ADVERTISEMENT

ഫെയ്‌സ്ബുക് ആപ്പുകള്‍ നിലച്ചപ്പോൾ എത്ര ഉപയോക്താക്കള്‍ എതിരാളികളുടെ സേവനങ്ങളിലേക്കു മാറി എന്നതോ, കമ്പനിക്ക് എത്ര സാമ്പത്തിക നഷ്ടം വന്നു എന്നതൊന്നും മേധാവി മാർക് സക്കർബർഗ് കാര്യമാക്കുന്നില്ല, മറിച്ച് തങ്ങളുടെ സേവനങ്ങളെ ആശ്രയിച്ച് പ്രിയമുള്ളവരോട് ഇടപെടുന്നവര്‍ക്ക്, ബിസിനസുകള്‍ നടത്തുന്നവര്‍ക്ക്, തങ്ങളുടെ സമൂഹങ്ങളെ യോജിപ്പിച്ചു നിർത്തുന്നവര്‍ക്കും എന്തു ക്ഷീണമാണ് ഉണ്ടാക്കിയത് എന്നാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കമ്പനിയുടെ സേവനങ്ങളെ എത്രയധികം പേര്‍ ആശ്രയിക്കുന്നുണ്ട് എന്നതിന്റെ ഒരു ഓര്‍മപ്പെടുത്തലാണ് ഇതെന്നും ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങി കമ്പനികളുടെ മേധാവിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്പനിയിലെ ജീവനക്കാര്‍ക്കായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പ് പിന്നെ ഫെയ്സ്ബുക് വഴി പുറത്തുവിടുകയായിരുന്നു. എന്നാൽ ആപ്പുകള്‍ പണിമുടക്കിയതിനെപ്പറ്റി കൂടുതലായി ഒന്നും അദ്ദേഹം പറയുന്നില്ല. അതേസമയം, കമ്പനി നേരിടുന്ന മറ്റു പ്രശ്‌നങ്ങളെക്കുറിച്ച് സുദീര്‍ഘമായി പ്രതിപാദിക്കുന്നും ഉണ്ട്.

 

സമീപകാലത്തായി രണ്ട് വന്‍ ആരോപണങ്ങളാണ് ഫെയ്‌സ്ബുക്കിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ദി വാള്‍ സ്ട്രീറ്റ് ജേണല്‍ കമ്പനിക്കുള്ളില്‍ നിന്നു സംഘടിപ്പിച്ചു പുറത്തുവിട്ട രേഖകളും, വിസില്‍ ബ്ലോവറായ ഫ്രാന്‍സെസ് ഹോഗന്‍ അമേരിക്കന്‍ സെനറ്റ് പാനലിനു മുന്നില്‍ നടത്തിയ ആരോപണങ്ങളുമാണിത്. ഫെയ്‌സ്ബുക് ലാഭത്തിനായി ഉപയോക്താക്കളുടെ സുരക്ഷയെ പോലും ബലികഴിക്കുന്നു എന്നതാണ് ഫ്രാന്‍സെസിന്റെ പ്രധാന വാദം. ഇത് സത്യമല്ലെന്നാണ് സക്കര്‍ബര്‍ഗ് വാദിക്കുന്നത്. ജനങ്ങളെ രോഷാകുലരാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് അതുവഴി കൂടുതല്‍ ലാഭമുണ്ടാക്കുന്നു എന്നത് യുക്തിപരമായ വാദമല്ലെന്ന് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നുണ്ട്. 

ഫെയ്‌സ്ബുക്കിനായി ജോലിയെടുക്കുന്നവര്‍ക്ക് പുതിയ ആരോപണങ്ങള്‍ വിശ്വസിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ലെന്ന് ആദ്ദേഹം പറയുന്നു. നമ്മള്‍ ഉപയോക്താക്കളുടെ സുരക്ഷ, ക്ഷേമം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെ ഗൗരവത്തിലെടുക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാനുളള ശ്രമമാണ് നടക്കുന്നത്. കമ്പനിയെ കുറിച്ചുള്ള തെറ്റായ ചിത്രം കമ്പനിക്കുള്ളിലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പോലും സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു.

