉപയോഗിക്കാനുള്ള ലളിതമായ രൂപകൽപനയും മെസഞ്ചറിലും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം മെസഞ്ചറിന്റെ ഫീച്ചറുകൾ ഓരോന്നായി ഫെയ്സ്ബുക്കിന്റെ മെയിൻ ആപ്പിലേക്ക് സംയോജിപ്പിക്കുകയും ചെയ്യുന്നു. ഫെയ്സ്ബുക്കിനു കീഴിലുള്ള ഓരോ സമൂഹ മാധ്യമത്തിനും ഓരോ ആപ് എന്നതിൽ നിന്ന് എല്ലാത്തിനുമായി ഫെയ്സ്ബുക് എന്ന ഒരു ആപ് ഉപയോഗിക്കുന്ന രീതിയിലേക്കാണു സക്കർബർഗ് പദ്ധതിയിടുന്നത്.

 

∙ ഫെയ്സ്ബുക്കിലും കോൾ സൗകര്യം

 

മെസഞ്ചർ ആപ് ഇല്ലാതെ ഫെയ്സ്ബുക്കിന്റെ മെയിൻ ആപ് വഴി വിഡിയോ– വോയ്സ് കോളുകൾ വിളിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. യുഎസിലെ പല ഉപഭോക്താക്കൾക്കും ഈ സേവനം ലഭിച്ചുതുടങ്ങി. നിലവിൽ ഫെയ്സ്ബുക് ആപ്പിനു പുറമേ മെസേജിങ്ങിനും കോളുകൾക്കുമായി പ്രത്യേക ആപ്പായ മെസഞ്ചർ ആണ് ഉപയോഗിക്കുന്നത്. മെസഞ്ചർ ഇല്ലാത്തവർക്കു കോൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതു പരിഹരിക്കാനാണു പുതിയ സംവിധാനം. മെസഞ്ചറിനു സമാനമായ മെസേജ് ഇൻബോക്സ് സംവിധാനവും ഫെയസ്ബുക് ഒരുക്കുന്നുണ്ട്. ഫെയ്സ്ബുക്കിനു കീഴിലുള്ള മെസേജിങ് ആപ്പുകളെ കോർത്തിണക്കി കൂടുതൽ മികച്ചതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഫെയ്സ്ബുക് ആപ്പിൽ നിന്നു മെസഞ്ചറിലേക്കും ഇൻസ്റ്റഗ്രാമിലേക്കും മെസേജ് അയയ്ക്കാൻ കഴിയുന്ന ഫീച്ചർ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയിരുന്നു. മെസേജിങ് ആപ്പുകളിലെ ഒന്നാമനായ. വാട്സാപ്പിനെയും ഫെയ്സ്ബുക്കിലേക്ക് ചേർക്കാൻ ശ്രമമുണ്ട്. 

 

∙ വിളികളിൽ സുരക്ഷ കൂട്ടി മെസഞ്ചർ

 

ഗൂഗിളും ആപ്പിളും സുരക്ഷ കൂട്ടി അപ്ഡേറ്റ് ഇറക്കിയതിനു പിന്നാലെ ഫെയ്സ്ബുക് മെസഞ്ചർ വോയ്സ്– വിഡിയോ കോളുകളിൽ എൻഡ്– ടു– എൻഡ് എൻക്രിപ്ഷൻ ഏർപ്പെടുത്തി. പുതിയ ഫീച്ചറിലൂടെ കോളുകൾക്കു മികച്ച സുരക്ഷയാണ് ഫെയ്സ്ബുക് ഉറപ്പാക്കുന്നത്. ചാറ്റിൽ ഈ സംവിധാനം അടുത്തിടെ പുറത്തിറക്കിയിരുന്നു.

ചാറ്റിലെ മെസേജുകൾ ദൃശ്യമാകേണ്ട സമയപരിധി നിശ്ചയിക്കാനുള്ള അവസരവും ഉപയോക്താക്കൾക്കു നൽകിയിട്ടുണ്ട്. അപ്രത്യക്ഷമാകുന്ന ചാറ്റുകൾ (ഡിസ്അപ്പിയറിങ് ചാറ്റ്) എന്നാണു ഫീച്ചറിന്റെ പേര്. 5 സെക്കൻഡ് മുതൽ 24 മണിക്കൂർ വരെയാണു നിശ്ചയിക്കാവുന്ന സമയപരിധി. മുൻപു നിശ്ചയിച്ച സമയപരിധി എത്തുന്നതോടെ മെസേജ് അപ്രത്യക്ഷമാകുന്നു. തുടർന്ന് ഈ മെസേജുകൾ കാണാൻ കഴിയില്ല.

