ADVERTISEMENT

കഴിഞ്ഞ ദിവസത്തെ പ്രധാനപ്പെട്ട ചർച്ചാ വിഷയമായിരുന്നു ഓണം ബംപർ അടിച്ചതുമായി ബന്ധപ്പെട്ട വിവാദം. സുഹൃത്തിന്റെ വ്യാ‍ജ വാട്സാപ് മെസേജ് വിശ്വസിച്ച് ഗൾഫിലുള്ള സെയ്‌തലവി തനിക്കാണ് ലോട്ടറി അടിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, തമാശയ്ക്കായി തന്റെ സുഹൃത്ത് അയച്ച ടിക്കറ്റിന്റെ ആധികാരികത സെയ്തലവിയും പരിശോധിച്ചിരുന്നില്ല. വൈകുന്നേരത്തെ ലോട്ടറി അടിച്ച ഒറിജിനൽ ടിക്കറ്റും അവകാശിയും പുറത്തുവന്നതോടെയാണ് സെയ്തലവിയും തനിക്ക് സംഭവിച്ച അബദ്ധം മനസ്സിലാകുന്നത്. ആരായിരുന്നു ഇതിനു പിന്നിലെ പ്രധാന പ്രതി? സംശയമെന്ത് സമൂഹ മാധ്യമങ്ങൾ തന്നെ.

 

∙ നിയന്ത്രണമില്ലാത്ത സമൂഹ മാധ്യമങ്ങൾ

 

സമൂഹ മാധ്യമങ്ങളിലെ വ്യാജ പോസ്റ്റുകളും മെസേജുകളും വൻ ദുരന്തത്തിലേക്ക് നീങ്ങുന്നത് പുതിയ സംഭവമൊന്നുമല്ല. ആർക്കും എന്തും എപ്പോഴും പോസ്റ്റ് ചെയ്യാമെന്ന് വന്നതോടെ സമൂഹ മാധ്യമങ്ങൾ വ്യാജ റിപ്പോർട്ടുകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ലോട്ടറിയടിച്ചു എന്ന് ആദ്യം അവകാശപ്പെട്ട് രംഗത്തെത്തിയ സെയ്‌തലവി സന്ദേശം അയക്കുന്നത് അഹമ്മദ് എന്ന സുഹൃത്താണ്. സുഹൃത്തിന് ഈ ലോട്ടറി ടിക്കറ്റിന്റെ വ്യാജ കോപ്പി ലഭിച്ചത് സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ നിന്നാണ്. ഈ ഫോട്ടോയാണ് സെയ്തലവിക്കും കൈമാറിയത്. ഓണം ബംപർ ഒന്നാം സമ്മാനത്തിന്റെ ടിക്കറ്റ് നമ്പർ പുറത്തുവന്നപ്പോൾ ചിലർ അതിന്റെ വ്യാജൻ തമാശയ്ക്ക് വിവിധ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത്തരം വ്യാജ പോസ്റ്റുകളിൽ പലപ്പോഴും കുടുങ്ങുന്നത് സാധാരണക്കാരാണ് എന്നതാണ് സങ്കടകരം.

 

∙ വ്യാജൻ വന്ന വഴി

 

ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി സുഹൃത്തുക്കളെയും മറ്റുള്ളവരെയും വഞ്ചിക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ മലയാളികളെ ഒന്നടങ്കം കബളിപ്പിക്കപ്പെട്ട ആദ്യ സംഭവമാണിത്. നേരത്തെയും നിരവധി സമൂഹമാധ്യമ പോസ്റ്റുകളുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഇതെല്ലാം നിയന്ത്രിക്കാനോ വ്യാജനാണെന്ന് കണ്ടെത്താനോ സമൂഹമാധ്യമങ്ങളിൽ സംവിധാനങ്ങൾ ഇന്നുമില്ലെന്നത് കഷ്ടമാണ്. ഒരാൾ നിർമിച്ചുവിടുന്ന വ്യാജ പോസ്റ്റ് ദിവസങ്ങൾക്ക് ശേഷം മറ്റൊരു രൂപത്തിൽ അദ്ദേഹത്തിനു തന്നെ ലഭിക്കുന്നതും പതിവാണ്. വ്യാജൻ അതിവേഗത്തിൽ, കൂടുതൽ പേരിലേക്ക് എത്തുമെന്നതാണ് സമൂഹമാധ്യമങ്ങളുടെ ഏറ്റവും വലിയ ദുരന്തവും. സുഹൃത്തിനെ മാത്രം കബളിപ്പിക്കാൻ ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ തമാശകൾ പലപ്പോഴും മലയാളികളെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലേക്കാണ് എത്തുന്നത്. അതേസമയം, സെയ്തലവിക്ക് ലോട്ടറി അടിച്ച കാര്യവും മറ്റൊരു സമൂഹ മാധ്യമമായ ടിക് ടോക്ക് വിഡിയോയിലൂടെയാണ് ആദ്യമായി പുറംലോകം അറിയുന്നത്. അതിനു പിന്നാലെ മാധ്യമങ്ങളിൽ ഒന്നടങ്കം വാർത്ത വന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.