 

മിക്ക ആരോപണങ്ങളും ഒരു കഴമ്പുമില്ലാത്തവയാണ്. തങ്ങള്‍ നടത്തിയ ഗവേഷണം കണ്ടില്ലെന്നു നടിക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് മറ്റൊരു കമ്പനിക്കുമില്ലാത്ത തരത്തിലുള്ള ഗവേഷണ ടീമിനെ നിലനിര്‍ത്തുന്നത്? ദോഷകരമായ ഉള്ളടക്കം ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന വാദവും അദ്ദേഹം തള്ളുന്നു. ഇതിനായി മാത്രം എത്ര പേര്‍ക്കാണ് കമ്പനി ജോലി നല്‍കിയിരിക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സമൂഹ മാധ്യമങ്ങളാണ് അമേരിക്കന്‍ സമൂഹത്തെ വിഘടിപ്പിക്കുന്നതെങ്കില്‍ എന്തു കൊണ്ടാണ് അത് മറ്റു രാജ്യങ്ങളിൽ സംഭവിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. വൈറല്‍ വിഡിയോകളുടെ പ്രചാരം കുറച്ച്, കൂട്ടുകാരും കുടുംബാംഗങ്ങളും തമ്മിലുള്ള ഇടപെടലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ പാകത്തിന് അടുത്തിടെ ക്രമീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നമ്മള്‍ പരസ്യത്തില്‍ നിന്നാണ് വരുമാനം ഉണ്ടാക്കുന്നത്. നമുക്കു പരസ്യംതരുന്നവര്‍ തറപ്പിച്ചു പറയുന്ന കാര്യം അവരുടെ പരസ്യങ്ങള്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന കണ്ടെന്റിനൊപ്പം പ്രദര്‍ശിപ്പിക്കരുതെന്നാണ്. ഒരു ടെക്‌നോളജി കമ്പനി അതിനു മുതിരില്ലെന്നും അതിന്റെ എതിര്‍ ദിശയിലായിരിക്കും നീങ്ങുക എന്നും അദ്ദേഹം പറയുന്നു.

 

∙ കുട്ടികളുടെ കാര്യം

FILES-US-UNREST-POLITICS-CHILDREN-FACEBOOK

 

ഫെയ്‌സ്ബുക്കിനെതിരെ ഉയരുന്ന മറ്റൊരു പ്രധാന ആരോപണം കുട്ടികള്‍ക്കുള്ള പ്രോഡക്ടുകള്‍ നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഇതിനും അദ്ദേഹം മറുപടി പറയുന്നുണ്ട്. ചെറുപ്പക്കാര്‍ ടെക്‌നോളജി ഇഷ്ടപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. എത്ര സ്‌കൂള്‍ കുട്ടികള്‍ക്ക് ഫോണ്‍ ഉണ്ട് എന്നു നോക്കുക. ഇത് അവഗണിക്കാതെ, കുട്ടികള്‍ക്ക് ഗുണപ്രദമായ ഉള്ളടക്കം എത്തിച്ചുകൊടുക്കാനാണ് ശ്രമിക്കേണ്ടത്. അതേസമയം, കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കണം. തങ്ങളുടെ മെസഞ്ചര്‍ കിഡ്‌സ് മറ്റ് എല്ലാ ആപ്പുകളെക്കാളും മികച്ചതാണെന്നും സക്കർബർഗ് പറഞ്ഞു. കുട്ടികള്‍ കാണുന്നത് എന്താണെന്നറിയാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോലും പാരന്റല്‍ കണ്ട്രോള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. 

