ADVERTISEMENT

ഫെയ്‌സ്ബുക് വഴി മനുഷ്യക്കടത്തുകാര്‍ സ്ത്രീകളെ വില്‍ക്കാന്‍ അടിമച്ചന്തകള്‍ നടത്തുന്നുവെന്ന 2019ലെ ബിബിസി വാര്‍ത്തയെ തുടര്‍ന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകിയെന്ന് റിപ്പോർട്ട്. ഫെയ്‌സ്ബുക്കിന്റെ എല്ലാ ആപ്പുകളും തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കുമെന്ന് ആപ്പിൾ ഭീഷണിപ്പെടുത്തി എന്ന് ദി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ടു ചെയ്തത്. ഏറ്റവും കൂടുതല്‍ തുക പറയുന്ന വ്യക്തിക്ക് സ്ത്രീകളെ വില്‍ക്കുന്ന രീതിയാണ് ഓൺലൈൻ അടിമച്ചന്തകളില്‍ നിലനിന്നിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കില്‍ നിന്നു പുറത്തായ രേഖകൾ വഴിയാണ് ആപ്പിളിന്റെ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് ജേണല്‍ പറയുന്നു. ഫെയ്‌സ്ബുക്കിലെ ജീവനക്കാർ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അടിമക്കച്ചവടക്കാരെക്കുറിച്ച് അന്വേഷിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

∙ വീട്ടുജോലിക്കാരെ നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളെ വില്‍ക്കുന്നു

 

വീട്ടുജോലിക്കാരെ നല്‍കാമെന്ന പരസ്യങ്ങളുടെ മറവിലാണ് സ്ത്രീകളെ അടിമകളായോ, ലൈംഗിക ജോലിക്കാരായോ വിറ്റിരുന്നത്. ഇക്കാര്യം ഫെയ്സ്ബുക് നേരിട്ടു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ജേണലിനു ലഭിച്ച രേഖകള്‍ പ്രകാരം ഇത്തരത്തില്‍ കച്ചവടം നടത്തിവന്ന ചില പേജുകള്‍ ഫെയ്‌സ്ബുക് നീക്കം ചെയ്തിട്ടുമുണ്ട്. എന്നാല്‍, എങ്ങനെ പുറത്താക്കിയാലും അവർ പുതിയ അക്കൗണ്ട് തുടങ്ങി ഫെയ്‌സ്ബുക് വഴിയുള്ള കച്ചവടം തുടരുമെന്നത് വ്യക്തമാണ്. എന്നാൽ, ഈ കച്ചവടം പൂര്‍ണമായി നിർത്താനുള്ള ശ്രമം ഫെയ്സ്ബുക് നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. അതേസമയം, കമ്പനിക്ക് ഇക്കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു, അന്വേഷിക്കാൻ പല ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു, കൂടാതെ ഇതിനെതിരെ നീങ്ങാൻ മാത്രമായി 2019ല്‍ ഒരു ടീമിനെ നിയമിച്ചിരുന്നു എന്നുമാണ് ഫെയ്‌സ്ബുക് മെയില്‍.കോമിനോട് പ്രതികരിച്ചത്. ഫെയ്‌സ്ബുക്കിലോ, ഇന്‍സ്റ്റഗ്രാം വഴിയോ ഇത്തരം വില്‍പന അനുവദിക്കുന്നില്ലെന്നും കമ്പനി പറഞ്ഞു. യുഎന്‍ ഉള്‍പ്പടെയുള്ള സംഘനകളോട് വിദഗ്ധാഭിപ്രായം ആരാഞ്ഞാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. 

 

∙ സ്ത്രീകളുടെ ഫോട്ടോകളും വിവരണങ്ങളുമടക്കം അടിമക്കച്ചവടം

 

ഫെയ്സ്ബുക്കിലെ പരസ്യങ്ങളില്‍ വീട്ടുജോലിക്കാരെയാണ് നല്‍കുന്നത് എന്നാണ് അടിമക്കച്ചവടക്കാര്‍ പറഞ്ഞിരുന്നത്. അതേസമയം, പരസ്യങ്ങളില്‍ സ്ത്രീകളുടെ ഫോട്ടോകള്‍, അവരുടെ കഴിവുകള്‍, വ്യക്തി വിവരണങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരുന്നു. ഇവയെല്ലാം നീക്കം ചെയ്തില്ലെങ്കില്‍ ഫെയ്‌സ്ബുക് ആപ്പുകളെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കുമെന്നായിരുന്നു ആപ്പിളിന്റെ ഭീഷണി. അതേസമയം, ആപ്പിൾ എന്തുകൊണ്ടാണ് അത് നടപ്പിലാക്കാതിരുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഇക്കാര്യത്തെക്കുറിച്ച് ആരാഞ്ഞ് ഡെയ്‌ലിമെയില്‍.കോം ആപ്പിളിനു നല്‍കിയ കത്തിനും മറുപടി ലഭിച്ചിട്ടില്ല. 