 

∙ അപമാനം, മാനസിക സമർദ്ദം

 

സമൂഹമാധ്യമങ്ങളിലെ കാപട്യം മനസിലാക്കാതെ, തങ്ങളുെട കഷ്ടപ്പാടുകൾക്ക് അറുതിയായി ഭാഗ്യം വന്നെന്ന് അറിഞ്ഞ്, അത് വിശ്വസിച്ച സെയ്‌തലവിക്കും കുടുംബത്തിനും ചുരുങ്ങിയ സമയം കൊണ്ടുണ്ടായ അപമാനവും മാനസിക സമർദ്ദവും ചെറുതല്ല. ഈ പോസ്റ്റ് തമാശയ്ക്ക് ഫോർവേഡ് ചെയ്ത സുഹൃത്തിനും ഇതിൽ ഇത്തരത്തിലൊരു അപകടമുണ്ടെന്ന് മനസിലായിട്ടുണ്ടാകില്ല. സമൂഹമാധ്യമങ്ങൾ ഉണ്ടാക്കുന്ന ഇത്തരം വ്യാജൻമാർ പലരുടെയും ജീവൻ വരെ എടുത്തിട്ടുണ്ട്.

 

∙ നിരവധി പേരെ തല്ലിക്കൊല്ലാൻ പ്രേരണ നൽകിയതും സമൂഹമാധ്യമങ്ങൾ

 

വ്യാജ ലോട്ടറി ടിക്കറ്റ് സംഭവം ഒരു തമാശയായി കാണാമെങ്കിൽ സമൂഹ മാധ്യമങ്ങളിലെ വ്യാജ പോസ്റ്റുകൾ കാരണം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടത് ആശങ്കയുണ്ടാക്കുന്നതാണ്. സമൂഹത്തിൽ വർഗീയ ലഹളയും കലാപവും സൃഷ്ടിക്കാൻ പലപ്പോഴും വ്യാജ പോസ്റ്റുകൾക്ക് സാധിച്ചിട്ടുണ്ട്. വാട്സാപ്, ഫെയ്സ്ബുക് ഗ്രൂപ്പുകളിലെ വ്യാജ പോസ്റ്റുകളുടെ പേരിൽ തല്ലിക്കൊല്ലൽ വ്യാപകമാണ്. അതായത് സമൂഹ മാധ്യമങ്ങളിലെ വ്യാജൻ സൃഷ്ടിക്കുന്ന പൊല്ലാപ്പ് ചെറുതല്ല. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന മിക്ക കേസുകളിലും ഫെയ്സ്ബുക്കിനും വാട്സാപ്പിനും പങ്കുണ്ടാകും. ഇപ്പോൾ വ്യാജ അക്കൗണ്ടുകളുടെ ശല്യവും വ്യാപകമാണ്. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പല കേസുകളിലും മുഖ്യപ്രതി വ്യാജ അക്കൗണ്ടുകളാണ്.

 

∙ സെലിബ്രിറ്റികളുടെ ജീവനെടുത്ത വ്യാജൻമാർ

 

ആരോഗ്യത്തോടെ വീട്ടിലിരിക്കുന്ന സെലിബ്രിറ്റികൾ പോലും മരിച്ചുവെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകൾ വരുന്നതും പതിവാണ്. ഇതെല്ലാം തമാശയ്ക്ക്, തെറ്റായ വിവരത്തിന്റെ പേരിൽ ചെയ്യുന്നതായിരിക്കാം. എന്നാൽ, ഇത്തരം പോസ്റ്റുകൾ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപിക്കുക. അവസാനം മരിച്ചെന്ന് പറയുന്ന ആളിലേക്കും എത്തും. സമൂഹ മാധ്യമങ്ങൾ നിരവധി തവണ ജീവനെടുത്തിട്ടുള്ള താരങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്. ഇവരെല്ലാം ഇക്കാര്യം അഭിമുഖങ്ങളിൽ തുറന്നുപറയാറുമുണ്ട്.

 

സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിൽ നിൽക്കുമ്പോഴും ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വ്യാജ വാർത്തകൾ തടയുക എന്നത്. നിങ്ങളുടെ പഞ്ചായത്തിലെ ഒരു കാര്യം മുതൽ യുഎസ് തിരഞ്ഞെടുപ്പിനെ വരെ ഇത്തരം വാർത്തകൾ സ്വാധീനിക്കുന്നു എന്നതാണ് വസ്തുത. നമ്മളിൽ പലരും പലപ്പോഴും ഇത്തരം വാർത്തകൾ കാണുകയും ചിലതിൽ വീണുപോവുകയും ചെയ്യുന്നു, അത് അറിയാതെയോ അറിഞ്ഞോ മറ്റുള്ളവരിലേക്ക് കൈമാറുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങളിലെ വ്യാജന്‍മാരെ നിയന്ത്രിച്ചില്ലെങ്കിൽ ലോകത്തിനു തന്നെ ഭീഷണിയായേക്കാം എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

 

English Summary: Sharing of fake news on social media is dangerous

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com