ADVERTISEMENT

വ്യക്തികളുടേയും സമൂഹത്തിന്റേയും സുരക്ഷയേക്കാളും സ്വന്തം ലാഭത്തിന് പ്രാധാന്യം നല്‍കുന്ന കമ്പനിയാണ് ഫെയ്സ്ബുക് എന്ന് മുന്‍ ജീവനക്കാരി ഫ്രാന്‍സിസ് ഹൗഗന്റെ വെളിപ്പെടുത്തലുകള്‍ വലിയ പ്രാധാന്യത്തോടെയാണ് ലോകം കേട്ടത്. രണ്ട് വര്‍ഷത്തോളം ഫെയ്സ്ബുക് സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രൊജക്ട് മാനേജരായാണ് ഹൗഗന്‍ പ്രവര്‍ത്തിച്ചിരുന്നത്. സോഷ്യല്‍മീഡിയയുടെ വ്യാജപ്രചാരണത്തില്‍ ജീവന്‍ തന്നെ നഷ്ടമായ ഒരു സുഹൃത്തുണ്ട് ഫ്രാന്‍സിസ് ഹൗഗന്. ഫെയ്സ്ബുക്കിനെ ഉലച്ചുകളഞ്ഞ ഈ വെളിപ്പടുത്തലിന് ഹൗഗനെ പ്രേരിപ്പിച്ച കാരണവും മറ്റൊന്നല്ല. 

ഗൂഗിളിലും പിന്‍ട്രസ്റ്റിലും ജോലിയെടുത്ത ശേഷമാണ് ഫ്രാന്‍സിസ് ഹൗഗന്‍ ഫെയ്സ്ബുക്കിലേക്കെത്തുന്നത്. കൗമാരക്കാരിലെ വിഷാദരോഗത്തിനും ആത്മഹത്യക്കും ഇന്‍സ്റ്റഗ്രാം കാരണമാകുന്നുവെന്ന ആഭ്യന്തര പഠന റിപ്പോര്‍ട്ടിനെ ഫെയ്സ്ബുക് അവഗണിച്ചുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയതും ഹൗഗനായിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിക്കൊണ്ടുള്ള അഭിമുഖം സിബിഎസിന്റെ 60 മിനിറ്റ്‌സ് എന്ന പരിപാടിക്ക് ഹൗഗന്‍ നല്‍കിയത്.

മറ്റെന്തിനെക്കാളും ഫെയ്സ്ബുക് ലാഭത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന വെളിപ്പെടുത്തലിന് ഹൗഗനെ പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യവും ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ചും ഫെയ്സ്ബുക് പോലുള്ള ബഹുരാഷ്ട്ര കമ്പനിക്കെതിരായ വെളിപ്പെടുത്തല്‍ ജീവനു പോലും ഭീഷണിയായേക്കുമെന്ന സാഹചര്യത്തില്‍. ആ കാരണത്തെക്കുറിച്ചും ഹൗഗന്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍മീഡിയയുടെ വ്യാജ പ്രചാരണത്തെ തുടര്‍ന്ന് തനിക്കൊരു സുഹൃത്തിനെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത്തരമൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നതായും അവര്‍ വെളിപ്പെടുത്തി. 

 

തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിന് സാധിക്കുമെങ്കില്‍ മാത്രമേ താന്‍ ഫെയ്സ്ബുക്കില്‍ ചേരൂ എന്ന് 2019ല്‍ ജോലിക്ക് കയറുമ്പോള്‍ അധികൃതരെ അറിയിച്ചിരുന്നുവെന്ന് ഹൗഗന്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാലത്ത് ഫെയ്സ്ബുക് ആസ്ഥാനത്തെ സിവിക് ഇന്റഗ്രിറ്റി ടീമില്‍ അവര്‍ അംഗമായിരുന്നു. തെറ്റായ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുന്നത് തടയുകയായിരുന്നു ഈ സംഘത്തിന്റെ ചുമതല. തിരഞ്ഞെടുപ്പിന് പിന്നാലെ ഈ സംവിധാനം ഫെയ്സ്ബുക് പിരിച്ചുവിടുകയായിരുന്നു. ഇതോടെ ഫെയ്സ്ബുക്കിനെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് തടയാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറുകയാണോ എന്ന ആശങ്ക ശക്തമായെന്നും ഹൗഗന്‍ പറഞ്ഞു. 

 

മറ്റേത് വികാരത്തേക്കാളും വ്യക്തികളെ ദേഷ്യം പിടിപ്പിക്കുന്ന കണ്ടന്റുകളാണ് ന്യൂസ് ഫീഡിലൂടെ ഫെയ്സ്ബുക് കാണിക്കുന്നത്. ഇതിന് പറ്റിയ രീതിയിലാണ് ഫെയ്സ്ബുക് അല്‍ഗോരിതം നിര്‍മിച്ചിരിക്കുന്നതെന്നും ഹൗഗന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. തങ്ങള്‍ കാണുന്ന ഓരോ പോസ്റ്റുകളും വ്യക്തികളില്‍ എന്തു വികാരങ്ങളാണ് ഉണ്ടാക്കുക എന്നതിനെക്കുറിച്ച് ഫെയ്സ്ബുക്കിന് വ്യക്തമായ ധാരണയുണ്ട്. 

 

സുരക്ഷിതത്വ ബോധവും സമാധാനവും നല്‍കുന്ന പോസ്റ്റുകളാണ് കൂടുതല്‍ കാണുന്നതെങ്കില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സമയം ഫെയ്സ്ബുക് ഫീഡില്‍ തുടരില്ലെന്നും അസ്വസ്ഥപ്പെടുത്തുന്ന പോസ്റ്റുകളാണ് കൂടുതല്‍ സമയം ഫെയ്സ്ബുക്കില്‍ തുടരാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നതെന്നും അവര്‍ക്കറിയാമെന്ന് ഹൗഗന്‍ പറയുന്നു. കൂടുതല്‍ സമയം ഫേസ്ബുക്കില്‍ ആളുകള്‍ കഴിയുന്നുവെന്നതിന് അര്‍ഥം അവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നുവെന്ന് തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

English Summary: Friend's death from misinformation forced Whistleblower to reveal Facebook's dark side

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com