 

എന്നാല്‍, ഇതൊക്കെ ഉദ്ദേശിക്കുന്നതു പോലെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാനായി ഇതിന്റെ ജോലി തത്കാലം നിർത്തിവച്ചിരിക്കുകയാണെന്നും കൂടുതല്‍ വിദഗ്ധരുടെ അഭിപ്രായം ആരായുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാം കുട്ടികളെ മോശമായ രീതിയില്‍ ബാധിക്കുന്നുവെന്ന ആരോപണം തനിക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. പല കുട്ടികളുടെയും പ്രതികരണം നേരെ തിരിച്ചാണ്. തങ്ങള്‍ക്ക് അതുകൊണ്ട് ഗുണമാണ് ലഭിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. ദി വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട സ്ലൈഡുകളില്‍ 12ല്‍ 11 മേഖലകളിലും ഗുണ വശങ്ങളാണ് ഉള്ളതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തന്റെ കുട്ടികള്‍ക്കും മറ്റുള്ള കുട്ടികള്‍ക്കും എന്ത് അനുഭവങ്ങളാണ് ഓണ്‍ലൈനില്‍ ലഭിക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചിക്കാറുണ്ടെന്നും സക്കർബർഗ് പറയുന്നു. ഇവയെല്ലാം കുട്ടികള്‍ക്ക് സുരക്ഷിതമായിരിക്കണം എന്നും അദ്ദേഹം വാദിക്കുന്നു. 

 

അതേസമയം, കുട്ടികള്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാം. ഫെയ്‌സ്ബുക്കിന്റെ നീക്കങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാനുള്ള പ്രവണതയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

 

∙ യുഎസ്എ ടുഡേ പറയുന്നത്

 

സക്കര്‍ബര്‍ഗിന്റെ പ്രതികരണം വന്നതിനു ശേഷം യുഎസ്എ ടുഡേ ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ദി വാള്‍ സ്ട്രീറ്റ് ജേണലിന് ഫ്രാന്‍സെസ് ചോര്‍ത്തി നല്‍കിയ രേഖകളെക്കുറിച്ച് വേണ്ട പ്രതികരണം നടത്തിയിട്ടില്ല എന്നാണ്. അതേസമയം, അവരുടെ ആരോപണങ്ങളില്‍ പലതും തെറ്റാണെന്ന പരാമര്‍ശം സക്കർബർഗ് നടത്തിയിട്ടുമുണ്ട്.

 

∙ സക്കര്‍ബര്‍ഗിന് തലവേദന ഒഴിയണമെന്നില്ല

 

അതേസമയം, ഈ ഫെയ്‌സ്ബുക് കുറിപ്പുകൊണ്ട് സക്കര്‍ബര്‍ഗിന് തലയൂരാന്‍ കഴിഞ്ഞേക്കില്ലെന്നാണ് യുഎസ്എ ടുഡേ പറയുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വിളിച്ചുവരുത്തിയേക്കും. സക്കര്‍ബര്‍ഗിനെതിരെയുള്ള കോണ്‍ഗ്രസ് പാനലിന്റെ മേധാവി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്. സക്കര്‍ബര്‍ഗിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ മൊഴിയെടുക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. സക്കര്‍ബര്‍ഗ് ഇന്ന് കണ്ണാടിയില്‍ നോക്കണം. നടന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു മേധാവിയെ പോലെ പെരുമാറുന്നതിനു പകരം അദ്ദേഹമിന്ന് സെയിലിങ്ങിനു പോയിരിക്കുകയാണെന്നും റിച്ചഡ് ബ്ലുമെന്താള്‍ പറയുന്നു. ഒരു ക്ഷമാപണം നടത്തുകയോ, തെറ്റ് സംഭവിച്ചെന്ന് സമ്മതിക്കുകയോ, നടപടി സ്വീകരിക്കുകയോ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ രീതിയല്ലെന്നും ബ്ലുമെന്താള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

 

English Summary: US senator calls for probe into Facebook whistleblower's allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com