WHATSAPP-INDIA/FAKENEWS

 

∙ റിമോട്ട് വർക് ആപ്

 

ഫെയ്സ്ബുക്കിന്റെ ഓഗ്‍മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റായ ഒക്യുലസ് 2ൽ ഉപയോഗിക്കാവുന്ന റിമോട്ട് വർക് ആപ് ഫെയ്സ്ബുക് പുറത്തിറക്കി. ഒക്യുലസ് 2 ഹെഡ്സെറ്റിൽ വെർച്വൽ അവതാറുകൾ ഉപയോഗിച്ചു മീറ്റിങ്ങിൽ പങ്കെടുക്കാവുന്നതാണ്. മാർക് സക്കർബർഗിന്റെ മെറ്റാവേർസ് എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടിയായാണു റിമോട്ട് വർക് ആപ്പിനെ കാണുന്നത്.

 

∙ ഐപാഡിലും വാട്സാപ് എത്തും

kevin-instagram

 

ആപ്പിൾ ഐപാഡുകളിലും വാട്സാപ് എത്തിയേക്കും. പ്രത്യേക അക്കൗണ്ട് എടുക്കുന്നതിനു പകരം നിലവിലുള്ള വാട്സാപ് അക്കൗണ്ടിന്റെ ലിങ്ക്ഡ് ഡിവൈസ് ആയി ഐപാഡിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാകും സംവിധാനമെന്നാണു സൂചന. അതായത് നിലവിലെ ഫോണിലെ വാട്സാപ് അതേപടി ഐപാഡിലും ഉപയോഗിക്കാൻ കഴിയും. പുതിയ ഫീച്ചർ വാട്സാപ് സ്ഥിരീകരിച്ചിട്ടില്ല.

 

ഒരു വാട്സാപ് അക്കൗണ്ട് തന്നെ ഫോൺ കൂടാതെയുള്ള 4 ഉപകരണങ്ങളിൽ കൂടി ഉപയോഗിക്കാനാകുന്ന ഫീച്ചർ പുറത്തിറക്കിയിരുന്നു. മുൻപു കംപ്യൂട്ടറിലും മറ്റും ബ്രൗസർ വഴിയാണ് വാട്സാപ് ലഭ്യമാക്കിയിരുന്നത്. ഫോൺ ഇന്റർനെറ്റുമായി കണക്റ്റഡ് ആകുകയും വേണമായിരുന്നു. എന്നാൽ പുതിയ ഫീച്ചർ വന്നതോടെ ഫോൺ ഓഫ് ആണെങ്കിലും മറ്റ് ഉപകരണങ്ങളിൽ വാട്സാപ് ഉപയോഗിക്കാൻ കഴിയും.

സൂം ആപ്പ് ലോഗോ (Photo by Olivier DOULIERY / AFP)
സൂം ആപ്പ് ലോഗോ (Photo by Olivier DOULIERY / AFP)

 

∙ ഒഎസ് മാറിയാലും ചാറ്റ് പോകില്ല

 

വാട്സാപ്പിന്റെ പുതിയ ഫീച്ചർ പ്രകാരം ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്നു മറ്റൊന്നിലേക്കു ചാറ്റ് ഹിസ്റ്ററി മാറ്റാൻ കഴിയും. ആൻഡ്രോയ്ഡിൽ നിന്ന് ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കോ തിരിച്ചോ മാറുകയാണെങ്കിൽ വോയ്സ് നോട്ടുകളും പടങ്ങളും ഉൾപ്പെടെ ചാറ്റ് ഹിസ്റ്ററി പുതിയ ഫോണിലേക്കു മാറ്റാൻ കഴിയും. ഏതാനും ആഴ്ചകൾക്കുള്ളിൽ ഫീച്ചർ എല്ലാവർക്കും ലഭ്യമാകും. നിലവിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണുകളിലാണു ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. ഒരു ഒഎസ് ഉപയോഗിച്ചിരുന്നവർക്ക് അതിൽ തന്നെ തുടരേണ്ട അവസ്ഥ ഒഴിവാക്കുകയാണു വാട്സാപ് ചെയ്തത്. നിലവിൽ ഒഎസ് മാറി വാട്സാപ് എടുക്കുമ്പോൾ മെസേജുകൾ നഷ്ടപ്പെടും.