 

∙ ഫെയ്‌സ്ബുക്കിനെതിരെ കടുത്ത ആരോപണങ്ങള്‍

 

ഫെയ്‌സ്ബുക്കിനെതിരെ കടുത്ത ആരോപണങ്ങളാണ് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ ഉയര്‍ത്തിയിരിക്കുന്നത്. അടിമക്കച്ചവട പ്രശ്‌നം പരിഹരിച്ചാല്‍ ഫെയ്‌സ്ബുക്കിന്റെ പോക്കറ്റില്‍ പണമെത്തുന്നത് കുറയും. ഇതിനു പകരം കച്ചവടക്കാരെ നിലനിര്‍ത്താനാണ് കമ്പനി ശ്രമിച്ചതെന്നും ആരോപിക്കുന്നു. തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന സർക്കാരുകളോട് സഹകരിച്ചു പോകാനുള്ള സമീപനം പോലെയാണ് അടിമക്കച്ചവടക്കാരോടും അവരുടെ പാര്‍ട്ണര്‍മാരോടും ഫെയ്സ്ബുക് പ്രവർത്തിച്ചതെന്നും വിലയിരുത്തപ്പെടുന്നു. വികസ്വര രാജ്യങ്ങളില്‍ നടക്കുന്ന ഇത്തരത്തിലുള്ള ദുരുപയോഗം തങ്ങളുടെ നടത്തിപ്പിനുള്ള ചെലവായാണ് കമ്പനി കാണുന്നതെന്ന് മുന്‍ ഫെയ്‌സ്ബുക് വൈസ് പ്രസിഡന്റ് ബ്രയന്‍ ബോളണ്ട് ജേണലിനോടു പറഞ്ഞു.

 

∙ ഇതെല്ലാം ഫെയ്‌സ്ബുക്കിന് അറിയാമായിരുന്നു

 

ഫെയ്‌സ്ബുക്കിന്റെ അന്വേഷണ കമ്മിറ്റികള്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന അടിമച്ചന്തയുടെ വിവരങ്ങള്‍ ഒരു വര്‍ഷത്തിലേറെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം നടക്കുന്നത് തങ്ങളുടെ രണ്ട് ആപ്പുകളായ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വഴിയാണെന്ന് അവര്‍ക്കു മനസ്സിലായെന്നും ജേണല്‍ പറയുന്നു. ഇരകളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങള്‍ പോലും ഈ ആപ്പുകള്‍ വഴി പങ്കുവയ്ക്കപ്പെട്ടു. ആപ്പിളിന്റെ ഭീഷണി വരുന്നതു വരെ കച്ചവട പേജുകള്‍ നീക്കംചെയ്തിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ബിബിസിയുടെ റിപ്പോര്‍ട്ട് വരുന്നതിനു മുൻപ് തന്നെ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരം ഫെയ്‌സ്ബുക്കിന് ഉണ്ടായിരുന്നുവെന്നും പറയുന്നു. ബിബിസിയുടെ റിപ്പോര്‍ട്ടും തുടര്‍ന്നുള്ള ആപ്പിളിന്റെ ഭീഷണിയും സംഭവിക്കുന്നത് 2019ല്‍ ആണ്. എന്നാല്‍ 2018 മുഴുവനും ഫെയ്‌സ്ബുക്കിന് എന്താണ് സംഭവക്കുന്നത് എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നു എന്ന് ആരോപിക്കപ്പെടുന്നു.

 

∙ ആപ്പിളിനെ ഫെയ്സ്ബുക് മെരുക്കിയത് എങ്ങനെ?

 

വീട്ടുജോലിക്ക് സ്ത്രീകളെ നല്‍കാമെന്നു പറഞ്ഞ് ആകര്‍ഷിക്കുന്നതും തുടര്‍ന്നുള്ള കച്ചവടവും എല്ലാം ഫെയ്‌സബുക്കിന് അറിയാമായിരുന്നു എന്നാണ് കമ്പനിക്കുള്ളില്‍ നിന്നു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ചില രാജ്യങ്ങളില്‍ ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കന്നത് എന്ന കാര്യം കമ്പനിക്ക് പൂര്‍ണമായും വ്യക്തമല്ല. ഭാഷാപരിമിതിയാണ് പ്രശ്‌നമെന്നും പറയുന്നു. ഇത്തരം ഭാഷകള്‍ അറിയാവുന്ന ആരേയും കമ്പനി ജോലിക്കെടുക്കാത്തതിനാല്‍ ഇവ നിര്‍ബാധം തുടര്‍ന്നുവെന്നും ആരോപണമുണ്ട്. അതേസമയം, കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരു മടിയുമില്ലാത്ത ആപ്പിളിനെ എന്തു പറഞ്ഞാണ് ഫെയ്‌സ്ബുക് മെരുക്കിയിത് എന്നറിയാനും ടെക്‌നോളജി പ്രേമികള്‍ക്ക് ഇപ്പോള്‍ ജിജ്ഞാസയേറിയിരിക്കുകയാണ്.

 

English Summary: Apple threatened to pull Facebook apps from its App Store

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com