 

∙ അപ്രത്യക്ഷമാകുന്ന ചാറ്റ് വാട്സാപ്പിലും

 

മെസഞ്ചറിനു പിന്നാലെ നിശ്ചിത സമയപരിധി കഴിയുന്നതോടെ അപ്രത്യക്ഷമാകുന്ന (ഡിസ്അപ്പിയറിങ്) ചാറ്റ് ഓപ്ഷനുമായി വാട്സാപ്. 24 മണിക്കൂർ മുതൽ 90 ദിവസം വരെയാണു സമയപരിധി നിശ്ചയിക്കാവുന്നത്. വാട്സാപ്പിൽ ചാറ്റ് തുറക്കുമ്പോൾ വ്യക്തിയുടെ പേരിൽ ക്ലിക് ചെയ്ത് പ്രൊഫൈൽ എത്തിയാണു പുതിയ ഫീച്ചർ ഓൺ അല്ലെങ്കിൽ ഓഫ് ആക്കാൻ കഴിയുക. സിഗ്‌നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾക്കു നേരത്തെയുള്ള ഫീച്ചർ ഈയടുത്ത് ഫെയ്സ്ബുക് മെസഞ്ചറും പുറത്തിറക്കിയിരുന്നു. ടെലിഗ്രാമും സിഗ്നലും കനത്ത ഭീഷണിയാണു ഫീച്ചറുകളുടെ കാര്യത്തിൽ വാട്സാപ്പിന് ഉയർത്തുന്നത്. ഈ വെല്ലുവിളി മറികടക്കാൻ നിരന്തരം പുതിയ അപ്‍ഡേറ്റുകളുമായി തയാറെടുക്കുകയാണ് വാട്സാപ്.

 

∙ ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾക്കും ലൈക്ക് അടിക്കാം

 

ഇൻസ്റ്റഗ്രാം സ്റ്റോറികൾക്കും ലൈക്ക് സംവിധാനം വരുന്നു. നിലവിൽ സ്റ്റോറികൾക്കു ലൈക്ക് അടിക്കാൻ കഴിയില്ല, അവയിൽ റിയാക്ട് ചെയ്യാനേ കഴിയൂ. സ്റ്റോറികളിൽ പലർ ഇടുന്ന കമന്റുകൾ എല്ലാവർക്കും വായിക്കാൻ കഴിയുന്ന തരത്തിലാണ്. ഇത് സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്നുണ്ടെന്നാണു ഇൻസ്റ്റഗ്രാം ഇപ്പോൾ മനസ്സിലാക്കുന്നത്. തുടർന്നു പോസ്റ്റുകൾക്കു താഴെയുണ്ടാകുന്ന കമന്റുകളുടെ അതിപ്രസരം നിയന്ത്രിക്കാനുള്ള ഫീച്ചർ അടുത്തിടെ പൂറത്തിറക്കിയിരുന്നു. അതിനാൽ തന്നെ ലൈക്ക് അടിക്കാനുള്ള സൗകര്യം എല്ലാവർക്കുമായി അവതരിപ്പിക്കുമോയെന്നു സംശയമുണ്ട്. അനുചിതമായ ഉള്ളടക്കം ഒഴിവാക്കാനും ചൂടേറിയ പ്രതികരണങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനുമുള്ള ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അടുത്തിടെ പുറത്തിറക്കിയത്.

 

∙ ടോൾ തുകയും ഗൂഗിൾ മാപ് കാണിക്കും

 

യാത്രകളില‍െ വഴികാട്ടിയായ ഗൂഗിൾ മാപ് ഇനി ടോൾ തുകയും കാണിക്കും. യാത്ര ചെയ്യാൻ മികച്ച റോ‍‍ഡുകൾ, ബ്ലോക്ക് ഒഴിവാക്കി സഞ്ചരിക്കാനുള്ള റോ‍‍ഡുകൾ, ഏറ്റവും വേഗത്തിൽ എത്താവുന്നവ, ഏറ്റവും ദൂരം കുറഞ്ഞവ തുടങ്ങി കാലാകാലങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഉപയോക്താക്കൾക്കു നൽകുന്ന ഗൂഗിൾ മാപ് പുതിയ ഫീച്ചറിലൂടെ ടോൾ പ്ലാസകളെക്കൂടി ഉൾപ്പെടുത്തുകയാണ്. നിലവിൽ ടോൾ റോഡുകളും അവ ഒഴിവാക്കി സഞ്ചരിക്കാനുള്ള പാതയും കാണിക്കുന്നുണ്ട്. അതോടൊപ്പം ടോൾ തുക കൂടി കാണിക്കുന്ന ഫീച്ചർ ഉടൻ പുറത്തിറങ്ങും. യുഎസിലെ ഗൂഗിൾ മാപ് പ്രിവ്യൂ യൂസേഴ്സിന് ഇതു സംബന്ധിച്ച മെസേജ് കിട്ടി. പുതിയ ഫീച്ചർ വരുന്നതോടെ ടോൾ തുക കൂടി കണക്കിലെടുത്തു ടോൾ റോ‍‍ഡിലൂടെ യാത്ര തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാം. നിലവിൽ പലരും ടോൾ തുക അറിയാതെയാണ് ടോൾ റോഡുകൾ ഒഴിവാക്കി സഞ്ചരിക്കുന്നത്. മികച്ച നിലവാരത്തലുള്ള, വേഗത്തിൽ എത്താൻ കഴിയുന്ന റോഡിലൂടെ യാത്ര തുടരുന്നതിനു താരതമ്യേന കുറഞ്ഞ തുക മുടക്കിയാൽ മതിയെങ്കിൽ കൂടുതൽ പേർ ആ വഴി തിരഞ്ഞെടുക്കുമെന്ന കണക്കു കൂട്ടലിലാണു ഗൂഗിളിന്റെ നീക്കം.

 

∙ കൂടുതൽ ഫോക്കസ് ആകാൻ സൂം

 

വിഡിയോ കോളുകളിൽ പങ്കെടുക്കുന്നവർ മറ്റുള്ളവരുടെ വിഡിയോയിൽ ശ്രദ്ധിച്ച്, സംസാരിക്കുന്നയാളെ കേൾക്കാതിരിക്കുന്നത് ഒഴിവാക്കാൻ സൂം പുതിയ ഫീച്ചർ അവതരിപ്പിച്ചു. സൂം മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് അവർക്കു താൽപര്യമുള്ള വ്യക്തികളെ പിൻ ചെയ്തു വയ്ക്കുകയും അവരുടെ വിഡി‍യോ കാണുകയും ചെയ്യാം. ഹോസ്റ്റ് പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കുമ്പോഴോ, ക്ലാസുകൾ എടുക്കുമ്പോഴോ ഇത്തരത്തിൽ ശ്രദ്ധ തെറ്റുന്നത് പതിവായിരിക്കെയാണു പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ‘ഫോക്കസ് മോ‍ഡ്’ എന്നാണു ഫീച്ചറിനെ സൂം പറയുന്നത്.

‘ഫോക്കസ് മോഡ്’ എന്ന ഫീച്ചർ മീറ്റിങ്ങിന്റെ മെനു ബാറിലെ ‘മോറി’ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഡിയോ കോളിന്റെ ഹോസ്റ്റിനോ കോഹോസ്റ്റിനോ മോഡ് ആക്ടിവേറ്റ് ചെയ്യാം. മോഡ് ആക്ടിവേറ്റ് ചെയ്ത കോളുകളിൽ പങ്കെടുക്കുന്ന എല്ലാവരെയും ഹോസ്റ്റിനു കാണാമെങ്കിലും മറ്റുള്ളവർക്കു പരസ്പരം കാണാൻ കഴിയില്ല. പേരുകളും അയയ്ക്കുന്ന മെസേജുകളും പരസ്പരം കാണാനും സംസാരിക്കുന്നതു കേൾക്കാനും കഴിയും. ഓൺലൈൻ ക്ലാസിൽ കുട്ടികളുടെ ശ്രദ്ധ തെറ്റിക്കുന്ന കൂട്ടുകാരുടെ സമീപനങ്ങൾ ഒിവാക്കുകയാണു ചെയ്തതെന്നാണു സൂം പറഞ്ഞത്. ചുരുക്കത്തിൽ ഓൺലൈൻ ക്ലാസിലെ കുട്ടികളെ ടീച്ചർക്കു കാണാൻ കഴിയും, പക്ഷേ കുട്ടികൾക്കു പരസ്പരം കാണാൻ കഴിയില്ല.

 

English Summary: Latest Technology updates and new features

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com